Saturday, May 17, 2014

ചൂല് കെട്ടഴിഞ്ഞു; ജനം ഇട്ടെറിഞ്ഞു

അഴിമതി തുടച്ചുനീക്കാന്‍ കഴിഞ്ഞ ഡിസംബറിലാണ് ഡല്‍ഹി ജനത "ചൂല്‍" കൈയിലെടുത്തത്. അഞ്ചുമാസം പിന്നിടുമ്പോഴേക്കും കെട്ടഴിഞ്ഞ നിലയിലാണ് കുറ്റിച്ചൂല്‍. വിശ്വസനീയമായ ബദലെന്ന് ജനം വിശ്വസിച്ച ആം ആദ്മി പാര്‍ടി അവിശ്വസനീയമാംവിധം തകര്‍ന്നടിയുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ കാഴ്ചകളിലൊന്ന്. പിറന്നുവീണ് ഒരുവര്‍ഷം തികയുംമുന്നേ ഡല്‍ഹിയുടെ ഭരണം ഏല്‍പ്പിച്ച ആപ്പിനെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നപ്പോള്‍ ജനം നിര്‍ദയം കൈയൊഴിഞ്ഞു. പഞ്ചാബില്‍ നേടിയ നാലുസീറ്റ് മാത്രമാണ് ആപ്പിന് ആശ്വസിക്കാനുള്ള വക. രാജ്യത്താകമാനം 425 സീറ്റില്‍ മത്സരിച്ച ആം ആദ്മിക്ക് ആകെ കിട്ടിയത് 85 ലക്ഷം വോട്ട്. മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും ആപ് ദയനീയ പരാജയം ഏറ്റുവാങ്ങി. പ്രമുഖ നേതാക്കളെല്ലാം തോറ്റമ്പി.

49 ദിവസം ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന്് വന്‍ പരാജയമാണ്. തൊടുന്യായംപറഞ്ഞ് മുഖ്യമന്ത്രിപദം പാതിവഴിയിലിട്ടാണ് കെജ്രിവാള്‍ വാരാണസിയില്‍ എത്തിയത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ വരവ് തടയാന്‍ ഈ പഴയ ഐആര്‍എസ് ഉദ്യോഗസ്ഥന് സാധിച്ചില്ല-2,62,766 വോട്ടിന്റെ തോറ്റമ്പി. രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിച്ച കവിയും പാര്‍ടി വക്താവുമായ ഡോ. കുമാര്‍ ബിശ്വാസ് 31,931 വോട്ടുമാത്രം നേടി നാലാമതായി. മുംബൈയിലും ബംഗളൂരുവിലും മികച്ച വിജയം നേരിടുമെന്ന് പ്രചരിപ്പിച്ച് വോട്ട് പിടിച്ചെങ്കിലും അവിടെയും കനത്ത പരാജയം.

പ്രമുഖ പരിസ്ഥിതി-സാമൂഹ്യ-മാധ്യമ പ്രവര്‍ത്തകരെ കളത്തലിറക്കിയെങ്കിലും ഫലമുണ്ടായില്ല. മേധ പട്കറും സാറാ ജോസഫും അനിത പ്രതാപും ആശിഷ് ഖേതനും അശുതോഷുമുള്‍പ്പടെ ആപ്പിന്റെ ബാനറില്‍ ജനവിധി തേടിയ പ്രമുഖരെല്ലാം പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ തരംഗമുണ്ടാക്കിയെങ്കിലും ഇക്കുറി അനക്കമുണ്ടാക്കാന്‍ ആപ്പിനായില്ല. ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപി കൈവശപ്പെടുത്തി. കോണ്‍ഗ്രസിനെ പിന്തള്ളി ഏഴിടത്തും രണ്ടാംസ്ഥാനത്ത് എത്താനായെന്ന് ആശ്വസിക്കാമെന്നുമാത്രം. കുടിവെള്ളപ്രശ്നവും വൈദ്യുതിപ്രശ്നവും ഉന്നയിച്ചായിരുന്നു ആപ് ഡല്‍ഹിയുടെ മനംകവര്‍ന്നത്. എന്നാല്‍, ഇക്കുറി ഡല്‍ഹിയിലും ഇതരസംസ്ഥാനങ്ങളിലും ഇത്തരം ഏതെങ്കിലും വിഷയമുന്നയിക്കാന്‍ സാധിക്കാതെ പോയത് ആപ്പിന് തിരിച്ചടിയായി. കൈയില്‍കിട്ടിയ ഭരണം ജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാതെ ഇട്ടോടിയവര്‍ എന്ന ചീത്തപ്പേരാണ് ആം ആദ്മിക്ക് വന്‍ തലവേദനയായത്. എല്ലാ കാര്യങ്ങളും ജനങ്ങളോട് ആലോചിച്ചുമാത്രം ചെയ്യുമെന്ന് ഉറപ്പുനല്‍കിയ നേതാക്കള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന ആരോപണം തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലേ ഉയര്‍ന്നിരുന്നു. ഇത്തരം ആഭ്യന്തരപ്രശ്നങ്ങളും ആം ആദ്മിക്ക് തിരിച്ചടിയായയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

സുജിത് ബേബി ദേശാഭിമാനി

No comments:

Post a Comment