Monday, May 5, 2014

സമരതീക്ഷണ ജീവിതത്തിന്റെ ഒരേട്

തലയോലപ്പറമ്പ്: "പിറകോട്ട് കെട്ടി എന്നെ ചുമരില്‍ ചാരി ഇരുത്തി. പെരുവിരല്‍ തമ്മില്‍ കൂട്ടിക്കെട്ടി കാലനക്കാതിരിക്കാന്‍ രണ്ടുപേര്‍ തുടയില്‍ കയറി നിന്നു. ശബ്ദം പുറത്തു വരാതിരിക്കാന്‍ രണ്ടു പേര്‍ കഴുത്തില്‍ ഞെക്കി പിടിച്ചു കൊല്ലാന്‍ പോവുകയാണെന്നാണ് ആദ്യം കരുതിയത്.

ചൂരല്‍ വടി എടുക്കുന്നത് കണ്ടപ്പോള്‍ കാര്യം മനസിലായി. കാല്‍ വെള്ളയിലായിരുന്നു അടി.. അടിയെന്നു പറഞ്ഞാല്‍ നിര്‍ത്താതെയുള്ള വീശിയടിയാണ്. ഞാന്‍ പല്ലുകടിച്ചു പിടിച്ചു. വേദനയമര്‍ത്തി കണ്ണടച്ചിരുന്നു. വാ തുറന്നില്ല. അടിയില്‍ കല്‍വെള്ള പൊട്ടി ചോരയും മാംസവും തെറിക്കാന്‍ തുടങ്ങി. പതിനഞ്ച് മിനിറ്റോളം ഈ അടി തുടര്‍ന്നു. ലോക്കപ്പ് മുറിയിലെ സഖാക്കള്‍ 120 വരെ അടി എണ്ണി". കൂത്താട്ടുകുളം മേരിയുടെ ആത്മകഥയായ "കനലെരിയും കാല"ത്തില്‍നിന്ന്... ഈ പുസ്തകം മെയ് ഒന്‍പതിന് പുറത്തിറങ്ങും. ഒരു കാലഘട്ടത്തിന്റെ അനുഭവമാണ് കൂത്താട്ടുകുളം മേരിയുടെ ജീവിതം. അവരുടെ ആത്മകഥയുടെ പ്രസക്തിയും അതു തന്നെ. നിലവിലുള്ള വ്യവസ്ഥയോട് കലഹിക്കാന്‍ കഴിയാത്തയാള്‍ക്ക് ഒരിക്കലും നല്ല വിപ്ലവകാരിയാകാനാകില്ല. ആ കലഹത്തിന്റെ കഥയാണ്അവരുടെ ആത്മകഥയായ "കനലെരിയും കാലം". മെയ് ഒമ്പതിന് ആത്മകഥയുടെ പ്രകാശനം കോട്ടയം വെള്ളൂരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനില്‍നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി നിര്‍വഹിക്കും.

1921 സെപ്തംബര്‍ 24ന് തൊടുപുഴ ഉടുമ്പന്നൂര്‍ കൊച്ചുപറമ്പില്‍ പള്ളിപ്പാട്ട് പത്രോസിന്റെയും കൂത്താട്ടുകുളം ചോളന്മേല്‍ എലിസമ്മയുടെയും മകളായിട്ടാണ് മേരിയുടെ ജനം. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ ക്ലാസുകള്‍ ബഹിഷ്കരിച്ച് സമീപ സ്കൂളിലെയടക്കം വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സമരത്തില്‍ പങ്കെടുത്ത ആണ്‍കുട്ടികളെ പൊലീസ് ലോക്കപ്പിലിട്ടു. ഇതിനെ തുടര്‍ന്ന് മേരിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ കുത്തിയിരിപ്പു സമരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയച്ചത്.

മേരിയുടെ സമരജീവിതത്തിന് ഇവിടെ തുടക്കം കുറിച്ചു. വെല്‍ഫെയര്‍ ഓര്‍ഗനൈസറായി ജോലി ചെയ്യുന്നതിനിടെയാണ് 1948ല്‍ കൂത്താട്ടുകുളത്ത് ഉമ്മന്‍ എന്ന പൊലീസുകാരന്‍ കൊല്ലപ്പെടുന്നത്. ഉമ്മന്‍ കൊലക്കേസിനെ തുടര്‍ന്ന് പ്രദേശത്തെ കമ്യൂണിസ്റ്റുകാരെ പൊലീസ്് വേട്ടയാടാന്‍ തുടങ്ങി. മേരിയുടെ ബന്ധു, ഇവര്‍ ജോലി ചെയ്തിരുന്ന തിരുനെല്‍വേലിയില്‍ എത്തി ഒളിവില്‍ കഴിഞ്ഞു. ഇദ്ദേഹത്തില്‍ നിന്നുമാണ് കമ്യൂണിസ്റ്റ് ലഘുലേഖകള്‍ വായിച്ച് കമ്യൂണിസ്റ്റ് ആശയത്തില്‍ ആകൃഷ്ടയായത്. പിന്നീട് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മേരി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി. കൂത്താട്ടുകുളം പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തതോടെയാണ് കൂത്താട്ടുകുളം മേരി എന്നറിയപ്പെടാന്‍ തുടങ്ങിയത്.

ഒളിവില്‍ കഴിയുന്ന സഖാക്കള്‍ക്ക് രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നയാളായി ഇവര്‍ പ്രവര്‍ത്തിച്ചു. 1949ല്‍ ഒളിവില്‍ കഴിയുകയായിരുന്ന സി എസ് ജോര്‍ജിനെ വിവാഹം കഴിഞ്ഞു. ഒളിവ് ജീവിതത്തിനിടയില്‍ 1951ല്‍ മേരി പൊലീസ് പിടിയിലായി. അതിക്രൂരമായ മര്‍ദനമുറകള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ ഇരയായി. ആറ് മാസം ജയില്‍വാസം അനുഭവിച്ചു. പിന്നീട് മേരിയുടെ കുടുംബം മലബാറിലേക്ക് കുടിയേറി. പെരിന്തല്‍മണ്ണ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായി ജോലി നോക്കുമ്പോഴും അതിന് ശേഷവും സാമൂഹിക സംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 93 വയസ്സ് പിന്നിട്ട കൂത്താട്ടുകുളം മേരി മുന്നു മാസമായി ശയ്യാവലംബിയാണ്. ഹൈക്കോടതി ഡെപ്യൂട്ടി രജിസ്ട്രാറായ ഇളയമകള്‍ സുലേഖയോടൊപ്പം വെള്ളൂരിലാണ് താമസം. ഗിരിജ, ഷൈല, ഐഷ എന്നിവരാണ് മറ്റ് മക്കള്‍.

സുജിത്ത് ബാലകൃഷ്ണന്‍

No comments:

Post a Comment