Sunday, May 4, 2014

കുടിയിറക്കിനെതിരെ ജനമുന്നേറ്റം

കല്‍പ്പറ്റ: ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനുവേണ്ടി വയനാട്ടില്‍ നിര്‍ധനരായ ഭൂരഹിതരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ സിപിഐ എം നേതൃത്വത്തില്‍ ചെറുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍മാറി. മരിച്ചാലും മണ്ണില്‍ നിന്ന് ഇറങ്ങി പോവില്ലെന്ന പ്രഖ്യാപനവുമായി നാല് പേര്‍ ആത്മാഹൂതിക്ക് ശ്രമിച്ചതോടെ അരപ്പറ്റ ഹാരിസണ്‍മലയാളം പ്ലാന്റേഷന് സമീപത്തെ ഭൂസമര കേന്ദ്രം ശനിയാഴ്ച പോരാട്ട ഭൂമിയായി മാറി.

മേപ്പാടി പഞ്ചായത്തിലെ അരപ്പറ്റയില്‍ ഹാരിസണ്‍സ് കമ്പനി അനധികൃതമായി കൈവശംവെക്കുന്ന ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങളെയാണ് കോടതി വിധിയുടെ മറവില്‍ ഒഴിപ്പിക്കാന്‍ സര്‍വ്വസന്നാഹങ്ങളോടെ പൊലീസ്-റവന്യു സംഘമെത്തിയത്. മണിക്കൂറുകളോളം നീണ്ട ബഹുജനമുന്നേറ്റത്തിനും സംഘര്‍ഷത്തിനും ഒടുവില്‍ സംഘം പിന്‍മാറി. കുടില്‍കെട്ടി താമസിക്കുന്ന സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ ചെറുത്തു നില്‍പ്പിനിടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. യുവാവ് മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്ക് തുനിഞ്ഞു. ജീവന്‍ നല്‍കിയും കിടപ്പാടം സംരക്ഷിക്കാന്‍ ഭൂരഹിതര്‍ മുന്നോട്ട്വന്നിട്ടും പൊലീസ് പിന്മാറിയില്ല. പിടിച്ചിറക്കാനെത്തിയ പൊലീസിനെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തടഞ്ഞുനിര്‍ത്തി. ആയിരത്തോളം വരുന്ന പൊലീസ് സംഘവും ഫയര്‍ഫോഴ്സും റവന്യു ഉദ്യോഗസ്ഥരുമാണ് കുടിയിറക്കാനെത്തിയത്. അരപ്പറ്റ എട്ടാംനമ്പറില്‍ രാവിലെ പത്തോടെ എഡിഎം കെ ഗണേശന്റെയും കല്‍പ്പറ്റ ഡിവൈഎസ്പി സാബുവിന്റെയും നേതൃത്വത്തില്‍ എത്തിയ പൊലീസ്-റവന്യു സംഘത്തെ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിരോധിച്ചു. ഒന്നുകില്‍ പൊലിസ് സേന പിന്‍മാറുക, അല്ലെങ്കില്‍ തങ്ങളെ വെടിവെയ്ക്കുക എന്ന് പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ മുള്‍മുനയിലായി.

സിപിഐ എമ്മിന്റെയും കെഎസ്കെടിയുവിന്റെയും നേതാക്കാളുടെ ധീരനിലപാട് സമരമുഖം വിറപ്പിച്ചു. ഇതോടെ സി കെ ശശീന്ദ്രന്‍, അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവരുമായി എഡിഎമ്മും ഡിവൈഎസ്പിയും ചര്‍ച്ചനടത്തി. നേതാക്കള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട് എഡിഎം കലക്ടറുമായി ഫോണില്‍ വിളിച്ച് സ്ഥിതി ധരിപ്പിച്ചു. കലക്ടര്‍ റവന്യുമന്ത്രിയുമായി സംസാരിച്ചു. കുടിയൊഴിപ്പിക്കലില്‍നിന്നും പിന്മാറാനും പൊലീസിനെ പിന്‍വലിക്കാനും ഒരുമണിക്കൂറിനുശേഷം എഡിഎമ്മിന് കലക്ടറുടെ നിര്‍ദേശമെത്തി. പ്രശ്നം ചര്‍ച്ചചെയ്യാമെന്ന് കലക്ടര്‍ അറിയിച്ചതായും എഡിഎം അറിയിച്ചു. ഇതോടെ പൊലീസ് പിന്‍വാങ്ങി.

ഈ സമയമത്രയും പൊലീസും പ്രതിഷേധക്കാരും മുഖാമുഖം നിന്നു. പൊലീസ് മടങ്ങിയതോടെ ഭൂരഹിതരും വിവിധ വര്‍ഗബഹുജനസംഘടനാ പ്രവര്‍ത്തകരും ഹാരിസണ്‍സ് ഗ്രൂപ്പ് മാനേജരുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെഎസ്കെടിയുവിന്റെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ 195 കുടുംബങ്ങള്‍ ഇവിടെ കുടില്‍കെട്ടി താമസിക്കുന്നുണ്ട്. കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധിയുടെ പേരിലാണ് സര്‍ക്കാര്‍ ഇവരെ പിടിച്ചിറക്കാനിറങ്ങിയത്. ഹാരിസണ്‍ അനധികൃതമായി കൈവശംവെക്കുന്ന 60,000 ഏക്കര്‍ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്ന് നേരത്തെ വ്യക്തമായതാണ്. ഹാരിസണ്‍സിന്റെ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികള്‍ക്കായി നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച സജിത്ത് ബാബു കമ്മിറ്റിയും ഭൂമി ഏറ്റെടുക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. ഇതൊന്നും സ്വീകരിക്കാതെയാണ് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നേരെ തിരിഞ്ഞത്.

deshabhimani

No comments:

Post a Comment