Sunday, May 4, 2014

പ്ലസ് വണ്‍ പ്രവേശനം നീളുന്നു; സീറ്റ്കച്ചവടലോബി സജീവം

തൃശൂര്‍: റെക്കോഡ് വേഗത്തില്‍ എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നിട്ടും പ്ലസ്വണ്‍ പ്രവേശന നടപടി വൈകുന്നു. ഇതുവരെ പ്രവേശന ഷെഡ്യൂള്‍ പോലും തയ്യാറായില്ല. പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് അനുമതി കാത്തിരിക്കുന്ന സാമുദായിക ശക്തികള്‍ മുതല്‍ സിബിഎസ്ഇ ലോബി വരെ ഇതിനു പിന്നിലുള്ളതായി ആരോപണമുണ്ട്. സീറ്റ്കച്ചവടമാണ് ലക്ഷ്യം. ഏപ്രില്‍ 16നാണ് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത്. എന്നാല്‍ മെയ് 16നേ മാര്‍ക്ക്ലിസ്റ്റ് നല്‍കൂ. ആദ്യമായാണ് ഇത്തരം അവസ്ഥ.

ആറിന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥ യോഗം ചേര്‍ന്ന ശേഷമാണ് പ്ലസ്വണ്‍ പ്രവേശന നടപടികള്‍ തീരുമാനിക്കുക എന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പറയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 15ന് അപേക്ഷ നല്‍കി ജൂണ്‍ ആറിന് ആദ്യ അലോട്ട്മെന്റായിരുന്നു. ജൂണ്‍ 16ന് ക്ലാസും തുടങ്ങി. എന്നാല്‍, സര്‍ക്കാര്‍ പിടിപ്പുകേടു മൂലം കഴിഞ്ഞവര്‍ഷം അവസാന അലോട്ട്മെന്റ് പൂര്‍ത്തിയാകാന്‍ നവംബര്‍ വരെയെടുത്തു. ഇതുമൂലം ആയിരക്കണക്കിന് കുട്ടികള്‍ക്ക് സ്വകാര്യ- അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിവന്നു. ഇക്കുറിയും സ്ഥിതി വ്യത്യസ്തമാവില്ല. സിബിഎസ്ഇക്കാരുടെ എസ്എസ്എല്‍സി ഫലം മെയ് അവസാനമേ പുറത്തുവരു. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് കേരള സിലബസിലെ പ്ലസ്വണ്‍ കോഴ്സിനു ചേരാന്‍ കൂടിയാണ് പ്രവേശനം വൈകിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.

എന്‍ജിനിയറിങ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കുന്നതിനാല്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന പ്ലസ്ടുവിന് ചേരാന്‍ താല്‍പ്പര്യമേറെയാണ്. സിബിഎസ്ഇയില്‍ എസ്എസ്എല്‍സിക്ക് സ്കൂള്‍ തലത്തില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് വഴിവിട്ട് മാര്‍ക്ക് ലഭിക്കുന്നതിനാല്‍ സംസ്ഥാന പ്ലസ് വണ്‍ കോഴ്സിന് പ്രവേശനവും എളുപ്പമാണ്. ഇക്കുറി 148 വിദ്യാലയങ്ങള്‍ക്കുകൂടി ഹയര്‍ സെക്കന്‍ഡറി അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാമുദായിക ശക്തികള്‍ നിയന്ത്രിക്കുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ക്കാണ് മുഖ്യ പരിഗണനയുണ്ടാവുക. ഇതില്‍ തീരുമാനമായശേഷം പ്ലസ് വണ്‍ പ്രവേശനം നടത്തിയാല്‍ മതിയെന്നാണ് ധാരണ. ഇതിനുള്ള വിലപേശലാണ് ഇപ്പോള്‍ നടക്കുന്നത്. സാമുദായിക ശക്തികള്‍ക്ക് കീഴടങ്ങി തോന്നിയപോലെ കോഴ്സുകള്‍ അനുവദിച്ചാല്‍ നിലവിലുള്ള പല വിദ്യാലയങ്ങളും പുട്ടേണ്ടി വരുമെന്നും കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment