Monday, May 5, 2014

നാട്ടുകാരുടെ കാശ്... പറന്ന് പറന്ന് മന്ത്രിമാര്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മന്ത്രിമാരുടെ വിമാനയാത്രക്കൂലി ഇനത്തില്‍ പൊതുഭരണവകുപ്പില്‍നിന്ന് ലക്ഷങ്ങള്‍ ചെലവാക്കി. പല യാത്രകളുടെയും ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും യാത്രയുടെ ആവശ്യമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വിദേശയാത്രകളില്‍ നിയന്ത്രണം പാലിക്കണമെന്ന കേന്ദ്രത്തിന്റെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശം നിലനില്‍ക്കെയാണ് ധൂര്‍ത്ത്.

തൊഴില്‍മന്ത്രി ഷിബു ബേബി ജോണാണ് യാത്രയ്ക്ക് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതെന്ന് വിവരാവകാശനിയമപ്രകാരമുള്ള രേഖകളില്‍ വ്യക്തമാകുന്നു. ബ്രിട്ടന്‍ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് നടത്തിയ അഞ്ചു യാത്രയ്ക്ക് 9,24,248 രൂപ ചെലവാക്കി. 2011-12 കാലത്ത് ലണ്ടന്‍, സിംഗപ്പുര്‍, മാഡ്രിഡ്, ബാഴ്സലോണ, ജനീവ, ജക്കാര്‍ത്ത, ദുബായ് എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയിട്ടില്ല. ടൂറിസം മന്ത്രി എ പി അനില്‍കുമാറാണ് തൊട്ടുപിന്നില്‍. 2012-13 കാലഘട്ടത്തില്‍ 6.53 ലക്ഷം രൂപ ചെലവിട്ട് മൂന്നു യാത്രകള്‍ നടത്തി.സിഡ്നി, പെര്‍ത്ത്, ബ്രിസ്ബേന്‍, മെല്‍ബണ്‍, സിംഗപ്പുര്‍, റോം, ബ്രസല്‍സ്, ലിയോണ്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2013ല്‍ 89,062 രൂപ ചെലവിട്ട് ബഹ്റൈന്‍, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി. 2011 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ജലസേചനമന്ത്രി പി ജെ ജോസഫിന്റെ വിമാനയാത്രക്കൂലി 4.29 ലക്ഷം രൂപയാണ്. ടെല്‍അവിവ്, ദുബായ്, റോം എന്നിവിടങ്ങളില്‍ മൂന്നുതവണ സന്ദര്‍ശനം നടത്തി. മന്ത്രി കെ സി ജോസഫിന്റേത് 1.29 ലക്ഷം രൂപയാണ്. അന്തരിച്ച മന്ത്രി ടി എം ജേക്കബിന്റെ വിമാനയാത്രാക്കൂലിയിനത്തില്‍ 3.99 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവിട്ടു. ലണ്ടന്‍, ദുബായ്, ലിസ്ബന്‍, മാഡ്രിഡ് എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. മന്ത്രിയായിരിക്കെ കെ ബി ഗണേഷ്കുമാറിന്റെ യാത്രാക്കൂലി 1.48 ലക്ഷം രൂപയായി. മന്ത്രി കെ എം മാണി 33,182 രൂപ ചെലവിട്ട് പാരീസ്, മാഡ്രിഡ്, ബ്രസല്‍സ് എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി.

deshabhimani

No comments:

Post a Comment