Monday, May 5, 2014

രാഹുലിനു പിന്നില്‍ കോര്‍പറേറ്റുകള്‍

ന്യൂഡല്‍ഹി: വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുന്നു. മൂന്നാംമുന്നണിയെ പിന്തുണയ്ക്കില്ലെന്ന് പരസ്യമായി പ്രസ്താവിച്ചതിലൂടെ വര്‍ഗീയശക്തികള്‍ അധികാരത്തില്‍ വരുന്നത് തങ്ങള്‍ക്ക് വിഷയമല്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നല്‍കുന്നത്. അമേഠിയിലെ തെരഞ്ഞെടുപ്പുറാലിയിലാണ് ഏത് സാഹചര്യത്തിലും മൂന്നാംമുന്നണി സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയത്. മോഡി വന്നാലും മൂന്നാംമുന്നണി വേണ്ട എന്ന നിലപാടിലാണ് രാഹുലെന്ന് നേരത്തെ മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് രാഹുലിന്റെ അമേഠി പ്രസംഗം.

ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ മൂന്നാംമുന്നണിയെ പിന്തുണയ്ക്കുമെന്ന് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസ് മൂന്നാംമുന്നണിയെ പിന്തുണയ്ക്കണമെന്ന നിലപാട് സ്വീകരിച്ചത്. കേന്ദ്രമന്ത്രി ജയ്റാം രമേശ് ഒരു പടികൂടി കടന്ന് മൂന്നാംമുന്നണി സര്‍ക്കാരില്‍ കോണ്‍ഗ്രസ് ഭാഗമാകണമെന്നും അഭിപ്രായപ്പെട്ടു. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകുമെന്നായിരുന്നു അഹമ്മദ് പട്ടേല്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ടിയും ബിഹാറില്‍ ആര്‍ജെഡിയും നില മെച്ചപ്പെടുത്തുമെന്നും വ്യക്തമായതോടെ മൂന്നാംമുന്നണി സര്‍ക്കാരിനുള്ള സാധ്യതകള്‍ മാധ്യമങ്ങളിലും നിറഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ നിലപാട് വ്യക്തമാക്കി ഉപാധ്യക്ഷന്‍ രാഹുല്‍ രംഗത്തുവന്നത്. കോര്‍പറേറ്റുകളുടെ സ്വാധീനവും ഈ നിലപാടിനുപിന്നിലുണ്ടെന്നാണ് സൂചന. മൂന്നാംമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യസ്വാധീനം ഇടതുപക്ഷത്തിനായിരിക്കുമെന്ന ആശങ്കയാണ് കോര്‍പറേറ്റുകള്‍ക്ക്്. രാഹുല്‍ പ്രകടമാക്കുന്നതും കോര്‍പറേറ്റുകളുടെ ആശങ്കയാണ്. കോര്‍പറേറ്റ് അനുകൂല സാമ്പത്തികനയങ്ങള്‍ക്കായി വാദിക്കുന്ന കോണ്‍ഗ്രസിലെ നേതാക്കളുടെ സ്വാധീനവും ഇക്കാര്യത്തില്‍ പ്രകടമാണ്. മോഡി അധികാരത്തില്‍ വന്നാലും സാമ്പത്തികനയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന ബോധ്യം വന്‍കിട കോര്‍പറേറ്റുകള്‍ക്കുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ അധികമായി സഹായം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. എന്നാല്‍, ഇടതുപക്ഷത്തിന് സ്വാധീനമുള്ള മൂന്നാംമുന്നണി സര്‍ക്കാരാണെങ്കില്‍ ഈ പ്രതീക്ഷ തകിടംമറിയും. മൂന്നാംമുന്നണി സര്‍ക്കാര്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളെ കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് കോര്‍പറേറ്റുകള്‍. മൂന്നാംമുന്നണി സര്‍ക്കാര്‍ വന്നാല്‍ വളര്‍ച്ച ഇടിയുമെന്നും രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചത് ഇതിനുമുന്നോടിയായാണ്.

മൂന്നാംമുന്നണിക്കെതിരായ പരാമര്‍ശത്തിന് രാഹുലിന് അവസരമൊരുക്കുന്നതിനായിരുന്നു ഇത്തരം വാര്‍ത്തകള്‍. രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കിയതോടെ ആശ്വാസം ബിജെപിക്കാണ്. 150നടുത്ത് സീറ്റുകള്‍ പിടിച്ചാല്‍തന്നെ അധികാരം ഉറപ്പിക്കാമെന്ന് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയില്ലാതെ മൂന്നാംമുന്നണി സര്‍ക്കാര്‍ അസാധ്യമാണ്. പിന്തുണയ്ക്കില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതോടെ മൂന്നാംമുന്നണിയിലേക്ക് പോയേക്കാമായിരുന്ന കൂടുതല്‍ കക്ഷികള്‍ ബിജെപിയിലേക്ക് അടുക്കും. മോഡി പ്രധാനമന്ത്രിയാകാനുള്ള സാധ്യതയും ഏറും. എന്നാല്‍, ബിജെപിയെ അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെമാത്രം കോണ്‍ഗ്രസിന് വോട്ടുചെയ്തവരെ വഞ്ചിക്കുന്ന നിലപാടാണ് രാഹുലിന്റേതെന്ന വിമര്‍ശവുമുണ്ട്. കേരളത്തിലും മറ്റും മോഡിയെ മാറ്റിനിര്‍ത്താന്‍ തങ്ങള്‍ക്ക് വോട്ടെന്നതരത്തിലായിരുന്നു ന്യൂനപക്ഷങ്ങള്‍ക്കിടയിലും മറ്റും കോണ്‍ഗ്രസ് പ്രചാരണം. മോഡി വന്നാലും പ്രശ്നമില്ലെന്ന പരസ്യനിലപാടിലേക്ക് രാഹുല്‍ നീങ്ങിയതോടെ ന്യൂനപക്ഷവോട്ടര്‍മാര്‍ കബളിപ്പിക്കപ്പെടുകയാണ്.

എം പ്രശാന്ത് deshabhimani

No comments:

Post a Comment