Sunday, May 18, 2014

ചെങ്കോട്ട

പാലക്കാട്: ഒട്ടനവധി സമരപോരാട്ടങ്ങളാല്‍ ഉഴുതുമറിച്ച പാലക്കാടന്‍ കാര്‍ഷികമേഖലയില്‍ ചുവപ്പിന്റെ ചന്തത്തിന് പൊന്‍തിളക്കം. എന്നും ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ജില്ല ഭേദിക്കാനാവാത്ത ചെങ്കോട്ടയെന്ന് തെരഞ്ഞെടുപ്പ് വീണ്ടും അടിവരയിട്ടു.തകര്‍പ്പന്‍ വിജയം പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും പ്രകടനം നടത്തിയുമാണ് ജനങ്ങള്‍ ആഘോഷിച്ചത്. പാലക്കാട് എം ബി രാജേഷ് തൊട്ടടുത്ത എതിരാളിയായ എം പി വീരേന്ദ്രകുമാറിനെ 105300 വോട്ടിനും ആലത്തൂര്‍ മണ്ഡലത്തില്‍ പി കെ ബിജു കോണ്‍ഗ്രസിലെ ഷീബയെ 37,312 വോട്ടുകള്‍ക്കും പിന്തള്ളിയാണ് ചരിത്രവിജയം നേടിയത്. എം ബി രാജേഷിന് 4,12,897 വോട്ടും വീരേന്ദ്രകുമാറിന് 307597 വോട്ടും ലഭിച്ചു. പാലക്കാട് മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 12,08,758 ആണ്. ഇതില്‍ 9,11,283 പേര്‍ വോട്ട് ചെയ്തു. ആലത്തൂര്‍മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ബിജു 4,11,808 വോട്ടുകളോടെ വിജയം ഉറപ്പാക്കി. വടക്കഞ്ചേരിയിലെ ഒരുബൂത്തില്‍ വോട്ടെണ്ണല്‍ സമയത്ത് യന്ത്രം തകരാറായതിനാല്‍ ഫലപ്രഖ്യാപനം വൈകി. ഷീബയ്ക്ക് 3,74,496 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ

തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങളില്‍ യുഡിഎഫിനായിരുന്ന ഭൂരിപക്ഷം. കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് മേല്‍കൈനേടിയപ്പോള്‍ ഏഴെണ്ണത്തിലാണ് എല്‍ഡിഎഫ് ലീഡ് നേടിയത്. എന്നാല്‍ ഇത്തവണ മണ്ണാര്‍ക്കാടൊഴികെ ബാക്കി എല്ലാ മണ്ഡലത്തിലും എല്‍ഡിഎഫ് വലിയ ഭൂരിപക്ഷം നേടി. ചിറ്റൂരില്‍ കഴിഞ്ഞതവണ യുഡിഎഫ് ഭൂരിപക്ഷം 25472 വോട്ടായിരുന്നു. ഇത്തവണ പി കെ ബിജുവിന് 6497 വോട്ട് ഭൂരിപക്ഷം ലഭിച്ചു. ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായ മലമ്പുഴ മണ്ഡലത്തില്‍ എം ബി രാജേഷിന്റെ ലീഡ് 31350 വോട്ടായി ഉയര്‍ന്നു. പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിന് കീഴല്‍വരുന്ന മണ്ണാര്‍ക്കാടൊഴികെയുള്ള ആറ് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലങ്ങളെല്ലാം എല്‍ഡിഎഫിന് അനുകൂലമായി. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലത്തിലും എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുണ്ടായി. പരമ്പരാഗതമായി കോണ്‍ഗ്രസിനും യുഡിഎഫിനും വോട്ട് ചെയ്തവര്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞുവെന്നതാണ് പ്രത്യേകത.

പാലക്കാട് എം ബി രാജേഷിന്റെ ഭൂരിപക്ഷം 1820 വോട്ടില്‍നിന്ന് 105300 ആയി ഉയര്‍ന്നു. ആലത്തൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭൂരിപക്ഷം 20960 വോട്ടായിരുന്നു. അത് ഇത്തവണ 37312 ആയി ഉയര്‍ന്നു. പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ ഉള്‍പ്പെട്ട തൃത്താല അസംബ്ലി മണ്ഡലത്തില്‍ 6,475 വോട്ടിന് എല്‍ഡിഎഫ് ഭൂരിപക്ഷംനേടി. ആകെ പോള്‍ ചെയ്ത 1,23,968 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ 53,921 വോട്ടുനേടി. യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന് 47,488 വോട്ട് മാത്രമാണ് നേടാനായത്. 2009 ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 2677 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത്തവണ അത് 6475 വോട്ടായി ഉയര്‍ന്നു. ദുഷ്പ്രചാരണങ്ങളേയും പണക്കൊഴുപ്പിനേയും അതിജീവിച്ചാണ് രണ്ടു മണ്ഡലങ്ങളിലും എല്‍ഡിഎഫ് ഉജ്വല വിജയം കൈവരിച്ചത്. പത്രം ഉപയോഗിച്ചും രാഷ്ട്രീയ മര്യാദകള്‍ക്ക് ലംഘിച്ചും നടത്തിയ തറവേലകള്‍കൊണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് രാജേഷിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല.വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയും വ്യക്തിപരമായ പരാജയവും കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഇനി രാഷ്ട്രീയത്തിലേക്ക് ഒരുതിരിച്ചുപോക്ക് അസാധ്യമെന്നുതന്നെയാണ് ഈ പരാജയം എം പി വീരേന്ദ്രകുമാറിന് നല്‍കുന്ന സൂചന. എംപിയെന്നനിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം. യുഡിഎഫ് സര്‍ക്കാരിന്റെ കൃഷിയോടുള്ള അവഗണന, പാലക്കാട് ജില്ലയോട് കേന്ദ്രസര്‍ക്കാര്‍ കാട്ടിയ കൊടിയ വഞ്ചന, ഇതിനു പുറമെ കോച്ച് ഫാക്ടറി, റെയില്‍വേ എന്നിവയോട് കാണിച്ച ചിറ്റമ്മനയം എന്നിവയൊക്കെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. എം ആര്‍ മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസനസമിതി, കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ജനതാദള്‍, സിഎംപി, ജെഎസ്എസ്, ഐഎന്‍എല്‍ എന്നിവയും എല്‍ഡിഎഫിന് ഒപ്പം വന്നതും ഏറെ ഗുണകരമായി.

എം ബി രാജേഷിന് ഭൂരിപക്ഷം ഒരുലക്ഷം കടന്നു

കൊച്ചി: പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം ഒരുലക്ഷം കടക്കുന്ന ആദ്യ വിജയിയായി എം ബി രാജേഷ് മാറി. മണ്ഡലത്തിന്റെ ഇതുവരെയുള്ള റെക്കോഡ് ഭൂരിപക്ഷം എന്‍ എന്‍ കൃഷ്ണദാസ് 2004ല്‍ നേടിയ 98158 വോട്ടായിരുന്നു.

കഴിഞ്ഞതവണ നേടിയ 1820 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് രാജേഷ് 105323 എന്ന കൂറ്റന്‍ ഭൂരിപക്ഷത്തിലേക്കെത്തിയത്- അതും ഒരു പത്രത്തിന്റെയും ചാനലിന്റെയും പിന്തുണ പൂര്‍ണ്ണമായി ദുരുപയോഗിച്ച് മത്സരിച്ച എം പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിക്കൊണ്ട്.

രാജേഷിനെ കൂടാതെ മലപ്പുറത്ത് ഇ അഹമ്മദും കോട്ടയത്ത് ജോസ് കെ മാണിയും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മലപ്പുറത്ത് മുസ്ലിംലീഗിലെ ഇ അഹമ്മദ് 1,94739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ എമ്മിലെ പി കെ സൈനബയെ പരാജയപ്പെടുത്തിയത്. 4,37723 വോട്ടാണ് അഹമ്മദ് നേടിയത്. കഴിഞ്ഞ തവണ 1,15,597 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അഹമ്മദിനുണ്ടായിരുന്നത്.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണിക്ക് 1,20599 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിലെ മാത്യൂ ടി തോമസിനേക്കാള്‍ അധികമുള്ളത്. 424194 വോട്ടാണ് ജോസ് കെ മാണി നേടിയത്. കഴിഞ്ഞ തവണ 71,570 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്്

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ കൈയൊപ്പ്

പാലക്കാട്: ജനങ്ങളോടൊപ്പം അവരിലൊരാളായി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് എം ബി രാജേഷിനും പി കെ ബിജുവിനും ജനങ്ങള്‍ നല്‍കിയത്. നാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഇവര്‍തന്നെ വീണ്ടും ലോക്സഭയിലെത്തണമെന്ന് ജനം ഉറപ്പിച്ചിരുന്നു. വന്‍ ഭൂരിപക്ഷത്തോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ ജനപ്രതിനിധിയായി വോട്ടര്‍മാര്‍ തെരഞ്ഞെടുത്തത്. എംപിഫണ്ട് 100ശതമാനവും അതിലേറെയും ചെലവിട്ട എംപിയാണ് എം ബി രാജേഷ്. ആദ്യ മൂന്നുവര്‍ഷത്തെ കണക്കില്‍ 106 ശതമാനത്തിലധികം തുക വിനിയോഗിച്ചു. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 399.53ലക്ഷംരൂപ. കുടിവെള്ളപദ്ധതികള്‍ക്ക് 203.89 ലക്ഷം. ആരോഗ്യമേഖലയ്ക്ക് 188.50ലക്ഷവും കായികമേഖലയ്ക്ക് 90ലക്ഷവും സാംസ്കാരികമേഖലയ്ക്ക് 87ലക്ഷവും മറ്റുള്ളവയ്ക്ക് 85ലക്ഷംരൂപയും ചെലവഴിച്ച് നാടിന്റെ വികസനചരിത്രത്തില്‍ മികച്ച മാതൃകയായി. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് നല്‍കിയത് 978.66 ലക്ഷംരൂപ. അടിസ്ഥാന സൗകര്യവികസനത്തില്‍ പിന്നോക്കംനില്‍ക്കുന്ന സ്കൂളുകള്‍ക്ക് പത്തുകോടിയോളം രൂപ നല്‍കി. എംപിഫണ്ട് വിനിയോഗം നൂറ്ശതമാനംകവിഞ്ഞ് 101.76ലെത്തി. നാടിന്റെ അഭിമാനമായ കായികതാരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചപ്പോള്‍ രക്ഷകനായി എത്തിയത് എം ബി രാജേഷാണ്. റാഞ്ചിയിലെ അത്ലറ്റിക് മീറ്റിന് പോകുമ്പോള്‍ യാത്രാസൗകര്യം ഒരുക്കിക്കൊടുത്തു. ജില്ലയിലെ നാല് സ്കൂളുകള്‍ക്ക് മള്‍ട്ടി ജിംനേഷ്യം യാഥാര്‍ഥ്യമാക്കി. പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 50 ലക്ഷംരൂപ അനുവദിച്ച് അട്ടപ്പാടിയിലെ മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 1.25ലക്ഷംരൂപ നല്‍കി വികസനത്തിന് കുതിപ്പേകി.

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ അഞ്ച്വര്‍ഷം സമഗ്ര വികസന പദ്ധതികളാണ് പി കെ ബിജു നടപ്പാക്കിയത്. ഇരുള്‍ മൂടിക്കിടന്ന പൂപ്പാറ ആദിവാസി കോളനിയില്‍ വൈദുതിയെത്തിച്ചത് പി കെ ബിജുവിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ്. മണ്ഡലത്തിലെ കോളനികളിലൂടെ സഞ്ചരിച്ച് ജനങ്ങളുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞ് അവരെ വികസനപാതയിലേക്കു നയിക്കുന്ന രീതിയായിരുന്നു ബിജുവിന്റേത്. 1.10 കോടി രൂപയ്ക്ക് കൊടുവായൂര്‍ ബസ് സ്റ്റാന്‍ഡ് കം കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചു. ഒരു കോടി രൂപയ്ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ കീമോ ഡേ കെയര്‍ സെന്റര്‍, 1.35 കോടി രൂപ വിനിയോഗിച്ച് അയിലൂര്‍þകൊടിക്കരിമ്പ് പാലം, ഒരു കോടി രൂപയുടെ ആര്യമ്പള്ളം സമഗ്ര വികസന പദ്ധതി. 77.60 ലക്ഷത്തിന് വടക്കാഞ്ചേരി ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിഎച്ച്എസ്ഇ കെട്ടിടസമുച്ചയം, 1.28 കോടിയുടെ സ്വാമിദുരൈ കുടിവെള്ളപദ്ധതി, 45 ലക്ഷത്തിന് കല്ലിങ്കല്‍പ്പാടം ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന് 45 ലക്ഷം. മണ്ഡലത്തിലെ വൈദ്യുതീകരണത്തിന് 47.50 ലക്ഷം, പട്ടികവിഭാഗങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ 5.04 കോടിരൂപ എന്നിങ്ങനെ ബിജുവിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ പട്ടിക നീളുന്നു. ഈ ചെറുപ്പക്കാര്‍ക്ക് നാടിന്റെ വികസനത്തിനു ഇനിയുമേറെ ചെയ്യാനുണ്ട്. അതിനുള്ള പരിശ്രമത്തിലായിരിക്കും ഇനിയുള്ള അഞ്ചുവര്‍ഷം ചെലവിടുക.

തുടക്കമൊന്നു പതറി; പിന്നെയൊരു കുതിപ്പ്...

പാലക്കാട്: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്ഫലത്തെ ജനങ്ങള്‍ നെഞ്ചിടിപ്പോടെ വീക്ഷിക്കുമ്പോള്‍ പാലക്കാട്, ആലത്തൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ലീഡില്‍ മാത്രമായിരുന്നു ജനങ്ങളുടെ ശ്രദ്ധ. ആശങ്കകള്‍ക്കിട നല്‍കാതെ ജില്ലയില്‍ സിപിഐ എം ഉജ്വലമുന്നേറ്റമാണ് നടത്തിയത്. ചെങ്കോട്ടയെ കൂടുതല്‍ ചുവപ്പിച്ച് പി കെ ബിജുവും എം ബി രാജേഷും എഴുതിച്ചേര്‍ത്തത് പുതിയ ചരിത്രം. പാലക്കാട്ട് അതിന്റെ ഇടതുപാരമ്പര്യം കൂടുതല്‍ തെളിമയോടെ കാത്തു. ചെറിയ നിരാശയോടെയാണ് പാലക്കാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഫലസൂചന വന്നുതുടങ്ങിയതെങ്കിലും മിനിറ്റുകള്‍ക്കകം സ്ഥിതി മാറിമറിഞ്ഞു. ആദ്യനിമിഷങ്ങളില്‍ എം ബി രാജേഷ് 51 വോട്ടിന് മുന്നിലെത്തിയെങ്കിലും തുടര്‍ന്ന് യുഡിഎഫിന് പ്രതീക്ഷനല്‍കുന്നതായി ലീഡ്നില. 15 മിനിറ്റ്് പിന്നിട്ടപ്പോള്‍ യുഡിഎഫ്ലീഡ് 826ലേക്കും പിന്നീട് 1112 ആയും ഉയര്‍ന്നു. ചെറിയ നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍...എന്നാല്‍, രാവിലെ ഒമ്പതു കഴിഞ്ഞപ്പോഴേക്കും ചിത്രം മാറി. എം ബി രാജേഷ് ലീഡ് ചെയ്തു തുടങ്ങി, 500, 1000 എന്നിങ്ങനെ 34 ശതമാനം വോട്ട് എണ്ണിക്കഴിയുമ്പോള്‍ ലീഡ് 26,877ല്‍ എത്തി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല, 40ശതമാനം എണ്ണിക്കഴിയുമ്പോള്‍ ലീഡ് 33,364 ആയി ഉയര്‍ന്നു. പകുതിവോട്ടുകള്‍ എണ്ണിയപ്പോള്‍ ഇത് 45,111ല്‍ എത്തി. എല്‍ഡിഎഫ് ക്യാമ്പില്‍ വിജയത്തിന്റെ അലയൊലികള്‍ ഉയര്‍ന്നുതുടങ്ങി. പ്രവര്‍ത്തകരില്‍ ആവേശം തിരതല്ലി. വോട്ടുകള്‍ 60 ശതമാനം പിന്നിടുമ്പോള്‍ ലീഡ് അരലക്ഷം കടന്നു. വോട്ടെണ്ണല്‍ തീരാന്‍ കാത്തിരുന്നില്ല, പ്രവര്‍ത്തകര്‍ പ്രകടനവുമായി തെരുവിലേക്കിറങ്ങി. 70ശതമാനം ആകുമ്പോള്‍ 64,688ന്റെ ലീഡ്. ഓരോ പത്തുശതമാനം വോട്ടെണ്ണുമ്പോഴും പതിനായിരത്തിലേറെ ലീഡ് വര്‍ധിക്കുന്നു. 80ശതമാനം വോട്ടെണ്ണിക്കഴിയുമ്പോള്‍ ഭൂരിപക്ഷം 78,733. പിന്നെ ഒരുലക്ഷം കടക്കാനുള്ള കാത്തിരിപ്പായി. 95.36 ശതമാനം വോട്ടെണ്ണിക്കഴിയുമ്പോള്‍ ലീഡ് 1,03,834ല്‍ എത്തി. എല്‍ഡിഎഫ്കേന്ദ്രങ്ങളില്‍ ആഹ്ലാദം അലതല്ലി. ഒടുവില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ ഭൂരിപക്ഷം 10,5300. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വോട്ടെണ്ണിത്തുടങ്ങി ആദ്യ മിനിറ്റുകളില്‍ത്തന്നെ ചിത്രം വ്യക്തമായി. പി കെ ബിജു മുന്നേറിക്കൊണ്ടേയിരുന്നു. ആദ്യംമുതല്‍ ഫലം പ്രഖ്യാപിക്കുന്നതുവരെ ഒരിക്കല്‍പ്പോലും യുഡിഎഫിലെ കെ എ ഷീബ മുന്നിലെത്തിയില്ല. ആദ്യം ഫലസൂചനയില്‍ത്തന്നെ ബിജു 800വോട്ടിന് ലീഡ് ചെയ്തു. 35ശതമാനം വോട്ടെണ്ണിക്കഴിഞ്ഞമ്പോള്‍ ലീഡ് 18,844ല്‍ എത്തി. 46 ശതമാനത്തിലെത്തുമ്പോള്‍ ഇത് 21,951 ആയി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍. 55 ശതമാനം വോട്ടെണ്ണിക്കഴിയുമ്പോള്‍ ലീഡ് 25,008. 65ശതമാനമെത്തുമ്പോള്‍ ഇത് 30,0075 ആയി. എന്നാല്‍, 75 ശതമാനം എണ്ണുമ്പോള്‍ ഭൂരിപക്ഷത്തില്‍ നേരിയ കുറവുണ്ടായി. 85 ശതമാനം വോട്ടെണ്ണിക്കഴിയുമ്പോള്‍ ഭൂരിപക്ഷം 31,665ല്‍ എത്തി. 95 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 34,620. എല്ലാ വോട്ടും എണ്ണിക്കഴിയുമ്പോള്‍ ബിജുവിന്റെ ഭൂരിപക്ഷം 37,312ലേക്ക് ഉയര്‍ന്നു. എല്‍ഡിഎഫിന്റെ സര്‍വാധിപത്യമായിരുന്നു എല്ലാ മണ്ഡലങ്ങളിലും. യുഡിഎഫിന്റെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിച്ചിരുന്ന ചിറ്റൂരില്‍ പ്പോലും ബിജു മേല്‍ക്കൈ നേടി.

deshabhimani

No comments:

Post a Comment