Sunday, May 18, 2014

പൊന്നാനിയില്‍ ലീഗ് വിയര്‍ത്തു

മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തിയത് വന്‍ മുന്നേറ്റം. മുസ്ലിംലീഗിന്റെ കോട്ടകളെന്ന് അവകാശപ്പെട്ട നിയമസഭാ മണ്ഡലങ്ങളില്‍ പോലും എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് നേടി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുനേടാനും എല്‍ഡിഎഫിനായി. ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 82,684 ല്‍ നിന്നും 25,410 ആയി കുറഞ്ഞു. തൃത്താല, പൊന്നാനി, തവനൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് നേടിയത്. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് നിലനിര്‍ത്തിയെങ്കിലും വന്‍ തിരിച്ചടിയുണ്ടായി. മിക്കയിടത്തും ഭുരിപക്ഷം പകുതിയിലേറെ കുറഞ്ഞു. കഴിഞ്ഞ തവണ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും യുഡിഎഫായിരുന്നു മുന്നില്‍. തൃത്താലയില്‍ മാത്രമാണ് അന്ന് എല്‍ഡിഎഫ് ലീഡ് നേടിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താനൂര്‍ 14,217 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ ടി മുഹമ്മദ് ബഷീറിന് നല്‍കിയത്. ഇത്തവണ അത് 6220 ആയി കുറഞ്ഞു. തിരൂരില്‍ യുഡിഎഫ് വോട്ടില്‍ വന്‍ വിള്ളലാണ് ഉണ്ടായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്റെ തട്ടകത്തില്‍ അദ്ദേഹം വലിയ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണത്തെ 22,824 വോട്ടിന്റെ ഭൂരപക്ഷം മുന്നിലൊന്നായി കുറഞ്ഞു.- 7245. കോട്ടക്കലിലും വന്‍ തിരിച്ചടിയുണ്ടായി. 2009ല്‍ 20,549 വോട്ടിന്റെ ഭൂരിപക്ഷം 11,881 ആയി കുറഞ്ഞു. തിരൂരങ്ങാടിയില്‍ മാത്രമാണ് യുഡിഎഫ് നില മെച്ചപ്പെടുത്തിയത്. 21,353 വോട്ടിന്റെ ഭുരിപക്ഷം ഇത്തവണ 23,367 ആയി വര്‍ധിച്ചു.

തൃത്താലയില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ 2677 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലം എല്‍ഡിഎഫിന് സമ്മാനിച്ചത്. ഇത്തവണ ഭുരിപക്ഷം 6433 ആയി ഉയര്‍ന്നു. പൊന്നാനിയില്‍ 543 വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 7658 വോട്ടിന്റെ ഭുരിപക്ഷവും നേടി. തവനൂര്‍ കഴിഞ്ഞ തവണ 5873 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇ ടി മുഹമ്മദ് ബഷീറിന് നല്‍കിയതെങ്കില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 9170 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചും യുഡിഎഫ് ബഹുദുരം പിന്നോക്കം പോയി. വോട്ടിങ്ങിലും 32,971 വോട്ടിന്റെ കുറവുണ്ടായി. അന്ന് പാര്‍ലമെന്റ് മണ്ഡലത്തില്‍ 1,02,547 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. തിരൂരങ്ങാടിþ30,208, താനൂര്‍þ9433, തിരൂര്‍ þ23,566, കോട്ടക്കല്‍þ 35,902, തൃത്താലþ3438 എന്നിവിടങ്ങളിലെ ഭൂരിപക്ഷത്തിലും വന്‍ കുറവുണ്ടായി. എല്‍ഡിഎഫ് വിജയിച്ച രണ്ടിടത്തും ഭുരിപക്ഷം കുത്തനെ വര്‍ധിച്ചു എന്നതും ശ്രദ്ധേയമാണ്. തവനൂര്‍þ6854, പൊന്നാനിþ4101 എന്നിങ്ങനെയായിരുന്നു നിയമസഭയിലെ ഭൂരിപക്ഷം. 2009ല്‍ ഇ ടി മുഹമ്മദ് ബഷീറിന് 3,85,801 വോട്ടാണ് ലഭിച്ചത്. ഇത്തവണ ഇത് 3,78,503 വോട്ടായി കുറഞ്ഞു. 7298 വോട്ടിന്റെ കുറവ്. മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ വോട്ടര്‍മാര്‍ ഉള്ളപ്പോഴാണ് ഈ കുറവെന്നത് ശ്രദ്ധേയമാണ്. 2009ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണിക്ക് 3,03,117 വോട്ടാണ് ലഭിച്ചതെങ്കില്‍ വി അബ്ദുറഹ്മാന് 3,53,093 വോട്ട് നേടാനായി. 49,976 വോട്ടിന്റെ വര്‍ധന.

ഏഴാമതും അഹമ്മദ്

മലപ്പുറം: മലപ്പുറം മണ്ഡലത്തിലൂടെ ഏഴാമതും മുസ്ലിംലീഗിന്റെ ഇ അഹമ്മദ് ലോക്സഭയിലേക്ക്. രണ്ടാംസ്ഥാനത്തുള്ള സിപിഐ എമ്മിന്റെ പി കെ സൈനബയേക്കാള്‍ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. അഹമ്മദിന് 4,37,723 വോട്ടും സൈനബക്ക് 2,42,984 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന് 64,705 വോട്ട് കിട്ടി. വേങ്ങര നിയമസഭാ മണ്ഡലത്തിലാണ് അഹമ്മദിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം þ 42,632. കുറവ് പെരിന്തല്‍മണ്ണയില്‍ þ 10,614. തപാല്‍ വോട്ടില്‍ 203 എണ്ണം അഹമ്മദിനും പി കെ സൈനബക്ക് 209 എണ്ണവും ലഭിച്ചു. മലപ്പുറത്തെ വിജയത്തോടെ, കേരളത്തില്‍നിന്ന് ഏറ്റവുമധികം തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ എന്ന പദവി ഗുലാം മുഹമ്മദ് ബനാത്ത്വാലയുടെ റെക്കോഡിനൊപ്പമെത്തി അഹമ്മദ്. ഇരുവരും ഏഴുതവണ വീതം ജയിച്ചു. പൊന്നാനി മണ്ഡലത്തില്‍നിന്ന് 1977, 80, 84, 89, 96, 98, 99 എന്നീ വര്‍ഷങ്ങളിലാണ് മുസ്ലിംലീഗിന്റെ ജി എം ബനാത്ത്വാല വിജയിച്ചത്. ഇ അഹമ്മദ് മഞ്ചേരി മണ്ഡലത്തില്‍നിന്ന് 1991, 96, 98, 99 വര്‍ഷങ്ങളിലും 2004ല്‍ പൊന്നാനിയില്‍നിന്നും 2009ലും 2014ലും മലപ്പുറത്തുനിന്നും വിജയിച്ചു. മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിന് 47,853 വോട്ട് കിട്ടി. വെല്‍ഫെയര്‍ പാര്‍ടിയുടെ പി ഇസ്മായിലിന് 29,216 വോട്ടാണുള്ളത്. ബിജെപിയുടെ വോട്ടില്‍ വര്‍ധനയുണ്ടായി. 2009ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച എന്‍ അരവിന്ദന് 36,016 വോട്ടാണ് ലഭിച്ചത്. ഇത്തവണ അത് 64,705 ആയി വര്‍ധിച്ചു.

വയനാട്ടില്‍ യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. യുഡിഎഫിന്റെ കുത്തക സീറ്റില്‍ ഏറെ വിയര്‍ത്താണ് എല്‍ഡിഎഫിലെ സത്യന്‍ മൊകേരിക്കെതിരെ ഷാനവാസ് വിജയിച്ചത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,53,439 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 20,870 ആയി കുറഞ്ഞു. കഴിഞ്ഞതവണ ഷാനവാസിനൊപ്പംനിന്ന മാനന്തവാടി, ബത്തേരി മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. കല്‍പ്പറ്റയില്‍ യുഡിഎഫിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഏറനാട് മണ്ഡലത്തില്‍ മാത്രമാണ് ഷാനവാസിന് മികച്ച ഭൂരിപക്ഷം ലഭിച്ചത്. ആകെ പോള്‍ ചെയ്ത 9,14,015 വോട്ടുകളില്‍ 3,77,035 വോട്ട് ഷാനവാസിന് ലഭിച്ചപ്പോള്‍ 3,56,165 വോട്ട്് സത്യന്‍ മൊകേരിക്ക് ലഭിച്ചു. കഴിഞ്ഞ തവണ 8,23,891 പേര്‍ വിധി നിര്‍ണയിച്ചപ്പോള്‍ 4,10,703 വോട്ടാണ് ഷാനവാസിന് ലഭിച്ചത്. കഴിഞ്ഞ തവണ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിലും 19,000þത്തിലധികം ഭൂരിപക്ഷം ഷാനവാസിനുണ്ടായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞു. ഇതിനേക്കാള്‍ കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ ഷാനവാസ് വിജയിച്ചത്. സത്യന്‍മൊകേരിക്ക് മാനന്തവാടിയില്‍ 8666 വോട്ടും ബത്തേരിയില്‍ 8983 വോട്ടും കൂടുതല്‍ ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷാനവാസിന് മാനന്തവാടിയില്‍ ലഭിച്ചത് 19,403 വോട്ടിന്റെ ഭൂരിപക്ഷം. നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മാനന്തവാടിയില്‍ 12,734 ഭൂരിപക്ഷമുണ്ടായിരുന്നു.

ബത്തേരിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19,140 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ 7583 ആയി കുറഞ്ഞിരുന്നു. മറ്റ് മണ്ഡലങ്ങളിലും ഷാനവാസിന്റെ ഭൂരിപക്ഷം കുറഞ്ഞു. കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണ 24,049 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ 1880 ആയി കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ 18,169 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. തിരുവമ്പാടിയില്‍ കഴിഞ്ഞതവണത്തെ 21,414 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണ 2385 മാത്രമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 3833 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. ഏറനാട്ടില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 22,105 വോട്ട് ഭൂരിപക്ഷമുണ്ടായത് ഇത്തവണ 18,838 ആയി കുറഞ്ഞപ്പോള്‍ നിലമ്പൂരില്‍ ഭൂരിപക്ഷം 21,267ല്‍നിന്ന് 3266 ആയി കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് 11,246 വോട്ടിന്റെയും നിലമ്പൂരില്‍ 5598 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് യുഡിഎഫ് വിജയിച്ചത്. വണ്ടൂരില്‍ 25,690 വോട്ട് ഭൂരിപക്ഷം ഉണ്ടായത് ഇത്തവണ 12,267 ആയി കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 28,919 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് കിട്ടിയത്. എംപി എന്ന നിലയില്‍ ഷാനവാസിന്റെ പ്രവര്‍ത്തനവും കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട് മലയോര മേഖലയിലുണ്ടാക്കിയ ആശങ്കയും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍ വില്ലേജ് മാത്രമാണ് കസ്തൂരിരംഗന്‍ സമിതിയില്‍ ഉള്‍പ്പെട്ടത്. അതിനാല്‍ ഈ മണ്ഡലത്തില്‍ മാത്രമാണ് ഷാനവാസ് അല്‍പ്പമെങ്കിലും നില മെച്ചപ്പെടുത്തിയത്.

നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി

മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് 2009-ല്‍ ലഭിച്ച വോട്ടിനേക്കാള്‍ നില മെച്ചപ്പെടുത്തി. നിലമ്പൂര്‍ -14,728, വണ്ടൂര്‍- 7239, ഏറനാട് -3299 വോട്ടുകളുടെ വര്‍ധനയാണ് ഇത്തവണ എല്‍ഡിഎഫിന് ലഭിച്ചത്. 2009ല്‍ മൂന്നു മണ്ഡലങ്ങളിലാകെ എം ഐ ഷാനവാസിന് 69,062 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഇത്തവണ 34,371 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. ഇത്തവണ ഏറനാട് മണ്ഡലത്തില്‍ 56,566, നിലമ്പൂര്‍- 55,403, വണ്ടൂര്‍- 60,249 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം ഐ ഷാനാവാസിന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് ഏറനാട് മണ്ഡലത്തില്‍ 37,728, നിലമ്പൂര്‍- 52,137, വണ്ടൂര്‍- 47,982 വോട്ടും ലഭിച്ചു. ഏറനാട് മണ്ഡലത്തില്‍ 18,838, നിലമ്പൂരില്‍ 3266, വണ്ടൂരില്‍ 12,267 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാനവാസിന് ലഭിച്ചത്. എന്നാല്‍ 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഷാനവാസിന് ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളില്‍ യഥാക്രമം 22,105, 21,267, 25,690 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2009ല്‍ യുഡിഎഫ് വണ്ടൂരില്‍ 66,433, നിലമ്പൂരില്‍ 58,676, ഏറനാട് -56,534 വോട്ടും എല്‍ഡിഎഫിന് വണ്ടൂര്‍- 40,743, നിലമ്പൂര്‍- 37,409, ഏറനാട്- 34429 വോട്ടുമാണ് ലഭിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി വി അന്‍വറിന് ഇത്തവണ ഏറനാട്þ 6049, നിലമ്പൂര്‍þ 6811, വണ്ടൂര്‍þ 8636 വോട്ടും എസ്ഡിപിഐ സ്ഥാനാര്‍ഥി ജലീല്‍ നീലാമ്പ്രക്ക് ഏറനാട്þ 3395, നിലമ്പൂര്‍þ 2704, വണ്ടൂര്‍þ 2789, വെല്‍ഫെയര്‍ പാര്‍ടി സ്ഥാനാര്‍ഥി റംല മമ്പാടിന് ഏറനാട്þ 2086, നിലമ്പൂര്‍þ 1479, വണ്ടൂര്‍þ 4109 വോട്ടും ലഭിച്ചു. നോട്ടക്ക് ഏറനാട്þ 1123, നിലമ്പൂര്‍þ 1471, വണ്ടൂര്‍þ 1420 വോട്ടുകള്‍ ലഭിച്ചു.

deshabhimani

No comments:

Post a Comment