Thursday, May 15, 2014

യുഡിഎഫിന്റെ കപടനാടകം തിരിഞ്ഞുകുത്തി

ആറ്റിപ്ര വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുഡിഎഫ് നേതൃത്വത്തില്‍ കോര്‍പറേഷനില്‍ അവതരിപ്പിച്ച രാഷ്ട്രീയ നാടകം മുന്നണിയെത്തന്നെ തിരിഞ്ഞുകുത്തി. 15 ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് കക്ഷിനേതാവ് ജോണ്‍സണ്‍ ജോസഫ് നല്‍കിയ കത്ത് കൗണ്‍സില്‍ യോഗം ചര്‍ച്ചചെയ്തപ്പോള്‍ പ്രതിക്കൂട്ടിലായത് ഉമ്മന്‍ചാണ്ടി സര്‍ക്കാരും കൗണ്‍സിലിലെ യുഡിഎഫ് അംഗങ്ങളുടെ നിലപാടും. നഗരസഭയുടെ അധികാരപരിധിയില്‍ വരാത്ത കാര്യങ്ങള്‍ ഉന്നയിച്ച് ഇരുട്ടില്‍ തപ്പുന്ന യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ദൈയ്യതയാണ് കൗണ്‍സില്‍യോഗത്തില്‍ ദൃശ്യമായത്.

മേയര്‍ക്ക് ശിക്ഷാ നടപടി സ്വീകരിക്കാന്‍ കഴിയാത്ത, സര്‍ക്കാര്‍ നിയോഗിച്ച ജീവനക്കാര്‍ക്കെതിരായ അഴിമതി ആരോപണമാണ് പ്രധാനമായും യുഡിഎഫ് ഉന്നയിച്ചത്. നഗരാസൂത്രണം, എന്‍ജിനിയറിങ് വിഭാഗങ്ങള്‍ക്കെതിരെയായിരുന്നു ആക്ഷേപം. എന്നാല്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മേയര്‍ക്കുള്ള പരിമിതമായ അധികാരമുപയോഗിച്ച് നടപടിക്ക് ശ്രമിക്കുമ്പോള്‍, യുഡിഎഫ് നേതൃത്വംതന്നെ ഇടപെട്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നത് കൗണ്‍സിലില്‍ തുറന്നുകാട്ടിയതോടെ പ്രമേയം കൊണ്ടുവന്നവര്‍ക്കും ജാള്യം. മാലിന്യസംസ്കരണം, കുടിവെള്ളം, വൈദ്യുതിയും വെളിച്ചവും, തെരുവുനായ നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലം 10 ലക്ഷത്തിലധികം വരുന്ന നഗരവാസികളും നഗരത്തില്‍ വന്നുപോകുന്നവരും അനുഭവിക്കുന്ന ദുരിതങ്ങളാണ് ചര്‍ച്ചയില്‍ മുന്നിട്ടുനിന്നത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ നഗരസഭയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഭിപ്രായമുയര്‍ന്നു. കേരളത്തിന്റെ മുഖച്ഛായയാണ് തിരുവനന്തപുരം നഗരമെന്നത് തിരിച്ചറിഞ്ഞ്, ആ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രൊഫ. ജെ ചന്ദ്ര ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിലും അനാരോഗ്യകരമായ നിലയിലും മാലിന്യം നിക്ഷേപിക്കുന്നവരുടെമേല്‍ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കണമെന്നായിരുന്നു ജെ മഹേശ്വരന്‍നായരുടെ ആവശ്യം. വിളപ്പില്‍ശാല മാലിന്യ സംസ്കരണപ്ലാന്റ് അടച്ചുപൂട്ടിയപ്പോള്‍ ആറു മാസത്തിനകം ബദല്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കാലമിത്രയായിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നത് യുഡിഎഫുകാര്‍ക്കാകെ അപമാനമാണെന്ന് പി അശോക് കുമാര്‍ പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ മേയറുടെ കാലുപിടിച്ചത് യുഡിഎഫ് കക്ഷി നേതാവും സഹായികളുമാണെന്ന് അശോക് കുമാര്‍ പറഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ കതിരിന്മേല്‍ വളംവയ്ക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു. തെരുവുനായ നിയന്ത്രണത്തിന് നിയമഭേദഗതിക്ക് കോര്‍പറേഷന്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. കടമ നിറവേറ്റാതെ സര്‍ക്കാര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണെന്ന് എസ് സലീം പറഞ്ഞു. ഇത് തിരിച്ചറിഞ്ഞിട്ടും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സമരാഭാസത്തിന് ഇറങ്ങിയത് അപമാനമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള അവസരം കൗണ്‍സിലില്‍ ബഹളംവച്ച് ഇല്ലാതാക്കുന്നവരാണ് സമരവുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് സി ജയന്‍ പറഞ്ഞു. തെരുവുവിളക്ക് കത്തിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ദേശംപോലും നടപ്പാക്കാത്ത വൈദ്യുതിബോര്‍ഡ് അധികൃതര്‍ക്കുമുന്നില്‍പോയി സമരം നടത്തുകയാണ് വേണ്ടതെന്ന് എ ജെ സുക്കാര്‍ണോ പറഞ്ഞു.

deshabhimani

No comments:

Post a Comment