ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് സര്‍ക്കാരിന് തലവേദനയായി. 1950ല്‍ ലോകഫുട്ബോളിന് വേദിയായപ്പോള്‍ ഉണ്ടായതില്‍നിന്നു തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതി. അന്ന് രാജ്യമാകെ ആഹ്ലാദത്തിലായിരുന്നെങ്കില്‍ ഇന്ന് ആശങ്കകളും അസ്വസ്ഥതകളും തലപൊക്കുന്നു. റിയോയിലെ പ്രകടനത്തില്‍ ആയിരത്തോളം പേരുണ്ടായിരുന്നു. പ്രതിഷേധക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവായിരുന്നെങ്കിലും അന്തരീക്ഷം സംഘര്‍ഷാത്മകമാണ്. ലോകകപ്പിനു കിട്ടുന്ന രാജ്യാന്തര ശ്രദ്ധയ്ക്കൊപ്പം പ്രതിഷേധവും ചര്‍ച്ചാവിഷയമാക്കാനാണ് പ്രതിഷേധകരുടെ ശ്രമം.
""ലോകം ഞങ്ങളെ നോക്കുമ്പോള്‍ ലോകകപ്പ് ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് ലോകത്തെ അറിയിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്""- പ്രക്ഷോഭകര്‍ പറയുന്നു. ""ഫുട്ബോള്‍ ഞങ്ങള്‍ക്കിഷ്ടമാണ്. ഞങ്ങളുടെ ടീം ജയിക്കണമെന്ന് ആഗ്രഹവുമുണ്ട്. അതിന്റെ പേരില്‍ നടക്കുന്ന എല്ലാ അനീതികളെയും പിന്തുണയ്ക്കാനാവില്ല. കുടിയൊഴിപ്പിക്കലും സമരംചെയ്യാനുള്ള അവകാശം നിയന്ത്രിക്കലും അനുവദിക്കില്ല""- അവര്‍ പറഞ്ഞു. സാവോപോളോയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതക ഷെല്ലുകളും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.ബെലോ ഹൊറിസോണ്ടെയില്‍ 2000 പേരാണ് തെരുവിലിറങ്ങിയത്.
"കപ്പിനോട് പ്രതിഷേധം" എന്ന ബാനറും ഇവര്‍ പിടിച്ചിരുന്നു. മാരക്കാന സ്റ്റേഡിയം പുതുക്കിപ്പണിയുന്ന പണംകൊണ്ട് 200 സ്കൂളുകള്‍ തീര്‍ക്കാമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബ്രസീലില്‍ വിവിധ മേഖലകളില്‍ പണിമുടക്കു നടക്കുന്നു. വേതനവര്‍ധനയും മെച്ചപ്പെട്ട തൊഴില്‍സാഹചര്യവും ആവശ്യപ്പെട്ട് റിയോയിലെ അധ്യാപകര്‍ പണിമുടക്കി. ബസ് ഡ്രൈവര്‍മാര്‍ രണ്ടുദിവസം പണിമുടക്കി. റെസിഫെയില്‍ മിലിറ്ററി പൊലീസിന്റെ പണിമുടക്ക് തുടരുന്നതാണ് സര്‍ക്കാരിനെ കൂടുതല്‍ ആശങ്കയിലാക്കുന്നത്. ബ്രസീലിലെ അക്രമാസക്തമായ നഗരങ്ങളിലൊന്നാണ് ഇത്. പൊലീസ് പണിമുടക്കിലായതോടെ അവിടെ അക്രമം കൂടുന്നു.
ക്രമസമാധാനം പാലിക്കാന്‍ പട്ടാളം ഇറങ്ങി. പട്ടാള ടാങ്കുകള്‍ നഗരത്തില്‍ റോന്തുചുറ്റുന്നു. 1950ല്‍ ബ്രസീലിലെ ഓരോ തെരുവും ആവേശഭരിതമായിരുന്നു. ഒരു കാര്‍ണിവല്‍പോലെയായിരുന്ന!ു അവര്‍ക്കത്. ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. തെരുവുകള്‍ക്ക് ബ്രസീലിയന്‍ പതാകയുടെ മഞ്ഞയും പച്ചയുമടിച്ചു. ഇപ്പോഴും അതുണ്ടെങ്കിലും ആറുപതിറ്റാണ്ടിനപ്പുറം നടന്നതിന്റെ നൂറിലൊന്ന് ഉത്സാഹംപോലുമില്ല. ധൂര്‍ത്ത്, അഴിമതി എന്നിവയ്ക്കെതിരെയാണ് ഇപ്പോള്‍ പൊതുവികാരം.
ബ്രസീല്‍ ഇമ്മാതിരി മാറിപ്പോയതിനെക്കുറിച്ച് മുന്‍ ലോകതാരങ്ങളായ സീക്കോയും കാര്‍ലോസ് ആല്‍ബെര്‍ട്ടോയും നിരാശരാണ്. ലോകകപ്പ് വിരുദ്ധവികാരം നിലനില്‍ക്കുന്നതിനാലാവാം ഇതെന്ന് അവര്‍ പറഞ്ഞു. എങ്കിലും മത്സരം അടുക്കുന്നതോടെ ഇതെല്ലാം മാറുമെന്നും ബ്രസീല്‍ അതിന്റെ തനതു വികാരം പ്രകടിപ്പിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
deshabhimani
No comments:
Post a Comment