Friday, May 16, 2014

അന്നങ്ങനെ... ഇന്നിങ്ങനെ...

മുളങ്കാലില്‍ ഉയര്‍ത്തിക്കെട്ടിയ കോളാമ്പി മൈക്കുകള്‍. അതിനു കീഴിലെ ആള്‍ക്കൂട്ടം. ഓരോ ഫലസൂചനകള്‍ വരുമ്പോഴും ഉയരുന്ന ആര്‍പ്പുവിളികള്‍. സ്വന്തം സ്ഥാനാര്‍ഥി മുന്നിലാണെന്ന വിവരമറിയുമ്പോഴുള്ള ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടാകില്ല. എതിര്‍സ്ഥാനാര്‍ഥി മുന്നേറിയെന്ന വിവരമറിയുമ്പോഴുള്ള നിരാശയിലേക്ക് അത് വഴിമാറുകയായി. പഴയ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനാളുകളില്‍ നഗരങ്ങളിലെ പത്രം ഓഫീസുകളിലെ പതിവുരംഗമാണിത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സ്ഥാനത്ത് അന്ന് കടലാസുബാലറ്റും വോട്ടുപെട്ടിയും. അന്ന് ബാലറ്റ് പേപ്പര്‍ തരംതിരിക്കാനെടുക്കും മണിക്കൂറുകള്‍. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. അപ്പോഴേക്കും നേരം ഉച്ചയാകും. പിന്നെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഔദ്യോഗിക പ്രഖ്യാപനം വരുമ്പോഴേക്കും വൈകിട്ടാകും.

പത്രങ്ങളില്‍ വിവരം നേരത്തെ ലഭിക്കുന്നതറിഞ്ഞ് നേരത്തെ ഇടംപിടിക്കുന്നവര്‍ രാത്രി വളരെ വൈകിമാത്രമേ പിരിഞ്ഞുപോകാറുള്ളൂ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേതുപോലെ ആവേശം നുരയും പത്രം ഓഫീസുകളുടെ പരിസരങ്ങളിലും. ചായയും കാപ്പിയും പലഹാരങ്ങളുമായി കച്ചവടക്കാരും സജ്ജരാകും. ഗാനമേളകളില്‍ ഇഷ്ടഗാനങ്ങള്‍ പാടണമെന്ന് ആവശ്യപ്പെടുന്നപോലെ താല്‍പ്പര്യമുള്ള മണ്ഡലങ്ങളിലെ വിവരങ്ങള്‍ മൈക്കിലൂടെ വിളിച്ചുപറയാന്‍ ആവശ്യപ്പെട്ട് കടലാസുതുണ്ടുകള്‍ നല്‍കുന്ന പതിവുണ്ടായിരുന്നു. ടെലിവിഷനും വെബ്സൈറ്റുകളും നവമാധ്യമങ്ങളും മൊബൈല്‍ ആപ്പുകളും നിലവില്‍വരുംമുമ്പത്തെ ഈ രംഗം ഇപ്പോഴും തുടരുന്നുണ്ട് കോഴിക്കോട്ടും മറ്റും. കോളാമ്പി മൈക്കുകള്‍ സൗണ്ട് ബോക്സിലേക്ക് വഴിമാറിയിട്ടുണ്ടെന്നുമാത്രം. എന്നാല്‍, വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ തെരഞ്ഞെടുപ്പ്ഫലം വിരല്‍ത്തുമ്പില്‍ എത്തി. വാര്‍ത്താചാനലുകള്‍ തത്സമയം വിവരങ്ങള്‍ എത്തിക്കാന്‍ മത്സരിക്കുന്നതും ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട് മൊബൈലുകള്‍വഴി തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്നടക്കം പെട്ടെന്ന് ലഭിക്കുന്നതും പത്രം ഓഫീസുകളിലെ തിരക്കിന് അല്‍പ്പം കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാലും പലയിടത്തും ആവേശക്കമ്മിറ്റിക്കാര്‍ക്ക് ഏറ്റവും പുതിയവാര്‍ത്തകള്‍ കിട്ടാനും ഒന്നാര്‍ത്തുവിളിക്കാനും പത്രം ഓഫീസുകളുടെ മുറ്റംതന്നെ വേണം ഇപ്പോഴും.

deshabhimani

No comments:

Post a Comment