Friday, May 16, 2014

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സൗജന്യകണക്ഷന്‍; റിലയന്‍സിന്റെ പരിധി വ്യാപിപ്പിക്കാന്‍

ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്ഥാപനങ്ങളിലും സ്കൂളുകളിലും സൗജന്യകണക്ഷന്‍ നല്‍കുന്നതിന് പിന്നില്‍ റിലയന്‍സിന് പ്രവര്‍ത്തനപരിധി വര്‍ധിപ്പിക്കാനുള്ള ഗൂഢതന്ത്രം. പുതിയ 4-ജി സംവിധാനം ഒരു ആന്റിന ഉപയോഗിച്ച് ചുരുങ്ങിയ ചുറ്റളവില്‍ മാത്രമേ കണക്ഷന്‍ നല്‍കാനാകൂ. രണ്ട്-ജി, മൂന്നു-ജി സംവിധാനത്തിനുള്ള വലിയ ടവറും വലിയ ആന്റിനകളും ഉപയോഗിക്കാനാകില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കാന്‍ കൂടുതല്‍ ആന്റിന സ്ഥാപിക്കേണ്ടിവരും. വീടുകളുടെ മുകളിലും സ്വകാര്യസ്ഥാപനങ്ങളുടെ മുകളിലും ഈ ആന്റിന സ്ഥാപിക്കാന്‍ കൂടുതല്‍ തുക വാടക നല്‍കേണ്ടിവരും. എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍പ്രകാരം നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് 100 എംബിപിഎസ് ബാന്‍ഡ്വിഡ്ത്തും ജില്ലാകേന്ദ്രത്തിലെ പൊതുഓഫീസുകള്‍ക്ക് 50 എംബിപിഎസും താലൂക്ക്- ബ്ലോക്ക്തല ഓഫീസുകള്‍ക്ക് 10 എംബിപിഎസും ഇന്റര്‍നെറ്റ് കണക്ഷനാണ് നല്‍കുന്നത്. ഇതിനായി ആന്റിനകള്‍ സ്ഥാപിക്കേണ്ടിവരും. ഈ ആന്റിന ഉപയോഗിച്ച് തന്നെ കൂടുതല്‍പേര്‍ക്ക് റിലയന്‍സിന്റെ കണക്ഷനും നല്‍കാനാകും. ഫലത്തില്‍ സര്‍ക്കാര്‍ഓഫീസുകള്‍ റിലയന്‍സിന്റെ കണക്ഷന്‍ സെന്ററായി മാറും.

ബിഎസ്എന്‍എല്ലിനെ തകര്‍ത്ത് റിലയന്‍സിന്റെ വ്യാപാരം കുത്തനെ വര്‍ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ യുഡിഎഫ് സര്‍ക്കാരും കൂട്ടുനില്‍ക്കുകയാണ്. സ്കൂളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐടി അറ്റ് സ്കൂള്‍, പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേരള വൈഡ് ഏരിയ നെറ്റ്വര്‍ക്കിങ് സംവിധാനം എന്നിവയും റിലയന്‍സിന്റെ കൈപ്പിടിയിലാകും. ഇത് ബിഎസ്എന്‍എല്ലിന് വര്‍ഷം മൂന്നുകോടിയുടെ ബിസിനസ് നഷട്മാക്കുമെന്ന് അധികൃതര്‍ കണക്ക് കൂട്ടുന്നു. കേരളത്തില്‍ 11 ജില്ലകളിലായി 1400 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളാണ് സ്ഥാപിക്കുന്നത്. ഇതുവഴി മൂവായിരം ചതുരശ്ര കിലോമീറ്ററില്‍ റിലയന്‍സിന്റെ സേവനം വ്യാപിപ്പിക്കാനാകും. മൂന്നുവര്‍ഷത്തിനകം കേരളത്തില്‍ ഇന്റര്‍നെറ്റ് സേവനരംഗത്ത് ബിഎസ്എന്‍എല്ലിന്റെ സേവനം 50 ശതമാനം കുറയ്ക്കാന്‍ ഇത് ഇടയാക്കുമെന്നും അത് പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരുടെ നിലനില്‍പിന് ഭീഷണിയാകുമെന്നും കരുതുന്നു.

deshabhimani

No comments:

Post a Comment