Sunday, May 18, 2014

പണാധിപത്യവും മാധ്യമ ഫാസിസവും തകര്‍ന്നു; പത്തരമാറ്റില്‍ പാലക്കാട്

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. പാലക്കാടിന്റെ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന് മേധാവിത്വമുണ്ടെന്നു കരുതിയ നിയമസഭാ മണ്ഡലങ്ങളിലെല്ലാം അവര്‍ തകര്‍ന്നടിഞ്ഞു. ഏഴ് നിയമസഭാ മണ്ഡലത്തിലും എല്‍ഡിഎഫിന്റെ ശക്തമായ സ്വാധീനം പ്രതിഫലിച്ചു. പുതിയ വോട്ടുകള്‍ ഒറ്റക്കെട്ടായി രാജേഷിന്റെപെട്ടിയില്‍ വീണെന്നാണ് ഒരു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷം കാണിക്കുന്നത്. പണാധിപത്യത്തെയും മാധ്യമഫാസിസത്തെയും അതിജീവിച്ചാണ് എല്‍ഡിഎഫ് തകര്‍പ്പന്‍വിജയം കൊയ്തതെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിറ്റിങ് എംപിയുമായ രാജേഷ് കഴിഞ്ഞ തവണത്തെ 1,820 വോട്ടിന്റെ ഭൂരിപക്ഷത്തില്‍നിന്നാണ് വിജയത്തിന്റെ ഗ്രാഫ് 1,05,300ലേക്ക് കുത്തനെ ഉയര്‍ത്തിയത്. ആകെ പോള്‍ ചെയ്ത 9,09,060 വോട്ടില്‍ 4,12,897 വോട്ട് എല്‍ഡിഎഫ് സ്വന്തമാക്കി. എതിര്‍സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് ലഭിച്ചത് 3,07,597 വോട്ടുമാത്രം. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനി നേടിയ 3,36,250 വോട്ടിലെത്താന്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിക്കായില്ല. കാല്‍ലക്ഷത്തിന്റെ കുറവാണ് ഉണ്ടായത്. അതേസമയം മുക്കാല്‍ലക്ഷം കൂടുതല്‍ വോട്ട് ഇത്തവണ എല്‍ഡിഎഫ് നേടി. പുതുതായി 1,33,518 വോട്ടാണ് പാലക്കാട് മണ്ഡലത്തിലുള്ളത്. 2004ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ എന്‍ കൃഷ്ണദാസ് നേടിയ 98,158വോട്ടിന്റെ റെക്കോഡ്ഭൂരിപക്ഷമാണ് ഇത്തവണ മറികടന്നത്.

പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി മണ്ഡലങ്ങളാണ് യുഡിഎഫ് പ്രതീക്ഷ വച്ചുപുലര്‍ത്തിയത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 7,403 വോട്ടിന് വിജയിച്ച പാലക്കാട് മണ്ഡലത്തില്‍ ഇത്തവണ 8,169 വോട്ടിന്റെ ലീഡുമായി എല്‍ഡിഎഫ് വിജയം ആഘോഷിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം 9,520 ആയിരുന്നു. പട്ടാമ്പി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മേല്‍കൈ 12,475 ആയിരുന്നു. 6,590 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇത്തവണ എല്‍ഡിഎഫ് മറികടന്നു. ഇവിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 66 വോട്ടിന് എല്‍ഡിഎഫ് മുന്നിലായിരുന്നു. മണ്ണാര്‍ക്കാട് മണ്ഡലം മുസ്ലിംലീഗിന്റെ സ്വാധീനമേഖലയായാണ് കരുതുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ 8,270 വോട്ടിനാണ് അവര്‍ വിജയം ഉറപ്പിച്ചത്. ഇവിടെ അവരുടെ ഭൂരിപക്ഷം വെറും 286വോട്ടായി ചുരുങ്ങി. 2009ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇവിടെ 12,570 ആയിരുന്നു. തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഒരുഘട്ടത്തിലും മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ അവസ്ഥ ഇത്ര ദയനീയമായിട്ടില്ല.

2009ല്‍ 12,547വോട്ടിന്റെ വിജയംനേടിയ ഷൊര്‍ണൂരില്‍ ഇത്തവണ ഭൂരിപക്ഷം 25,379 ആയി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. ഒറ്റപ്പാലത്തെ സ്ഥിതിയും മറിച്ചല്ല. 5,866 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണത്തെ ഭൂരിപക്ഷം 19,579 ആണ്. 2009ല്‍ 794 വോട്ടിന്റെ ഭൂരിപക്ഷംമാത്രമുണ്ടായിരുന്ന കോങ്ങാട് മണ്ഡലത്തില്‍ 14,361 വോട്ടിന്റെ ഭൂരിപക്ഷം നേടി. മലമ്പുഴയിലാണ് മറ്റൊരു വന്‍ കുതിപ്പ്. 2009ല്‍ 6,035 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍, അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 23,440ആയി ഉയര്‍ന്നു. ഇത്തവണ ഭൂരിപക്ഷം 31,350ല്‍ എത്തി. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും വികസനപ്രശ്നങ്ങളും എല്‍ഡിഎഫ് സജീവചര്‍ച്ചക്കു കൊണ്ടുവന്നപ്പോള്‍ അതിനെ പണാധിപത്യംകൊണ്ടും മാധ്യമങ്ങളെ ഉപയോഗിച്ചും നേരിടാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി പാലക്കാട്ട് ശ്രമിച്ചത്. ചിഹ്നമായ "മോതിരം" പരിചയപ്പെടുത്താനെന്നപേരില്‍ ഉപഹാരം കൊടുത്ത് ജനങ്ങളെ സ്വാധീനിക്കാനും പണംനല്‍കി വോട്ടുവാങ്ങാനും ശ്രമിച്ചു. അതിനെയൊക്കെ അതിജീവിച്ചാണ് എല്‍ഡിഎഫ് വിജയം കൊയ്തത്.

ജയകൃഷ്ണന്‍ നരിക്കുട്ടി deshabhimani

No comments:

Post a Comment