ബാബ്‌റിപ്പള്ളി പൊളിക്കാനും ഹിന്ദുരാഷ്ട്രത്തിലേക്ക് രഥമുരുട്ടാനും സംഘപരിവാറിന് വഴിയൊരുക്കിയത് കോൺഗ്രസ്.
അയോധ്യയിൽ പള്ളിപൊളിക്കലിന് കോൺഗ്രസ് കൂട്ടുനിന്നത് മുഖ്യമായും നാല് ഘട്ടത്തിലായാണ്.
ജി ബി പന്തും കെ കെ നായരും
1949 ഡിസംബർ 22ന് രാത്രി ബാബ്‌റിപ്പള്ളിയിൽ ഒരു സംഘം സന്ന്യാസിമാർ ബാലനായ രാമന്റെ വിഗ്രഹം ഒളിച്ചുകടത്തിയതാണ് ആദ്യഘട്ടം. യുപി അന്ന് ഐക്യപ്രവിശ്യ. കോൺഗ്രസുകാരനായ ജി ബി പന്താണ് പ്രവിശ്യപ്രധാനമന്ത്രി. കെ കെ നായരെന്ന സംഘപരിവാറുകാരനായ മലയാളി ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ്. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിക്കാന്‍ പന്ത് പിന്തുണ നല്കി. കെ കെ നായർ അടക്കമുള്ള ഉദ്യോഗസ്ഥർ കൂട്ടുനിന്നു. നെഹ്‌റു കത്തയച്ചിട്ടും വിഗ്രഹങ്ങൾ മാറ്റിയില്ല. നായർ പിന്നീട് ജനസംഘം എംപിയായി.
ഗേറ്റ് തുറന്ന് രാജീവ്
1986 ഫെബ്രുവരി ഒന്നിന് പള്ളിയുടെ ഗേറ്റുകൾ തുറന്ന് രാമവിഗ്രഹത്തിൽ പ്രാർഥന അനുമതി നൽകിയതാണ് കോൺഗ്രസ്–- പരിവാർ കൂട്ടുകെട്ടിന്റെ രണ്ടാം ഘട്ടം. ജില്ലാ ജഡ്‌ജിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. ഈ ഉത്തരവ് ഡൽഹിയിൽനിന്നുള്ള നിർദേശത്തെ തുടർന്നായിരുന്നു. ഉത്തരവ് വന്ന് ഒരു മണിക്കൂറിനകം പള്ളിയുടെ കവാടം തുറന്നു. ഇത് ചിത്രീകരിക്കാൻ ദൂരദർശൻ സംഘവുമെത്തി. ഷാബാനു കേസിനെ തുടർന്ന് ഭൂരിപക്ഷ വിഭാഗത്തെ പ്രീണിപ്പെടുത്താനുള്ള രാജീവ് ഗാന്ധി സർക്കാരിന്റെ താൽപ്പര്യപ്രകാരമായിരുന്നു ഈ നീക്കം. അയോധ്യ രാഷ്ട്രീയആയുമാണെന്ന് സംഘപരിവാർ തിരിച്ചറിഞ്ഞത് ഈ ഘട്ടത്തിൽ.
ശിലാന്യാസിന് അനുമതി
1989 നവംബർ ഒമ്പതിന് ബാബ്‌റിഭൂമിയിൽ ശിലാന്യാസ് നടത്താൻ വിഎച്ച്‌പിക്ക് രാജീവ് ഗാന്ധി സർക്കാർ അനുമതി കൊടുത്തതാണ് മൂന്നാംഘട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടായിരുന്നു ഈ നടപടി. നേട്ടമുണ്ടായത് ബിജെപിക്കാണെന്നുമാത്രം.
1992 ഡിസംബർ ആറിന് പള്ളിതകർത്തപ്പോൾ കേന്ദ്രത്തിലെ റാവു സർക്കാർ നോക്കുകുത്തിയായിനിന്നതാണ് കോൺഗ്രസ്–- പരിവാർ കൂട്ടുകെട്ടിലെ നാലാം ഘട്ടം.
No comments:
Post a Comment