അയോധ്യയിൽ ബാബ്‌റി മസ്‌ജിദ് 1992 ഡിസംബർ ആറിന് തകർത്ത കേസിലെ പ്രതികളെ ലഖ്‌നൗ സിബിഐ പ്രത്യേക കോടതി കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചതിനോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിക്കുന്നു. പ്രമുഖ ബിജെപി, വിഎച്ച്‌പി, ആർഎസ്‌എസ് നേതാക്കളുടെ സാന്നിധ്യത്തിൽ മസ്‌ജിദ് പൊളിക്കുന്നത് ലോകം മുഴുവൻ കണ്ടതാണ്. മിനാരങ്ങൾ തകർന്നുവീണപ്പോൾ അവർ ആഹ്ലാദിക്കുകയും ചെയ്‌തു. ഭരണഘടനാ സ്ഥാപനങ്ങൾ നിയമപരമായി രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു.
തയാറാക്കിയത്: സാജൻ എവുജിൻ
ചോദ്യം: ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വിധിയുടെ പ്രത്യഘാതം എന്താണ്? ബിജെപി ഭാവി പദ്ധതികൾക്കായി ഈ വിധി എങ്ങനെ ഉപയോഗിക്കും?
ഉത്തരം: അങ്ങേയറ്റം പരിഹാസ്യമായ നീതിയാണ് ഈ വിധി. നീണ്ട 28 വർഷത്തിനുശേഷമാണ് വിധി പറഞ്ഞത്, എന്നിട്ടും നീതിനിർവഹണം നടന്നില്ല. പ്രമുഖ ബിജെപി, വിഎച്ച്‌പി, ആർഎസ്‌എസ് നേതാക്കളുടെ സാന്നിധ്യം ബാബ്‌റി മസ്‌ജിദ് നിന്ന സ്ഥലത്തുണ്ടായിരുന്നു. അവർ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. മസ്‌ജിദ് പൊളിച്ചതിൽ അവർക്ക് പങ്കില്ലെന്നത് പൂർണമായും തെറ്റാണ്. ഹിന്ദുത്വ ആശയങ്ങൾ പിടിമുറുക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും ഇത് ബാധിക്കുന്നു. മോഡി ഭരണത്തിൽ സർവമേഖലയിലും ഈ പ്രവണത പ്രകടമാണ്. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിനെ ഇത് ബാധിക്കും.
ചോദ്യം: മസ്‌ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബർഹാൻ കമീഷൻ റിപ്പോർട്ടിൽ ഗൂഢാലോചനകൾ വ്യക്തമായി പറയുന്നു. എന്നാൽ, സിബിഐ അന്വേഷണത്തിൽ ഇക്കാര്യം തെളിഞ്ഞില്ലെന്ന് കോടതി പറയുന്നു.
ഉത്തരം: ബാബ്‌റി മസ്‌ജിദ് തകർക്കപ്പെട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന ബിജെപി, ആർഎസ്‌എസ്, വിഎച്ച്‌പി സംഘടനകളുടെ പ്രമുഖർ വിജയം ആഘോഷിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങും കേസിൽ പ്രതിയായിരുന്നു. കേടുപാട് ഉണ്ടാകാതെ മസ്‌ജിദ് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എന്ന നിലയിൽ കല്യാൺസിങ് സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയതാണ്. മസ്‌ജിദ് സംരക്ഷിക്കാൻ വൻതോതിൽ പൊലീസിനെ നിയോഗിച്ചു. എന്നാൽ, മസ്‌ജിദിനുനേരെ ആക്രമണം തുടങ്ങിയപ്പോൾ പൊലീസ് അനങ്ങിയില്ല. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്‌തിരുന്നുവെന്നതിന്റെ തെളിവാണ് ഇത്. അനങ്ങരുതെന്ന് പൊലീസിനോട് നിർദേശിച്ചിരുന്നു.
ബിജെപിയുടെ താൽപ്പര്യമാണ് പൊലീസ് സംരക്ഷിച്ചത്. സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ് കല്യാൺസിങ് പാലിച്ചില്ല. ഇതേത്തുടർന്ന് കല്യാൺസിങ്ങിന്റെ പേരിൽ സുപ്രീംകോടതി നടപടി സ്വീകരിച്ചു. കോടതിയലക്ഷ്യകുറ്റത്തിന് ശിക്ഷിച്ചു. മസ്‌ജിദിനു പുറത്തുള്ള സ്ഥലത്ത് പൂജ നടത്താൻമാത്രമാണ് പോകുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, അവർ നിയമലംഘനം നടത്തി. പ്രകോപനപരമായി പ്രസംഗിച്ചു. ആ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. നേതാക്കൾ ആഹ്ലാദിക്കുന്നതിന്റെ ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. ഇതൊക്കെ തെളിവല്ലാതായി മാറുന്നത് എങ്ങനെ?
ചോദ്യം: ഡൽഹി വർഗീയകലാപം അടക്കമുള്ള കേസുകളിൽ നിരപരാധികളെയും മതനിരപേക്ഷവാദികളെയും കുടുക്കുന്നു. കുറ്റകൃത്യങ്ങളിലെ പങ്കാളികൾ രക്ഷപ്പെടുന്നു. ഇതിനെ എങ്ങിനെ കാണുന്നു?
ഉത്തരം: പൗരത്വ നിയമഭേദഗതിക്ക് എതിരായ സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് വേട്ടയാടുന്നു. 20 പേർക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തു. നിയമവാഴ്‌ചയും ഭരണഘടനാതത്വങ്ങളും അട്ടിമറിക്കപ്പെട്ടു. നീതിന്യായവ്യവസ്ഥയും ഇതിന്റെ സ്വാധീനത്തിലാണ്. കഴിഞ്ഞ നവംബർ എട്ടിന് അയോധ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇതിന് തെളിവാണ്. ഹിന്ദുകക്ഷികൾക്ക് അവരുടെ സ്ഥലത്തിന്മേലുള്ള അവകാശത്തിന് തെളിവുണ്ടെന്നും മുസ്ലിംകക്ഷികൾക്ക് കൈവശാവകാശത്തിന് തെളിവില്ലെന്നും വിധിയിൽ പറഞ്ഞു. ഭൂമിതർക്ക കേസിനെ ഇത്തരത്തിൽ വ്യാഖ്യാനിച്ചത് കോടതിയും ഹിന്ദുത്വആശയങ്ങളുടെ സ്വാധീനത്തിലായെന്ന് വ്യക്തമാക്കുന്നു.
ചോദ്യം: ഇപ്പോഴത്തെ വിധി മതനിരപേക്ഷ പ്രതിപക്ഷത്തിന് നൽകുന്ന സന്ദേശം എന്താണ്?
ഉത്തരം: ഇന്ത്യയിൽമാത്രമല്ല, പുറത്തും രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ശ്രമം. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ സംരക്ഷിക്കാൻ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടമാണ് വേണ്ടത്. ഇക്കാര്യം എല്ലാ പ്രതിപക്ഷ കക്ഷികളും, പ്രത്യേകിച്ച് കോൺഗ്രസ് മനസ്സിലാക്കണം. മൃദുഹിന്ദുത്വംകൊണ്ട് തീവ്രഹിന്ദുത്വത്തെ നേരിടാൻ കഴിയില്ല.
No comments:
Post a Comment