Tuesday, October 20, 2020

കാവൽ കഥ പൊളിഞ്ഞു; പരിഹാസ്യമായി മനോരമ

 മനോരമയുടെ സിആർപിഎഫ്‌ തിരക്കഥയും എട്ടുനിലയിൽ പൊട്ടി. ‘ഭീകരനാ’യി ചിത്രീകരിച്ച എം ശിവശങ്കർ ഒരു കാവലുമില്ലാതെ തിങ്കളാഴ്‌ച മെഡിക്കൽ കോളേജ്‌ ആശുപത്രിവിട്ടു. മനോരമ ‘വിളിച്ചു വരുത്തിയ’ കേന്ദ്രസേന പോയിട്ട്‌ പൊലീസ്‌ കാവൽപോലും  അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഞായറാഴ്‌ചത്തെ മനോരമയിലെ സിആർപിഎഫ്‌ വാർത്ത വായിച്ച്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥർപോലും അത്ഭുതപ്പെട്ടു. 

എം ശിവശങ്കറിനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ കാവലിന്‌ സിആർപിഎഫ്‌ സഹായം തേടി കസ്റ്റംസ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കത്തയച്ചെന്നായിരുന്നു‌ മുഖ്യവാർത്ത. അങ്ങനെ ഒരു സംഭവം അറിയില്ലെന്നാണ്‌‌ സിആർപിഎഫ്‌ പള്ളിപ്പുറം യൂണിറ്റ്‌ അധികൃതരുടെ നിലപാട്‌. സിറ്റി പൊലീസ്‌ കമീഷണറും ഇത്‌ തള്ളി. അത്തരം ഒരു കാര്യം അറിയില്ലെന്ന്‌ മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. ഷർമദും വെളിപ്പെടുത്തി. സംസ്ഥാന സർക്കാരാണ്‌ കേന്ദ്ര അർധ സേനയുടെ സഹായം തേടേണ്ടത്‌. ശിവശങ്കർ  രക്ഷപ്പെടാൻ സാധ്യതയുള്ള ആളല്ല. എന്നിട്ടും കള്ളക്കഥയുണ്ടാക്കുകയായിരുന്നു മനോരമ.

ശിവശങ്കറിന്റെ ആശുപത്രി പ്രവേശന വാർത്ത അബദ്ധം; പരിശോധിക്കണം : മുഖ്യമന്ത്രി

എം ശിവശങ്കറിന്റെ  അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന പത്രവാർത്ത അബദ്ധവും അറിവില്ലായ്‌മയുമെന്ന്‌‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം എത്രമാത്രം അബദ്ധമാണെന്ന് ആ മാധ്യമത്തിന്റെ ഉത്തരവാദപ്പെട്ടവർ പരിശോധിക്കണം. ലൈഫും സ്വർണക്കടത്തും തമ്മിൽ ഒരു ബന്ധവുമില്ല. രണ്ടും കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നതിന്റെ ദുരുദ്ദേശ്യം ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. “ശിവശങ്കറിന്റെ അറസ്റ്റിന് കസ്റ്റംസ് നീക്കം: കേന്ദ്രവും സംസ്ഥാനവും നിഴൽ യുദ്ധത്തിൽ’ എന്ന തലക്കെട്ടിൽ ഞായറാഴ്‌ച “മാതൃഭൂമി’യിൽ വന്ന വാർത്തയെക്കുറിച്ചുള്ള  ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

സ്വർണക്കടത്ത്‌ കേസിൽ മൂന്ന് അന്വേഷണ ഏജൻസിയും ഒരു പരാതിയും പറഞ്ഞിട്ടില്ല. മുഴുവൻ കുറ്റവാളികളെയും കോടതിമുമ്പാകെ കൊണ്ടുവരാനാണ്‌ പ്രധാനമന്ത്രിക്ക് സംസ്ഥാനം കത്തെഴുതിയത്. എന്നാൽ, പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കുന്നു.

അറസ്റ്റ് തടയാനാണ്‌ ശിവശങ്കറെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതെന്നതും ഭാവനയാണ്‌. ശിവശങ്കറെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്‌ കസ്റ്റംസാണ്‌. ഒരാളെ ആശുപത്രിയിലാക്കുന്നതും ഡിസ്ചാർജ് ചെയ്യുന്നതും വൈദ്യശാസ്ത്രപരമായ നടപടിയാണ്. അതിൽ സർക്കാരിന് കാര്യമില്ല. അറസ്റ്റുണ്ടായാൽ സർക്കാരിന് പ്രതിസന്ധിയാകുമെന്ന്‌ പറയുന്നു. വാർത്തയുടെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നതാണ് ഇത്‌‌‌‌. പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കറിനുണ്ടെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിസ്ഥാനത്തുനിന്ന്‌ നീക്കി. ചീഫ് സെക്രട്ടറിതലത്തിൽ അന്വേഷണം നടത്തി സസ്പെൻഡ്‌ ചെയ്തു. ഈ വ്യക്തിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായോ സർക്കാരുമായോ ഇപ്പോൾ ബന്ധമില്ല.   

വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ചെന്ന് ആരോപിച്ചാണ് സിബിഐ ലൈഫിനെതിരെ കേസെടുത്തത്. ഈ നിയമം ലൈഫ് പദ്ധതിക്ക് ബാധകമല്ലെന്ന്‌‌ സർക്കാർ കോടതിയിൽ വാദിച്ചു. വിദേശഫണ്ട് വാങ്ങിയിട്ടില്ലെന്ന്‌ സ്റ്റേ അനുവദിച്ചുള്ള വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അവസാന വിധി വന്നിട്ട് ബാക്കി കാര്യങ്ങൾ പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment