ഉത്തർപ്രദേശിലെ ബലിയയിൽ റേഷൻകട അനുവദിക്കുന്നതിലെ തർക്കത്തിനിടെ ഒരാളെ വെടിവച്ചുകൊന്ന കേസിൽ ബിജെപി പ്രാദേശിക നേതാവിനെ റിമാൻഡ് ചെയ്‌തു. തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കിയ ധീരേന്ദ്ര പ്രതാപ് സിങ്ങിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്.
വ്യാഴാഴ്‌ചയാണ് ജയ് പ്രകാശ് പാൽ ഗാമയെ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നിൽവച്ച് ബിജെപി നേതാവ് വെടിവച്ച് കൊന്നത്. സംഭവശേഷം ഒളിവിൽ പോയ പ്രതി ഞായറാഴ്‌ചയാണ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. ബഹളമുണ്ടായപ്പോൾ സ്വയരക്ഷാർഥം വെടിവച്ചതെന്നായിരുന്നു ബിജെപി നേതാവിന്റെ വാദം.
സംഭവസ്ഥലത്തുണ്ടായിരുന്ന സബ് ജില്ലാ മജിസ്‌ട്രേട്ടും മറുഭാഗത്തിനൊപ്പംനിന്നെന്നും പ്രതി ആരോപിച്ചു. യുപി സർക്കാർ സബ് ജില്ലാ മജിസ്‌ട്രേട്ടിനെയും സിഐയടക്കമുള്ള പൊലീസുകാരെയും സസ്‌പെൻഡ് ചെയ്‌തു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമവും ഗുണ്ടാ നിയമവും ചുമത്തുമെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്‌തു. 30 പേർക്കെതിരെയാണ് കേസ്.
അന്വേഷണത്തിൽ ഇടപെടരുത്; ബിജെപി എംഎൽഎയ്‌ക്ക് താക്കീത്
ഉത്തർപ്രദേശിൽ നാട്ടുകാരനെ വെടിവച്ചുകൊന്ന അനുയായിയെ രക്ഷിക്കാനുള്ള ബിജെപി എംഎൽഎ സുരേന്ദ്രസിങ്ങിന്റെ നീക്കം വിവാദമായതോടെ അന്വേഷണത്തിൽ ഇടപെടരുതെന്ന് ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ താക്കീത്.
പ്രതിയായ ധീരേന്ദ്രസിങ്ങിനെ അനുകൂലിച്ച് ബൈരിയ മണ്ഡലത്തിലെ എംഎൽഎ പരസ്യപ്രസ്‌താവന നടത്തിയതിൽ കേന്ദ്രനേതൃത്വം വിശദീകരണം തേടി. എംഎൽഎയുടെ പെരുമാറ്റത്തിൽ നഡ്ഡ സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്ങിനെ അതൃപ്തി അറിയിച്ചു.
ധീരേന്ദ്രസിങ് സ്വയരക്ഷയ്‌ക്കുവേണ്ടിയാണ് വെടിവച്ചതെന്ന് എംഎൽഎ ന്യായീകരിച്ചു. യുപി പൊലീസ് ഏകപക്ഷീയ അന്വേഷണമാണ് നടത്തുന്നതെന്നും ആരോപിച്ചു.
No comments:
Post a Comment