Sunday, October 18, 2020

തേഭാഗ ഒരു സമരപാഠം

ബംഗാളിന്റെ സാമൂഹ്യജീവിതത്തിൽ ഇന്നും വലിയ തേഭാഗ പ്രക്ഷോഭത്തിന്‌ വലിയ സ്വാധീനമുണ്ട്‌. യുദ്ധാനന്തര കാലത്ത്, 1946 ഒടുവിൽ ബർഗദാർമാർ(പങ്കുപാട്ടക്കാർ)-ക്ക്- വിളവിന്റെ മൂന്നിൽ രണ്ട് ഭാഗം  ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കണമെന്ന് ബംഗാൾ പ്രവിശ്യ കിസാൻസഭ തീരുമാനിച്ചു.  കൃഷിക്കാർ ഭൂഉടമകളുടെ വിഹിതം കുറയ്‌ക്കണമെന്ന ആവശ്യമാണ്‌ ഉയർത്തിയത്‌.  മൊത്തം ഉൽപാദനത്തിന്റെ മൂന്നിലൊന്ന് ഉടമയ്‌ക്കും മൂന്നിൽ രണ്ടു ഭാഗം ബർഗദാർമാർക്കും സ്വന്തമായി എടുക്കാമെന്നുള്ളതാണ് തേഭാഗ എന്നതിനർഥം.   കൃഷി ചെയ്യുന്നവർക്ക് ലഭിക്കേണ്ട വിഹിതം പോലും ഭൂഉടമകൾ മറ്റു പല ന്യായങ്ങൾ പറഞ്ഞ് വെട്ടിക്കുറച്ചിരുന്നു  ബർഗദാർ മുൻകൂട്ടി വാങ്ങിയിരുന്ന വിള വായ്പക്കുമേൽ ചുമത്തിയിരുന്ന കൊള്ളപ്പലിശ, വിതയ്‌ക്കൽ കാലത്തും പിന്നീടും പഞ്ഞമാസങ്ങളിൽ ഭക്ഷണത്തിനായി വാങ്ങുന്ന വിളകൾക്ക് ചുമത്തിയ പലിശ എന്നിങ്ങനെ പല പേരുകളിൽ. അങ്ങനെ വിളവെടുപ്പിനുശേഷം പോലും  ജോത്തേദാരുടെ ദയാദാക്ഷിണ്യത്തിൽ പങ്കുപാട്ടക്കാർ കഴിയേണ്ടി വന്നു.  

  തേഭാഗ എന്ന ആവശ്യമുയർത്തിയുള്ള പ്രക്ഷോഭമാരംഭിക്കാനുള്ള കിസാൻ സഭയുടെ ആവശ്യം കുറഞ്ഞ കാലത്തിനുള്ളിൽ ബംഗാളിലെ ദശലക്ഷക്കണക്കായ ബർഗദാർമാരെ ആകർഷിച്ചു.   ബംഗാളിലെ 28 ജില്ലകളിൽ 15ലും പ്രക്ഷോഭം വ്യാപിച്ചു.  പരമദരിദ്രരും ഏറ്റവും കടുത്ത ചൂഷണം നേരിട്ടിരുന്നവരുമായ ചുരുങ്ങിയത് 50 ലക്ഷം കൃഷിക്കാരെങ്കിലും ജോത്തേദാർമാർക്കും അവരുടെ ഗുണ്ടകൾക്കും പൊലീസിനുമെതിരെ ഔദ്യോഗികവും അനൗദ്യോഗികവുമായ എതിർ പ്രചരണങ്ങളെയെല്ലാം നേരിട്ടുകൊണ്ട് ധീരോദാത്തമായി പൊരുതി 

1946 നവംബർ മുതൽ 1947 ഫെബ്രുവരി വരെയുള്ള വിളവെടുപ്പിന്റെ കാലഘട്ടത്തിലുടനീളം പ്രക്ഷോഭം നീണ്ടു നിന്നു. ചില പ്രദേശങ്ങളിൽ അത് 1947 മാർച്ച് വരെ നീണ്ടു.   ഈ പ്രക്ഷോഭത്തിൽ  70 കൃഷിക്കാരുടെ ജീവൻ നഷ്ടപ്പെട്ടു.  അവരിൽ മിക്കവാറും മരണങ്ങൾ പൊലീസ് വെടിവെയ്‌പ്പിലായിരുന്നു.  നാലു പേർ മരിച്ചത് ജയിലിനുള്ളിൽ കൊല്ലപ്പെട്ടു.

ചോരപ്പൂക്കൾ വിരിഞ്ഞ പുന്നപ്രയും വയലാറും

ബ്രിട്ടീഷുകാരും നാട്ടുരാജ്യ ഭരണാധികാരികളും പലയിടത്തും കോൺഗ്രസുകാരും കൈകോർത്ത് കമ്യൂണിസ്റ്റ് വേട്ട നടത്തുമ്പോഴും  രാജ്യസ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ചും പോരാടിയ ചരിത്രമാണ്‌ കമ്യൂണിസ്റ്റുകാർക്കുള്ളത്‌. കേരളത്തിലെ പുന്നപ്ര വയലാർ, കരിവെള്ളൂർ, കാവുമ്പായി, കയ്യൂർ തുടങ്ങിയ ചുവപ്പൻ ഏടുകൾ പറയുന്നത്‌ ആ ചരിത്രം. സർ സി പിയുടെ സ്വതന്ത്ര തിരുവിതാംകൂർ മോഹത്തെ തച്ചുടച്ചത് പുന്നപ്രയും വയലാറുമാണ്. ദിവാൻ ഭരണത്തിനും അമേരിക്കൻ മോ-ഡലിനുമെതിരെ പ്രായപൂർത്തി വോട്ടവകാശമാവശ്യപ്പെട്ടും നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ തൊഴിലാളികൾ നടത്തിയ പോരാട്ടത്തിനാണ് 74 വർഷംമുമ്പ്‌‌ പുന്നപ്രയും വയലാറും മേനാശേരിയും സാക്ഷിയായത്‌.   

കൊല്ലവർഷം 1122 തുലാം മാസം ഏഴുമുതൽ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു കേരളത്തെ ചുവപ്പിച്ച ഐതിഹാസികസമരം. കയർത്തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, എണ്ണയാട്ടുതൊഴിലാളികൾ, ചെത്തുതൊഴിലാളികൾ തുടങ്ങിയവരൊക്കെ  അണിചേർന്നു. കയർത്തൊഴിലാളികൾ അടക്കമുള്ള തൊഴിലാളികൾ ന്യായമായ ആവശ്യങ്ങളുയർത്തിയാൽ ജന്മിമാരുടെ ഗുണ്ടകളും പൊലീസും അവർക്കെതിരെ ക്രൂരമായ മർദനങ്ങൾ അഴിച്ചുവിടുന്ന കാലം. ജന്മിത്തത്തിനുമുന്നിൽ ജീവിതം തകർന്നുപോയ തൊഴിലാളികൾക്ക് കൂലിക്കുവേണ്ടി കൂട്ടായി വിലപേശാൻ കമ്യൂണിസ്റ്റ്പാർടി കരുത്തുനൽകി. കമ്യൂണിസ്റ്റ് പാർടി പ്രവർത്തനം തുടങ്ങിയതോടെ നിരവധി തൊഴിലാളി യൂണിയനുകൾ നിലവിൽവന്നു. കൂലിവർധന ചോദിക്കുന്നവരെ ജന്മിമാർ കിടപ്പാടത്തിൽനിന്ന് ഇറക്കിവിട്ടു, മുതലാളിമാർ ജോലിയിൽനിന്ന‌് പിരിച്ചുവിട്ടു. സൈന്യവും പൊലീസും ക്രൂരമർദന അഴിച്ചുവിട്ടു. യൂണിയൻ ഓഫീസുകൾ തകർത്തു.  

സാമ്പത്തികാവശ്യങ്ങളോടൊപ്പം ഉത്തരവാദഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയവ അടക്കമുള്ള 27 ഇന ആവശ്യ അന്ന‌് തൊഴിലാളികൾ സർക്കാരിനുമുന്നിൽ വച്ചു. തൊഴിലാളികളുടെ സമരത്തെ നേരിടാൻ സർ സി പി പട്ടാളഭരണം ഏർപ്പെടുത്തി. സായുധ പൊലീസിന്റെ നിയന്ത്രണം സി പി നേരിട്ട് ഏറ്റെടുത്തു. യന്ത്രത്തോക്കുകളെ വാരിക്കുന്തങ്ങൾ ഉപയോഗിച്ചാണ് തൊഴിലാളികൾ നേരിട്ടത്. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി ആയിരക്കണക്കിന‌്സമര വളന്റിയർമാർ കൊല്ലപ്പെട്ടു.

നാവിക കലാപം

സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ 1945-46 കാലം. നാടെങ്ങും ബ്രിട്ടീഷ്‌ വിരുദ്ധ വികാരം ആളിക്കത്തുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യക്കാർ ആ ചൂട്‌ ഏറ്റുവാങ്ങി. അവർ കലാപം നടത്തി. ബോംബെയിൽ ഇന്ത്യൻ നേവിയിലെ 5000 സൈനികരും അതിൽ ചേർന്നു. കപ്പലിന്റെ കൊടിമരത്തിൽനിന്ന് യൂണിയൻ ജാക്ക് നീക്കം ചെയ്‌തു. അതിന്റെ സ്ഥാനത്ത് ചെങ്കൊടികളും കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും കൊടികളും ഉയർത്തി.  മേലുദ്യോഗസ്ഥരെ തടവിലാക്കി. 

രണ്ടാം ലോകയുദ്ധകാലത്ത് സഖ്യസേനയുമായി ചേർന്ന്‌,  പ്രത്യേകിച്ചും സോവിയറ്റ് യൂണിയനിലെ ചെമ്പടയ്‌ക്കൊപ്പമാണ്‌  ബ്രിട്ടീഷ്‌ നാവിക സേനയിലെ ഇന്ത്യക്കാർ യുദ്ധം ചെയ്‌തത്. ഫാസിസ്റ്റ് വിരുദ്ധ ആശയങ്ങളും സ്വാതന്ത്ര്യവാഞ്‌ഛയും അവരുടെ മനസ്സിൽ വേരുറപ്പിക്കാൻ ഈ സമ്പർക്കം കാരണമായി.  സോഷ്യലിസ്റ്റ്‌  ആശയങ്ങളും അവരെ സ്വാധീനിച്ചു.  

ദേശീയപ്രസ്ഥാനത്തിൽനിന്നും ഐഎൻഎയിൽനിന്നും ആവേശം ഉൾക്കൊണ്ട,  ഒരു വിഭാഗം ഇന്ത്യൻ നാവികസേനാംഗങ്ങൾ  രഹസ്യസംഘടനയ്‌ക്ക്‌ രൂപം നൽകി–- ആസാദ് ഹിന്ദ്. ഈ സംഘടന നാവികസേനയിൽ കലാപമുണ്ടാക്കുന്നതിൽ മുന്നിൽനിന്നു. റോയൽ ഇന്ത്യൻ നേവി(ആർഐഎൻ)യിലെ  നാവികർ പണിമുടക്കിയപ്പോൾ ബോംബെയിൽ സമരങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. 

നാവികസേനാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങളെ കമ്യൂണിസ്റ്റ് പാർടി  പിന്തുണച്ചു. പണിമുടക്കിന്‌ പിന്തുണ നൽകാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ലഘുലേഖ 1946 ഫെബ്രുവരി 19ന് പാർട്ടി വിതരണം ചെയ്‌തു. തുടർന്ന്  ഫെബ്രുവരി 22ന്  പൊതുപണിമുടക്കിനും ആഹ്വാനം ചെയ്‌തു. നാവികസേനാ കപ്പലുകളെയും അവയ്‌ക്കകത്തുള്ള ഇന്ത്യയുടെ നാവികരെയും തകർക്കുമെന്ന റിയർ അഡ്മിറൽ ഗോഡ്ഫ്രെയുടെ ധിക്കാരം നിറഞ്ഞ ഭീഷണിക്കുള്ള മറുപടി ആയിരുന്നു അത്.

 വര്‍ളി വിമോചന പ്രക്ഷോഭം

ഭൂപ്രഭുക്കളുടെ കീഴിൽ അടിമസമാനമായ ജീവിതം നയിച്ച മഹാരാഷ്‌ട്രയിലെ വർളി ഗോത്രജനവിഭാഗത്തിന്റെ വിമോചനപ്രക്ഷോഭം 1945 മേയിലാണ്‌ ആരംഭിച്ചത്‌. ഗോദാവരി പരുലേക്കറും   ഭർത്താവ് ശ്യാംറാവു പരുലേക്കറുമായിരുന്നു സമരത്തിന്റെ മുന്നണിയിൽ.

ഗോദാവരി പരുലേക്കർ വർളി പ്രക്ഷോഭകരെ അഭിസംബോധനചെയ്യുന്നു

 കർഷകരായിരുന്ന വർളി ആദിവാസികളിൽനിന്ന്‌  ഭൂപ്രഭുക്കളും പലിശക്കാരും തുച്ഛമായ തുകയ്‌ക്ക്‌ ഭൂമി തട്ടിയെടുത്തിരുന്നു. താനെ ജില്ലയിലെ തിത്ത്വാല ഗ്രാമത്തിൽ  1945ൽ ചേർന്ന മഹാരാഷ്ട്ര കിസാൻസഭയുടെ ആദ്യസമ്മേളനം  ജില്ലയിലെ എല്ലാ താലൂക്കിൽനിന്നുമുള്ള പ്രവർത്തകരെ അണിനിരത്താൻ പദ്ധതിയിട്ടു.

 അതോടെ മർദകരെ നേരിടാൻ അവർക്ക്‌ ധൈര്യം ലഭിച്ചു. അടിമപ്പണിയെടുക്കാനുള്ള ഭൂപ്രഭുക്കളുടെ ആവശ്യത്തെ ചെറുക്കാനും അതു നിർത്തലാക്കാനും കിസാൻസഭാ നേതാക്കൾ വർളികളെ പ്രചോദിപ്പിച്ചു. കിസാൻസഭാ സമ്മേളനത്തിന്റെ സന്ദേശവും മുദ്രാവാക്യവും മുക്കിലും മൂലയിലുംവരെ എത്തി. ഈ വിജയത്തോടെ, അടിയാള സമ്പ്രദായം ഇല്ലാതാക്കാനുള്ള പ്രവർത്തനവുമായി വർളികൾ മുന്നേറി. ഭൂപ്രഭുക്കൾ മുട്ടുമടക്കി. അടിയാള സമ്പ്രദായം ഇല്ലാതായി. ദഹാനുവിലും ശക്തമായ ഒരു ബഹുജന മുന്നേറ്റം തുടങ്ങി. അടിമകളുടെ വിമോചനപ്രസ്ഥാനം അടിമകളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു.

 ഗോദാവരി പരുലേക്കർ പ്രസംഗിക്കുന്ന യോഗം പൊളിക്കാൻ ഗുണ്ടകളെ കൊണ്ടുവന്നിട്ടുള്ളതായി ഭൂപ്രഭുക്കൾ കിംവദന്തി പരത്തി. അങ്ങനെയൊരു യോഗം നടത്താൻ തീരുമാനിച്ചിരുന്നതേയില്ല. ഭൂപ്രഭുക്കളുടെ ചതി മനസ്സിലാക്കാതെ ആയിരക്കണക്കിനു വർളികൾ തടിച്ചുകൂടി. ഒക്‌ടോബർ 10നു പാതിരാത്രിയോടെ  പൊലീസ്  വെടിവയ്‌പ് തുടങ്ങി. 11ന് പകൽ മൂന്നുവരെ ഇത്‌ തുടർന്നു. അഞ്ച്‌ വർളികൾ കൊല്ലപ്പെട്ടു; അസംഖ്യം പേർക്ക് പരിക്കേറ്റു. 15 മണിക്കൂറും അവർ  ചെങ്കൊടി  ഉയരത്തിൽ പാറിച്ചു.

 ആദിവാസി കർഷകർക്കിടയിൽ കമ്യൂണിസ്റ്റ് പാർടിക്ക്‌ സ്വാധീനം വളർന്നുവരുന്നത് പ്രവിശ്യയിലെ കോൺഗ്രസ് ഭരണാധികാരികളെയും പരിഭ്രാന്തരാക്കി. ഭൂപ്രഭുക്കളുടെ പക്ഷം ചേർന്ന കോൺഗ്രസ്‌, ഭീകരത അഴിച്ചുവിട്ട് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചു. നിർഭയരായ വർളികൾ മുന്നോട്ടു  നീങ്ങി. കിസാൻസഭ പണിമുടക്കിന് ആഹ്വാനംചെയ്‌തു. ഈ പണിമുടക്ക് 200 ഗ്രാമത്തിൽ പടർന്നുപിടിച്ചു.

 ഒരു മാസമായിട്ടും പണിമുടക്ക് തകർക്കാനായില്ല. ഭൂപ്രഭുക്കൾ പണിമുടക്ക് ഒത്തുതീർപ്പാക്കിയാൽ മതിയെന്ന അവസ്ഥയിലെത്തി. ആവശ്യങ്ങൾ അംഗീകരിച്ചു. 1946 നവംബർ 10നു പണിമുടക്ക് അവസാനിച്ചു.

No comments:

Post a Comment