ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടേത്. പക്ഷേ, സെപ്തംബർ 15ന് ലോകം അന്താരാഷ്ട്ര ജനാധിപത്യദിനം ആചരിച്ചപ്പോൾ, ഈ രാജ്യത്തിന്റെ പാർലമെന്റ് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജനാധിപത്യം എന്ന വാക്കുപോലും ഉച്ചരിക്കപ്പെടേണ്ട ഇടമല്ല ഇന്ത്യയുടെ പരമോന്നത നിയമനിർമാണ സഭയെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കപ്പെട്ടു. കർഷകരുടെയും തൊഴിലാളികളുടെയും നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന കാർഷിക ബില്ലുകൾ അധികാരത്തിന്റെ ബലപ്രയോഗത്തിലൂടെ നിയമമാക്കിയെടുത്ത കറുത്തദിനങ്ങളാണ് കടന്നുപോയത്. പക്ഷഭേദമില്ലാതെ അംഗങ്ങളെ ഒരുമിച്ചുകൊണ്ടുപോകാൻ കഴിയുന്ന നേതാവെന്ന് ‘പ്രധാനമന്ത്രിയുടെ സമ്മതി’യേറ്റുവാങ്ങി ചുമതലയേറ്റ ഉപാധ്യക്ഷനാണ് ഈ ജനാധിപത്യക്കുരുതിക്ക് മുൻകൈയെടുത്തത് എന്നത് ലജ്ജിപ്പിക്കുന്നതാണ്. സഭ ക്രമത്തിലാക്കാനോ അംഗങ്ങളുടെ നിയമപരമായ അവകാശങ്ങൾ ചെവിക്കൊള്ളാനോ നിൽക്കാതെ നിശ്ചയിച്ചതിന് എട്ടുദിവസം മുമ്പേ സെഷൻ അവസാനിപ്പിക്കേണ്ടിവന്നു. അവകാശനിഷേധത്തിനെതിരെ സ്വാഭാവികമായി ഉയർന്ന പ്രതിഷേധത്തെ അധികാരംകൊണ്ട് അടിച്ചമർത്തി. സഭയിലുയർന്ന പ്രതിഷേധം കർഷകരും മഹാഭൂരിപക്ഷം ജനങ്ങളും ഏറ്റെടുത്തപ്പോൾ, നിൽക്കക്കള്ളിയില്ലാതെ പുതിയ വിശദീകരണവും തെളിവുകളുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ ഉപാധ്യക്ഷൻ.
തിരിഞ്ഞുകൊത്തുന്ന "തെളിവുകൾ'
ചട്ടപ്രകാരം പ്രവർത്തിക്കേണ്ട ചെയർ ഒരു രാഷ്ട്രീയ പാർടിയുടെ ചട്ടുകമായി മാറിയ കാഴ്ചയാണ് കാർഷിക ബിൽ അവതരണവേളയിൽ രാജ്യസഭ കണ്ടത്. അതിനെ മറച്ചുവയ്ക്കാൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളും മറ്റ് "തെളിവു'കളും അവരെത്തന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നതുമാണ്. വോട്ടെടുപ്പ് വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടെന്നും അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെയാണ് പ്രതിപക്ഷാംഗങ്ങൾ പ്രതികരിക്കാൻ മുതിർന്നതെന്നും വ്യക്തമാക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ.
സഭ ക്രമത്തിലല്ലായിരുന്നെന്നും നിരാകരണപ്രമേയം അവതരിപ്പിച്ച ഈ ലേഖകൻ വോട്ടിങ് ആവശ്യപ്പെടുമ്പോൾ സീറ്റിൽ ഉണ്ടായിരുന്നില്ലെന്നുമുള്ള വാദമുയർത്തുന്നത് രാജ്യസഭാ ടിവിയുടെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ്. ഈ ദൃശ്യങ്ങളിലേക്കുതന്നെ വരാം. ബില്ലിൻമേൽ മന്ത്രിയുടെ മറുപടിക്കിടെ ഉച്ചതിരിഞ്ഞ് 1.06ന് ഈ ലേഖകൻ നടുത്തളത്തിലിറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നാണ് ഡെപ്യൂട്ടി ചെയർമാൻ മാധ്യമങ്ങൾക്കായി നൽകിയ കുറിപ്പിൽ പറയുന്നത്. എന്നാൽ, ഇതോടൊപ്പം പുറത്തുവിട്ട 1.07 മുതലുള്ള രാജ്യസഭാ ടിവി ദൃശ്യങ്ങളിൽ നടുത്തളത്തിൽ ഈ ലേഖകനില്ല. നടുത്തളത്തിൽനിന്ന് തിരക്കിട്ട് സ്വന്തം ഇരിപ്പിടത്തിലെത്തിയെങ്കിലും 1.08ന് പ്രമേയം ശബ്ദവോട്ടോടെ തള്ളിയതായി ചെയർ പ്രഖ്യാപിച്ചു. ശബ്ദവോട്ടെടുപ്പ് കഴിഞ്ഞാണ് ഡിവിഷൻ (വോട്ടെടുപ്പ്) ആവശ്യപ്പെടേണ്ടത്. ഡിവിഷൻ ആവശ്യപ്പെടുന്ന ഈ ലേഖകന്റെ ശബ്ദം "ന്യായീകരണ' വീഡിയോയിൽ കേൾക്കാൻ കഴിയും. തുടർന്ന്, ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിന്മേൽ വോട്ടെടുപ്പ് നടന്നപ്പോഴും വോട്ടിങ് ആവശ്യപ്പെട്ടു.
സംഭവങ്ങളെ ന്യായീകരിക്കാൻവേണ്ടി പുറത്തുവിട്ട വീഡിയോയിൽത്തന്നെ വോട്ട് ആവശ്യപ്പെടുന്ന ഈ ലേഖകന്റെ ശബ്ദം മൂന്നുതവണ 1.08നുശേഷം വ്യക്തമായി കേൾക്കാം. ടിഎംസി നേതാവ് ഡെറിക് ഒബ്രിയാൻ ചേംബറിൽ കയറി കടലാസുകൾ വലിച്ചെറിയുന്നതും തിരുച്ചി ശിവ വോട്ട് ആവശ്യപ്പെടുന്നതുമായ ദൃശ്യത്തിനുശേഷം 1.11ന് ഭേദഗതി അവതരിപ്പിക്കുന്ന ഈ ലേഖകന്റെ ദൃശ്യം കാണാം. "ഡിവിഷൻ' എന്ന് ശബ്ദമുയർത്തുന്നതും കേൾക്കാം. 1.15ന് സഭയുടെ മേശപ്പുറത്തുള്ള മിനിറ്റ്സും മറ്റും നശിപ്പിച്ചതായി വീഡിയോക്കൊപ്പമുള്ള വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ, 1.07നും 1.15നുമിടയിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് ഉൾപ്പെടെ, സഭയിൽ നടന്നതെന്തെന്ന് കുറിപ്പ് മൗനം പാലിക്കുന്നു. പ്രമേയഭേദഗതി അവതരിപ്പിച്ചവർ സീറ്റിലിരുന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്ന നുണ ആവർത്തിക്കാനാണ് വീഡിയോയും അതിന്റെ വിവരണവും പുറത്തുവിട്ടത്. എന്നാൽ, വീഡിയോ കാണുന്ന ഏതൊരാൾക്കും ഇതിലെ കള്ളം ബോധ്യപ്പെടും.
കാറ്റിൽ പറത്തിയ ചട്ടങ്ങൾ
നിരാകരണപ്രമേയം അവതരിപ്പിക്കാൻ ഈ ലേഖകനെ ക്ഷണിച്ചുവെന്നും അപ്പോൾ ലേഖകൻ നടുത്തളത്തിലായിരുന്നുവെന്നുമാണ് ഉപാധ്യക്ഷന്റെ വാദം. ബില്ലിനെതിരെ നിരാകരണപ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് ഭരണഘടന (അനുച്ഛേദം 123 (2) എ)യാണ് അവകാശം നൽകുന്നത്. ബിൽ അവതരിപ്പിക്കുന്നതിനുമുമ്പാണ് പ്രമേയം അവതരിപ്പിക്കേണ്ടത്. ബില്ലും പ്രമേയവും ചർച്ച ചെയ്യുകയും പ്രമേയാവതാരകന് മറുപടിക്ക് അവസരം നൽകുകയും ചെയ്യും. വാസ്തവത്തിൽ ചർച്ചയ്‌ക്കുള്ള മറുപടി പറയുന്നതിനാണ് ചെയർ ഈ ലേഖകനോട് ആവശ്യപ്പെട്ടത്. എന്നാൽ, നിമിഷങ്ങൾക്കകം സ്വന്തം ഇരിപ്പിടത്തിലെത്തിയപ്പോഴേക്കും പ്രമേയം വോട്ടിനിടുന്ന നടപടികളിലേക്ക് ചെയർ കടന്നിരുന്നു. ശബ്ദവോട്ടോടെ പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചു. തുടർന്ന്, വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. ശബ്ദ വോട്ടിനുശേഷമാണ് ഡിവിഷൻ ആവശ്യപ്പെടേണ്ടതെന്നാണു ചട്ടം. ഇത് ചെയറിന് അറിയാത്തതല്ല. ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തിലെ വോട്ടെടുപ്പും നിഷേധിച്ചു. ഈ ഘട്ടത്തിൽ മൂന്നുതവണ ഡിവിഷൻ ആവശ്യപ്പെടുന്നതിന്റെ ശബ്ദം വീഡിയോയിൽ വ്യക്തമായി കേൾക്കാനാകും.
ഗൂഢാലോചന മറയ്ക്കാൻ വിചിത്രവാദങ്ങൾ
പ്രമേയം അവതരിപ്പിച്ചാൽ അത് സഭയുടെ സ്വത്താണ്. അതിൽ സഭയിൽ ആർക്കും വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് രാജ്യസഭാ ചട്ടം 252 (3), 4 (എ) എന്നിവ അനുശാസിക്കുന്നുണ്ട്. തിരുച്ചി ശിവ ഉൾപ്പെടെ ഒട്ടേറെ അംഗങ്ങൾ സീറ്റിലിരുന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ, സഭയിലെ ബഹളം കാരണം പരിഗണിക്കാൻ കഴിഞ്ഞില്ലെന്ന വിചിത്രവാദമാണുയർത്തുന്നത്. സഭ ക്രമത്തിലാക്കേണ്ടത് ചട്ടപ്രകാരം ചെയറിന്റെ ബാധ്യതയാണ്. അൽപ്പസമയം നിർത്തിവയ്ക്കുകയോ കക്ഷിനേതാക്കളുമായി ചർച്ച നടത്തുകയോ ചെയ്യാമായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാനായി ലോക് സഭയിലും രാജ്യസഭയിലുമിരുന്നാണ് അംഗങ്ങൾ സെഷനിൽ പങ്കെടുത്തത്. സീറ്റ് നമ്പർ പോലുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്വന്തം സീറ്റിലിരുന്ന് വോട്ടിങ് ആവശ്യപ്പെടും? സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ചും അധികാരദുർവിനിയോഗത്തിലൂടെയും ഏത് ജനവിരുദ്ധ ബില്ലും നിയമമാക്കാം എന്ന ഹുങ്കാണ് സഭയിൽ കണ്ടത്. കോവിഡ് ബാധിച്ച ചില അംഗങ്ങളുടെ അസാന്നിധ്യവും ചില സഖ്യകക്ഷികളുടെ പിൻമാറ്റവുംകൊണ്ട് ഒരുപക്ഷേ വോട്ടെടുപ്പിൽ പരാജയപ്പെട്ടേക്കാം എന്ന ഭയവും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. കോർപറേറ്റുകൾക്ക് കൊടുത്ത വാക്കുപാലിക്കാൻ രാജ്യത്തെ കർഷകരെ മാത്രമല്ല, ജനാധിപത്യത്തെക്കൂടിയാണ് അവർ കുരുതി കൊടുത്തത്. അതിന് മാപ്പില്ല. രാജ്യമെങ്ങും ജനദ്രോഹനയങ്ങൾക്കെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
കെ കെ രാഗേഷ്
No comments:
Post a Comment