Thursday, October 1, 2020

നീതി എവിടെ ? മസ്‌ജിദ്‌ തകർത്തത്‌ അരാജകവാദികളായ കർസേവകർ, വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും തെളിവുകൾ അല്ലെന്നും സിബിഐ കോടതി

 ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്തതിലെ ക്രിമിനൽ ഗൂഢാലോചന കേസില്‍ എൽ കെ അദ്വാനി അടക്കം 32 പ്രതികളെയും ലഖ്‌നൗ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. ബിജെപി നേതാക്കളായ മുരളീമനോഹർ ജോഷി, ഉമ ഭാരതി, കല്യാൺസിങ്‌, സിറ്റിങ്‌ എംപിമാരായ സാക്ഷി മഹാരാജ്‌, ലല്ലു സിങ്‌, ബ്രിജ്‌ഭൂഷൺ ശരൺസിങ്‌, വിഎച്ച്‌പി– ബജ്‌രംഗ്‌ദൾ നേതാക്കൾ തുടങ്ങിയവര്‍ക്കാണ് ക്ലീന്‍ചിറ്റ്.

ബാബ്‌റി മസ്‌ജിദ്‌ തകർത്തത് ആസൂത്രിതമല്ലെന്നും ഗൂഢാലോചന ഇല്ലെന്നും ‌ജഡ്‌ജി എസ്‌ കെ യാദവ്‌ 2300 പേജുള്ള വിധിന്യായത്തിൽ അവകാശപ്പെട്ടു. ‘‘1992 ഡിസംബർ ആറ്‌ പകൽ 12 വരെ പ്രദേശത്ത്‌ കാര്യമായ സംഘർഷമുണ്ടായിരുന്നില്ല. മന്ദിരത്തിനു ചുറ്റും കർസേവകരുടെ നിരവധി സംഘം ഒത്തുകൂടി. ഇക്കൂട്ടത്തിൽ നേതാക്കളെ അനുസരിക്കാത്ത വിഭാഗമാണ്‌ പ്രശ്‌നത്തിന്‌ തുടക്കമിട്ടത്‌.  അരാജകവാദികളായ കർസേവകർ കല്ലേറ്‌ തുടങ്ങിയതോടെ സാഹചര്യം നിയന്ത്രണാതീതമായി. മന്ദിരത്തിനുള്ളിൽ ഹിന്ദുക്കൾ സ്ഥാപിച്ച ശ്രീരാമവിഗ്രഹംകൂടി ഉണ്ടായിരുന്നു. അതുകൊണ്ട്‌, വിഎച്ച്‌പി നേതാവ്‌ അശോക്‌ സിംഗാൾ മന്ദിരം തകർക്കാൻ കുതിച്ച കർസേവകരെ തടയാനും ശ്രമിച്ചു. എന്നാൽ, യഥാർഥ രാമഭക്തരല്ലാത്ത ആ തെമ്മാടികൾ നേതാവിന്റെ വാക്ക്‌ ചെവിക്കൊണ്ടില്ല. ഇതിന്റെ ഫലമായാണ്‌ കെട്ടിടം തകർക്കപ്പെട്ടത് ‌’’–- ജഡ്‌ജി നിരീക്ഷിച്ചു.

ഫോട്ടോ തെളിവല്ല

ബാബ്‌റി മസ്‌ജിദ്‌ തകർത്ത ദിവസത്തെ ഫോട്ടോകളും വീഡിയോദൃശ്യങ്ങളും ഓഡിയോ ടേപ്പുകളും മാധ്യമവാർത്തകളും തെളിവുകളായി കോടതി അംഗീകരിച്ചില്ല. ഫോട്ടോകളിൽ അത്‌ എടുത്ത ആളുടെ ഒപ്പില്ലാത്തതും ഫോട്ടോയ്‌ക്ക് ഒപ്പം അവയുടെ നെ​ഗറ്റീവില്ലാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. ഹാജരാക്കിയ വീഡിയോ ദൃശ്യം എഡിറ്റ്‌ ചെയ്‌തവയാണെന്നും ചില വീഡിയോകളിൽ സംഭവദിവസം സ്ഥലത്ത്‌ ഇല്ലാത്തവരുമുണ്ടെന്നും പറഞ്ഞു. വീഡിയോദൃശ്യങ്ങൾക്ക്‌ വ്യക്തത ഇല്ലാത്തതും കാസറ്റുകൾ സീൽ ചെയ്യാത്തതും തെളിവുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയെന്നും കോടതി വിലയിരുത്തി.

പ്രകോപനത്തിനും തെളിവില്ലെന്ന്

പ്രസംഗങ്ങളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും പ്രതികൾ മതസ്‌പർധ ഉണ്ടാക്കാനും സാമുദായിക മൈത്രി തകർക്കാനും ശ്രമിച്ചെന്ന വാദം സ്ഥിരീകരിക്കുന്ന തെളിവ് ഇല്ലെന്നും കോടതി പറഞ്ഞു. പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ ശിക്ഷിക്കാൻ പറ്റില്ല. പ്രസംഗത്തിന്റെ ശബ്ദരേഖയും അത്‌ നടത്തിയവരുടെ ശബ്ദവും ഒന്നാണെന്ന്‌ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന്‌ കഴിഞ്ഞില്ല. ജഡ്‌ജി കൂട്ടിച്ചേർത്തു.

5 വർഷം വാദംകേട്ട് അവസാനത്തെ വിധി

ബാബ്‌റി മസ്‌ജിദ്‌ കേസിൽ വിധി പുറപ്പെടുവിക്കാൻ ഇറങ്ങുംമുമ്പ്‌ പൂജ നടത്തി പ്രത്യേക കോടതി ജഡ്‌ജി സുരേന്ദ്രകുമാർ യാദവ്‌. വീട്ടിൽ ഇഷ്ട ദൈവങ്ങൾക്കു മുന്നിൽ പൂജ അർപ്പിച്ച്,‌  കുടുംബാംഗങ്ങളുമായി അൽപ്പസമയം ചെലവിട്ടശേഷമാണ്‌ കോടതിയിലേക്ക്‌ ഇറങ്ങിയത്‌.

സർവീസിന്റെ അവസാനദിനമാണ് ഇതെന്ന പ്രത്യേകതകൂടി ഉണ്ടായിരുന്നു.  ‘ഇതുവരെ വിധി പുറപ്പെടുവിച്ചതിൽ ഏറ്റവും വലിയ കേസാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല’–- അദ്ദേഹം പറഞ്ഞു. അഞ്ചു വർഷം ദൈനംദിനാടിസ്ഥാനത്തിൽ വാദംകേട്ടാണ്‌ വിധി പറഞ്ഞത്‌. സുപ്രീംകോടതി നൽകിയ അന്ത്യശാസനം ബുധനാഴ്‌ച അവസാനിക്കുന്നതിനാൽ ഒരു മാസത്തോളം രാപ്പകൽ അധ്വാനിച്ചാണ്‌ 2300 പേജുള്ള വിധിന്യായം എഴുതിയത്‌. ഏകദേശം 350 സാക്ഷി മൊഴിയും ആയിരക്കണക്കിനു പേജുള്ള രേഖകളും വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പരിശോധിച്ചത്രേ. കഴിഞ്ഞവർഷം വിരമിക്കേണ്ട ജഡ്‌ജിക്ക്‌ സുപ്രീംകോടതി കാലാവധി നീട്ടി നല്‍കി.

തുടക്കം രഥയാത്രയിൽനിന്ന്‌

എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപി രാമജന്മഭൂമി പ്രസ്ഥാനം ഏറ്റെടുത്തത്‌ 1989ലാണ്‌. വി പി സിങ്‌ സർക്കാർ അയോധ്യപ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ബിജെപിയും കോൺഗ്രസും ഒരുപോലെ എതിർത്തു. തുടര്‍ന്ന് അദ്വാനി രാമക്ഷേത്രനിർമാണം ലക്ഷ്യമായി പ്രഖ്യാപിച്ച്‌ 1990 സെപ്‌തംബർ 25ന്‌ സോമനാഥ‌ ക്ഷേത്രത്തിൽനിന്ന്‌ രഥയാത്ര തുടങ്ങി.

വിഷലിപ്‌തമായ വർഗീയപ്രചാരണമാണ്‌ അരങ്ങേറിയത്‌. അയോധ്യതർക്കത്തെ രാമനും ബാബറും തമ്മിലുള്ള യുദ്ധമായി ചിത്രീകരിച്ചു. ആയുധങ്ങളുമായി നേതാക്കൾ വേദികളിലെത്തി. ഈ ആയുധങ്ങൾ പ്രയോഗിച്ചാൽ ഒറ്റദിവസത്തിൽ രാമജന്മഭൂമി മോചിപ്പിക്കാൻ കഴിയുമെന്ന്‌ പ്രഖ്യാപിച്ചു. രഥയാത്ര കടന്നുപോയ സ്ഥലങ്ങളിൽ വർഗീയലഹളകളുണ്ടായി. ഒക്ടോബർ 23ന്‌ ബിഹാറിൽ‌ അദ്വാനി അറസ്റ്റിലായി. ലാലുപ്രസാദ്‌ യാദവ്‌ ആയിരുന്നു മുഖ്യമന്ത്രി.

എന്നാല്‍, കർസേവകർ അയോധ്യയിലേക്ക്‌ നീങ്ങി. ആയിരക്കണക്കിനാളുകളെ ഉത്തർപ്രദേശിലെ മുലായംസിങ്‌ സർക്കാർ അറസ്‌റ്റ്‌ ചെയ്‌തു. 1991ലെ തെരഞ്ഞെടുപ്പിനുശേഷം നരസിംഹറാവു കേന്ദ്രത്തിലും കല്യാൺസിങ്‌ ഉത്തർപ്രദേശിലും അധികാരത്തിലെത്തി. 

ബിജെപി കർസേവയുമായി മുന്നോട്ടുപോയി. ബിജെപി, വിഎച്ച്‌പി, ആർഎസ്‌എസ്‌ പ്രമുഖർ അയോധ്യയിൽ തമ്പടിച്ചു. മസ്‌ജിദ്‌ സംരക്ഷിക്കുമെന്ന്‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ആയിരക്കണക്കിന്‌ പൊലീസുകാരെയും അർധസൈനികരെയും നിയോഗിച്ചു. എന്നാല്‍, മസ്‌ജിദ്‌ തകർക്കുന്നതിന്‌ അവര്‍ മൂകസാക്ഷികളായി.

സിബിഐ പൂർണ പരാജയം: കോടതി

ബാബ്‌റിമസ്‌ജിദ്‌ തകർക്കാൻ‌ ക്രിമിനൽ ഗൂഢാലോചന നടന്നെന്ന വസ്‌തുത സ്ഥാപിക്കാൻ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കുന്നതിൽ സിബിഐ ദയനീയമായി പരാജയപ്പെട്ടെന്ന്‌ പ്രത്യേക കോടതി. ബിജെപി, വിഎച്ച്‌പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗം കേട്ട്‌ പ്രചോദിതമായാണ്‌ മസ്‌ജിദ്‌ തകർത്തതെന്ന്‌ സമ്മതിക്കുന്ന ഒരാളുടെ മൊഴി പോലും സിബിഐ ഹാജരാക്കിയില്ല. ഹാജരാക്കിയ വീഡിയോ കാസറ്റുകളും ഫോട്ടോകളും സീൽ ചെയ്‌ത്‌ ഭദ്രമാക്കിയില്ല.

തെളിവുകൾ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയില്ല. ക്രിമിനൽ നടപടി ചട്ട പ്രകാരമുള്ള അന്വേഷണമല്ല നടത്തിയതെന്നും സിബിഐ പ്രത്യേക കോടതി ജഡ്‌ജി എസ്‌ കെ യാദവ്‌ കുറ്റപ്പെടുത്തി. പള്ളി തകർത്തതിനെ തുടർന്ന്‌ 425 പേർക്ക്‌ പരിക്കേറ്റതായി സിബിഐ സമ്മതിക്കുന്നു‌. അതിൽ ഒരാളുടെപോലും മൊഴിയെടുക്കാൻ ശ്രമിച്ചില്ല. പരിക്കേറ്റവരുടെ മൊഴി കേസിൽ പ്രസക്തമായ തെളിവായിരുന്നു. അത്‌ ശേഖരിക്കാതിരുന്നത്‌ ദൗർഭാഗ്യകരമാണ്‌.

ഗൂഢാലോചന നടന്നെന്ന നിരവധി മാധ്യമറിപ്പോർട്ടുകളുടെ പകർപ്പുകൾ സിബിഐ ഹാജരാക്കി. എന്നാൽ, തെളിവ്‌ നിയമപ്രകാരം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സ്വീകരിച്ചില്ല. പത്ര ഓഫീസുകളിൽനിന്ന്‌ നേരിട്ട്‌ റിപ്പോർട്ടുകൾ ശേഖരിച്ചതാണെന്ന്‌ സിബിഐ അവകാശപ്പെടുന്നു. റിപ്പോർട്ടുകൾ നൽകിയെന്നതിന്‌ മാധ്യമസ്ഥാപനങ്ങളുടെ സാക്ഷ്യപത്രമോ, റിപ്പോർട്ട്‌ കൈപ്പറ്റിയതിന്‌ സിബിഐ നൽകിയ രസീതുകളോ ഹാജരാക്കിയിട്ടില്ല.

റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള വസ്‌തുതകൾ ശരിയാണോയെന്ന്‌ നേരിട്ട്‌ പരിശോധിച്ച്‌ ബോധ്യപ്പെട്ടിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥർതന്നെ സമ്മതിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ സിബിഐ ഹാജരാക്കിയ തെളിവുകളോ സാക്ഷി മൊഴികളോ അംഗീകരിക്കാൻ പറ്റില്ലെന്നും ജഡ്‌ജി നിരീക്ഷിച്ചു.

കേസിന്റെ നാൾവഴി

● 1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടതിനു പിന്നാലെ ഫൈസാബാദ്‌ രാമജന്മഭൂമി പൊലീസ്‌ സ്‌റ്റേഷനിൽ രണ്ട്‌ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്‌തു.‌ പള്ളിയിൽ അതിക്രമിച്ച്‌ കയറി കെട്ടിടം തകർത്ത ലക്ഷക്കണക്കിനു കർസേവകർക്ക്‌ എതിരെ ആദ്യത്തേത്. അദ്വാനി, മുരളീമനോഹർ ജോഷി, ഉമ ഭാരതി, വിനയ്‌ കത്യാർ തുടങ്ങിയ എട്ട്‌  നേതാക്കൾക്കെതിരെ രണ്ടാംകേസ്  

● 1992 ഡിസംബർ 12ന്‌ നേതാക്കള്‍ക്കെതിരായ കേസ് സിബിഐക്ക്‌ വിട്ടു

● 1993 ഒക്ടോബർ അഞ്ചിന്‌ സിബിഐ ലഖ്‌നൗ കോടതിയിൽ 40 പേർക്കെതിരെ കുറ്റപത്രം  

● 1997 സെപ്‌തംബറിൽ കുറ്റപത്രം അംഗീകരിച്ചു. ബാബ്‌റി മസ്‌ജിദ്‌ തകർത്തതില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്വാനി ഉൾപ്പെടെയുള്ളവർക്ക്‌ എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നും സിബിഐ ‌. 1998ൽ മൊത്തം പ്രതികളുടെ എണ്ണം 48  

● 2001 ഫെബ്രുവരിയിൽ പ്രതികളിൽ 32 പേർ ഹൈക്കോടതിയെ സമീപിച്ചു

● 2001 മെയിൽ വിചാരണക്കോടതി അദ്വാനി ഉൾപ്പെടെയുള്ളവരുടെ കുറ്റം റദ്ദാക്കി  

● ഹൈക്കോടതി അപ്പീല്‍ തള്ളിയതോടെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു  

● അദ്വാനി ഉൾപ്പെടെയുള്ളവരുടെ കുറ്റങ്ങൾ 2017ൽ സുപ്രീംകോടതി പുനഃസ്ഥാപിച്ചു

പ്രതിപ്പട്ടികയിലുണ്ടായിരുന്ന 32 പേർ

1)ബിജെപി സ്ഥാപക നേതാവ്‌ എൽ കെ അദ്വാനി

2)ബിജെപി മുൻ ദേശീയ അധ്യക്ഷൻ മുരളീമനോഹർ ജോഷി

3)ഉത്തർപ്രദേശ്‌ മുൻ മുഖ്യമന്ത്രി കല്യാൺസിങ്‌

4)മുൻ കേന്ദ്രമന്ത്രി ഉമാഭാരതി

5)ഫൈസാബാദ്‌ മുൻ എംപി വിനയ്‌ കത്യാർ

6)സിറ്റിങ്‌ എംപി സാക്ഷി മഹാരാജ്

7)വിഎച്ച്‌പി നേതാവ്‌ സാധ്വി ഋതംബര

8)രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ മഹന്ത്‌ നൃത്യ ഗോപാൽ ദാസ്‌

9) മുൻ എംപി രാംവിലാസ്‌ വേദാന്തി

10) വിഎച്ച്‌പി വൈസ്‌പ്രസിഡന്റ്‌ ചംപത്ത്‌ റായ്‌

11) ശിവസേനാനേതാവും മുൻ എംപിയുമായ സതീഷ്‌ പ്രധാൻ

12) സിറ്റിങ്‌ എംപി ലല്ലുസിങ്‌

13) സിറ്റിങ്‌ എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്

14) മുൻ എംഎൽഎ പവൻ പാണ്ഡെ

15) മധ്യപ്രദേശ്‌ മുൻ മന്ത്രി ജയ്‌ഭാൻസിങ്‌ പവയ്യാ

16) ബജ്രംങ്ദൾ നേതാവ്‌ ധർമേന്ദ്രസിങ്‌ ഗുർജർ

17) രാഷ്ട്രവാദി ശിവസേന പ്രസിഡന്റ്‌ ജയ്‌ ഭഗവാൻ ഗോയൽ

18) ഫൈസാബാദ്‌ മുൻ ജില്ലാമജിസ്‌ട്രേറ്റ്‌ ആർ എം ശ്രീവാസ്‌തവ

19) ലക്ഷ്‌മൺ സേന നേതാവ്‌ രാംജി ഗുപ്‌ത

20) നിർവാണി അഘാഡ മഹന്ത്‌ ധരംദാസ്

21) ബജ്രംങ്ദൾ നേതാവ്‌ പ്രകാശ്‌ശർമ ധർമേന്ദ്രദേവ്‌

കർസേവകർ

22)രാമചന്ദ്ര കത്രി

23)സുധീർ കക്കർ

24)അമർനാഥ്‌ ഗോയൽ

25)സന്തോഷ്‌ദുബേ

26)വിനയ്‌കുമാർ റായ്

27)കമലേഷ്‌ത്രിപാഠി

28)ഗാന്ധിയാദവ്‌

29)വിജയ്‌ബഹാദുർ സിങ്‌

30)നവീൻലാൽശുക്ല

31) രാംനാരായൺ ദാസ്‌

32) ഓം പ്രകാശ് പാണ്ഡ

വിചാരണകാലയളവിൽ മരിച്ചവർ

1)  അശോക്‌സിംഗാൾ

2 ) ബാൽതാക്കറേ

3) വിഷ്‌ണുഹരി ഡാൽമിയ

4) ഗിരിരാജ്‌ കിഷോർ

5) മൊറേശ്വർ സഹായ്‌

6) മഹന്ത്‌ അവൈദ്യനാഥ്‌

7) വിനോദ്‌കുമാർ വത്സ്‌സ്‌

8 )ലക്ഷ്‌മി നാരായൺ ദാസ്‌ മഹാത്യാഗി

9) ഹർഗോവിന്ദ്‌സിങ്ങ്‌

10) രമേശ്‌പ്രതാപ്‌സിങ്ങ്‌

11) മഹാമണ്ഡലേശ്വർ ജഗദീഷ്‌ മുനി മഹാരാജ്‌

12) വിജയ രാജെ സിന്ധ്യ

13) പരമഹൻസ്‌ രാമചന്ദ്രദാസ്‌

14) ഡോ. സതീഷ്‌കുമാർ നഗർ

15) ബൈകുണ്ഡ്‌ ലാൽ ശർമ

16) ദേവേന്ദ്ര ബഹാദുർ റായ്‌

*

എം അഖിൽ 

No comments:

Post a Comment