Monday, October 19, 2020

കർഷകരെ അടിമയാക്കുന്ന നിയമം - എസ്‌ ശർമ എഴുതുന്നു

 കേന്ദ്രസർക്കാർ കർഷകശാക്തീകരണത്തിനും സംരക്ഷണത്തിനും എന്നു പേരിട്ട് പാസാക്കിയിരിക്കുന്ന കാർഷികനിയമങ്ങൾക്ക് റിലയൻസ്, പെപ്സികോ തുടങ്ങിയ കോർപറേറ്റുകൾക്ക് പരവതാനി വിരിച്ചുനൽകാൻവേണ്ടി മാത്രമല്ല, കർഷകരെ അടിയാൻമാരാക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് അവ പരിശോധിച്ചാൽ വ്യക്തമാകും. ഫെഡറലിസവും പാർലമെന്ററി ജനാധിപത്യവും കശാപ്പുചെയ്തുകൊണ്ട് കുത്തകകൾക്കായി നിയമവിരുദ്ധമായി പാസാക്കിയെടുത്ത നിയമത്തിലെ ചതിക്കുഴി ജനങ്ങൾ തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിയതു കൊണ്ടാകാം കേന്ദ്രസർക്കാർ "സ്വതന്ത്ര കർഷകൻ ശാക്തീകരിക്കപ്പെട്ട കർഷകൻ' എന്നുപറഞ്ഞ്‌ വൻതോതിൽ പരസ്യം നൽകുന്നത്.

ശ്രദ്ധിക്കാതെ പോകാനിടയുള്ള കാര്യം ഈ നിയമത്തിന്റെ പരിധിയിൽ ഭക്ഷ്യോൽപ്പന്നങ്ങൾ മാത്രമല്ല, ക്ഷീരോൽപ്പാദനം, പരുത്തിക്കുരു ഉൾപ്പെടെയുള്ള എല്ലാവിധ കാലിത്തീറ്റകളും കോഴി, താറാവ് –- ആട് –- പന്നി കൃഷികളും മത്സ്യക്കൃഷിയും ഉൾപ്പെടുന്നു. ഇവയെല്ലാം ഭരണഘടനയുടെ 7–-ാം പട്ടിക പ്രകാരം സംസ്ഥാന വിഷയങ്ങളാണ്. ഭക്ഷ്യോൽപ്പന്നങ്ങൾ പൂർണമായും കുത്തകകളുടെ ലാഭത്തിനായി ഏൽപ്പിച്ചു കൊടുക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാണ്. പരസ്പരപൂരകങ്ങളായ മൂന്നു നിയമനിർമാണമാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടത്തിയത്. അവശ്യവസ്തു നിയമം ഭേദഗതി ചെയ്യുകയും കർഷക (ശാക്തീകരണവും സംരക്ഷണവും)വില ഉറപ്പാക്കലിനും കാർഷിക സേവനത്തിനുമുള്ള കരാർ നിയമം, കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (സൗകര്യവും പ്രോത്സാഹവും) നിയമം എന്നിവ പുതുതായി നിർമിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

സംസ്ഥാനങ്ങളുമായി ചർച്ച കൂടാതെ ഈ നിയമങ്ങൾക്ക് നിലവിലെ സംസ്ഥാന നിയമങ്ങളുടെയെല്ലാംമേൽ പ്രഭാവം ഉണ്ടായിരിക്കുമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നത് ഫെഡറലിസത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ അട്ടിമറിക്കുന്നതാണ്. കുത്തക താൽപ്പര്യ സേവയ്ക്കായി ആദ്യമായി അട്ടിമറിക്കുന്നത് നിലവിലുണ്ടായിരുന്ന അവശ്യവസ്തു നിയമമാണ്. നിലവിലുണ്ടായിരുന്ന നിയമത്തിലെ മൂന്നാംവകുപ്പ് പ്രകാരം അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നീതിയുക്തമായ വിതരണത്തിനും ന്യായവിലയ്ക്ക് അവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും സർക്കാരിന് ഉണ്ടായിരുന്ന അധികാരം, യുദ്ധം, ക്ഷാമം തുടങ്ങിയ കാലങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.  പച്ചക്കറി, പഴം എന്നിവയുടെ വില 100 ശതമാനവും പെട്ടെന്നു കേടാകാത്ത ഭക്ഷ്യധാന്യങ്ങളുടെ വില 50 ശതമാനവും വർധിച്ചാൽ സ്റ്റോക്ക് ചെയ്യാവുന്നതിനു പരിധി വയ്ക്കാമെന്ന് പറയുന്നുണ്ടെങ്കിലും വാല്യുചെയിൻ പങ്കാളികളായ കുത്തകകൾക്ക് ഇത് ബാധകമാകില്ലെന്ന് എടുത്തു പറയുന്നുണ്ട്. കൂടാതെ, അനിയന്ത്രിതമായ കയറ്റുമതിയെയും സംരക്ഷിക്കുന്നു. നിലവിലുണ്ടായ നിയമം അസാധുവാക്കുന്നതിനു സമമാണിത്. കർഷക (ശാക്തീകരണവും സംരക്ഷണവും)നിയമപ്രകാരം കർഷകൻ അടിമയായി മാറും.

വിളവും വിലയും കൂടിയാലും കർഷകന്‌ ഗുണമില്ല

നിയമത്തിന്റെ പേരിൽ പറയുന്നതുപോലെ വില ഉറപ്പാക്കുന്നതിന് ഇതിൽ യാതൊരു വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടില്ല. നിയമത്തിന്റെ അടിസ്ഥാനമായ ഫാമിങ്‌ എഗ്രിമെന്റ് കൃഷി ആരംഭിക്കുന്നതിനുമുമ്പ് ഏർപ്പെടേണ്ടതും അതുപ്രകാരം അപ്പോൾ വ്യവസ്ഥചെയ്യുന്നതു പ്രകാരമുള്ള ഗുണവും നിലവാരവും കർഷകർ ഉറപ്പാക്കേണ്ടതും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കമ്പനികൾക്ക് പരിശോധനാ അധികാരം ഉണ്ടായിരിക്കുന്നതും അത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ കൃഷി ആരംഭിക്കുന്നതിനുമുമ്പ് സമ്മതിച്ച വിലയ്ക്ക് കമ്പനി ഏറ്റെടുക്കുന്നതുമാണ്. ഇതോടൊപ്പംതന്നെ കീടനാശിനി, വളം എന്നിവയുടെ ഉപയോഗവും പ്രയോഗവും"സ്പോൺസർ' എന്ന പേരിൽ അറിയപ്പെടുന്ന കമ്പനി നിശ്ചയിക്കും. പ്രൊഡക്‌ഷൻ എഗ്രിമെന്റ് പ്രകാരം ഉൽപ്പന്നത്തിന്റെ ഉടമസ്ഥൻ സ്പോൺസറും കർഷകൻ സേവനദാതാവും മാത്രമായി ചുരുങ്ങും.

കൃഷിരീതിയും മാർഗവും നിശ്ചയിക്കാൻപോലും കർഷകന് അവകാശമില്ല (വകുപ്പ് 2, 4, 5); അതായത് വിളവോ വിലയോ വർധിച്ചാൽ കർഷകന്‌ പ്രയോജനമില്ല. എന്നുമാത്രമല്ല, ഗുണനിലവാരം പോരെന്ന പേരിലോ മറ്റേതെങ്കിലും വ്യവസ്ഥ പാലിച്ചില്ലെന്നു കാണിച്ചോ കർഷകനെ സമ്മർദത്തിലാക്കി ചൂഷണം സാധ്യമാക്കുന്നു. നല്ല കാർഷികമുറകൾ അനുസരിക്കണമെന്ന വ്യവസ്ഥ ഇതിന്‌ വേണ്ടുവോളം അവസരമൊരുക്കും.

കാർഷികവ്യാപാരം കുത്തകവൽക്കരിക്കുന്നതിന് അഗ്രഗേറ്റർ കമ്പനികൾ സ്ഥാപിക്കാൻ വ്യവസ്ഥയുണ്ട്. വിത്തുൽപ്പാദനത്തിന്റെ കാര്യത്തിൽ ഉൽപ്പന്നം നൽകുമ്പോൾ മൂന്നിൽ രണ്ട്‌ വില നൽകും. ബാക്കി കമ്പനി നടത്തുന്ന സർട്ടിഫിക്കേഷനുശേഷംമാത്രം. ഇത് കർഷകന് പ്രതികൂലമാകുമെന്നുറപ്പ്. നിയമത്തിന്റെ ഏഴാം വകുപ്പ്കരാറിൽ പറയുന്ന ഉൽപ്പന്നങ്ങൾ സംബന്ധിച്ച് സംസ്ഥാന നിയമങ്ങളും അവശ്യവസ്തു നിയമവും ബാധകമാകില്ലെന്ന് ആവർത്തിച്ചു പറയുന്നു. ഇത്‌ കർഷകനെ മാത്രമല്ല, ഉപഭോക്താവിനെയും കുത്തകകളുടെ വരുതിയിലാക്കും. ഭൂമിയുടെ കൈമാറ്റത്തിന്‌ വ്യവസ്ഥയില്ലെങ്കിലും കമ്പനികളുടെ താൽപ്പര്യാർഥം കുളംകുഴിക്കലോ അല്ലെങ്കിൽ സ്ഥിരം നിർമിതികളോ സാധ്യമാണ്. ഇവ പൂർവസ്ഥിതിയിൽ ആക്കിയില്ലെങ്കിൽ കർഷകന് അവയുടെ ഉടമസ്ഥാവകാശം ലഭിക്കുമെന്നു മാത്രമാണ് വ്യവസ്ഥ. അല്ലാതെ കർഷകന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യവസ്ഥയില്ല. അമിതജല ചൂഷണമോ മറ്റുകാരണങ്ങൾകൊണ്ടോ സമീപ കർഷകർക്ക് പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

കുത്തക കമ്പനികൾക്ക് വാങ്ങിക്കൂട്ടാം

കൃഷിക്കുവേണ്ടുന്ന പണലഭ്യത ഉറപ്പാക്കാൻ ഇത്തരം കരാറുകൾ സാമ്പത്തിക സേവന ദാതാക്കളുമായോ ഇൻഷുറൻസ് കമ്പനികളുമായോ ബന്ധിപ്പിക്കണമെന്നാണ് 9–-ാം വകുപ്പ് ആവശ്യപ്പെടുന്നത്. അതായത് ആ ബാധ്യതയും അധികച്ചെലവും കർഷകന്റേത്. വായ്പയെടുത്ത് സ്‌പോൺസർ കമ്പനികൾക്ക്‌ ലാഭം നേടിക്കൊടുക്കാൻ സഹായിക്കണം. കേന്ദ്രസർക്കാരിന്റെ ഫസൽ ബീമയോജന പ്രകാരം 2016–-17 ൽ പ്രീമിയം തുകയായി 42,114 കോടിരൂപ സമാഹരിച്ചിടത്ത് 8,713 കോടി (21ശതമാനം)മാത്രം കർഷകർക്കു ലഭിച്ചത് ഇത്തരുണത്തിൽ ഓർമിക്കേണ്ടതാണ്. ഇതിന്റെ നടത്തിപ്പുകാർ റിലയൻസ് ഉൾപ്പെടെയുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികളായിരുന്നു. അതായത് റിലയൻസ്‌പോലുള്ള കമ്പനികൾക്ക് ഇരട്ടലാഭം.

തർക്കപരിഹാര സമിതിക്ക് അധികാരം നൽകിയിരിക്കുന്നതിലും കർഷക വഞ്ചനയാണ് നടത്തിയിരിക്കുന്നത്. കർഷകൻ നൽകണമെന്ന്‌ സമിതി വിധിക്കുന്ന തുക ജപ്തി നടപടികൾവഴി ഈടാക്കാം. എന്നാൽ, കമ്പനികൾ നൽകേണ്ട കുടിശ്ശിക തുകയ്ക്ക് അതിന്റെ പകുതിവരെ ആകാവുന്ന പെനാൽറ്റിമാത്രം. ഈ നിയമത്തിൽ ഒരിടത്തും ന്യായവിലയെക്കുറിച്ചോ മിനിമം വിലയെക്കുറിച്ചോ ഒരു പരാമർശവും ഇല്ലായെന്നത് അത്ഭുതപ്പെടുത്തുന്നില്ല. കാരണം, ഈ നിയമങ്ങൾ കർഷകർക്കുവേണ്ടിയുള്ളതല്ല. കേന്ദ്ര സർക്കാർ നൽകിയ പരസ്യം കർഷകർക്ക് ഏതുസമയവും ഒരു പിഴയും കൂടാതെ പിൻമാറാമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്റെ 11–-ാം വകുപ്പ് വ്യക്തമാക്കുന്നത് കരാറിൽ ഏർപ്പെട്ടശേഷം പരസ്പര സമ്മതത്തോടെ (മാത്രം) കരാറിൽനിന്ന്‌ പിൻവാങ്ങാവുന്നതാണ്. കാർഷികവ്യവസ്ഥയുടെ അനിവാര്യ ഭാഗമായ കർഷകത്തൊഴിലാളികളെക്കുറിച്ച് ഒരു പരാമർശവും ഈ നിയമം നടത്തുന്നില്ല. മൂന്നാമത്തെ നിയമമായ കർഷക ഉൽപ്പന്നങ്ങൾ വ്യാപാരവും വാണിജ്യവും (സൗകര്യവും പ്രോത്സാഹനവും) നിയമം നേരിട്ടോ ഓൺലൈനിലൂടെയോ ഉള്ള വ്യാപാരത്തിലൂടെ കുത്തക കമ്പനികൾക്ക് ഏതു സംസ്ഥാനത്തിന്റെയും അകത്തുനിന്നോ പുറത്തുനിന്നോ ഉൽപ്പന്നങ്ങൾ അനിയന്ത്രിതമായി വാങ്ങിക്കൂട്ടാൻ അനുമതി നൽകുന്നതാണ്. സംസ്ഥാന സർക്കാരുകളുടെ കർഷകാനുകൂല ഇടപെടലിനെ ഈ നിയമം വിലക്കുന്നു.

ജനപ്രതിനിധി സഭകളിലെ ചർച്ചകളിൽനിന്ന്‌ ഒളിച്ചോടി കൃത്രിമ ഭൂരിപക്ഷം സൃഷ്ടിച്ചശേഷം തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ എത്ര പരസ്യം നൽകിയാലും മഹാരാഷ്ട്രയിലെ പരുത്തി കർഷകരുടെയും"ചീറ്റോസ്' ഉണ്ടാക്കുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങ് അനധികൃതമായി കൃഷിചെയ്തതായി ആരോപിച്ച് ബഹുരാഷ്ട്ര കുത്തകയായ പെപ്സികോ ഗുജറാത്തിലെ കർഷകനെ കേസിൽ കുടുക്കിയതും നേരിട്ട് ബോധ്യമുള്ള കർഷക ജനസാമാന്യത്തെ വഞ്ചിക്കാനാകില്ലെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന കർഷകപ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്. ഈ നിയമം നടപ്പായാൽ കർഷകർ, ഉൾനാടൻ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ക്ഷീരകർഷകർ, കോഴി കർഷകർ തുടങ്ങിയ ജനവിഭാഗങ്ങളിലുള്ളവരെല്ലാം പ്രതിസന്ധിയിലാകുമെന്ന്‌ തിരിച്ചറിഞ്ഞതു കൊണ്ടാകാം സംഘപരിവാറിന്റെ കർഷകസംഘടനയായ കാർഷിക കിസാൻ മഹാസംഘുപോലും ഇതിനെ എതിർക്കുന്നത്‌.

കർഷകർ പാപ്പരീകരിക്കപ്പെടുകയും നിലവിൽ ലോക ധനികപ്പട്ടികയിൽ നാലാം സ്ഥാനത്തുള്ള റിലയൻസ് ഒരുപക്ഷേ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്യുമെന്നതായിരിക്കും ഈ നിയമത്തിന്റെ പരിണതഫലം. പച്ചക്കറി, പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട സ്ഥിതി കൈവരിക്കുന്നതിനും ബ്രഹ്മഗിരിപോലുള്ള സഹകരണ മാതൃകയിലൂടെയും കാർഷികാധിഷ്ഠിത മൂല്യവർധിത വ്യവസായങ്ങളിലൂടെയും അഗ്രിസോണുകൾ രൂപീകരിച്ചും സ്വയംപര്യാപ്തതയ്ക്കും കർഷകശാക്തീകരണത്തിനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ യത്നങ്ങൾക്ക് ഈ നിയമം പ്രതിബന്ധമാകും. കർഷകരെ കോർപറേറ്റുകളുടെ പാവകളാക്കുന്ന കേന്ദ്ര നയത്തിനെതിരെ കക്ഷി, രാഷ്ട്രീയ ഭേദമെന്യേ കർഷകരും കർഷകത്തൊഴിലാളികളും മറ്റുതൊഴിലാളികളും ജനസാമാന്യമാകെയും ഒരുമിച്ച് അണിനിരക്കേണ്ടതിന്റെ ആവശ്യകത ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ഈ ചതി ഒരിക്കൽക്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.

എസ്‌ ശർമ 

(സിപിഐ എം  പാർലമെന്ററി പാർടി സെക്രട്ടറിയാണ്‌ ലേഖകൻ)

No comments:

Post a Comment