Monday, October 19, 2020

പട്ടിണി രാജ്യമാകുമോ ഇന്ത്യ

 ഉയരത്തിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്‌ ഇന്ത്യയുടേതെന്നും ചൈനയെ പോലും കടത്തിവെട്ടാൻ വെമ്പിനിൽക്കുകയാണ്‌ രാജ്യമെന്നുമാണ് ഭരിക്കുന്നവർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്‌. അങ്ങനെയാകണമെന്നാണ്‌ ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതും. എന്നാൽ, ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന വാർത്തയാണ്‌ വാഷിങ്‌‌ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ കഴിഞ്ഞദിവസം പുറത്തുവന്നത്‌. ആഫ്രിക്കൻ രാഷ്ട്രമായ സുഡാനോടൊപ്പം സൂചികയിൽ ഇന്ത്യ 94–-ാം സ്ഥാനത്താണ്‌ നിലയുറപ്പിച്ചിട്ടുള്ളത്‌. ഒരുവേള കേരളത്തെ ആഫ്രിക്കയിലെ സൊമാലിയയോട്‌ ‌ ഉപമിച്ച മോഡി‌ ഇപ്പോൾ ഇന്ത്യയെ ആഫ്രിക്കയേക്കാളും പിന്നിലാക്കിയിരിക്കുന്നു. അയൽരാജ്യമായ നേപ്പാളിനേക്കാളും എത്രയോ പിറകിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും പാകിസ്ഥാനുംപോലും ഇന്ത്യയേക്കാൾ മുന്നിലാണ്‌. ഇത്‌ ഈവർഷം മാത്രമുള്ള സ്ഥിതിയല്ല. മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം സൂചികയിൽ ഇന്ത്യക്ക്‌ കുത്തനെ ഇറക്കമാണ്‌. 2014ൽ 55(76 രാജ്യങ്ങളിൽ) ആയിരുന്നിടത്തുനിന്നാണ്‌ ഇപ്പോൾ 94ലേക്ക്(107 രാജ്യങ്ങളിൽ)‌ പതിച്ചിരിക്കുന്നത്‌.

പോഷകാഹാരക്കുറവ്‌, ശിശുമരണം, നവജാതശിശുക്കളിലെ ഭാരക്കുറവ്, വളർച്ചാമുരടിപ്പ്‌‌ എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ റാങ്കിങ് നിശ്‌ചയിക്കുന്നത്‌. ഈ സൂചികകളിലെല്ലാം ഇന്ത്യ പിറകിലാണെന്നതാണ്‌ മറ്റൊരു വസ്‌തുത. ലോകത്തെങ്ങുമുള്ള വളർച്ചമുരടിപ്പുള്ള കുട്ടികളിൽ മൂന്നിലൊന്നും ഭാരക്കുറവുള്ള കുട്ടികളിൽ പകുതിയും വസിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഗ്രാമങ്ങളിൽ വസിക്കുന്ന നാലിൽ മൂന്ന്‌ കുട്ടികൾക്കും പോഷകാഹാരം കിട്ടുന്നില്ലെന്നതും വസ്‌തുതയാണ്‌.  വിശപ്പിന്റെ “ലോകതലസ്ഥാന’മായിരുന്ന  ഇത്യോപ്യപോലും ഇന്ന്‌ ‌ ഇന്ത്യയെ പിന്നിലാക്കിയിരിക്കുന്നു. സോഷ്യലിസ്‌റ്റ്‌ വികസനപാത സ്വീകരിച്ച ചൈനയും ക്യൂബയും സൂചികയിൽ ഏറെ മുന്നിലാണ്‌.

വൻ സാമ്പത്തികശക്തിയായി മാറുമ്പോഴും ദശലക്ഷക്കണക്കിന്‌ ടൺ ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ ഉപയോഗിക്കാതെ നശിക്കുമ്പോഴും രാജ്യത്തെ ജനങ്ങൾ വിശന്നുമരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മാറിമാറി വന്ന സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധനയംതന്നെ ഇതിനു കാരണം. മുതലാളിത്ത വികസനപാത സ്വീകരിച്ച കോൺഗ്രസ്‌–-ബിജെപി സർക്കാരുകൾ ഒരിക്കലും ജനക്ഷേമത്തിന്‌ പ്രാധാന്യം നൽകിയിരുന്നില്ല. കോർപറേറ്റ്‌ വികസനത്തിനാണ്‌ പ്രാമുഖ്യം നൽകിയത്‌. മഹാമാരിയുടെ കാലത്തുപോലും അംബാനിമാരുടെയും അദാനിമാരുടെയും സമ്പത്തും ലാഭവും കോടിക്കണക്കിന്‌ രൂപ വർധിച്ചപ്പോൾ 30 കോടിയോളം പേർക്കാണ്‌ തൊഴിൽ നഷ്ടപ്പെട്ടത്‌. 40 കോടിയോളം പേരാണ്‌ പട്ടിണികിടക്കുന്നവരുടെ പട്ടികയിലേക്ക്‌ ചേക്കേറുന്നത്‌. സാമ്പത്തിക അസമത്വമാണെങ്കിൽ വർധിച്ചുവരികയും ചെയ്യുന്നു. താഴെക്കിടയിലുള്ള 70 ശതമാനത്തിന്റെ മൊത്തം സമ്പത്തിനേക്കാളും കൂടുതലാണ്‌ രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശമുള്ളത്‌. വർധിച്ച സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടിയില്ലാത്തത്‌ സർക്കാരിന്റെ നയം മുതലാളിത്തപ്രീണനം ആയതുകൊണ്ടുതന്നെയാണ്‌.

വിശപ്പിന്റെ പട്ടികയിൽനിന്ന്‌ ഇന്ത്യയെ മോചിപ്പിക്കണമെങ്കിൽ സാർവത്രികമായി റേഷൻ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം. നിയോലിബറൽ യുക്തിയുടെ ഫലമായാണ്‌ ജനങ്ങളെ പല തട്ടുകളായി തിരിച്ച്‌ റേഷനിങ്ങിൽനിന്ന്‌ വലിയ വിഭാഗം ജനങ്ങളെ ഒഴിവാക്കിയത്‌. ഗ്രാമീണ ദാരിദ്ര്യം വർധിക്കാൻ ഇത്‌ ഇടയാക്കിയെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതോടൊപ്പം സർക്കാർ പ്രഖ്യാപിച്ച പോഷൺ അഭിയാൻ, സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം എന്നിവ കാര്യക്ഷമമാക്കുകയും വേണം. കഴിഞ്ഞ വർഷം വിശപ്പിന്റെ സൂചികയിൽ 102–-ാം സ്ഥാനത്തേക്ക്‌‌ താഴ്‌ന്നിട്ടുപോലും ഈവർഷത്തെ ബജറ്റിൽ മേൽപ്പറഞ്ഞ പദ്ധതികൾക്ക്‌ ആവശ്യത്തിന്‌ പണം വകയിരുത്താൻ മോഡി സർക്കാർ തയ്യാറായില്ല. പോഷൺ അഭിയാന്‌ കഴിഞ്ഞ വർഷത്തേക്കാൾ 300 കോടി രൂപ മാത്രമാണ്‌ അധികമായി വകയിരുത്തിയത്. കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ  2018 ലാണ്‌ ഈ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. എന്നാൽ, പ്രഖ്യാപനത്തിന്‌ അനുസരിച്ചുള്ള ഫണ്ട്‌ അനുവദിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല.

കുട്ടികൾക്കിടയിലെ പട്ടിണി മാറ്റാനും പോഷകാഹാരം ഉറപ്പുവരുത്താനുമായാണ്‌ സ്‌കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചത്‌. എന്നാൽ, ഇതിനും ഫണ്ട്‌ അനുവദിക്കുന്നതിൽ പിശുക്കു കാണിക്കുകയാണ്‌ മോഡി സർക്കാർ. മോഡി അധികാരമേൽക്കുന്നതിനുമുമ്പ്‌ 2013–-14 സാമ്പത്തികവർഷം 13215 കോടി വകയിരുത്തിയിരുന്നിടത്ത്‌ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്‌ 11000 കോടി രൂപമാത്രം. ഇത്‌ വർധിപ്പിക്കാനും കൂടുതൽ പോഷകമൂല്യമുള്ള ഭക്ഷ്യവസ്‌തുക്കൾ മെനുവിൽ ഉൾപ്പെടുത്താനും കേന്ദ്രം ഇനിയെങ്കിലും തയ്യാറാകണം. കൈയടി നേടാനായി വലിയ പദ്ധതികൾ പ്രഖ്യാപിക്കുകയും പിന്നീട്‌ അതിനെ അവഗണിക്കുകയും ചെയ്യുക എന്നതാണ്‌ കേന്ദ്രസർക്കാരിന്റെ രീതി. ഈ രീതി മാറ്റി പ്രഖ്യാപിച്ച പദ്ധതികളെങ്കിലും പൂർണമായും നടപ്പാക്കാനും അതിന്‌ കാര്യക്ഷമമായ മേൽനോട്ടം വഹിക്കാനും തയ്യാറാകണം. ഇത്തരം പദ്ധതികൾ ഏറ്റവും മോശമായി നടപ്പാക്കപ്പെടുന്നത്‌ ബിജെപിതന്നെ ഭരിക്കുന്ന ഉത്തർപ്രദേശ്‌, ബിഹാർ, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌. 35 കോടിയോളം ജനങ്ങളാണ്‌ ഇവിടെ വസിക്കുന്നത്‌. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി മെച്ചപ്പെട്ടാലേ ലോക റാങ്കിങ്ങിൽ ഇന്ത്യക്ക്‌ മുന്നേറാൻ കഴിയൂ. അതിനുള്ള ഇടപെടൽ ഭൂതകാലത്തിന്റെ ഇരുട്ടിലേക്ക്‌ രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്ന ബിജെപിയിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌ മൗഢ്യമായിരിക്കും.

deshabhimani editorial 191020

No comments:

Post a Comment