ന്യൂഡല്‍ഹി > കര്‍ഷക പ്രക്ഷോഭത്തെ നേരിടാന്‍ വന്‍സന്നാഹമൊരുങ്ങുന്നു. ഗാസിപ്പൂര്‍, സിംഘു, തിക്രി അതിര്‍ത്തികളില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ബാരിക്കേഡുകള്‍ നിര്‍മിച്ചുവരികയാണ് ഡല്‍ഹി പൊലീസ്. റോഡ് ഗതാഗതം തടസപ്പെടുത്തിയും റോഡില്‍ ആണികള്‍ പാകിയും വൈദ്യുതി-ജല വിതരണം റദ്ദാക്കിയും ഇന്റര്‍നെറ്റ് സേവം വിച്ഛേദിച്ചും കര്‍ഷകരെ തളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്.
നാല് നിരയായി കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചതിന് പുറമേയായിരുന്നു ആണികള്‍ കോണ്‍ക്രീറ്റ് ചെയ്തത്. കര്‍ഷകരുടെ ട്രാക്ടറുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആണികള്‍ സ്ഥാപിച്ചത്. കര്‍ഷകരെ നേരിടാനായി സേനയ്ക്ക് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം പുതിയ സ്റ്റീല്‍ കയ്യുറകള്‍ നല്‍കിയിരുന്നു.
അഭയാര്‍ത്ഥികളെ തടയാന്‍ അമേരിക്ക നിര്‍മിച്ച മതിലിന് സമാനമാണ് ഈ ബാരിക്കേഡുകളെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജൂ കൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ആയുധപ്പുരയിലെ എല്ലാ ആയുധങ്ങളും എടുത്തുകൊള്ളാനാണ് കര്‍ഷകര്‍ പറയുന്നത്. എത്ര പേരെ ബാരിക്കേഡ് കൊണ്ട് തടയാനാകും? ലോകത്തെ എല്ലായിടത്തെയുമെന്ന പോലെ ഇവിടെയും ഫാസിസ്റ്റ് ശക്തികളുടെ അന്ത്യമാകും സംഭവിക്കുകയെന്നും വിജൂ കൃഷ്ണന്‍ പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ആറിന് രാജ്യവ്യാപകമായി റോഡ് തടയല്‍ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. പകല്‍ 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളും ഉപരോധിക്കും.
ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് അടച്ചിരുന്നു. പൊലീസിന്റെ റോഡ് ഉപരോധം നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
കർഷക സമരം രാജ്യസഭയിൽ ചർച്ചചെയ്യണമെന്ന് എളമരം കരീം ; അനുമതിയില്ല
ന്യൂഡൽഹി> സഭ നിർത്തിവെച്ച് കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എളമരം കരീം രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 അനുസരിച്ചാണ് നോട്ടീസ്. അതേസമയം സഭ നിർത്തിവെച്ച് ചർച്ച സാധ്യമല്ലെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു.
ശൂന്യവേളയിൽ പ്രശ്‌നം ഉന്നയിക്കാമെന്നായിരുന്നു നിലപാട്. ഇതേതുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. ചർച്ച അനുവദിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി.സഭ പത്തര വരെ നിർത്തിവെച്ചു. . തുടർന്ന് സഭ ചേർന്നപ്പോഴും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഇന്ത്യന്‍ കര്‍ഷക സമരം. ബ്രിട്ടീഷ് പാർലമെന്റ് പെറ്റീഷന്‍ ലക്ഷത്തിലേക്ക്...ലക്ഷ്യത്തിലേക്ക്.
ലണ്ടൻ> ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബ്രിട്ടീഷ് പാർലമെന്റിൽചർച്ചയാക്കാനുള്ള നീക്കം വിജയത്തിലേക്ക്. "പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുക" എന്ന ആവശ്യം ഉന്നയിച്ചു ഗുര്‍ചരന്‍ സിംഗ് ആരംഭിച്ച നിവേദനം ഏതാനും ദിവസങ്ങള്‍ക്കകം എൺപതിനായിരം കടന്നു.
ബ്രിട്ടീഷ് ജനാധിപത്യ വ്യവസ്ഥയിലെ ഒരു സവിശേഷ സംവിധാനമാണ് പാർലമെന്റ് അംഗീകരിച്ചിട്ടുള്ള ഈ പെറ്റീഷന്‍ സമ്പ്രദായം. ഒരു വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനും തുടര്‍ന്ന് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുവാനും വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമാണിത്. പെറ്റീഷനില്‍ പതിനായിരം പേര്‍ ഒപ്പുവച്ചാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോദിഗമായി ഈ വിഷയത്തില്‍ പ്രതികരിക്കും. ഒപ്പ് ശേഖരണം ഒരു ലക്ഷം എത്തിയാല്‍ സര്‍ക്കാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് എടുക്കും.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു നിവേദനം സൈന്‍ ചെയ്യാന്‍ കഴിയും. പേരും ഇമെയില്‍ ഐഡിയും രാജ്യത്തിന്റെ പേരും പോസ്റ്റ് കോഡും മാത്രമേ നല്‍കേണ്ടതുള്ളൂ.
https://petition.parliament.uk/petitions/563473?fbclid=IwAR01PT_-xxdqy6FZboN4YxbkfP51W8yv9Dfq083Lltq5QGqCIAvSFcw7uxM
തോമസ് പുത്തിരി
No comments:
Post a Comment