Tuesday, February 2, 2021

വിത്തെടുത്തു കുത്തും ; ചെലവിനു പണം കണ്ടെത്താൻ ഓഹരിവിൽപ്പന

ബിപിസിഎൽ, എയർഇന്ത്യ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, ഐഡിബിഐ ബാങ്ക്‌, ബെമൽ, പവൻ ഹാൻസ്‌, നീലാചാൽ ഇസ്‌പാത്‌ നിഗം എന്നിവയുടെ ഓഹരിവിൽപ്പന 2021–-22ൽ  പൂർത്തിയാക്കും

ചെലവിനു പണം കണ്ടെത്താൻ ദേശീയ ആസ്‌തികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും കൂട്ടത്തോടെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോർപറേറ്റുകൾക്ക്‌ ഇളവുകൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലം ഓഹരിവിറ്റ് 1,75,000 കോടി രൂപ സമാഹരിക്കും. ബിപിസിഎൽ, എയർഇന്ത്യ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, ഐഡിബിഐ ബാങ്ക്‌, ബെമൽ, പവൻ ഹാൻസ്‌, നീലാചാൽ ഇസ്‌പാത്‌ നിഗം എന്നിവയുടെ ഓഹരിവിൽപ്പന 2021–-22ൽ  പൂർത്തിയാക്കും. ഐഡിബിഐയ്‌ക്ക്‌ പുറമെ  രണ്ട്‌‌ പൊതുമേഖലാ ബാങ്കും ഒരു ജനറൽ ഇൻഷുറൻസ്‌ കമ്പനിയും  സ്വകാര്യവൽക്കരിക്കും.  

അടുത്തഘട്ടം തന്ത്രപ്രധാന ഓഹരിവിൽപ്പന നടത്താനുള്ള  സ്ഥാപനങ്ങളുടെ പട്ടിക നിതി ആയോഗ്‌ തയ്യാറാക്കും. നാല്‌ തന്ത്രപ്രധാന മേഖലയിൽമാത്രം ചുരുക്കം സ്ഥാപനങ്ങൾ പൊതുമേഖലയിൽ നിലനിർത്തും. മറ്റെല്ലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും.

ഇൻഷുറൻസ്‌ മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ(എഫ്‌ഡിഐ) പരിധി 49ൽനിന്ന്‌ 74 ശതമാനമായി ഉയർത്താൻ ഇൻഷുറൻസ്‌ നിയമം–1938 ഭേദഗതി ചെയ്യും. എൽഐസി ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ദേശീയ പാതകൾ, റെയിൽവേ ചരക്കുകടത്ത്‌ ഇടനാഴികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വാതക പൈപ്പ്‌ലൈൻ, സംഭരണശാലകൾ, സ്‌റ്റേഡിയങ്ങൾ  എന്നിവയുടെ നടത്തിപ്പും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും.

ധന കമ്മി 9.5 ശതമാനം; കൂടുതൽ കടമെടുക്കും

നടപ്പുവർഷം മൂലധന ചെലവ്‌ 4.12 ലക്ഷം കോടി ലക്ഷ്യമിട്ട സ്ഥാനത്ത്‌ പുതുക്കിയ കണക്ക്‌ പ്രകാരം 4.39 ലക്ഷം കോടിയായി ഉയർന്നു. ധന കമ്മി ജിഡിപിയുടെ 9.5 ശതമാനമായി വർധിച്ചു. വിവിധ രീതിയിൽ കടമെടുപ്പ്‌ വഴി കമ്മി നികത്തും. ശേഷിക്കുന്ന രണ്ട്‌ മാസത്തേക്ക്‌ 80,000 കോടി രൂപകൂടി വേണ്ടിവരും. അടുത്തവർഷം ധനക്കമ്മി  ജിഡിപിയുടെ 6.8 ശതമാനമാകും. അടുത്തവർഷം വിപണിയിൽനിന്ന്‌ 12 ലക്ഷം കോടി രൂപയെങ്കിലും കടമെടുക്കേണ്ടിവരും. 2020–-21ൽ ധനക്കമ്മി ജിഡിപിയുടെ മൂന്ന്‌ ശതമാനമായി കുറയ്‌ക്കാനാണ്‌ 2003ലെ ധന ഉത്തരവാദിത്ത, ബജറ്റ്‌ മാനേജ്‌മെന്റ്‌ നിയമം നിഷ്‌കർഷിച്ചത്‌. നിലവിലെ സാഹചര്യത്തിൽ ഈ വ്യവസ്ഥ മറികടക്കാൻ ധനമന്ത്രി പ്രത്യേക പ്രസ്‌താവന സഭയിൽ നടത്തി. അടിസ്ഥാനസൗകര്യമേഖലാ വികസനത്തിന് കടമെടുക്കാന്‍ ഡെവലപ്‌മെന്റ്‌ ഫിനാൻഷ്യൽ ഇൻസ്‌റ്റിറ്റ്യൂഷൻ(ഡിഎഫ്‌ഐ) രൂപീകരിച്ച് മൂന്ന്‌ വർഷത്തിനകം അഞ്ച്‌ ലക്ഷം കോടി കടമെടുക്കും.

വോട്ടില്‍ കണ്ണുനട്ട്‌ റോഡും മെട്രോയും ; നിയമസഭാ തെരഞ്ഞെടുപ്പ്‌ വരാനിരിക്കുന്ന സംസ്ഥാനങ്ങൾക്കുമാത്രമായി പേരെടുത്തുപറഞ്ഞ്‌ ചില പ്രഖ്യാപനങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പ്‌ വരാനിരിക്കുന്ന സംസ്ഥാനങ്ങൾക്കുമാത്രമായി പേരെടുത്തുപറഞ്ഞ്‌ ബജറ്റിൽ ചില പ്രഖ്യാപനങ്ങൾ. കേരളം, തമിഴ്‌നാട്‌, അസം, ബംഗാൾ സംസ്ഥാനങ്ങളിലാണ്‌ ദേശീയപാതയ്‌ക്കും മെട്രോയ്‌ക്കുമായി ചില വാഗ്‌ദാനം‌. കേരളത്തിൽ 65,000 കോടി മുതൽമുടക്കിൽ 1100 കിലോമീറ്റർ ദേശീയപാത വികസനമാണ്‌  പ്രഖ്യാപിച്ചത്‌. ഇതിൽ 600 കിലോമീറ്റർ  മുംബൈ–- കന്യാകുമാരി ഇടനാഴിയുടെ ഭാഗമായാണ്‌. കേരളത്തിലെ ദേശീയപാത വികസനത്തിന്‌ എപ്പോൾ തുടക്കമാകുമെന്നോ എപ്പോൾ പൂർത്തീകരിക്കുമെന്നോ  വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ദേശീയപാത വികസന അതോറിറ്റി വായ്‌പയെടുത്താണ്‌ ഈ തുക നൽകുന്നത്‌. ദേശീയപാത വികസനത്തിനുള്ള തുക നേരത്തെ നടപ്പാക്കിയതാണ്‌  നടപ്പുവർഷത്തെ പ്രധാന ദേശീയപാത വികസന പദ്ധതികളിൽ കേരളത്തിൽ നിന്നുള്ളവ ഉൾപ്പെടുത്തിയിട്ടില്ല.

തമിഴ്‌നാട്ടിൽ 1.03 ലക്ഷം കോടി മുതൽമുടക്കിൽ 3500 കിലോമീറ്റർ ദേശീയപാത വികസനമാണ്‌  പ്രഖ്യാപിച്ചത്‌. മധുര–- കൊല്ലം ഇടനാഴി, ചിറ്റൂർ–- താച്ചൂർ ഇടനാഴി എന്നിവയടക്കമാണ്‌ പദ്ധതി. ഇവ അടുത്ത വർഷം നിർമാണം ആരംഭിക്കുമെന്ന്‌ ധനമന്ത്രി  പറഞ്ഞു.  ബംഗാളിൽ 25,000 കോടിക്ക് 675 കിലോമീറ്റർ ദേശീയപാത വികസനമാണ്‌ വാഗ്‌ദാനം. അസമിൽ പുരോഗമിച്ചുവരുന്ന 19,000 കോടിയുടെ ദേശീയപാത വികസനത്തിനൊപ്പം 34,000 കോടി മുതൽമുടക്കിൽ 1300 കിലോമീറ്റർ പാതയുടെ വികസനംകൂടി  മൂന്നുവർഷത്തിനുള്ളിൽ ഏറ്റെടുക്കും.

കൊച്ചി മെട്രോയ്‌ക്ക്‌ 1957 കോടി

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള മെട്രോ റെയിൽ വികസനപദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ രണ്ടാംഘട്ടത്തിനുള്ള കേന്ദ്ര വിഹിതമായി 1957.05 കോടിയാണ്‌ പ്രഖ്യാപിച്ചത്‌. മൊത്തം 88,000 കോടി രൂപയുടെ മെട്രോ റെയിൽ വികസനപദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും 25,000 കോടി മാത്രമാണ്‌ അടുത്ത വർഷത്തേക്ക്‌  അനുവദിച്ചത്‌. പ്രഖ്യാപിച്ച1957.05 കോടിയിൽ  338 കോടി രൂപയേ കേന്ദ്രത്തിൽനിന്നും കിട്ടൂ. ഇതിനു തുല്യമായ തുക സംസ്ഥാനവും നൽകണം.

കൊച്ചി ഹാർബർ വികസിപ്പിക്കും

മത്സ്യബന്ധന ഹാർബറുകൾ ആധുനികവൽക്കരിക്കുന്നതിൽ കൊച്ചി ഹാർബറിനെ സാമ്പത്തികപ്രവർത്തന കേന്ദ്രമാക്കി വികസിപ്പിക്കും.  ചെന്നൈ, വിശാഖപട്ടണം, പാരദ്വീപ്‌, പെതുവാലെട്ട ഹാർബറുകളും സമാനമായി വികസിപ്പിക്കും. തമിഴ്‌നാട്ടിൽ വിവിധോദ്ദേശ്യ കടൽപായൽ പാർക്ക്‌ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്‌.

എം പ്രശാന്ത് 

No comments:

Post a Comment