Tuesday, February 2, 2021

കോവിഡിൽ റെയിൽവേക്ക്‌ ഉത്തേജക പാക്കേജില്ല ; കോച്ച്‌, എൻജിൻ നിർമാണം സ്വകാര്യമേഖലയ്‌ക്ക്‌

കോവിഡ് കാലത്ത്‌ ഉത്തേജക പാക്കേജായി കേന്ദ്ര ബജറ്റിൽ റെയിൽവേ വികസനത്തിന്‌ കൂടുതൽ ഫണ്ട്‌ വകയിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. നാഷണൽ റെയിൽ പ്ലാൻ പ്രകാരം ട്രാക്ക്, സിഗ്നൽ തുടങ്ങി അടിസ്ഥാന സൗകര്യവികസനത്തിനായി 2032നുള്ളിൽ 39 ലക്ഷം കോടി രൂപയുടെ വികസനം ലക്ഷ്യമിടുമ്പോഴാണിത്.

കോച്ചുകളും എൻജിനുകളും നിർമിക്കുന്നത് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും. 2030 ആകുമ്പോഴേക്കും ചരക്കുഗതാഗതം ഏറെക്കുറെ പൂർണമായി സ്വകാര്യമേഖലയ്ക്ക് കൈമാറും.   ഫലത്തിൽ, വരുമാനമാർഗങ്ങൾ സ്വകാര്യ മേഖലക്കും നഷ്ടം  പൊതുമേഖലയ്‌ക്കും.

അടുത്ത വർഷത്തെ പദ്ധതി അടങ്കൽ 2.15ലക്ഷം കോടി രൂപയായി നിശ്ചയിച്ചതിൽ 1,10,000 കോടിരൂപയാണ് റെയിൽവേയ്‌ക്ക്‌ ബജറ്റ് വിഹിതം. അതിൽ  10,000 കോടി റോഡ് സുരക്ഷാ ഫണ്ട്‌ വിഹിതവും 15,000 കോടി റെയിൽവേ സുരക്ഷാ ഫണ്ടുമാണ്. ബാക്കി വായ്‌പയായി ഐആർഎഫ്‌സി വഴി കണ്ടെത്തണം.

ചോദ്യചിഹ്നമായി  കോച്ച്‌ ഫാക്ടറി

കേരളത്തിന്റെ ചിരകാലസ്വപ്നമായ കോച്ച്‌ ഫാക്ടറി ഇക്കുറിയുമില്ല. കഞ്ചിക്കോട്ടെ മതിൽ കെട്ടിത്തിരിച്ച ഭൂമി ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ശബരിമല റെയിൽവേ, നിലമ്പൂർ–നഞ്ചൻകോട്‌ പാത, ഷൊർണൂർ–-മംഗളൂരു മുന്നുവരി പാത, എറണാകുളം–-ഷെർണൂർ  മൂന്നാം പാത തുടങ്ങി പുതിയ പാതകളുടെ നിർദേശങ്ങൾ വെളിച്ചം കണ്ടില്ല. തിരുവനന്തപുരം–- -കാസർകോട്‌ അതിവേഗ  റെയിൽ ഇടനാഴിയെക്കുറിച്ചും പരാമർശമില്ല.

നിയമന നിരോധനം തുടരും

ജീവനക്കാരുടെ റിക്രൂട്ട്മെന്റ് മരവിപ്പിച്ചതും ജീവനക്കാരുടെ തടഞ്ഞുവച്ച ക്ഷാമബത്തയും മറ്റ്‌ ആനുകൂല്യങ്ങളും സംബന്ധിച്ച്‌ നിർദേശമില്ല. ജീവനക്കാരോടോ റെയിൽവേ ഉപഭോക്താക്കളോടോ നീതി പുലർത്താത്തതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ ഡിആർഇയു കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

പി വിജയൻ

No comments:

Post a Comment