65000 കോടിയുടെ ദേശീയപാതാ വികസനവും, 1957 കോടിയുടെ മെട്രോ രണ്ടാം ഘട്ടവും പ്രഖ്യാപിച്ചുവെങ്കിലും കേരളം നിരന്തരമായി ആവശ്യപ്പെട്ടിരുന്നവയൊന്നും ഇത്തവണയും കേന്ദ്ര ബജറ്റിലില്ല. ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു. ശബരി റെയിൽവേ, പളനി–-ശബരിമല ദേശീയപാത, ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തിരുവനന്തപുരം റെയിൽവേ സോൺ, അർധ അതിവേഗ റെയിൽപ്പാത, തലശേരി–-മൈസൂർ, നിലമ്പൂർ–-നഞ്ചൻകോട് റെയിൽപ്പാത, കണ്ണൂർ, കോഴിക്കോട് വിമാനത്താവള വികസനം എന്നിവയെല്ലാം തഴഞ്ഞു. ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് അക്കാദമി കേരളത്തിൽ സ്ഥാപിക്കണമെന്നതും പരിഗണിച്ചില്ല. ഇഎസ്‌ഐ ആശുപത്രികളുടെ വികസനവും അവണിച്ചു. പശ്ചിമതീര ദേശീയ ജലപാതയ്‌ക്കും സഹായമില്ല. ബിപിസിഎൽ, ബെമൽ സ്വകാര്യവൽക്കരണ നടപടികൾ കേരളതാൽപര്യം ഹനിക്കും.
കൊട്ടിഘോഷം മാത്രമോ
65,000 കോടി രൂപയുടെ ദേശീയപാതാ വികസനമാണ് കേരളത്തിന്റെ പേരിൽ കൊട്ടിഘോഷിക്കുന്നത്. നടപ്പാക്കൽ എന്നാണെന്നോ, വാർഷിക പദ്ധതിയിലെ നീക്കിയിരിപ്പോ വ്യക്തമാക്കിയിട്ടില്ല. എൻഎച്ച്‌എഐ വായ്‌പയെടുക്കുന്നതാണ് ഈ തുക. കൊച്ചി മെട്രോ നീട്ടൽ പദ്ധതിക്ക് പ്രഖ്യാപിച്ച 1957 കോടിയിൽ 388 കോടി മാത്രമാണ് കേന്ദ്ര വിഹിതം.
കൃഷിക്കാർക്ക് വട്ടപ്പൂജ്യം
കാർഷിക വായ്‌പകളുടെ മൊറട്ടോറിയം കാലാവധി നീട്ടില്ല. റബർ, കുരുമുളക്, കാപ്പി, തേയില തുടങ്ങിയവയ്ക്ക് സഹായമില്ല. നെല്ല‌്, നാളീകേരം തുടങ്ങിയവയുടെ സംഭരണത്തിനും അധിക സഹായമില്ല. ബംഗാളിലെയും അസമിലെയും തേയില തോട്ടങ്ങളിലെ സ്‌ത്രീതൊഴിലാളികൾക്ക് 1000 കോടിയുടെ സഹായ പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിലെ തൊഴിലാളികൾക്കില്ല.
കോവിഡ് വാക്‌സിനും സഹായമില്ല
വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ പ്രഖ്യാപിച്ച പദ്ധതികളിലെല്ലാം കേരളം വളരെ മുന്നേറിക്കഴിഞ്ഞതിനാൽ ഒരു സഹായവും ലഭിക്കില്ല.
തൊഴിലുറപ്പിനെ തഴഞ്ഞു
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഒരു രൂപപോലും ഉയർത്തിയില്ല. ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിക്കുന്ന പരിപാടിയും ബജറ്റിലില്ല. പരമ്പരാഗത, കരകൗശല ഉൽപ്പന്നങ്ങളുടെ ജിഎസ്‌ടി ഒഴിവാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ഇന്ധന സെസിൽ സംസ്ഥാനങ്ങൾക്ക് തിരിച്ചടി
പെട്രോൾ, ഡീസൽ എക്‌സൈസ് ഡ്യൂട്ടി കുറച്ച് പകരം സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന വിഹിതത്തിലും കൈയിട്ടുവാരി. എക്‌സൈസ് ഡ്യൂട്ടിയുടെ 42 ശതമാനം സംസ്ഥാനങ്ങൾക്കുള്ളതാണ്. ഇതിന്റെ 1.943 ശതമാനം കേരളത്തിനും ലഭിക്കണം. എക്‌സൈസ് ഡ്യൂട്ടി കുറച്ച് സെസ് ഏർപ്പെടുത്തുന്നതിലൂടെ കേന്ദ്ര വരുമാനം കുറയില്ല. എന്നാൽ, സംസ്ഥാനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി വിഹിതം കുറയും.
ധനവിഹിതം കുറയും
15–-ാം ധന കമീഷന്റെ അന്തിമ റിപ്പോർട്ട് നടപ്പാക്കുന്നതോടെ കേരളത്തിനുള്ള കേന്ദ്ര ധനവിഹിതം കുറയും. ആദ്യ റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് കേരളത്തിനുള്ള വിഹിതം 1.943 ശതമാനമായിരുന്നു. അന്തിമ റിപ്പോർട്ട് അനുസരിച്ച് 1.925 ശതമാനമാകും.
ജി രാജേഷ് കുമാർ
മെട്രോ രണ്ടാംഘട്ടം: കേന്ദ്ര വിഹിതം 338 കോടി മാത്രം; വൈകിച്ചത് 11 മാസം
മെട്രോ രണ്ടാംഘട്ടത്തിന് അനുമതിക്കായി കേന്ദ്രസർക്കാർ പദ്ധതി വൈകിപ്പിച്ചത് 11 മാസം. എന്നാൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 1957 കോടി രൂപയിൽ യഥാർത്ഥ കേന്ദ്ര വിഹിതം 338.75 കോടി രൂപ മാത്രമാണ്. അതിൽ തന്നെ എത്രരൂപ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുമില്ല. ബാക്കി സ്ംസ്ഥാന വിഹിതവും വായ്‌പയുമാണ്. ഇതിനെയാണ് വലിയ തുകയായി കേന്ദ്രം പ്രഖ്യാപിച്ചത്.
രണ്ടാംഘട്ടത്തിന് ചെലവ് പ്രതീക്ഷിക്കുന്ന 1957.05 കോടി രൂപയുടെ 20 ശതമാനം സാമ്പത്തികപങ്കാളിത്തമേ കേന്ദ്രത്തിനുള്ളൂ. കേന്ദ്ര ഇക്വിറ്റിയായി 16.23 ശതമാനവും നികുതിയിളവായി 3.77 ശതമാനവും ഉൾപ്പെടെയാണിത്. അതായത് 338.75 കോടി രൂപ. ബാക്കി 1618.25 കോടി രൂപ കണ്ടെത്തേണ്ടത് സംസ്ഥാന സർക്കാരാണ്.
കലൂർ സ്‌റ്റേഡിയംമുതൽ കാക്കനാട് ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ പാതയ്‌ക്ക് കേന്ദ്രാനുമതി ഒഴികെ എല്ലാ അനുമതിയും കിട്ടിയതാണ്. 2019 ഫെബ്രുവരിയിലാണ് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയത്. കഴിഞ്ഞ മാർച്ച് 13ന് കേന്ദ്ര പബ്ലിക് ഇൻവെസ്‌റ്റ്‌മെന്റ് ബോർഡും (പിഐബി) അംഗീകാരം നൽകി. തുടർന്ന് കേന്ദ്രാനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയ ഫയൽ 11 മാസമായി അനങ്ങിയില്ല. ഒന്നാംഘട്ട പദ്ധതിക്ക് അന്നത്തെ യുപിഎ സർക്കാരും അനുമതി വൈകിച്ചിരുന്നു. രണ്ടാംഘട്ട പദ്ധതിക്കുള്ള അനുമതി വൈകിയപ്പോൾ സീപോർട്ട്–-എയർപോർട്ട് റോഡ് വീതികൂട്ടുന്ന ജോലി തുടങ്ങി. രണ്ടാംഘട്ടത്തിന് അനുമതി നിഷേധിക്കാനുള്ള നീക്കവും കേന്ദ്രം നടത്തി. 10 ലക്ഷത്തിലധികം ജനസംഖ്യയില്ലാത്ത കൊച്ചിക്ക് മെട്രോ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു വാദം. രണ്ടാംഘട്ട പദ്ധതി പുതുക്കിനൽകാനും ആവശ്യപ്പെട്ടിരുന്നു.
No comments:
Post a Comment