Tuesday, February 2, 2021

സാമ്പത്തിക അസമത്വം ഭീകരമായി വളര്‍ത്തുന്ന ബജറ്റ്; ഫെഡറല്‍ സംവിധാനം തകര്‍ക്കാനും നീക്കം: യെച്ചൂരി

സംസ്ഥാനങ്ങളെ സാമ്പത്തികമായി കൂടുതല്‍ ബുദ്ധിമുട്ടിക്കാനും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാനും കേന്ദ്രബജറ്റ് ലക്ഷ്യമിടുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നിഷേധിക്കാനുമാണ് നിര്‍ദേശങ്ങള്‍. നികുതികള്‍ കുറച്ച് പകരം സെസ്സും സര്‍ചാര്‍ജും ഏര്‍പ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണെന്ന് യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.     

നികുതി വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുകയും പകരം സെസ് പ്രഖ്യാപിക്കുകയും ചെയ്തു. സെസ്സ് വഴിയുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ 20,000 കോടിയോളം രൂപ വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാര വിതരണത്തില്‍ ഇപ്പോള്‍ തന്നെ കുടിശികയാണ്. ഇത്തരത്തില്‍ സംസ്ഥാനങ്ങളെ തളര്‍ത്തുന്നതിനെതിരെ വിവിധ രാഷ്ട്രീയപാര്‍ടികള്‍ രംഗത്തുവരണമെന്ന് യെച്ചൂരി പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക അസമത്വം ഭീകരമായ വിധത്തില്‍ വളര്‍ത്തുന്നതാണ് ബജറ്റ്. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്യും. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിവിഹിതത്തില്‍ 42 ശതമാനം കുറവ് വരുത്തി.  ഭക്ഷ്യസബ്സിഡിയും വെട്ടിക്കുറച്ചു.  ധനക്കമ്മി പെരുകാന്‍ കാരണം സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവിട്ടതല്ല. വരുമാനത്തില്‍ ഉണ്ടായ വന്‍ഇടിവാണ്. കോര്‍പറേറ്റ്, ആദായനികുതി വരുമാനങ്ങള്‍ കുത്തനെ ഇടിഞ്ഞു. അതേസമയം രാജ്യത്തെ ശതകോടിശ്വരന്മാരുടെ ആസ്തിയിലെ വര്‍ധന കുതിക്കുന്നു.

ആത്മനിര്‍ഭര്‍ ബജറ്റല്ല, ആത്മസമര്‍പ്പണ്‍ ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടന ദേശീയ--വിദേശ മൂലധനകുത്തകകള്‍ക്ക് സമര്‍പ്പിച്ചു. പെട്രോള്‍, ഡീസല്‍ വില അടിക്കടി ഉയരുന്ന ഏക രാജ്യം ഇന്ത്യയാണ്. ദേശീയ ആസ്തികളുടെ കൊള്ളയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.  

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ തട്ടിപ്പാണെന്ന് യെച്ചൂരി പ്രതികരിച്ചു. മുസ്ലിംലീഗിനു ഓരോ സംസ്ഥാനത്തും ഓരോ നയമാണെന്നും അദ്ദേഹം ചോദ്യത്തിനു ഉത്തരം നല്‍കി.

കാർഷികമേഖലയെ അവഗണിച്ചു: എ വിജയരാഘവൻ

രാജ്യത്തെ കർഷകർ തലസ്ഥാനത്ത്‌ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിൽപോലും കാർഷിക മേഖലയ്‌ക്കുള്ള നീക്കിയിരിപ്പിൽ 11,000 കോടിയുടെ കുറവാണ്‌ കേന്ദ്ര ബജറ്റിലുള്ളതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. ഗ്രാമീണ മേഖലയിൽ സാധാരണക്കാരന്റെ‌ ജീവനോപാധിയായ തൊഴിലുറപ്പ്‌ പദ്ധതിയുടെ പേരുപോലും ധനമന്ത്രി  പരാമർശിച്ചില്ല. തൊഴിൽദിനം വർധിപ്പിക്കാത്തതും അതിന്‌ കഴിയാത്ത രീതിയിൽ പദ്ധതിയുടെ നീക്കിയിരിപ്പിൽ 34 ശതമാനം കുറവ്‌ വരുത്തിയതുമാണ്‌ അതിന്‌ കാരണം.

ചരിത്രത്തിലെ ഏറ്റവും വലിയ ധനക്കമ്മിയാണ്‌ ഇത്തവണത്തെ ബജറ്റ്‌ ചൂണ്ടിക്കാട്ടുന്നത്‌. പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാനുള്ള വിഭവശേഷി കേന്ദ്രത്തിനില്ല. പൊതുമേഖലാ സ്ഥാപനം വിറ്റഴിക്കലാണ്‌ കേന്ദ്ര സർക്കാർ മുഖ്യവരുമാന മാർഗമായി കാണുന്നത്‌. ഇന്ത്യൻ സമ്പദ്‌ഘടനയുടെ അടിസ്ഥാനമായ ദേശസാൽകൃത ബാങ്കുകളു‌ടെയും ഇൻഷുറൻസ്‌ കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണം തുടരുന്നു‌. അതിന്റെ വേഗത വർധിപ്പിക്കുന്നതാണ്‌ ബജറ്റ്‌.

   കോവിഡ്‌ തകർച്ചയിൽനിന്ന്‌ സാധാരണക്കാരനെ കരകയറ്റാനുള്ള ഒരു സമീപനവും കേന്ദ്ര ബജറ്റിലില്ല. ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ച കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കുന്ന നിർദേശങ്ങളും അവർക്കായി കൂടുതൽ ആനുകൂല്യങ്ങളുമാണ്‌ കാണാൻ കഴിയുന്നത്‌.

നാണ്യവിളകൾക്ക്‌ അർഹമായ പരിഗണന ലഭിച്ചില്ല. തേയില വ്യവസായത്തിന്‌ നൽകിയ സഹായത്തിൽ അസമിനെയും പടിഞ്ഞാറൻ ബംഗാളിനെയും ഉൾക്കൊള്ളിച്ചപ്പോൾ കേരളത്തെ അപ്പാടെ അവഗണിച്ചു. നാണ്യവിള ബോർഡുകൾക്കുള്ള നീക്കിയിരിപ്പും വളരെ കുറവാണെന്നും  അദ്ദേഹം പ്രതികരിച്ചു.

കാർഷിക വിഹിതം വെട്ടിക്കുറച്ചു: വി എസ്‌ സുനിൽകുമാർ

കേന്ദ്ര ബജറ്റ് കാർഷിക മേഖലയെ നിരാശപ്പെടുത്തിയെന്ന്‌ മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.  2016–- -17ൽ  കാർഷിക  മേഖലയിലെ വളർച്ചാ നിരക്ക് 6.8 ശതമാനമായിരുന്നത് 2017-–- 18ൽ  5.9 ശതമാനമായും 2018–- 19ൽ  2.4 ശതമാനമായും കുറഞ്ഞു.  വളർച്ച കുറഞ്ഞുവരുന്ന കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പകരം  കാർഷികമേഖലയുടെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ്‌.

നേരിട്ട് നടപ്പാക്കുന്ന കേന്ദ്ര പദ്ധതികളുടെ വിഹിതം 1,16, 490 കോടിയിൽനിന്ന്‌ 1,05,018.8 1 കോടിയായി കുറച്ചു.  പി എം കിസാൻ പദ്ധതിയുടെ വിഹിതം 2020 -–-21ൽ  75,000 കോടി ആയിരുന്നത് 2021 –--22ൽ പതിനായിരം കോടി കുറച്ച് 65,000 കോടിയാക്കി.  വിപണി ഇടപെടലിന് 2020-–- 21ൽ  വകയിരുത്തിയ 2000 കോടി ഇത്തവണ 1500.50 കോടിയായി കുറച്ചു. കർഷകർക്ക് പെൻഷൻ കൊടുക്കുവാനുള്ള വിഹിതം 220 കോടിയിൽനിന്ന് 50 കോടിയായി കുറച്ചു.

സംസ്ഥാനങ്ങൾ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത  പദ്ധതികളുടെ വിഹിതം 1, 34, 399.7 7 കോടിയിൽനിന്ന് 11382 കോടി കുറച്ച്  1,23,017.5 7 കോടിയാക്കി. കാർഷിക വിജ്ഞാന വ്യാപനത്തിനായുള്ള വിഹിതം 2019–- -20 ൽ 1200 കോടി ആയിരുന്നത് 1173.75 കോടിയായും കുറച്ചു.

ബാങ്കുകൾ വഴി നടപ്പാക്കുന്ന കാർഷിക വായ്പ  15 ലക്ഷത്തിൽനിന്ന്‌  16.5 ലക്ഷം കോടിയായി വർധിപ്പിച്ചു.  എന്നാൽ കർഷകർക്ക് വിതരണം ചെയ്യേണ്ട മൂന്ന്‌ ശതമാനം സബ്സിഡിയുടെ ബജറ്റ് വിഹിതം 21,175 കോടിയിൽനിന്ന്‌   19,468.131 കോടിയായി കുറച്ചു. ഇതോടെ കർഷകർക്ക് മൂന്ന്‌ ശതമാനം സബ്‌സിഡി പരിരക്ഷ കിട്ടാത്ത സ്ഥിതിവരും. റബർ ബോർഡിന്റെയും സ്‌പൈസസ്‌ ബോർഡിന്റെയും വിഹിതവും വെട്ടിക്കുറച്ചതായും മന്ത്രി പറഞ്ഞു.

No comments:

Post a Comment