പൊതുവിതരണം ശക്തമാക്കിക്കൊണ്ടും ഊഹക്കച്ചവടം തടഞ്ഞുകൊണ്ടും വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക, സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകേറാനുള്ള നടപടികള്‍ സ്വീകരിക്കുക, നിലവിലുള്ള തൊഴില്‍നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും നിയമലംഘനം തടയുകയും ചെയ്യുക, അസംഘടിത മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സമഗ്രമായ നിയമം കൊണ്ടുവരിക, പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുന്നത് അവസാനിപ്പിച്ച് ആ മേഖലയെ സംരക്ഷിക്കുക എന്നിങ്ങനെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സര്‍വ പ്രധാനമായ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സെപ്തംബര്‍ ഏഴിന്റെ അഖിലേന്ത്യാ പണിമുടക്ക്, ഇന്ത്യയുടെ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ്. സിഐടിയുവും ഐഎന്‍ടിയുസിയും എഐടിയുസിയും എച്ച്എംഎസ്സും അടക്കം എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും സംസ്ഥാന കേന്ദ്രിതമായ ട്രേഡ് യൂണിയനുകളും സംയുക്തമായി നടത്തുന്ന ഈ അഖിലേന്ത്യാ പണിമുടക്ക്, തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള ഉജ്ജ്വലമായ കാല്‍വെപ്പാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി, വിവിധ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി സമരരംഗത്തേക്കിറങ്ങുന്നത്, ഐതിഹാസികമായ ഒരു സംഭവം തന്നെയാണ്.
തൊഴിലാളികള്‍ സംയുക്തമായി ഉന്നയിക്കുന്ന അഞ്ച് പ്രധാന ആവശ്യങ്ങള്‍, രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ തന്നെയാണ്. ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്ക് സൌജന്യമായി വിതരണം ചെയ്യണം എന്ന സുപ്രീംകോടതിയുടെ വിധി പോലും നടപ്പാക്കാന്‍ സാധ്യമല്ല എന്ന് പ്രസ്താവിച്ച കേന്ദ്ര ഗവണ്‍മെന്റ് ജനങ്ങള്‍ക്കുനേരെ തുറന്ന യുദ്ധമാണ് നടത്തുന്നത്. തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ ജൂലൈ 15ന് ചേര്‍ന്ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചപ്പോഴത്തേക്കാള്‍, കൂടുതല്‍ വഷളായിരിക്കുകയാണ് സ്ഥിതി ഇന്ന്. റേഷന്‍ വിതരണം എപിഎല്‍ വിഭാഗത്തിന് വേണ്ട, ബിപില്‍ വിഭാഗത്തിനുമാത്രം മതി എന്ന് വിധിച്ച സുപ്രീംകോടതി, കേന്ദ്ര സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ സമ്പന്നവര്‍ഗപക്ഷ സാമ്പത്തികനയത്തിന് കുടപിടിക്കുകയാണ്. ബിപിഎല്‍ രേഖ താഴ്ത്തിത്താഴ്ത്തി വരച്ച്, പരമാവധി തൊഴിലാളികളെയും സാധാരണക്കാരേയും ബിപിഎല്‍ പരിധിയില്‍ നിന്നൊഴിവാക്കി കൃത്രിമമായി എപിഎല്ലുകാരാക്കി മാറ്റിത്തീര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, അസംഘടിത മേഖലയിലെ 40 കോടി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയായി വെറും ആയിരം കോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചിട്ടുള്ളത്. ഒരു തൊഴിലാളിക്ക് വെറും 25 രൂപ! അതേ അവസരത്തില്‍ ആയിരത്തോളം വരുന്ന അതിസമ്പന്നര്‍ക്ക് 5 ലക്ഷം കോടി രൂപ ഒറ്റയടിക്ക് സൌജന്യമായി നല്‍കിയിരിക്കുന്നു. ഒരാള്‍ക്ക് 500 കോടി രൂപ! സമ്പന്നരുടെ ആദായനികുതി ഘടനയില്‍ മാറ്റം വരുത്തിക്കൊണ്ട് അവര്‍ക്ക് സഹസ്രകോടികളുടെ സഹായം നല്‍കി ഉത്തരവിട്ടത് ഇതാ ഇന്നലെയാണ്! അതേ അവസരത്തില്‍ 90 കോടി സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും അല്‍പം ആശ്വാസം നല്‍കാന്‍ ഉതകുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ഇപ്പോഴും പരണത്തു കെട്ടിവെച്ചിരിക്കുകയുമാണ്. വനിതാ സംവരണ ബില്ലും ഭക്ഷ്യസുരക്ഷാബില്ലും ധിക്കാരപൂര്‍വ്വം മാറ്റിവെച്ച മന്‍മോഹന്‍സിങ് സര്‍ക്കാര്‍, അമേരിക്കന്‍ കുത്തക ആണവക്കമ്പനികളെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ല്, നാണംകെട്ട ധൃതിയും വഞ്ചനയും കാണിച്ച് പാസ്സാക്കിയെടുക്കുകയും ചെയ്തു. ഇന്ത്യന്‍ ജനതയുടെ ക്ഷേമമോ സുരക്ഷയോ അല്ല, അമേരിക്കന്‍ കോര്‍പറേറ്റുകളുടെ കൊള്ളലാഭമാണ് യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് ഇതില്‍നിന്ന് വ്യക്തം. ഒബാമ വരുമ്പോഴേക്കും, തിരുമുല്‍ക്കാഴ്ച റെഡി!
വ്യവസായ കോര്‍പറേറ്റുകള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന മന്‍മോഹന്‍ സിങ്, തൊഴിലാളികളേയും സാധാരണക്കാരേയും കൂടുതല്‍ പാപ്പരാക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കിക്കൊണ്ട് കൃത്രിമമായ സാമ്പത്തിക വളര്‍ച്ച നേടിയെന്ന് അവകാശപ്പെടുന്നു; പക്ഷേ യുപിഎ സര്‍ക്കാര്‍, രാജ്യത്തെ ഭക്ഷ്യകലാപത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നാണ് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മന്‍മോഹന്‍ സിങ് വരുത്തിവെച്ച ആ ദുരിതത്തിന്റെയും വറുതിയുടെയും ചട്ടിയില്‍ക്കിടന്ന് പിടയ്ക്കുന്ന തൊഴിലാളികള്‍ ഒറ്റക്കെട്ടായി നടത്തുന്ന സെപ്തംബര്‍ 7ന്റെ സംയുക്ത പണിമുടക്ക്, അതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിപ്ളവകരമായ വഴിത്തിരിവായിരിക്കും.
ചിന്ത മുഖപ്രസംഗം 10092010

ReplyDelete