Monday, September 6, 2010

വികസനക്കുതിപ്പിന്റെ പാറശാലവഴി

വികസനക്കുതിപ്പിലൂടെ പാറശാലയുടെ മുഖച്ഛായ മാറ്റിയതിന്റെ അഭിമാനത്തിലാണ് ആര്‍ ബിജു പ്രസിഡന്റായ പാറശാല പഞ്ചായത്ത് ഭരണസമിതി. സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം, പരാതിപരിഹാര അദാലത്ത്, എയര്‍കണ്ടീഷന്‍ ചെയ്ത പ്രഥമ സര്‍ക്കാര്‍ സ്കൂള്‍, പട്ടികജാതിവിഭാഗങ്ങളുടെ സമഗ്രപുരോഗതി, പൈക്കയിലൂടെ കായികരംഗത്തെ മാതൃകാപരമായ പദ്ധതികള്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യസംരക്ഷണപരിപാടികള്‍, കാര്‍ഷികരംഗത്തെ സമഗ്രപുരോഗതി, വികലാംഗസംരക്ഷണത്തിന് മാതൃകാപ്രവര്‍ത്തനം തുടങ്ങിയവ പാറശാല പഞ്ചായത്തിലെ വികസനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 20 ചെറുകിട കുടിവെള്ളപദ്ധതികള്‍ സ്ഥാപിച്ചു. ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ വണ്ടിച്ചിറയില്‍ പഞ്ചായത്ത് 80 സെന്റ് വസ്തു നല്‍കി. (ഒരു കോടി 18 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിക്ക് ഗവണ്‍മെന്റ് ഫണ്ട് അനുവദിച്ചു). തവളയില്ലാക്കുളത്തില്‍ 20 ലക്ഷം രൂപ ചെലവാക്കി സ്വജല്‍ധാരാ കുടിവെള്ളപദ്ധതി നടപ്പാക്കി. സാക്ഷരതാപ്രവര്‍ത്തനങ്ങളിലെ മികവിന് സാക്ഷരതാമിഷന്റെ സംസ്ഥാനതല അവാര്‍ഡിന് രണ്ടുപ്രാവശ്യം പഞ്ചായത്ത് അര്‍ഹമായി.

സ്കൂളുകളുടെ അടിസ്ഥാനസൌകര്യം മെച്ചപ്പെടുത്തുന്നതിന് ഒരുകോടി രൂപയോളം ചെലവാക്കി. മികച്ച ശുചിത്വമുള്ള സ്കൂളിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡിനര്‍ഹമായ കൊടവിളാകം എല്‍പിഎസില്‍ എയര്‍കണ്ടീഷണര്‍ സ്ഥാപിച്ചു. ബുദ്ധിമാന്ദ്യം സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്നതിന് മന്ദിരവും വാഹനസൌകര്യവും ഏര്‍പ്പെടുത്തി. ഹോമിയോ ഡിസ്പെന്‍സറിയും പത്തുലക്ഷം രൂപ മുടക്കി ഐടിഐ മന്ദിരവും പണിതു. അങ്കണവാടിമന്ദിരങ്ങള്‍ പണിയുന്നതിനും വസ്തു വാങ്ങുന്നതിനും 21 ലക്ഷത്തിലേറെ രൂപയും ചെലവഴിച്ചു. ദേശീയപാതയില്‍ കൊറ്റാമംമുതല്‍ കളിയിക്കാവിളവരെ വൈദ്യുതീകരിച്ചു. കായികവികസനപദ്ധതിക്കായി പൈക്കയില്‍നിന്ന് പത്തുലക്ഷം രൂപ നേടിയെടുത്തു. 25 ലക്ഷം രൂപ ചെലവാക്കി പുത്തന്‍കട ആയുര്‍വേദ ആശുപത്രി നവീകരിച്ചു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ 25 ലക്ഷം രൂപ നല്‍കി. കര്‍ഷകര്‍ക്ക് സൌജന്യമായി വിത്തും വളവും നല്‍കി.

കൂടാതെ എല്ലാമാസവും രണ്ടാം ശനിയാഴ്ച കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴില്‍ പഞ്ചായത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നതും എടുത്തുപറയത്തക്ക കാര്യമാണ്. താലൂക്കുതലത്തിലുള്ള ജഡ്ജി പങ്കെടുക്കുന്ന അദാലത്തില്‍ പഞ്ചായത്ത് പ്രദേശത്തുള്ള പരാതികളാണ് പരിഗണിക്കുന്നത്. കക്ഷികള്‍ക്ക് നിയമോപദേശം നല്‍കുന്നതിനായി ഒരു വക്കീലിനെയും ഏര്‍പ്പെടുത്തും. അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന കേസുകളില്‍ പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയില്‍മാത്രമേ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. സമഗ്രവികസനമൊരുക്കി മുന്നേറിയ പാറശാല പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിക്കഴിഞ്ഞു.

നെല്‍കൃഷി സമൃദ്ധിയുമായി ആനാട്

ആനാട്ടെ ഗ്രാമഗ്രാമാന്തരങ്ങള്‍ വികസനക്കുതിപ്പില്‍.ഏലാകളില്‍ വീണ്ടും നെല്‍കൃഷി സമൃദ്ധി. പൊതുവികസനത്തോടൊപ്പം കൃഷിയുടെ ഉന്നമനത്തിന് പ്രത്യേക ഊന്നല്‍ നല്‍കി കഴിഞ്ഞ അഞ്ചുവര്‍ഷമായി ആനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ പ്രവര്‍ത്തനംവഴി ആനാട്ടെ വയലേലകള്‍ ഗതകാല പ്രതാപം വീണ്ടെടുത്തിരിക്കുന്നു. പഞ്ചായത്തില്‍ ഏഴോളം ഏക്കറില്‍മാത്രം ഒതുങ്ങിയിരുന്ന നെല്‍ക്കൃഷി ഇന്ന് 36 ഏക്കറായി വളര്‍ന്നിരിക്കുന്നു. ഒരുകാലത്ത് താലൂക്കില്‍ ഏറ്റവുമധികം നെല്‍കൃഷി നടന്നിരുന്ന പ്രദേശമാണ് ആനാട്. താലൂക്കിലെ നെല്ലറയെന്ന വിശേഷണവും ഉണ്ടായിരുന്നു. വര്‍ഷങ്ങളായി നെല്‍ക്കൃഷി പാടെ നിലച്ചു. ഏലാകളില്‍ അധികവും തരിശായി.

2005 ഒക്ടോബര്‍ രണ്ടിന് ആനാട് ജി ചന്ദ്രന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണസമിതി അധികാരത്തില്‍ വന്നശേഷം സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നെല്‍കൃഷി പുനരാരംഭിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു. പദ്ധതികള്‍ വിജയകരമായി ആവിഷ്കരിച്ച് നടപ്പാക്കാനും ഭരണസമിതിക്ക് കഴിഞ്ഞു. മുണ്ടൂര്‍ക്കോണം, പെരിങ്ങാവൂര്‍, കിഴക്കേല ഏലാകളില്‍ നെല്‍ക്കൃഷി പൂര്‍ണമായും തിരിച്ചുകൊണ്ടുവന്നു. ആനാട്, ചന്ദ്രമംഗലം, മുണ്ടൂര്‍ക്കോണം തുടങ്ങിയ തരിശുനിലങ്ങളും കൃഷിയോഗ്യമായ വയലുകളായി. പത്തുവര്‍ഷമായി അടഞ്ഞുകിടന്ന പാങ്ങോട്ടെ വനിതാ ഹോളോബ്രിക്സ് യൂണിറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. നാനൂറില്‍പരം വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്ന യൂണിറ്റാണിത്.

ഇ എം എസ് ഭവനപദ്ധതിപ്രകാരം വീടില്ലാത്ത എല്ലാ പഞ്ചായത്ത് നിവാസികള്‍ക്കും ഭവനം ലഭ്യമാക്കി. 401 പേര്‍ക്കാണ് ഇപ്രകാരം വീട് നല്‍കിയത്. സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തി. ആരോഗ്യപരിപാലനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. നൂതന പദ്ധതികള്‍വഴി കുടിവെള്ളക്ഷാമത്തിനും പരിഹാരമുണ്ടാക്കി. പഞ്ചായത്ത് ഓഫീസിനുവേണ്ടി സ്വന്തമായി കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം അതിലേക്ക് മാറ്റി. വാര്‍ഡുതല വികസനത്തിന് പ്രത്യേക ശ്രദ്ധനല്‍കിക്കൊണ്ട് ജനക്ഷേമകരമായ പ്രവര്‍ത്തനമാണ് ഭരണസമിതി കാഴ്ചവയ്ക്കുന്നത്.

വികസനം മുഖച്ഛായ മാറ്റിയ മുദാക്കല്‍

വരുമാനത്തിലും വികസനത്തിലും ഏറെ പിന്നോക്കമായിരുന്ന ഇന്നലെകള്‍ മുദാക്കല്‍ പഞ്ചായത്തിന് ഇന്ന് പഴങ്കഥ. ഓണംകേറാമൂല എന്ന പരിഹാസപ്പേര് നല്‍കിയവര്‍ ഇന്നത് ഓര്‍ക്കാന്‍പോലും തയ്യാറാകില്ല. അത്രമേല്‍ വികസനം 2005-10 കാലയളവില്‍ പ്രസിഡന്റ് ഒ എസ് അംബികയ്ക്ക് കീഴില്‍ കൈവരിക്കാനായിട്ടുണ്ട്. മൂന്നുകോടിയോളം രൂപ ചെലവഴിച്ച് വിവിധ പദ്ധതികളിലൂടെ ഗ്രാമങ്ങളും നഗരങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഭൌതിക സാഹചര്യവികസനം യാഥാര്‍ഥ്യമാക്കാനായത് ചെറിയ കാര്യമല്ല. കട്ടിയാട് വാളക്കോട് നേരിമുക്ക് റോഡ്, വാളക്കാട് ഓണിവാരം റോഡ്, താഴെ ഇളമ്പ ശിവക്ഷേത്രം റോഡ്, അയിലം ശിവക്ഷേത്രം റോഡ്, പൊയ്കമുക്ക് മുടിയൂര്‍ക്കോണം റോഡ് എന്നിവയാണ് പുനര്‍നിര്‍മിച്ചത്. ദേശീയപാതയെയും എംസി റോഡിനെയും ബന്ധപ്പെടുത്തി കാല്‍നൂറ്റാണ്ടായി മുടങ്ങിക്കിടന്ന അയിലം കളമച്ചല്‍ റോഡിന്റെ പണി പൂര്‍ത്തിയാക്കിയത് മറ്റൊരു നേട്ടമായി. അരനൂറ്റാണ്ടായി ആവശ്യമുയരുന്ന അയിലം കടവ് പാലം, പതിനൊന്നര കോടി രൂപ മുടക്കി നിര്‍മിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കുന്നതില്‍ പഞ്ചായത്ത് ഭരണസമിതി പ്രധാന പങ്കുവഹിച്ചു.

വിദ്യാഭ്യാസമേഖലയില്‍ ഇളമ്പ എല്‍പിഎസ്, ഇടയ്ക്കോട് എല്‍പിഎസ്, അയിലം യുപിഎസ്, ഇളമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങള്‍, ഇളമ്പ ഹൈസ്കൂളിന് ചുറ്റുമതില്‍ നിര്‍മിച്ചു. ഇളമ്പ ദേശാഭിമാനി ലൈബ്രറി, അയിലം ലൈബ്രറി, ഊരുപൊയ്ക വായനശാല എന്നിവയ്ക്കും പുതിയ മന്ദിരങ്ങളായി. ആയുര്‍വേദ ആശുപത്രിക്ക് പുതിയ മന്ദിരം നിര്‍മിക്കുകയും ചെമ്പൂര് കമ്യൂണിറ്റി ഹാള്‍ നവീകരിക്കുകയും അങ്കണവാടികള്‍ക്ക് പുതിയ മന്ദിരങ്ങള്‍ നിര്‍മിക്കുകയുംചെയ്തു. നെല്‍കൃഷി ഉള്‍പ്പെടെ കാര്‍ഷികമേഖലയില്‍ രണ്ടു കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കി. 260 കുടുംബശ്രീ യൂണിറ്റിലൂടെ പഞ്ചായത്തിലെ 4962 വനിതകളെ അംഗങ്ങളാക്കി. ഇവരുടെ സമ്പാദ്യവും വായ്പയുള്‍പ്പെടെ നാലുകോടിയോളം രൂപയാണ് മിച്ചമുള്ളത്.

പ്രധാന റോഡുകളായ അയിലം ആറ്റിങ്ങല്‍ റോഡ്, വാളക്കാട് ഊരുപൊയ്ക റോഡ് റീടാറിങ് നടത്തി പുനരുദ്ധരിക്കാന്‍ നടപടി ആരംഭിച്ചു. കുടിവെള്ള വിതരണത്തിന് കാര്യക്ഷമമായ പദ്ധതി നടപ്പാക്കിയതോടൊപ്പം പുതുതായി ചേമ്പുംകുഴി- പെരിങ്ങോട്ടുകോണം- നെല്ലിമൂട് -മങ്കാട്ടുമൂല, കോരാണി- കല്ലുവിള കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരവും ലഭ്യമാക്കി.

deshabhimani 06092010

1 comment:

  1. വികസനക്കുതിപ്പിലൂടെ പാറശാലയുടെ മുഖച്ഛായ മാറ്റിയതിന്റെ അഭിമാനത്തിലാണ് ആര്‍ ബിജു പ്രസിഡന്റായ പാറശാല പഞ്ചായത്ത് ഭരണസമിതി. സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം, പരാതിപരിഹാര അദാലത്ത്, എയര്‍കണ്ടീഷന്‍ ചെയ്ത പ്രഥമ സര്‍ക്കാര്‍ സ്കൂള്‍, പട്ടികജാതിവിഭാഗങ്ങളുടെ സമഗ്രപുരോഗതി, പൈക്കയിലൂടെ കായികരംഗത്തെ മാതൃകാപരമായ പദ്ധതികള്‍, പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യസംരക്ഷണപരിപാടികള്‍, കാര്‍ഷികരംഗത്തെ സമഗ്രപുരോഗതി, വികലാംഗസംരക്ഷണത്തിന് മാതൃകാപ്രവര്‍ത്തനം തുടങ്ങിയവ പാറശാല പഞ്ചായത്തിലെ വികസനങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു

    ReplyDelete