Wednesday, September 8, 2010

അധ്വാനിക്കുന്ന ജനതയുടെ താക്കീത്

ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തവും വിപുലവുമായ സമരത്തിനാണ് ഇന്നലെ രാജ്യം സാക്ഷ്യംവഹിച്ചത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ഇത്ര വിപുലമായ പങ്കാളിത്തമുള്ള ഒരു ദേശീയപണിമുടക്ക് അത്യപൂര്‍വമാണ്. സാമ്പത്തിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്തംഭിപ്പിച്ച പണിമുടക്ക് നവ ലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ എതിര്‍പ്പിന്റെ പ്രകടനവും ഈ നയങ്ങള്‍ നടപ്പാക്കാന്‍ വാശിപൂര്‍വം ശ്രമിക്കുന്ന ഭരണവര്‍ഗങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പുമാണ്. വ്യവസായ തൊഴിലാളികള്‍ക്കു പുറമെ, ബാങ്ക്-ഇന്‍ഷ്വറന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍, തപാല്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും പണിമുടക്കില്‍ സജീവമായി പങ്കെടുത്തു. രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളില്‍ മിക്കതും പണിമുടക്കിന്റെ ഫലമായി നിശ്ചലമായി. ഫാക്ടറികളും ഖനികളും റോഡ് ഗതാഗതവും തപാല്‍, ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിസിറ്റി, പെട്രോളിയം തുടങ്ങിയ രംഗങ്ങളും സ്തംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കില്‍ അണിനിരന്നു.

കേരളം, ബംഗാള്‍, ത്രിപുര, ഉത്തരാഖണ്ഡ്, മേഘാലയ, ഒറീസ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ പണിമുടക്ക് പൂര്‍ണ ഹര്‍ത്താലായി മാറി. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും പണിമുടക്ക് ഏറക്കുറെ പൂര്‍ണമായിരുന്നു.

കേന്ദ്ര ട്രേഡ് യൂണിയനുകളും ബാങ്ക്-ഇന്‍ഷ്വറന്‍സ്, പ്രതിരോധം, ടെലി കമ്മ്യൂണിക്കേഷന്‍, കേന്ദ്ര-സംസ്ഥാന സര്‍വീസുകള്‍ തുടങ്ങിയ രംഗങ്ങളിലെ സ്വതന്ത്ര ഫെഡറേഷനുകളും ആഹ്വാനം ചെയ്ത പണിമുടക്കിന് ഒട്ടേറെ സവിശേഷതകളുണ്ടായിരുന്നു. സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നില്ല ഈ പണിമുടക്ക്. ശമ്പള വര്‍ധനവോ ബോണസോ പണിമുടക്കിനാധാരമായി ആവശ്യപ്പെട്ടിരുന്നില്ല. തൊഴിലാളികളിലും ജീവനക്കാരിലും ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒരാവശ്യവും അവര്‍ ഉന്നയിച്ചില്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെ, സമൂഹത്തെയാകെയും രാജ്യത്തെയും സാരമായി ബാധിക്കുന്ന സജീവമായ പ്രശ്‌നങ്ങളാണ് അവര്‍ ഉന്നയിച്ചത്. ഇതില്‍ ഏറ്റവും പ്രധാനം വിലക്കയറ്റമാണ്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതം ദുരിതപൂര്‍ണമാക്കുന്ന വിലക്കയറ്റതിനെതിരെ ഇടതുപക്ഷ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയും പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തിട്ടും വിലക്കയറ്റം തടയാനോ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികളെടുക്കാനോ കേന്ദ്രഭരണാധികാരികള്‍ തയ്യാറായില്ല. ഇതിലുള്ള വ്യാപകവും ശക്തവുമായ പ്രതിഷേധമാണ് പണിമുടക്കിന്റെ അഭൂതപൂര്‍വമായ വിജയത്തില്‍ പ്രതിഫലിച്ചത്.

രാജ്യത്തിന്റെ പൊതുസ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട മുതലാളിമാര്‍ക്ക് കൈമാറുന്നതിനായി അവയുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നയം തിരുത്തണമെന്നതാണ് പണിമുടക്കിന് ആധാരമായി ഉന്നയിച്ച മറ്റൊരാവശ്യം. നവരത്‌ന കമ്പനികള്‍ ഉള്‍പ്പെടെ വന്‍ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് വിറ്റഴിക്കുന്നത്.

മുതലാളിമാരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നതാണ് പണിമുടക്കില്‍ ഉന്നയിച്ച മറ്റൊരു പ്രധാന ആവശ്യം. നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന്റെ അവിഭാജ്യഭാഗമാണ് തൊഴില്‍ നിയമങ്ങളുടെ പരിഷ്‌കാരം. തൊഴിലാളികളുടെ മൗലികമായ താല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്ന നിയമങ്ങളെല്ലാം പൊളിച്ചെഴുതണമെന്നാണ് മുതലാളിമാര്‍ ആവശ്യപ്പെടുന്നത്, തൊഴില്‍ സമയം ദീര്‍ഘിപ്പിക്കണം, തൊഴില്‍ സ്ഥിരത പാടില്ല, തൊഴിലുടമയ്ക്ക് ഇഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ സ്വാതന്ത്ര്യമുണ്ടാകണം, കരാര്‍ തൊഴില്‍ വ്യാപകമാക്കണം, പണിമുടക്കാനുള്ള അവകാശം എടുത്തു കളയണം, സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം പാടില്ല തുടങ്ങി മുതലാളിമാരുടെ സംഘടനകള്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ക്കനുരോധമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിവരികയാണ്.

അസംഘടിതമേഖലയിലെ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നതാണ് മറ്റൊരു മുഖ്യ ആവശ്യം. പണിയെടുക്കുന്നവരില്‍ മഹാഭൂരിപക്ഷവും അസംഘടിതമേഖലയിലാണ്. അവര്‍ക്ക് മിനിമം വേതനം പോലുമില്ല. തൊഴില്‍ നിയമങ്ങളുടെ പരിരക്ഷയില്ല. ഫലപ്രദമായ ക്ഷേമപദ്ധതികളില്ല. സംഘടിത തൊഴിലാളി വിഭാഗങ്ങള്‍ സമീപകാലംവരെ ഈ തൊഴിലാളികളോട് നിസംഗമായ സമീപനമാണ് പുലര്‍ത്തിവന്നത്. അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിത തൊഴിലാളിപ്രസ്ഥാനം മുന്നോട്ടുവരുന്നത് ചരിത്രപരമായ ഒരു ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി വേണം കരുതാന്‍. കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായിരുന്നു ചൊവ്വാഴ്ചത്തെ ദേശീയ പണിമുടക്ക്. ഭരണകക്ഷിയായ കോണ്‍ഗ്രസിനോട് രാഷ്ട്രീയമായി കൂറു പുലര്‍ത്തുന്ന ഐ എന്‍ ടി യു സി പണിമുടക്കില്‍ സജീവ പങ്കുവഹിച്ചു. മറ്റ് ദേശീയ ട്രേഡ് യൂണിയനുകളുമായി കൈകോര്‍ത്ത് ഐ എന്‍ ടി യു സി ഒരു ദേശീയ പണിമുടക്കില്‍ അണിചേരുന്നത് ഇതു ആദ്യമാണ്. എ ഐ ടി യു സി, സി ഐ ടി യു, എച്ച് എം എസ്, യു ടി യു സി തുടങ്ങിയ സംഘടനകള്‍ക്കൊപ്പം ഐ എന്‍ ടി യു സിയും പങ്കുചേര്‍ന്നത് തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തെ, രാഷ്ട്രീയപ്രേരിതമെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന ഭരണവര്‍ഗങ്ങളുടെ തന്ത്രം വിജയിക്കില്ലെന്നതിന്റെ തെളിവാണ്. ദേശീയ പണിമുടക്ക് തൊഴിലാളികളുടെ ഐക്യത്തിന്റെ വിജയമാണ്. ഈ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകണം. ഭരണവര്‍ഗങ്ങളുടെ കടന്നാക്രമണങ്ങള്‍ ചെറുക്കാന്‍ അധ്വാനിക്കുന്ന ജനങ്ങളുടെ പക്കലുള്ള ഏറ്റവും ഫലപ്രദമായ ആയുധം ഐക്യമാണ്.

ദേശീയ പണിമുടക്കിന്റെ സന്ദേശം മനസ്സിലാക്കി നയങ്ങള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ കൂടുതല്‍ ശക്തവും വിപുലമായ പ്രക്ഷോഭസമരങ്ങള്‍ നേരിടേണ്ടിവരും.

ജനയുഗം മുഖപ്രസംഗം 08092010

2 comments:

  1. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തവും വിപുലവുമായ സമരത്തിനാണ് ഇന്നലെ രാജ്യം സാക്ഷ്യംവഹിച്ചത്. തൊഴിലാളികളുടെയും ജീവനക്കാരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ഇത്ര വിപുലമായ പങ്കാളിത്തമുള്ള ഒരു ദേശീയപണിമുടക്ക് അത്യപൂര്‍വമാണ്. സാമ്പത്തിക ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്തംഭിപ്പിച്ച പണിമുടക്ക് നവ ലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ എതിര്‍പ്പിന്റെ പ്രകടനവും ഈ നയങ്ങള്‍ നടപ്പാക്കാന്‍ വാശിപൂര്‍വം ശ്രമിക്കുന്ന ഭരണവര്‍ഗങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പുമാണ്. വ്യവസായ തൊഴിലാളികള്‍ക്കു പുറമെ, ബാങ്ക്-ഇന്‍ഷ്വറന്‍സ്, ടെലി കമ്മ്യൂണിക്കേഷന്‍, തപാല്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാരും തൊഴിലാളികളും പണിമുടക്കില്‍ സജീവമായി പങ്കെടുത്തു. രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളില്‍ മിക്കതും പണിമുടക്കിന്റെ ഫലമായി നിശ്ചലമായി. ഫാക്ടറികളും ഖനികളും റോഡ് ഗതാഗതവും തപാല്‍, ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിസിറ്റി, പെട്രോളിയം തുടങ്ങിയ രംഗങ്ങളും സ്തംഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കില്‍ അണിനിരന്നു.

    ReplyDelete
  2. ഇടതുപാര്‍ട്ടികളും ഒമ്പത് പ്രധാന ട്രേഡ്‌യൂണിയനുകളും സംയുക്തമായി ആഹ്വാനംചെയ്ത പൊതുപണിമുടക്ക് തമിഴ്‌നാട്ടില്‍ ജനജീവിതത്തെ ബാധിച്ചില്ല. പശ്ചിമബംഗാളില്‍ പണിമുടക്ക് വന്‍വിജയമായതിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള ആറു വിമാന സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കി.

    ബാങ്കിങ് മേഖലയിലെ കരുത്തുറ്റ സംഘടനയായ അഖിലേന്ത്യാ ബാങ്ക് ജീവനക്കാരുടെ അസോസിയേഷനും മറ്റു ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുത്തതിനാല്‍ പണിമുടക്ക് ബാങ്കിങ് മേഖലയെ ബാധിച്ചു.

    ചെന്നൈ സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ സി.ഐ.ടി.യു. ഉള്‍പ്പെടെ വിവിധ ട്രേഡ്‌യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ട്രെയിന്‍ തടയല്‍ സരമത്തിനെത്തിയ 2000 ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ചെന്നൈയിലെ സബര്‍ബന്‍ ഇ.എം.യു. തീവണ്ടി ഗതാഗതം തടസംകൂടാതെ നടന്നു.

    ചെന്നൈ ബീച്ച്-താമ്പരം-ചെങ്കല്‍പെട്ട്, ചെന്നൈ ബീച്ച്-ആര്‍ക്കോണം, ചെന്നൈ ബീച്ച്-ഗുമ്മുഡിപുണ്ടി മേഖലയില്‍ ട്രെയിന്‍ ഗതാഗതം തടസ്സംകൂടാതെ നടന്നു. ദീര്‍ഘദൂര ട്രെയിനുകളും തടസ്സംകൂടാതെ ഓടി.

    കൊല്‍ക്കത്തയ്ക്കുള്ള അഞ്ചു വിമാനസര്‍വീസുകളും വിശാഖപട്ടണത്തേക്കുള്ള ഒരു സര്‍വീസുമാണ് യാത്രക്കാര്‍ കുറവായതിനെത്തുടര്‍ന്ന് റദ്ദാക്കിയതെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ നഗരത്തില്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.
    ബസ്സുകളും ഓട്ടോറിക്ഷകളും ഓടി. അനിഷ്ടസംഭവങ്ങള്‍ എങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ്.

    ''ബാങ്ക് ജീവനക്കാര്‍ക്ക് പുറമെ, പോസ്റ്റല്‍ ജീവനക്കാരും ഒരു വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതായി എ.ഐ.ബി.ഇ.എ. പ്രസിഡന്റ് സി.എച്ച്. വെങ്കിടാചലം അവകാശപ്പെട്ടു.

    സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് പുതിയ ബാങ്ക് ലൈസന്‍സ് അനുവദിക്കരുത്, പൊതുമേഖലാ ബാങ്കുകളുടെ ശാഖകള്‍ നിലവിലുള്ള 40000ത്തില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്കിങ് മേഖല പണിമുടക്കിയത്. സംസ്ഥാനത്തെ 12,000 സഹകരണ ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. സ്വകാര്യബാങ്കുകളെ പണിമുടക്ക് ബാധിച്ചില്ല.

    ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെയും ജോലിക്കെത്തുന്നവരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവശ്യസേവന മേഖലകളായ പാല്‍, കുടിവെള്ളം, വൈദ്യുതി വിതരണം എന്നിവ തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിരുന്നു.

    സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെയൊന്നും പണിമുടക്ക് ബാധിച്ചില്ല. ചെന്നൈ പോര്‍ട്ട്ട്രസ്റ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയെങ്കിലും പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

    ReplyDelete