Thursday, September 9, 2010

ഭാവനാപൂര്‍ണമായ വ്യവസായക്കുതിപ്പ്

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ആഗസ്ത് ആറിന് ഉദ്ഘാടനം ചെയ്തതാണ് കെല്‍ (കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ്) കാസര്‍കോട് യൂണിറ്റ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച യൂണിറ്റാണത്. കമ്പനിയുടെ 2005-06 വരെയുള്ള സഞ്ചിത നഷ്ടം 77.20 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍മൂലം കമ്പനി ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനകം നേടിയ പുരോഗതിയുടെ മികച്ച ഉദാഹരണമായി കാസര്‍കോട് കെല്ലിനെ ഇന്ന് ചൂണ്ടിക്കാട്ടാനാകും. ആ കമ്പനി രൂപീകരിച്ച് 20 വര്‍ഷം തികയുന്ന ഈ ഘട്ടത്തില്‍ നിര്‍ണായകമായ ചുവടുവയ്പ് നടത്തിയിരിക്കയാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും (ബിഎച്ച്ഇഎല്‍) തമ്മിലുള്ള സംയുക്തസംരംഭത്തിനുള്ള കരാറില്‍ ബുധനാഴ്ച ഇരുപക്ഷവും ഒപ്പുവച്ചതോടെ കെല്‍ ഉയര്‍ച്ചയുടെ പുതിയ തലത്തിലെത്തുകയാണ്. യൂണിറ്റിന്റെ ആസ്തികളാണ് സംയുക്തസംരംഭത്തില്‍ കേരള സര്‍ക്കാരിന്റെ വിഹിതം.

കേന്ദ്രപൊതുമേഖലയുമായും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിക്കുകയും സംയുക്തസംരംഭത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയമാണ്. ടെല്‍ക്ക്-എന്‍ടിപിസി, സെയില്‍ - സ്റീല്‍ കോംപ്ളക്സ്, റെയില്‍വേ- ഓട്ടോകാസ്റ് സംയുക്തസംരംഭങ്ങള്‍ ആരംഭിച്ചതിനും ബ്രഹ്മോസ്, എച്ച്എഎല്‍, ബിഇഎല്‍, ബിഇഎംഎല്‍ തുടങ്ങിയ കേന്ദ്ര നവരത്ന കമ്പനികളുടെ കടന്നു വരവിനും ശേഷം ഉണ്ടാകുന്ന ശ്രദ്ധേയമായ സംയുക്ത സംരംഭമാണ് കെല്ലും ബിഎച്ച്ഇഎല്ലും തമ്മിലേത്. കേരള വ്യവസായവകുപ്പിന്റെ നിരന്തരശ്രമത്തിന്റെ ഫലമായാണ് നവരത്ന പൊതുമേഖലാസ്ഥാപനമായ ബെല്ലുമായി സംയുക്തസംരംഭം സാധ്യമായത്. ഇതു വരുന്നതോടെ മലബാറില്‍ കോടികളുടെ വികസനം സാധ്യമാകും. കെല്ലിന്റെ വികസനത്തോടൊപ്പം അനുബന്ധമേഖലകളിലൂടെ മലബാറിന്റെ; പ്രത്യേകിച്ചും കാസര്‍കോടിന്റെ വ്യാവസായികമുന്നേറ്റത്തിന് ആക്കംകൂടും. സംരംഭത്തില്‍ ഭെല്ലിന് 51 ശതമാനവും കേരള സര്‍ക്കാരിന് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഉല്‍പ്പാദനം നടത്താന്‍ ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഉപദേശങ്ങളും ഫണ്ടും പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ നല്‍കാന്‍ ഭെല്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ കമ്പനിയിലെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനും പരസ്പര സഹകരണം യാഥാര്‍ഥ്യമാക്കുന്നതിനുമായി ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. കാസര്‍കോട് യൂണിറ്റിനെ കെല്ലില്‍ നിന്ന് വേര്‍തിരിച്ചും ബിഎച്ച്ഇഎല്ലിന് ഭൂരിപക്ഷം ഓഹരി നല്‍കിയുമാണ് സംയുക്തസംരംഭം യാഥാര്‍ഥ്യമാകുക. 10.5 കോടി രൂപയാണ് കാസര്‍കോട് കെല്‍ യൂണിറ്റിന്റെ മൂല്യം കണക്കാക്കിയത്. യന്ത്രസാമഗ്രികള്‍ക്കും മറ്റുമായി പ്രാരംഭഘട്ടത്തില്‍ 17 കോടി രൂപ ഭെല്‍ ചെലവഴിക്കും. ഉയര്‍ന്ന നിലവാരവും കാര്യക്ഷമതയുമുള്ള പുതിയ ആള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മിച്ച് വിറ്റഴിക്കാന്‍ ഇതുവഴി സാധിക്കും. കാറ്റില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള വിന്‍ഡ് ജനറേറ്ററുകള്‍, ട്രെയിന്‍ എന്‍ജിനില്‍ ഉപയോഗിക്കുന്ന ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍ എന്നിവ തുടക്കത്തില്‍ നിര്‍മിക്കാനാണ് പദ്ധതി. പ്രത്യക്ഷമായും പാരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം അനുബന്ധവ്യവസായങ്ങള്‍ക്കും വളരെയധികം സാധ്യതയുണ്ട്. തീവണ്ടികളിലെ ലൈറ്റുകള്‍ക്കും എയര്‍കണ്ടീഷനുകള്‍ക്കും ആവശ്യമായ ആള്‍ട്ടര്‍നേറ്ററുകള്‍, വിവിധ ശേഷികളിലുള്ള ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമറുകള്‍, പവര്‍ ട്രാന്‍സ്ഫോമറുകള്‍, പവര്‍ കാറുകള്‍, ഡിജി സെറ്റുകള്‍ എന്നിവയാണ് പുതിയ കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. കൂടാതെ പ്രതിരോധവകുപ്പിനാവശ്യമായ ആള്‍ട്ടര്‍നേറ്ററുകളും കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

1964ല്‍ കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ആരംഭിച്ച കെല്ലിന് ഇന്ന് എറണാകുളം ജില്ലയിലെ മാമലയിലും പാലക്കാട് ജില്ലയിലെ ഒലവക്കോട്ടും കാസര്‍കോട് ജില്ലയിലെ ബദിയടുക്കയിലും യൂണിറ്റുകളുണ്ട്. വാഹനങ്ങള്‍ക്കാവശ്യമായ ആള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മിക്കാനുള്ള ഒരു യൂണിറ്റ് മലപ്പുറം ജില്ലയിലെ എടരിക്കോട്ട് പ്രവര്‍ത്തിക്കുന്നു. 15വര്‍ഷംനഷ്ടത്തില്‍ പ്രവര്‍ത്തിച്ച കെല്‍ 2006-07 വര്‍ഷത്തിലാണ് ലാഭത്തിലായത്. ആ വര്‍ഷം 86 കോടി രൂപയുടെ വിറ്റുവരവും 1.2 കോടി രൂപ പ്രവര്‍ത്തനലാഭവും കൈവരിച്ചു. 2007-08 വര്‍ഷത്തില്‍ 101 കോടി രൂപയുടെ വിറ്റുവരവും 4.5 കോടി രൂപ പ്രവര്‍ത്തനലാഭവുമായി കമ്പനി റെക്കോഡ് നേട്ടം കൈവരിച്ചു. 2008-09ല്‍ 106 കോടി രൂപ വിറ്റുവരവും 2.52 കോടി രൂപ ലാഭവും. 2009-10ല്‍ 104 കോടി രൂപ വിറ്റുവരവും 1.40 കോടി രൂപ ലാഭവും നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. ഈ കാലയളവില്‍ കെല്ലിന്റെ നാല് യൂണിറ്റുകളും ലാഭകരമായി. ഉല്‍പ്പാദനത്തിലും വിറ്റുവരവിലും ലാഭത്തിലും വന്‍ വര്‍ധനയുണ്ടായി. യുഡിഎഫ് കാലത്ത് അടയ്ക്കാന്‍ തീരുമാനിച്ചിരുന്ന ഒലവക്കോട് യൂണിറ്റും സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ നിര്‍ദേശിക്കപ്പെട്ട മാമല യൂണിറ്റുമടക്കം നാല് യൂണിറ്റുകളും കഴിഞ്ഞ വര്‍ഷം ലാഭത്തിലാണ്. അടഞ്ഞുകിടക്കുകയായിരുന്ന എടരിക്കോട് യൂണിറ്റ് തുറന്നു. അതിശയകരം എന്നു പറയാവുന്ന നേട്ടമാണിത്.

എല്‍ഡിഎഫ് സര്‍ക്കാരിനെ ഒന്നാകെയും വ്യവസായവകുപ്പിനെ വേര്‍തിരിച്ചും ആക്രമിക്കുകയും അപവാദപ്രചാരണത്തില്‍ മുക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കുള്ള മധുരമായ മറുപടിയാണ് കെല്ലിനുണ്ടാകുന്ന ഈ നേട്ടം. അഭിമാനകരമാണിത്.

ദേശാഭിമാനി മുഖപ്രസംഗം 09092010

1 comment:

  1. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1990 ആഗസ്ത് ആറിന് ഉദ്ഘാടനം ചെയ്തതാണ് കെല്‍ (കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ്) കാസര്‍കോട് യൂണിറ്റ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച യൂണിറ്റാണത്. കമ്പനിയുടെ 2005-06 വരെയുള്ള സഞ്ചിത നഷ്ടം 77.20 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍മൂലം കമ്പനി ഇപ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനകം നേടിയ പുരോഗതിയുടെ മികച്ച ഉദാഹരണമായി കാസര്‍കോട് കെല്ലിനെ ഇന്ന് ചൂണ്ടിക്കാട്ടാനാകും.

    ReplyDelete