Sunday, September 12, 2010

കേരള ഭാഗ്യക്കുറി - അല്പം ചരിത്രം

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആദ്യമായി തുടങ്ങുകയും പതിനായിരങ്ങള്‍ക്ക് ജീവിതോപാഹിയും നാടിന്റെ വികസനത്തില്‍ മുതല്‍കൂട്ടായും അന്തഃസ്സോടെ ഇന്നും മാതൃകയായി വളര്‍ന്നുവികസിക്കുകയും ചെയ്ത ഭാഗ്യക്കുറിയുടെ നാട്ടില്‍ ഏഴെട്ടു വര്‍ഷമായി ഏറ്റവും വിവാദവിഷയങ്ങളിലൊന്നായി ഭാഗ്യക്കുറി മാറിയിരിക്കുന്നു. അതും പുറത്തു നിന്നുള്ള ലോട്ടറികളുടെ പേരില്‍. എന്തൊരു വിധി വൈപരീത്യം.

ചിട്ടിയും കുറിയുമൊക്കെ നാട്ടിടങ്ങളില്‍ മുന്‍പും ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികാംഗീകാരത്തോടെ (കേരളത്തില്‍) ആദ്യമായി ലോട്ടറി നടത്തുന്നത് 1893ലാണ്. മലയാള മനോരമയുടെ സ്ഥാപകനായ കണ്ടത്തില്‍ വറുഗീസ് മാപ്പിളയാണ് കോട്ടയത്തെ എം.ഡി.സെമിനാരി ഹൈസ്കൂളിന്റെ കെട്ടിടം പണിക്കായി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ അനുമതിയോടെ ഈ ലോട്ടറി നടത്തിയത്.

പിന്നീട് കേരള കലാമണ്ഡലത്തിനു പണം സ്വരൂപിക്കാന്‍ മഹാകവി വള്ളത്തോലും നടത്തി ഒരു ഭാഗ്യക്കുറി. കോട്ടയം പബ്ലിക്ക് ലൈബ്രറിക്കു വേണ്ടി ഡി.സി.കിഴക്കേമുറിയുടെ മുന്‍‌കൈയില്‍ നടത്തിയ ലോട്ടറിയും ചരിത്രത്തിന്റെ ഭാഗമാണ്. അന്നു പ്രഖ്യാപിച്ച ഒന്നാം സമ്മാനമായ ഒരു ലക്ഷം രൂപയുടെ വലിപ്പം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി പത്രപ്പരസ്യത്തില്‍ പറഞ്ഞത്, സമ്മാ‍നത്തുകയായ ഒരു ലക്ഷം രൂപ നോട്ടുകളാക്കി എം.സി. റോഡില്‍ ഒറ്റവരിയില്‍ നിരത്തിയാല്‍ കോട്ടയത്തു നിന്ന് തിരുവനന്തപുരം വരെ നീളുമെന്നാണ്.

ഇങ്ങനെ നല്ലകാര്യങ്ങള്‍ക്കുള്ള ഉപാധിയായാ‍ണ് കേരളത്തില്‍ ലോട്ടറി ഉദയം ചെയ്തതു തന്നെ. വെറുതെ പണപ്പിരിവു നടത്തുന്നതിനു പകരം നന്നേ ചെറിയ തുക വെച്ച് ശേഖരിച്ചു പരമാവധി പേരെ ആ ഉദ്യമത്തെപ്പറ്റി അറിയിക്കുകയും പങ്കാളികളാക്കുകയും ചെയ്തുകൊണ്ടുള്ള വിഭവസമാഹരണരീതി. പങ്കാളിത്തത്തിനുള്ള പ്രോത്സാഹനമായി കുറെ സമ്മാനങ്ങളും.

അങ്ങനെയാണ് ഗവര്‍ണ്ണറായിരുന്ന ഭഗവാന്‍ സഹായിയുടെ അനുമതിയോടെ 1967 കാലത്ത് കോളേജുകളും മറ്റു വിദ്യാലയങ്ങളും അടക്കം നൂറോളം പൊതുസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനുമായി സംസ്ഥാനം ആദ്യമായി ഭാഗ്യക്കുറി നടത്തിയതും. ഇതിന്റെയും ലക്ഷ്യങ്ങളെല്ലാം ഫലവത്താകുകയും ചെയ്തു. ഇതില്‍ നിന്നാണ് വികസനാവശ്യങ്ങള്‍ക്ക് ധനം സമാഹരിക്കാന്‍ പതിവായി ഭാഗ്യക്കുറി നടത്തുക എന്ന ആശയത്തിലേക്ക്, ഒട്ടേറെ നല്ല തുടക്കങ്ങള്‍ കുറിച്ച 1967ലെ ഇ.എം.എസ് മന്ത്രിസഭ എത്തിച്ചേര്‍ന്നത്. അന്നത്തെ ധനമന്ത്രി പി.കെ.കുഞ്ഞുസാഹിബിന്റെ ഭാവനയും സംഘടനാപാടവവും കരുത്താക്കി 1967 നവംബര്‍ ഒന്നിനു കേരള സംസ്ഥാന ഭാഗ്യക്കുറി വിതരണം തുടങ്ങി. 68 ജനുവരി 26ന് ആദ്യനറുക്കെടുപ്പും നടത്തി. 50,000 രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റു വില ഒരു രൂപയും.

1967-68 കാലത്തു സംസ്ഥാന ഭാഗ്യക്കുറിയുടെ വിറ്റുവരവ് 20 ലക്ഷം രൂപയായിരുന്നു. 2005-06ല്‍ ഇത് 231 കോടി രൂപയിലെത്തി. 2009-10ല്‍ അത് 625 കോടി രൂപയായി ഉയര്‍ന്നു. സത്യസന്ധതയും സല്‍പ്പേരുമുള്ള കേരള ലോട്ടറി ഇന്ന് നിരവധി നിരാലംബര്‍ക്ക് ഉപജീവനത്തിന്റെ ഉപാധിയാണ്.

ഡോ.തോമസ് ഐസക്ക് രചിച്ച ‘ലോട്ടറി വിവാദം ഒരു ചൂതാട്ടം’ എന്ന പുസ്തകത്തില്‍ നിന്ന്

1 comment:

  1. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആദ്യമായി തുടങ്ങുകയും പതിനായിരങ്ങള്‍ക്ക് ജീവിതോപാഹിയും നാടിന്റെ വികസനത്തില്‍ മുതല്‍കൂട്ടായും അന്തഃസ്സോടെ ഇന്നും മാതൃകയായി വളര്‍ന്നുവികസിക്കുകയും ചെയ്ത ഭാഗ്യക്കുറിയുടെ നാട്ടില്‍ ഏഴെട്ടു വര്‍ഷമായി ഏറ്റവും വിവാദവിഷയങ്ങളിലൊന്നായി ഭാഗ്യക്കുറി മാറിയിരിക്കുന്നു. അതും പുറത്തു നിന്നുള്ള ലോട്ടറികളുടെ പേരില്‍. എന്തൊരു വിധി വൈപരീത്യം.

    ReplyDelete