Monday, September 13, 2010

ചോദ്യങ്ങള്‍ തീരുമ്പോള്‍ ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലാവും

ലോട്ടറിവിവാദം സൃഷ്ടിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയും കൂട്ടരും അങ്ങോട്ടുള്ള ചോദ്യങ്ങള്‍അവസാനിക്കുമ്പോള്‍ പ്രതിക്കൂട്ടിലാവുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ എല്‍ഡിഎഫ് നഗരസഭാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോണ്‍ഗ്രസുകാരും ലോട്ടറി മാഫിയയുമായി ബന്ധമുള്ള കേന്ദ്ര സര്‍ക്കാരുമാണ് ലോട്ടറി വിഷയത്തില്‍ പ്രതിക്കൂട്ടിലാവാന്‍ പോകുന്നത്. അന്യസംസ്ഥാന ലോട്ടറി മാഫിയകള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അതേപ്പറ്റി അന്വേഷണം നടത്താനും നടപടി എടുക്കാനും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരമെന്ന് സുപ്രീം കോടതി വിധിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൂടുതലായി എന്തെങ്കിലും ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ ചെയ്യാം. നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഈ സര്‍ക്കാര്‍ മാത്രമല്ല ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴും കേന്ദ്രത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. സിഎജി പരിശോധിച്ച് നാഗാലാന്‍ഡ്, മേഘാലയ, സിക്കിം ലോട്ടറികള്‍ നിയമം ലംഘിക്കുന്നുവെന്ന് റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. പത്ത് വര്‍ഷമായി ആ റിപ്പോര്‍ട്ടിന്മേല്‍ അടയിരിക്കുന്ന കേന്ദ്രം ഈ കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചത്. ഇവിടെനിന്ന് അയച്ച ഒരു കത്തിനുപോലും മറുപടി തന്നിട്ടില്ല. കേന്ദ്രത്തിന്റെ അടുത്ത സുഹൃത്താണ് സാന്റിയാഗോ മാര്‍ട്ടിന്‍. ചെന്നൈയില്‍ നടന്ന ദേശീയ ഗെയിംസിന്റെ ചടങ്ങില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ മുഖ്യാതിഥിയായതെങ്ങനെയെന്ന് കോണ്‍ഗ്രസുകാര്‍ പറയണം. അഖില ലോക തമിഴ് സമ്മേളനത്തിന്റെ പേട്രനായിരുന്നു ഇയാള്‍.

വിവാദം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറച്ചു പിടിക്കാനാവില്ല. എല്ലാ ചെലവും കഴിഞ്ഞ് മിച്ചമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് എന്നു ചിന്തിക്കുന്ന കോണ്‍ഗ്രസ് പാവങ്ങളുടെ ക്ഷേമപെന്‍ഷന്‍ രണ്ടു വര്‍ഷമാണ് കുടിശിക വരുത്തിയത്. പാവങ്ങളുടെ സംരക്ഷണം കഴിഞ്ഞേ എല്‍ഡിഎഫ് സര്‍ക്കാരിന് മറ്റു കാര്യങ്ങളുള്ളൂ. കൂലിവേല എടുക്കുന്ന മുഴുവന്‍ പേരെയും ബിപിഎല്ലില്‍ ഉള്‍പ്പെടുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ 25 ദിവസം ജോലിയെടുത്തവരെയെല്ലാം ബിപിഎല്‍ ലിസ്റ്റില്‍ പെടുത്തും. കൂലിവേലയെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യമായി ഒരു മാസത്തെ കൂലി നല്‍കും. നവംബര്‍ ഒന്നു മുതല്‍ ഇത് നടപ്പാക്കും. കയര്‍ തൊഴിലാളികള്‍ക്ക് വരുമാന ഉറപ്പ് പദ്ധതിയില്‍ നവംബര്‍ ഒന്നു മുതല്‍ പിരിക്കുന്ന കയര്‍ 150 രൂപയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് പുറത്ത് കൊടുക്കും. നവംബര്‍ ഒന്നു മുതല്‍ നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 13092010

1 comment:

  1. ലോട്ടറിവിവാദം സൃഷ്ടിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയും കൂട്ടരും അങ്ങോട്ടുള്ള ചോദ്യങ്ങള്‍അവസാനിക്കുമ്പോള്‍ പ്രതിക്കൂട്ടിലാവുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ എല്‍ഡിഎഫ് നഗരസഭാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    ReplyDelete