Monday, September 13, 2010

ആണവബില്‍ : അമേരിക്കന്‍ തിട്ടൂരം

ആണവബില്‍ : ബാധ്യത ഒഴിവാക്കാന്‍ പ്രത്യേക കരാര്‍ വേണമെന്ന് അമേരിക്ക

ആണവദുരന്തം ഉണ്ടായാല്‍ പരോക്ഷമായി ബാധ്യത ഏറ്റെടുക്കാന്‍ ആണവദാതാക്കളെ നിര്‍ബന്ധിക്കുന്ന ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥ മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാരുമായി ഇന്ത്യ പ്രത്യേക കരാറില്‍ ഏര്‍പ്പെടണമെന്ന് നിര്‍ദേശം. ആണവ റിയാക്ടര്‍ കമ്പനികളെ അപകട ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച മൂന്നു നിര്‍ദേശത്തില്‍ ഒന്നാണിത്. അമേരിക്കന്‍ വിദേശവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ആണവബാധ്യതാ ബില്ലിലെ 17-ാം വകുപ്പ് അനുസരിച്ച് ആണവദാതാക്കളില്‍ നിന്ന് ബാധ്യത ഈടാക്കാന്‍ ആണവനിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് കഴിയും. എന്നാല്‍, ആണവദാതാക്കളില്‍ നിന്ന് ഈടാക്കുന്ന നഷ്ടപരിഹാരത്തുക മുഴുവന്‍ തിരിച്ചുനല്‍കാന്‍ ഇന്ത്യ ഗവമെന്റ് ബാധ്യസ്ഥരാകുന്ന കരാര്‍ ഒപ്പുവയ്ക്കണമെന്നാണ് ഒബാമ ഭരണകൂടം മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. അതല്ലെങ്കില്‍, 17-ാം വകുപ്പ് പൂര്‍ണമായും നിര്‍വീര്യമാക്കുന്ന വിധമായിരിക്കും ആണവബാധ്യതാ ബില്‍ നടപ്പാക്കുകയെന്ന് ഇന്ത്യ ഗവമെന്റ് അമേരിക്കയ്ക്ക് ഉറപ്പുനല്‍കണം. അതിനായി, നിയമത്തിന്റെ ചട്ടങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ആവശ്യമായ മാറ്റം വരുത്തണം. മൂന്നാമതായി, അമേരിക്കന്‍ ആണവക്കമ്പനികളുടെ പൂര്‍ണ ബാധ്യത ആണവനിലയ നടത്തിപ്പുകാര്‍ (ആണവോര്‍ജ കോര്‍പറേഷന്‍-എന്‍പിസിഐഎല്‍) ഏറ്റെടുക്കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്യണം.

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുംവിധമുള്ള നിര്‍ദേശങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചത്. അവര്‍ നിര്‍ദേശിക്കുന്ന ഉറപ്പുനല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി ആണവ ബിസിനസ് നടത്താന്‍ പ്രയാസമായിരിക്കുമെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കി. നേരത്തെ,അമേരിക്കന്‍ വിദേശമന്ത്രാലയ വക്താവ് പി ജെ ക്രൌളി തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. റഷ്യന്‍, ഫ്രഞ്ച് കമ്പനികള്‍ക്ക് ഇത്തരമൊരു ഉറപ്പ് ലഭിക്കേണ്ട പ്രശ്നമില്ലെന്ന് പത്രം പറയുന്നു. ഇന്ത്യ ഗവമെന്റുമായി ചര്‍ച്ച തുടരുകയാണെന്ന് അമേരിക്കന്‍ വിദേശവകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ അംബാസഡര്‍ തിമോത്തി റോയ്മര്‍ സൌത്ത് ബ്ളോക്കിലെത്തി വിദേശമന്ത്രാലയ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി പി ചിദംബരത്തെയും അദ്ദേഹം കണ്ടു. ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് റോയ്മര്‍ പ്രകടിപ്പിച്ചത്. ഏഴുലക്ഷം കോടിയുടെ ബിസിനസില്‍, ഒരു നഷ്ടവും ബാധ്യതയും ഇല്ലാതെ ഏര്‍പ്പെടുകയാണ് അമേരിക്കന്‍ കമ്പനികളുടെ ലക്ഷ്യം. അമേരിക്കന്‍ കമ്പനികളെ പ്രലോഭിപ്പിക്കുന്നതാണ് ഇന്ത്യന്‍ ആണവ കമ്പോളമെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആയിരം മെഗാവാട്ട് ശേഷിയുള്ള 30-40 റിയാക്ടര്‍ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ഇതില്‍ 10 റിയാക്ടര്‍ (10,000 മെഗാവാട്ട് ശേഷി) അമേരിക്കയില്‍ നിന്ന് വാങ്ങുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഒരു റിയാക്ടറിന് ഏകദേശം 11,500 കോടി രൂപയാണ് വില. 30 വര്‍ഷമായി ഒരു റിയാക്ടര്‍ പോലും ഉണ്ടാക്കാത്ത അമേരിക്കന്‍ ആണവഭീമന്മാര്‍ക്ക് ഇത് വന്‍ കൊയ്ത്താകും.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 13092010

1 comment:

  1. ആണവദുരന്തം ഉണ്ടായാല്‍ പരോക്ഷമായി ബാധ്യത ഏറ്റെടുക്കാന്‍ ആണവദാതാക്കളെ നിര്‍ബന്ധിക്കുന്ന ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥ മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാരുമായി ഇന്ത്യ പ്രത്യേക കരാറില്‍ ഏര്‍പ്പെടണമെന്ന് നിര്‍ദേശം. ആണവ റിയാക്ടര്‍ കമ്പനികളെ അപകട ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച മൂന്നു നിര്‍ദേശത്തില്‍ ഒന്നാണിത്. അമേരിക്കന്‍ വിദേശവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

    ReplyDelete