Monday, September 6, 2010

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

സ്വതന്ത്ര ഭാരതം ദര്‍ശിച്ചിട്ടുള്ള ഏറ്റവും വലിയ തൊഴിലാളി പോരാട്ടത്തിന് നാടൊരുങ്ങുകയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ തൊഴിലാളികളുടെ വര്‍ധിച്ച പങ്കാളിത്തം ചരിത്രത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ നിസ്വാര്‍ഥമായ സഹകരണത്തിന്റെയും ത്യാഗത്തിന്റെയും ആകെത്തുകയാണ് സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ഭാഗ്യവശാല്‍ തൊഴിലാളി സംഘടനകള്‍ക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. പൊതുപ്രശ്‌നങ്ങളില്‍ നിന്നകന്ന് സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം പൊരുതിയ തൊഴിലാളി സംഘടനകള്‍ ഇന്ന് പുനര്‍വിചിന്തനത്തിന്റെ പാതയിലാണ്.

2009 സെപ്തംബര്‍ 14-ാം തീയതി ഡല്‍ഹിയിലെ മൗലങ്കര്‍ ഹാളില്‍ ഒത്തുചേര്‍ന്ന കേന്ദ്ര ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ സമ്മേളനം 5 മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ദേശവ്യാപകമായി പ്രചാരം നടത്തിക്കൊണ്ട് പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക് തിരിയാന്‍ തീരുമാനിച്ചു. ഒക്‌ടോബര്‍ 28 ലെ പ്രതിഷേധദിനം, ഡിസംബര്‍ 18 ലെ പാര്‍ലമെന്റ് മാര്‍ച്ച്, മാര്‍ച്ച് 5 ലെ ജയില്‍ നിറയ്ക്കല്‍ ഇവയെല്ലാം ഈ സമരം എത്രകാലം നിലനില്‍ക്കുമെന്ന് വിമര്‍ശനമുയര്‍ത്തിയവര്‍ക്കുള്ള മറുപടിയാണ്. സാവധാനമായാണെങ്കിലും ഉപരിതലത്തിലുണ്ടായ ഐക്യം രാജ്യത്തെ പുതിയ സാഹചര്യങ്ങളുടെ ഫലമായി താഴെത്തട്ടിലേക്കു വ്യാപിച്ചു. 2010 ജൂലൈ 15 ന് വീണ്ടും ഡല്‍ഹിയില്‍ അതേ ഹാളില്‍ ചേര്‍ന്ന തൊഴിലാളികളുടെ ദേശീയ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 7 ന് ദേശവ്യാപകമായ പണിമുടക്കിന് ആഹ്വാനം നല്‍കി. സ്വതന്ത്ര ഇന്ത്യയില്‍ ഐ എന്‍ ടി യു സി പങ്കെടുക്കുന്ന ആദ്യത്തെ ദേശീയ പണിമുടക്കാണ് ഇതെന്ന പ്രത്യേകതയും ഇതിനുണ്ട്.

പണിമുടക്ക് വിജയിപ്പിക്കുന്നതിനുവേണ്ടി ദേശീയതലത്തില്‍ വമ്പിച്ച ഒരുക്കങ്ങള്‍ നടക്കുകയാണ്. സംസ്ഥാന ജില്ലാതല കണ്‍വെന്‍ഷനുകള്‍ നടന്നു കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ദേശീയ നേതാക്കന്മാര്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ നടന്നു. വ്യവസായാടിസ്ഥാനത്തിലും പ്രാദേശികാടിസ്ഥാനത്തിലും തൊഴിലാളികളുടെ യോജിച്ച ജനറല്‍ ബോഡികളും ഗേറ്റ് മീറ്റിങ്ങുകളും സംഘടിപ്പിച്ചു. കേരളത്തില്‍ ദേശീയ ട്രേഡ് യൂണിയനുകള്‍ക്കു പുറമെ എസ് ടി യു, കെ ടി യു സി, ടി യു സി ഐ, ഐ എന്‍ എല്‍ സി തുടങ്ങിയ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക്, ഇന്‍ഷ്വറന്‍സ്, ഡിഫന്‍സ് മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്രസംസ്ഥാന ജീവനക്കാരുടെ സംഘടനകളും മറ്റനേകം സ്വതന്ത്ര്യ തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘടിത മേഖലയില്‍ മാത്രമല്ല അസംഘടിത-പരമ്പരാഗത മേഖലയിലും ഗ്രാമീണ മേഖലയിലും പണിമുടക്കം ശക്തമായി നടക്കും. കാരണം ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ ഫലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അസംഘടിത മേഖലാ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ദേശീയ നിധി രൂപീകരിക്കുകയെന്ന സുപ്രധാനമായ മുദ്രാവാക്യം ഈ പണിമുടക്കത്തിന്റെ ഭാഗമാണ്. നമ്മുടെ ദേശീയ സമ്പത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്ന അസംഘടിത മേഖലയില്‍ ജി ഡി പി യുടെ ഒരു നിശ്ചിത ശതമാനം ആ മേഖലയ്ക്കു വേണ്ടി നീക്കി വയ്ക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്.

വിലക്കയറ്റം തൊഴിലെടുക്കുന്നവന്റെ മാസബജറ്റിനെ തകിടം മറിക്കുന്നു. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി ഗവണ്‍മെന്റ് നയങ്ങളില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ടു മാത്രമെ വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയൂ. എന്നാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് ഗവണ്‍മെന്റ് പിന്‍തുടരുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കുക മാത്രമല്ല വിലനിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു. റേഷന്‍ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തിക്കൊണ്ട് ഏര്‍പ്പെടുത്തിയ എ പി എല്‍, ബി പി എല്‍ തരം തിരിവ് തൊഴിലെടുക്കുന്നവരെയാകെ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താക്കി. അവധി വ്യാപാരവും ഊഹക്കച്ചവടവും നിയമവിധേയമാക്കുക വഴി ഭക്ഷ്യധാന്യങ്ങളുടെ കമ്പോളം കരിഞ്ചന്തക്കാരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു. ഭക്ഷ്യധാന്യങ്ങള്‍ കൃഷിക്കാരില്‍ നിന്ന് നേരിട്ടു സംഭരിക്കാനുള്ള ഫുഡ് കോര്‍പ്പറേഷനെ ദുര്‍ബലമാക്കുകവഴി ഇന്ത്യന്‍-വിദേശ കുത്തകകള്‍ക്ക് ആ മേഖലയില്‍ കടന്നുകയറാന്‍ വഴിയൊരുക്കി.

തൊഴില്‍ നിയമങ്ങളൊന്നും കര്‍ശനമായി നടപ്പിലാക്കുന്നില്ല. ഇന്‍സ്പക്ഷന്‍ രാജ്, ലൈസന്‍സ് രാജ് എന്ന് ആക്ഷേപിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മുതലാളിമാരുടെ സംഘടനകളുടെ സമ്മര്‍ദത്തിനു വഴങ്ങി തൊഴില്‍ നിയമലംഘനത്തിന് ഭരണകൂടം കൂട്ടുനില്‍ക്കുന്നു. സ്ഥിരം തൊഴിലാളി എന്ന സങ്കല്‍പം തന്നെ മാറുന്നു. കരാര്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു.

തൊഴില്‍ സമയം ക്രമാതീതമായി വര്‍ധിപ്പിക്കുന്നു. മിനിമം കൂലിയും മിനിമം സാമൂഹ്യ സുരക്ഷയും തൊഴിലാളികള്‍ക്കു നിഷേധിക്കുന്നു. പി എഫ്, ഇ എസ് ഐ, ഗ്രാറ്റുവിറ്റി, ബോണസ് എന്നീ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നില്ല. തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ട്രസ്റ്റിസ് ബോര്‍ഡ് തീരുമാനത്തെ മറികടന്ന് ഊഹക്കമ്പോളത്തില്‍ നിക്ഷേപിക്കാന്‍ ഗവണ്‍മെന്റ് തിടുക്കം കാണിക്കുന്നു. പി എഫ് പെന്‍ഷന്‍ പരിഷ്‌കരിക്കുമെന്ന വാഗ്ദാനം കാറ്റില്‍ പറത്തുന്നു. ഒരു കാലത്ത് തൊഴിലാളികളുടെ സംരക്ഷണത്തിനു വേണ്ടി നിയമങ്ങള്‍ നിര്‍മിച്ച ഭരണകൂടം ഇന്ന് തൊഴിലാളികളെ അടിമകളാക്കാന്‍ മുതലാളി വര്‍ഗത്തിനു കൂട്ടു നില്‍ക്കുന്നു.

ലോകത്താകെ സാമ്പത്തിക മാന്ദ്യം കത്തിപ്പടര്‍ന്നപ്പോള്‍ നമ്മുടെ പൊതുമേഖലയുടെ സാന്നിധ്യമാണ് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചതെന്നു പറഞ്ഞ ഭരണാധികാരികള്‍ ആ പൊതുമേഖലയെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വിറ്റഴിക്കില്ലായെന്ന ഗവണ്‍മെന്റ് നിലപാടില്‍ മാറ്റം വരുത്തി ബജറ്റ് കമ്മി നികത്താന്‍ വരുമാന സ്രോതസായി കാണുന്നത് പൊതുമേഖലാ ഓഹരി വിറ്റഴിക്കലാണ്. ബജറ്റ് പ്രസംഗത്തില്‍ തന്നെ അതു സൂചിപ്പിക്കുക വഴി വമ്പിച്ച നയവ്യതിയാനത്തിനാണ് ഗവണ്‍മെന്റ് തുടക്കമിട്ടിരിക്കുന്നത്. ജനപങ്കാളിത്തം ഉറപ്പാക്കി പൊതുമേഖല ശക്തിപ്പെടുത്തുമെന്നാണ് അവര്‍ പറയുന്നതെങ്കിലും ഇന്ത്യന്‍ ഓഹരികമ്പോളവുമായി ബന്ധമുള്ള സാധാരണ ജനങ്ങള്‍ എത്ര ശതമാനമുണ്ട്? 0.07 ശതമാനം എന്നാണ് അവസാനത്തെ കണക്ക്. ചുരുക്കത്തില്‍ ജനപങ്കാളിത്തമെന്നു പറയുന്നത് ഇന്ത്യന്‍-വിദേശ കുത്തകകളുടെ സാന്നിധ്യമാണ്. ഇത് നമ്മുടെ സാമൂഹ്യ പുരോഗതിയേയും സ്വാശ്രയത്വത്തേയും ബാധിക്കുമെന്നതുകൊണ്ടാണ് എല്ലാ തൊഴിലാളി സംഘടനകളും ഇതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി വിദേശത്ത് ജോലി ചെയ്തിരുന്ന ലക്ഷങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേയ്ക്കു മടങ്ങിയത്. നമ്മുടെ ഉല്‍പന്നങ്ങള്‍ സ്വീകരിക്കാന്‍ വിദേശകമ്പോളത്തിന് കഴിവില്ലാത്തതുമൂലം കയറ്റുമതി മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ധാരാളം വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനും തൊഴില്‍ നഷ്ടപ്പെടാനും ഇടയാക്കി. പ്രതിസന്ധി മറികടക്കാന്‍ വിദേശത്തും സ്വദേശത്തും വാഗ്ദാനം ചെയ്ത ഉത്തേജക പാക്കേജുകള്‍ മൂലധന ശക്തികളെ സഹായിക്കാന്‍ മാത്രമായിരുന്നു. തൊഴിലും വരുമാനവും നഷ്‌പ്പെട്ട തൊഴിലാളികളുടെ രോദനം ആരും ശ്രദ്ധിച്ചതേയില്ല.

ചുരുക്കത്തില്‍ ഭരണകൂടം സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് ഈ തൊഴിലാളി കൂട്ടായ്മ ശക്തിപ്പെട്ടിട്ടുള്ളത്. ഒരു ഭാഗത്ത് മൂലധന ശക്തികളുടെ സമ്മര്‍ദ്ദം ഗവണ്‍മെന്റിന്റെമേല്‍ മുറുകുമ്പോള്‍ നമ്മുടെ വര്‍ഗത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി നമ്മുടെ ശക്തിയും പ്രഹരശേഷിയും നാം പ്രകടിപ്പിച്ചില്ലെങ്കില്‍ തൊഴിലാളി വിരുദ്ധ നയങ്ങളുമായി ഭരണകൂടം മുന്നോട്ടു പോകുമെന്ന തിരിച്ചറിവാണ് തൊഴിലാളി സംഘടനകളെ വര്‍ഗ്ഗ ഐക്യം ശക്തിപ്പെടുത്താന്‍ പ്രേരിപ്പിച്ചത്.

പണിമുടക്കത്തിന്റെ മുദ്രാവാക്യങ്ങളില്‍ ഒന്നുപോലും സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടിയല്ല ഉന്നയിച്ചിട്ടുള്ളത്. ഒരു വര്‍ഗമെന്ന നിലയില്‍ തൊഴിലാളികളുടേയും അതുവഴി സമ്പദ്ഘടനയേയും സമൂഹത്തേയും ബാധിക്കുന്ന പൊതു പ്രാധാന്യമുള്ള പ്രശ്‌നങ്ങളിലാണ് തൊഴിലാളി ഐക്യത്തിന്റെ ഊന്നല്‍. വിയോജിപ്പുകള്‍ സംഘടനാതലത്തിലുള്ളപ്പോഴും യോജിപ്പിന്റെ മേഖല കണ്ടെത്താനുള്ള ഈ പരിശ്രമം പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ നോക്കിക്കാണുന്നത്.

തൊഴിലാളികള്‍ക്കിടയിലെ ഈ യോജിപ്പ് സമൂഹത്തിനാകെ മാതൃകയാവണം. ഈ പണിമുടക്കത്തെ പിന്‍തുണയ്ക്കാനും വിജയിപ്പിക്കാനും എല്ലാ വിഭാഗം ജനങ്ങളുടേയും പിന്‍തുണയുണ്ടാകണം.

കാനം രാജേന്ദ്രന്‍ Janayugom 05092010

1 comment:

  1. സ്വതന്ത്ര ഭാരതം ദര്‍ശിച്ചിട്ടുള്ള ഏറ്റവും വലിയ തൊഴിലാളി പോരാട്ടത്തിന് നാടൊരുങ്ങുകയാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ തൊഴിലാളികളുടെ വര്‍ധിച്ച പങ്കാളിത്തം ചരിത്രത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ നിസ്വാര്‍ഥമായ സഹകരണത്തിന്റെയും ത്യാഗത്തിന്റെയും ആകെത്തുകയാണ് സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ഭാഗ്യവശാല്‍ തൊഴിലാളി സംഘടനകള്‍ക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. പൊതുപ്രശ്‌നങ്ങളില്‍ നിന്നകന്ന് സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി മാത്രം പൊരുതിയ തൊഴിലാളി സംഘടനകള്‍ ഇന്ന് പുനര്‍വിചിന്തനത്തിന്റെ പാതയിലാണ്.

    ReplyDelete