Friday, May 18, 2012

പ്രതികളെ മുന്‍കൂട്ടി നിശ്ചയിച്ച് കള്ളത്തെളിവുണ്ടാക്കുന്നു: പിണറായി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഭരണാധികാരികള്‍ കുററവാളികളെ നിശ്ചയിക്കുകയും പൊലീസിനോട് അവരെ പിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണസംഘത്തിനുമേല്‍ കനത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍. തെളിവില്ലാതെ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസഥരെ അന്വേഷണ സംഘത്തില്‍ നിന്നൊഴിവാക്കുകയാണ്. ഈ കേസിന്റെ മറവില്‍ സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ്സര്‍ക്കാരും പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്ന ചിലരും ചിലമാധ്യമങ്ങളും ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിനെതിരെ കുറ്റം ആരോപിക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. ചന്ദ്രശേഖരന്‍ വധവുമായി പാര്‍ട്ടിയ്ക്ക് യാതൊരു ബന്ധവുമില്ല. കൊലപാതകത്തെ പാര്‍ട്ടി അപലപിച്ചതാണ്. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേ അടങ്ങൂ എന്ന വാശിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍. അന്വേഷത്തിനെതിരെ പാര്‍ട്ടി ഇതുവരെ നിലപാട് സ്വീകരിച്ചിരുന്നില്ല. വലിയ ആക്ഷേപങ്ങളില്‍ ഉള്‍പ്പെടാത്ത അന്വേഷണസംഘത്തെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ അന്വേഷണസംഘത്തിന് മേല്‍ കനത്ത സമ്മര്‍ദ്ദമാണ് നിലനില്‍ക്കുന്നത്. സിപിഐ എമ്മിന്റെ രണ്ട് പ്രമുഖരായ നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. തെളിവില്ലാത്തതിനാല്‍ നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ പറ്റില്ലെന്ന നിലപാടാണ് അന്വേഷണസംഘം തലവന്‍ സ്വീകരിച്ചത്. തങ്ങള്‍ പറയുംപോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ അന്വേഷണസംഘത്തില്‍ നിന്ന് ഒഴിയാന്‍ ആണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. നേതാക്കളുടെ അറസ്റ്റിന് തയ്യാറാകാത്തവരെ ഒഴിവാക്കുന്ന നിലയാണ് നിലനില്‍ക്കുന്നത്.

പലതും പ്രചരിപ്പിക്കപ്പെട്ടു. ഒരു കല്ല്യാണവീട്ടില്‍ ഗൂഢാലോചനക്കാര്‍ ഒത്തുചേര്‍ന്നു; അവിടെ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇത് പ്രചരണം മാത്രമല്ല എന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ആ കഥയുമായി ബന്ധപ്പെട്ടാണ് കേസ് ചമക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രണ്ട് ലോക്കല്‍ കമ്മറ്റി അംഗങ്ങളെ അറസ്റ്റുചെയതിട്ടുണ്ട്. വേറെയും ചിലരെ കസ്റ്റഡിയിലെടുത്തതായി പറയുന്നു. ഇവരെയൊക്കെ പ്രതികളാക്കുന്ന നില വന്നിട്ടുണ്ട്. ഇന്നലെ പാര്‍ടി കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ ഒരു കേസിന്റെ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സ്റ്റേഷനില്‍ വിളിപ്പിച്ചു. വടകര സിഐ യെ കാണണമെന്ന് പറഞ്ഞ് കൊണ്ടുപോയി. ഇന്ന് എം വി ജയരാജന്‍ ബാബുവിനെ കാണാന്‍ ചെന്നപ്പോള്‍ മനസ്സിലായത് ബാബുവിനെ മര്‍ദ്ദിച്ചുവെന്നാണ്. കേസുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പറയിപ്പിക്കാന്‍ ശ്രമമുണ്ടായി. അതിനുവേണ്ടിയായിരുനു മര്‍ദനം.

ആദ്യം പ്രതികളെ നിശ്ചയിക്കുക; പിന്നെ കേസ് ഉണ്ടാക്കുക അതിനായി കള്ളതെളിവുകള്‍ ഉണ്ടാക്കുക. ഇതൊക്കെയാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണ നിലയിലുള്ള അന്വേഷണമാണെങ്കില്‍ അഭിപ്രായം പറയുമായിരുന്നില്ല. എന്നാല്‍ കേസിന്റെ പേരില്‍ പാര്‍ടിയെ വേട്ടയാടാനാണ് ശ്രമം എന്നുവന്നാല്‍ അംഗീകരിക്കാനാകില്ല. അതിനുപറ്റുന്ന കുറേ ഉദ്യോഗസ്ഥര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്‍ കേസില്‍ നേരിട്ട് ഇടപെടുകയാണ്. അതിന്റെ ഭാഗമായി അവിടെത്തന്നെയുണ്ട്. ഇന്നലെ പറഞ്ഞത് സിപിഐ എമ്മിലെ പരല്‍മീനുകളാണ് പിടിയിലായത്; വമ്പന്‍ സ്രാവുകള്‍ ഇനി കുടുങ്ങും എന്നാണ്. ഇത് വ്യക്തമായ നിര്‍ദേശം നല്‍കലാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് അന്വേഷണം എങ്ങനെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനെ സഞ്ചരിക്കുന്നില്ലെങ്കില്‍ സിബിഐക്ക് വിടുമെന്ന ഭീഷണിയുമുണ്ട്. അവര്‍ക്ക് ഇത്തരം കാര്യങ്ങളിലൊക്കെ നല്ല അവഗാഹം ഉണ്ടല്ലോ.

അടിയന്തരാവസ്ഥ കഴിഞ്ഞ് ഒഞ്ചിയം പിറകോട്ടല്ല മുമ്പോട്ടാണ് പോയതെന്ന് മുല്ലപ്പള്ളി ഓര്‍ക്കണം. സിപിഐഎമ്മിന്റെ ആ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിയെ ആകെ ദുര്‍ബലപ്പെടുത്താമോ എന്ന ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെയാണ് ചെയ്യുന്നത്. അന്വേഷണത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തുന ഇടപെടലായിട്ടേ അതിനെ കാണാനാകൂ. അത്തരം ഒരു രീതിയോട് യോജിക്കാനാകില്ല- പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ഒഞ്ചിയം മേഖലയിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ ശക്തമായ ആക്രമണങ്ങളാണ് നടക്കുന്നത്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അറുപതോളം വീടുകള്‍ തീവെച്ച് നശിപ്പിച്ചു. ബാങ്കുകള്‍, വായനശാലകള്‍, നീതിസ്റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം നശിപ്പിക്കപ്പെടുന്നു. 1972 കാലത്ത് ഒറ്റപ്പെട്ട നിലയിലും അടിയന്തരാവസ്ഥ കാലത്ത് വ്യാപകമായ നിലയിലും നടന്ന രീതിയിലുള്ള ആക്രമണങ്ങളാണ് ഒഞ്ചിയത്ത് നടക്കുന്നത്. പൊലീസ് സംരക്ഷണയിലാണ് പാര്‍ട്ടി വിരുദ്ധര്‍ ആക്രമണം നടത്തുന്നത്. മാരകായുധങ്ങളുമായി ആക്രമിക്കുന്നവരെ പ്രതിരോധിക്കാന്‍ തയ്യാറാവുന്നവരെ കസ്റ്റഡിയിലെടുക്കുന്ന നിലയാണുള്ളത്. പൊലീസ് സംരക്ഷണത്തോടെയാണ് ആയുധങ്ങളുമായി അക്രമികള്‍ റോന്ത് ചുറ്റുന്നത്. മുയിപ്ര ഭാഗത്താണ് ഇത്തരം ആക്രമണം രൂക്ഷം. സിപിഐ എമ്മില്‍ നിന്ന് രാജിവെയ്ക്കണം അല്ലെങ്കില്‍ നാടുവിടണം എന്നതാണ് അവരുടെ ആഹ്വാനം. നിരോധനാജ്ഞയുടെ മറവില്‍ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും തടയുന്ന പൊലീസ് അക്രമികളെ പിന്തുണയ്ക്കുകയാണ്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സിപിഐ എമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ് യുഡിഎഫ് ശ്രമം. ഇതൊന്നും നെയ്യാറ്റിന്‍കരയില്‍ വിലപ്പോകില്ല. വഞ്ചകനെതിരായ വികാരം നെയ്യാറ്റിന്‍കരയയിലെ ജനങ്ങളിലുണ്ട്. എല്‍ഡിഎഫിന് നല്ലരീതിയില്‍ ജയിച്ചുവരാനുള്ള സാഹചര്യം തന്നെയാണ് നെയ്യാറ്റിന്‍കരയിലുള്ളതെന്നും പിണറായി പറഞ്ഞു.


പൊലീസ് അന്വേഷണം വഴിതെറ്റി: പിണറായി

തിരു: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ അന്വേഷണസംഘത്തിനുമേല്‍ ഭരണനേതൃത്വത്തിന്റെ കനത്ത സമ്മര്‍ദമുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേസിന്റെ പേരില്‍ സിപിഐ എമ്മിനെ വേട്ടയാടാമെന്ന് ആരും കരുതേണ്ട. ഭരണനേതൃത്വം കണ്ടെത്തുന്നവരെ കുറ്റവാളികളായി ചിത്രീകരിച്ച് കേസ് എടുപ്പിക്കുന്ന രീതിയാണിപ്പോള്‍- പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ടിയുടെ രണ്ട് പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദം അന്വേഷണസംഘത്തിനുമേല്‍ ഉണ്ടായി. വധവുമായി ബന്ധമില്ലെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്. നിഷ്ഠുരമായ വധത്തെ പാര്‍ടി അപലപിച്ച് ദുഃഖം രേഖപ്പെടുത്തുകയുംചെയ്തു. എന്നാല്‍, പാര്‍ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേ അടങ്ങൂവെന്ന വാശിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റും. ഇതുവരെയുള്ള അന്വേഷണത്തെപ്പറ്റി ഒരു പരാമര്‍ശവും ഞങ്ങള്‍ നടത്തിയില്ല. അന്വേഷണ ചുമതലയുള്ള വിന്‍സന്‍ എം പോളും അനൂപ് കുരുവിളയെപ്പോലുള്ളവരും വലിയ ആക്ഷേപങ്ങള്‍ക്ക് ഇടംനല്‍കാത്തവരാണ്. എന്നാല്‍, രണ്ട് പ്രമുഖ നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനുള്ള തെളിവില്ലല്ലോയെന്നായിരുന്നു സംഘത്തിലെ പ്രധാനികളുടെ മറുപടി. അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഈ ടീമില്‍നിന്ന് ഒഴിഞ്ഞോ എന്നാണ് അപ്പോള്‍ ഭരണനേതൃത്വം പ്രതികരിച്ചത്.

അറസ്റ്റിന് തയ്യാറാകാത്തവരെ ടീമില്‍നിന്ന് ഫലത്തില്‍ ഒഴിവാക്കുന്ന നിലയുണ്ടായി. ഇപ്പോള്‍ കാര്യം നടത്താന്‍ ചുമതലപ്പെട്ടയാള്‍ കോണ്‍ഗ്രസിനും യുഡിഎഫിലെ പ്രമുഖര്‍ക്കും പ്രിയപ്പെട്ട വടകര റൂറല്‍ എസ്പി രാജ്മോഹനാണ്. ഇദ്ദേഹം "കഴിവുറ്റ" ഉദ്യോഗസ്ഥനായതിനാലാണ് അനര്‍ഹമായും മാനദണ്ഡം ലംഘിച്ചും കിട്ടിയ ഐപിഎസ് കേന്ദ്രം റദ്ദാക്കിയത്. ഇപ്പോള്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നല്‍കിയ സ്റ്റേയുടെ ബലത്തില്‍ ഐപിഎസായി നില്‍ക്കുകയാണ്. യുഡിഎഫ് മനസ്സില്‍ കാണുന്നത് ആകാശത്തു കാണാന്‍ കഴിവുള്ള ഈ ഉദ്യോഗസ്ഥനെ പ്രധാന ചുമതല ഏല്‍പ്പിച്ചത് വെറുതെയല്ല. ഇദ്ദേഹത്തിന്റെ കഴിവ് ഒന്നാം മാറാട് കലാപത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതാണ്. അന്നവിടെ ഇന്‍സ്പെക്ടറായിരുന്നു. അതുകൊണ്ടാവണം ഒന്നാം മാറാട് കൂട്ടക്കൊലയിലെ പ്രതികള്‍ കൈയുംവീശി നാട്ടില്‍ നടക്കുന്നത്. യുഡിഎഫും കോണ്‍ഗ്രസും എന്തുപറഞ്ഞാലും കേള്‍ക്കുന്ന ഈ ഉദ്യോഗസ്ഥന്റെ ചുമതലയിലുള്ള കേസന്വേഷണം ഭരണനേതൃത്വം തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ്. കല്യാണവീട്ടില്‍ ഗൂഢാലോചന നടന്നുവെന്ന പ്രചാരണം അതിന്റെ ഭാഗമാണെന്ന് വ്യക്തം. ഇതിനുസരിച്ചാണ് കേസ് ചമയ്ക്കുന്നത്.

12 പേരെ കസ്റ്റഡിയിലെടുത്തു. സിപിഐ എം കൂത്തുപറമ്പ് ഏരിയകമ്മിറ്റി ഓഫീസ് സെക്രട്ടറി ബാബുവിനെ മറ്റൊരു കേസിനെപ്പറ്റി ചോദിക്കാനുണ്ടെന്ന് പറഞ്ഞ് കൂത്തുപറമ്പ് സിഐ വിളിച്ചുവരുത്തി വടകര ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുപോയി. എം വി ജയരാജനും മറ്റും കണ്ടപ്പോള്‍ ബാബുവിനെ പൊലീസ് ക്രൂരമായിമര്‍ദിച്ചുവെന്നാണ് മനസിലാക്കിയത്. മര്‍ദിക്കുക മാത്രമല്ല, കേസില്‍ പാര്‍ടി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പറയിക്കാനും ശ്രമം നടന്നു. അതിനുവേണ്ടിയായിരുന്നു മര്‍ദനം. ആദ്യം പ്രതികളെ നിശ്ചയിച്ച് അവരുടെമേല്‍ കള്ളത്തെളിവുകളും സാക്ഷിമൊഴിയും ഉണ്ടാക്കുന്ന അന്വേഷണരീതി അംഗീകരിക്കാനാകില്ല. അന്വേഷണം അതിന്റെ മുറയ്ക്ക് നടക്കട്ടെയെന്ന നിലപാടിലായിരുന്നു സിപിഐ എം ഇതുവരെ. എന്നാല്‍, ശരിയായി പോയ അന്വേഷണത്തില്‍ തെറ്റായ ഇടപെടല്‍ നടക്കുകയാണ്. സിപിഐ എമ്മിനെതിരെ ആദ്യം പ്രസ്താവന ഇറക്കിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ട് ഇടപെടുകയാണ്. സിപിഐ എമ്മിലെ പരലുകളെമാത്രമേ ഇപ്പോള്‍ പിടിച്ചിട്ടുള്ളൂ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്നാണ് മുല്ലപ്പള്ളി കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞത്. ഇതിനിണങ്ങുന്ന മട്ടില്‍ അന്വേഷണത്തെ മാറ്റാനുള്ള സമ്മര്‍ദമാണ് കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഒരു മന്ത്രി സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണിത്- പിണറായി പറഞ്ഞു.


deshabhimani news

3 comments:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഭരണാധികാരികള്‍ കുററവാളികളെ നിശ്ചയിക്കുകയും പൊലീസിനോട് അവരെ പിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അന്വേഷണസംഘത്തിനുമേല്‍ കനത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍. തെളിവില്ലാതെ സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസഥരെ അന്വേഷണ സംഘത്തില്‍ നിന്നൊഴിവാക്കുകയാണ്. ഈ കേസിന്റെ മറവില്‍ സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു

    ReplyDelete
  2. വലിയ ആക്ഷേപങ്ങളില്‍ ഉള്‍പ്പെടാത്ത പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ യുഡിഎഫ് നേതാക്കളുടെ നിര്‍ദ്ദേശത്തിനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തതിനാലാണ് ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണ ചുമതല വടകര റൂറല്‍ എസ്പി രാജ്മോഹന് നല്‍കിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫിലെ പ്രമുഖരായ ആഭ്യന്തര മന്ത്രിയടക്കമുള്ളവരുടെ കണ്ണില്‍ പരമയോഗ്യനാണ് രാജ്മോഹന്‍. ഇതിന്റെ ഭാഗമായാണ് അര്‍ഹതയില്ലാതിരുന്ന രാജ്മോഹനെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഐപിഎസ് കൊടുക്കാന്‍ തീരുമാനിച്ചത്. ഈ നടപടി കേന്ദ്രഗവണ്‍മെന്റ് റദ്ദാക്കി. ഇതിനെതിരെ സിഎടിയില്‍ കേസിന് പോയി സമ്പാദിച്ച സ്റ്റേയുടെ പിന്‍ബലത്തിലാണ് ഇദ്ദേഹം ഇപ്പോഴും ഐപിഎസ് ഉദ്യോഗസ്ഥനായി നില്‍ക്കുന്നത്. സാധാരണ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പ്രധാന ചുമതലകള്‍ നല്‍കാറില്ല. പ്രത്യേകിച്ച ലോ ആന്റ് ഓര്‍ഡറില്‍. പക്ഷെ യുഡിഎഫ് മനസില്‍ കാണുന്നത് മാനത്ത് കാണാന്‍ കഴിവുള്ള രാജ്മോഹന് ഇതിലും വലിയ സ്ഥാനങ്ങള്‍ നല്‍കിയാലും അദ്ഭുതമില്ലെന്ന് പിണറായി പറഞ്ഞു. ഒന്നാം മാറാട് കലാപം നടക്കുമ്പോള്‍ അവിടെ സിഐ ആയിരുന്ന രാജ്മോഹന്റെ അന്വേഷണമികവ് കൊണ്ടാണ് കൊലക്കേസിലെ പ്രതികള്‍ കയ്യുംവീശി നടക്കുന്ന അവസ്ഥയുണ്ടായത്. അന്നത്തെ ഗവണ്‍മെന്റ് വര്‍ഗീയമായി സമരസപ്പെട്ടുപോയതിനാല്‍ അവര്‍ പറയുന്ന പ്രതികളെയാണ് രാജ്മോഹന്‍ അറസ്റ്റ് ചെയ്തത്. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. ഗവണ്‍മെന്റും യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസ് എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഉദ്യോഗസ്ഥനാണ് രാജ്മോഹന്‍. രാജ്മോഹനെ ചുമതലയേല്‍പ്പിച്ചതോടെയാണ് ഈ കേസ് ഇപ്പോഴത്തെ നിലയില്‍ നീങ്ങുന്നതെന്നും പിണറായി പറഞ്ഞു.

    ReplyDelete
  3. ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തരമന്ത്രിയെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്താനാണ് സിപിഐ എം ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് വഴിതിരിച്ച് വിടാനാണ് സിപിഐ എം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രകടനം വളരെ മികച്ചതാണെന്ന് ചെന്നിത്തല അവകാശപ്പെട്ടു.

    ReplyDelete