റേഷന്‍കടവഴി വിതരണംചെയ്തിരുന്ന ഗോതമ്പ് ആട്ടയാക്കി കൂടിയ വിലയ്ക്ക് നല്‍കാനുള്ള തീരുമാനം സംസ്ഥാനസര്‍ക്കാര്‍ ഉപേക്ഷിച്ചു. "ദേശാഭിമാനി" ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ വിമര്‍ശവും റേഷന്‍കടയുടമകളുടെ പ്രതിഷേധവും കണക്കിലെടുത്താണിത്. റേഷന്‍കടവഴി ഗോതമ്പുവിതരണം പതിവുപോലെ തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ് "ദേശാഭിമാനി"യോടു പറഞ്ഞു. സപ്ലൈകോവഴി നിലവിലുള്ള ആട്ടവിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍കടവഴി ബിപിഎല്ലുകാര്‍ക്ക് ഒരു രൂപയ്ക്കും രണ്ടുരൂപ ധാന്യത്തിന് അര്‍ഹതയുള്ള എപിഎല്ലുകാര്‍ക്ക് രണ്ടുരൂപയ്ക്കും അതിനുമുകളിലുള്ളവര്‍ക്ക് 6.70 രൂപയ്ക്കുമാണ് ഗോതമ്പ് നല്‍കിയിരുന്നത്. ഇതു നിര്‍ത്തി മുഴുവന്‍ ഗോതമ്പും വന്‍കിട സ്വകാര്യമില്ലുകള്‍വഴി ആട്ടയാക്കി കിലോയ്ക്ക് 12 രൂപയ്ക്ക് വില്‍ക്കാനായിരുന്നു നീക്കം. ഇതിന് കേന്ദ്രാനുമതിയും സംസ്ഥാനസര്‍ക്കാര്‍ നേടിയിരുന്നു. കേന്ദ്രം സബ്സിഡിനിരക്കില്‍ അനുവദിക്കുന്ന ധാന്യം എപ്രകാരം വിതരണംചെയ്യണമെന്ന് സംസ്ഥാനസര്‍ക്കാരിനു തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി കെ വി തോമസിന്റെ നിര്‍ദേശം. ഇതിന്റെ മറവിലാണ് ഗോതമ്പ് സ്വകാര്യലോബിക്ക് കൊള്ളലാഭത്തിനു വിട്ടുകൊടുക്കാന്‍ നീക്കം ആരംഭിച്ചത്. നേരത്തെ, കേരളത്തിനു ലഭിക്കുന്ന ഗോതമ്പിന്റെ പകുതിയോളം ആട്ടയാക്കി സപ്ലൈകോവഴി വിതരണംചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇതിനുപോലും ആവശ്യക്കാരില്ലാതിരിക്കെയാണ് പുതിയ തീരുമാനം.
സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗോതമ്പ് കിട്ടാതാക്കുന്ന തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു. റേഷന്‍കടകളെ തകര്‍ക്കുന്ന നടപടിക്കെതിരെ ഒരുവിഭാഗം കടയടപ്പുസമരവും നടത്തി. വര്‍ധാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ ഗോതമ്പും ആട്ടയാക്കി വില്‍ക്കാന്‍ ആലോചിച്ചതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. എന്നാല്‍, വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി വേണ്ടെന്നുവയ്ക്കുകയാണെന്നും ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച ഇറങ്ങിയതായും അനൂപ് പറഞ്ഞു. നിലവില്‍ സപ്ലൈകോവഴിയുള്ള ആട്ടവിതരണം തുടരും. കേരളത്തിന്റെ വിഹിതമായ 11,770 ടണ്‍ ഗോതമ്പില്‍ 1000 മുതല്‍ 6850 ടണ്‍വരെ ആവശ്യത്തിനുസരിച്ച് ആട്ടയാക്കി വില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 040512
No comments:
Post a Comment