Saturday, May 5, 2012
ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചു.
ഓഞ്ചിയത്തെ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചു. അജ്ഞാത സംഘം ബോംബെറിഞ്ഞതിനു ശേഷം വെട്ടുകയായിരുന്നു. വടകര വള്ളിക്കാട് സമീപം രാത്രി 10.20നായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. അതേ സമയം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണവും ഉണ്ടായി.
ഒഞ്ചിയം കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് സി.പി.ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
കോഴിക്കോട്: ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആദ്യം ജില്ലയിലാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെങ്കിലും കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ഇത് സംസ്ഥാന വ്യാപകമാക്കുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് കെ സി അബു പറഞ്ഞു.
പീപ്പിള്‍ ടി.വി
ഫേസ്‌ബുക്കില്‍ എഴുതിയ കുറിപ്പ്
ഏത് (രാഷ്ട്രീയ) കൊലപാതകവും അപലപനീയമാണ്. ടി.പി.ചന്ദ്രശേഖരന്റെതും അങ്ങിനെ തന്നെ. പ്രതികളെ കണ്ടെത്തണം. അവര്‍ ശിക്ഷിക്കപ്പെടണം.
വാര്‍ത്ത വന്നയുടന്‍ പ്രതികളെ നിശ്ചയിക്കാനും ചാനലുകളിലൂടെ പ്രചണ്ഡമായ പ്രചരണം അഴിച്ചുവിടാനും സി.പി.എം വിരുദ്ധര്‍ അണി നിരന്നതിന്റെ സ്പീഡ് ശ്രദ്ധ ഉണര്‍ത്തുന്നതാണ്. അണി നിരന്നവരില്‍ എം.ആര്‍.മുരളി, ആസാദ്, വീരേന്ദ്രകുമാര്‍, ഷാജഹാന്‍ എന്നിവരൊക്കെ ചാനല്‍ സ്ക്രോളില്‍ നിന്ന് ഇതിനു പിന്നില്‍ ആരെന്ന് നിശ്ചയിക്കുന്നതില്‍ കാണിച്ച ഐക്യദാര്‍ഢ്യം ഒന്ന് വേറെ തന്നെയായിരുന്നു. താന്‍ ചാനല്‍ വാര്‍ത്ത മാത്രമേ കണ്ടിട്ടുള്ളൂ എന്ന് പറയുമ്പോഴും മുരളിക്ക് ഉറപ്പാണ് ചെയ്തത് ആരാണെന്ന്. ഷാജഹാനാകട്ടെ ചാനല്‍ വാര്‍ത്ത കണ്ടയുടന്‍ സാഹചര്യത്തെളിവുകള്‍ വെച്ച് പ്രതിയെ പിടികൂടി. തിരുവഞ്ചൂര്‍ വേണമെങ്കില്‍ നാളെ കൈകഴുകാന്‍ പാകത്തില്‍ കാര്യങ്ങള്‍ പറയാതെ പറഞ്ഞ് തന്റെ ദൌത്യം നിറവേറ്റി. ആഭ്യന്തരവകുപ്പിന്റെ പരാജയമാണിത് എന്ന വാദം ഉയരുന്നതിനു തടയായി മുന്‍പേ കൂട്ടി ഒരേറ്.
സി.പി.എം ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ ഇക്കാര്യം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറയുകയും ചെയ്തു.
ഓഞ്ചിയത്ത് പാര്‍ട്ടി വിട്ടുപോയ സഖാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം എന്ന് തന്നെയായിരുന്നു സി.പി.എമ്മിന്റെ നിലപാട്. പലരും വന്നിട്ടും ഉണ്ട്. (http://jagrathablog.blogspot.in/2011/03/blog-post_4541.html )
ഓഞ്ചിയത്തെ രക്തസാക്ഷി സ്ക്വയറിനു നേരെ നടന്ന ബോംബ് ആക്രമണം മറക്കാറായിട്ടില്ല.(http://jagrathablog.blogspot.com/2011/08/blog-post_2769.html )
ഇടതുപക്ഷ ഏകോപന സമിതിയിലെ തമ്മില്‍ തല്ലും നേരത്തെ വാര്‍ത്തയായിരുന്നു (http://jagrathablog.blogspot.in/2010/12/blog-post_2479.html )
ഒരു കൊലപാതകത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടയില്‍ ചിലതൊക്കെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. എങ്കിലും സി.പി.എം വിരുദ്ധത മാധ്യമങ്ങളില്‍ നിറഞ്ഞാടുമ്പോള്‍ അങ്ങിനെ ചെയ്യാതെ വയ്യ.
ശ്രീ സുനില്‍ കൃഷ്ബന്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്
ശ്രീ ടി പി ചന്ദ്രശേഖരനെ അതി നിഷ്ഠൂരമായ രീതിയിൽ കൊലപ്പെടുത്തിയത് തികച്ചും ദു:ഖകരമായിപ്പോയി.ഇന്നലെ രാത്രിയിൽ ഡൽഹിയിൽ നിന്ന് തിരികെ ചെന്നൈയിലെത്തി വീട്ടിലേക്ക് വരുന്ന വഴിയാണു വാർത്ത അറിഞ്ഞത്..സത്യമായും ഒരു നിമിഷം ഞെട്ടിപ്പോയി..
വീട്ടിലെത്തിയ ഉടനെ ടി വി വാർത്ത വച്ചു.എകദേശം 12 മണി ആയതേ ഉള്ളൂ..ചാനലുകളില്ലാം ഇതു തന്നെ വാർത്ത.എല്ലാ യു ഡി എഫ് നേതാക്കളും ഒരു മണിക്കൂറിനുള്ളിൽ തറപ്പിച്ച് പറയുന്നു, ഇതിന്റെ പിന്നിൽ സി പി ഐ എം ആണെന്ന്...ഏതെങ്കിലും ഒരു പ്രതിയെ പിടിച്ചതിനു ശേഷമാണു ഇത് പറയുന്നതെങ്കിൽ മനസ്സിലാക്കാം..രാത്രി പത്തരയോടെ നടന്ന സംഭവം.പലരും ടി വി വാർത്തയിലൂടെ അറിഞ്ഞു വരുന്നതേയുള്ളൂ..
എം ആർ മുരളി പറഞ്ഞതാണു ഏറ്റവും രസകരം: ‘ എനിക്ക് ടി വി യിൽ കണ്ട വിവരമേ ഉള്ളൂ എന്ന് പറഞ്ഞ അയാൾ എങ്കിലും സി പി ഐ എം ആണു ഇതിനു പിന്നിൽ എന്ന് ഉറപ്പാണ് എന്ന് പ്രഖ്യാപിക്കുന്നു. കേരളത്തിന്റെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ സ്വന്തം പൌരന്മാരുടെ ജീവനു ഉറപ്പ് വരുത്താൻ ഉത്തരവാദിത്വമുള്ള ആൾ ഒറ്റ നിമിഷം കൊണ്ട് പ്രഖ്യാപിക്കുന്നു :“ ആരാണു കുറ്റക്കാരെന്ന് എല്ലാവർക്കും അറിയാം “ എന്ന്...!എന്നാൽ പിന്നെ അങ്ങു പിടിച്ചാൽ പോരെ? ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും എല്ലാം കാണിച്ച ആവേശം ഇതേ ലൈനിൽ തന്നെ..ഇതൊക്കെ കാണുമ്പോൾ ഈ രാത്രിയിൽ ഇത് നടക്കുമെന്ന് ഇവരിൽ ആർക്കെങ്കിലുമൊക്കെ അറിയാമായിരുന്നു എന്ന് തോന്നിപ്പോകുന്നു.
വഴി തെറ്റിപ്പോയ സഖാവായിരുന്നു ടി പി ചന്ദ്രശേഖരൻ..വ്യക്തമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിനു ഒരിക്കലും കഴിഞ്ഞിട്ടുമില്ല.ഏത് ജനതാദളിന്റെ പേരിൽ പാർട്ടി വിട്ടോ, അതേ ജനതാദലിന്റെ കൂടെ തിരഞ്ഞെടുപ്പിൽ പിന്നീട് ചേരാൻ അദ്ദേഹത്തിനു മടി ഉണ്ടായിട്ടില്ല.ഇതിന്റെ ഒക്കെ ഫലമായി അദ്ദേഹത്തിന്റെ പാർട്ടിയുടെ സ്വാധീനം തന്നെ കുറഞ്ഞ് വരികയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ ,സി പി ഐ എമ്മിനു അദ്ദേഹത്തെ കൊലപ്പെടുത്തേണ്ട ഒരു കാരണവുമില്ല.പാർട്ടിയിൽ നിന്ന് ഇതിലും വമ്പന്മാർ എത്രയോ പേർ പോവുകയും പ്രസ്ഥാനത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.അവരിൽ ഒരാളെ പോലും ഈ പ്രസ്ഥാനം കായികമായി ഇല്ലായ്മ ചെയ്തിട്ടില്ല.
എത്രയും വേഗം നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.ഇവർ തന്നെ പ്രതികളെ കണ്ടെത്തിയ സ്ഥിതിക്ക് അത് നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മുത്തൂറ്റ് പോൾ വധക്കേസിൽ മാധ്യമങ്ങൾ പ്രതികളെ കണ്ടത്തിയ പോലെ ഒരു സാഹചര്യമാണു നില നിൽക്കുന്നത്..
ശ്രീ പ്രീജിത്ത് രാജ് എഴുതിയത്
ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അപലപനീയമാണ്. ഈ കൊലപാതകം ചില സംശയങ്ങള്‍ ബാക്കി വെക്കുന്നുമുണ്ട്.
സി പി ഐ എം ആണ് ഈ പാതകത്തിന് പിന്നിലെന്ന് സ്ഥാപിക്കാനുള്ള കേന്ദ്ര-കേരള ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന കോണ്‍ഗ്രസുകാരുടെ അമിതമായ വ്യഗ്രത.
കോഴിക്കോട് ജില്ലയില്‍ ഡി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്താകമാനമായി വ്യാപിപ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് കാണിച്ച വ്യഗ്രത.
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന വാമൊഴി വഴക്കത്തിന്റെ മാത്രം പിന്‍ബലത്തില്‍ സിപിഐഎം നെ പ്രതിക്കൂട്ടിലാക്കി കൊണ്ട് എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്ത് കോഴിക്കോട്ടേക്ക് പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യഗ്രത.
അഞ്ചാം മന്ത്രി വിഷയത്തിലൂടെ തലയില്‍ മുണ്ടിട്ട് നടക്കുന്ന മുസ്ലീംലീഗിന് തിരികെ പൊതുസമൂഹത്തിലേക്ക് വരാനുള്ള വ്യഗ്രത.
എന്‍ ഡി എഫിന് മുസ്ലീംലീഗിനകത്ത് കയറിപറ്റി ലീഗിനെ ഹൈജാക്ക് ചെയ്യാനുള്ള വ്യഗ്രത.
കോടികളടങ്ങുന്ന സ്യൂട്ട്‌കെയ്‌സുകളും കൊണ്ട് കാല് മാറ്റാന്‍ നടന്നവര്‍ അതില്‍ സാധ്യത ഇല്ലെന്ന് മനസിലാക്കുകയും പുതിയ രീതിശാസ്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയവും മത തീവ്രവാദവും അതിരുകള്‍ ഭേദിച്ച് ഒന്നാവുമ്പോള്‍ മനുഷ്യത്വത്തിന്റെ അവസാന കണികയും നഷ്ടപ്പെട്ടുപോവുന്നു.
Subscribe to:
Post Comments (Atom)
ഓഞ്ചിയത്തെ ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ചു. അജ്ഞാത സംഘം ബോംബെറിഞ്ഞതിനു ശേഷം വെട്ടുകയായിരുന്നു. വടകര വള്ളിക്കാട് സമീപം രാത്രി 10.20നായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. അതേ സമയം സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണവും ഉണ്ടായി.
ReplyDeleteഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകം ആസൂത്രണം ചെയ്തെന്ന് കരുതുന്ന വാഴപ്പടക്കി റഫീഖിന്റെ സഹോദരന്‍ ഹാരിസ്, വാഹനമുടമ കെ പി നവീന്‍ദാസ്, ഇയാളുടെ അനുജന്‍ വിജീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. വാഹനം ഹാരിസ് വാടകയ്ക്കെടുത്ത് റഫീഖിന് കൈമാറുകയായിരുന്നു. അക്രമികള്‍ സഞ്ചരിച്ച കെ എല്‍ 58 ബി 8144 നമ്പര്‍ ഇന്നോവ കാറും പൊലീസ് കണ്ടെടുത്തു. പാനൂര്‍ ചൊക്ലിയില്‍ നിന്നും കണ്ടെടുത്ത വാഹനം വടകര ഐജി ഓഫീസിലേക്ക് കൊണ്ടുവരും. സംഭവം നടക്കുമ്പോള്‍ ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറല്‍ എസ്പി ടി കെ രാജ്മോഹനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എഡിജിപി വിന്‍സന്‍ എം പോളിന് അന്വേഷണത്തിന്റെ മേല്‍നോട്ടവും നല്‍കിയിട്ടുണ്ട്.
ReplyDelete