Saturday, May 5, 2012

കൂടംകുളം പദ്ധതിയില്‍നിന്ന് കേരളത്തിന് വൈദ്യുതി കിട്ടില്ല


 കൂടംകുളം ആണവ നിലയത്തില്‍നിന്നുള്ള മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് പ്രധാനമന്ത്രികാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി വി നാരായണസ്വാമി ലോക്സഭയില്‍ അറിയിച്ചു. കേരള സര്‍ക്കാര്‍ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ആവശ്യത്തിന് കേന്ദ്രം വഴങ്ങുന്നത്. തമിഴ്നാടിന്റെ ആവശ്യത്തില്‍ പ്രധാനമന്ത്രി അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലും വ്യക്തമാക്കി.
കൂടംകുളം നിലയത്തില്‍നിന്നുള്ള മുഴുവന്‍ വൈദ്യുതിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ഏപ്രില്‍ 25ന് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. മാര്‍ച്ച് 31നും ജയലളിത ഇതേ ആവശ്യം ഉന്നയിച്ചു. ആയിരം മെഗാവാട്ട് വീതം ഉല്‍പ്പാദനശേഷിയുള്ള രണ്ട് യൂണിറ്റാണ് കൂടംകുളത്ത് കമീഷന്‍ ചെയ്യുന്നത്. ആദ്യയൂണിറ്റിന്റെ പ്രവര്‍ത്തനം അടുത്ത മാസം തുടങ്ങും. പദ്ധതിയില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ടത് 266 മെഗാവാട്ട് വൈദ്യുതിയാണ്. തമിഴ്നാടിന് 925 മെഗാവാട്ടും. എന്നാല്‍, തങ്ങളുടെ വൈദ്യുതിപ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിന്റെ വിഹിതം റദ്ദാക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. വൈദ്യുതി കൊണ്ടുപോകാനുള്ള ലൈനുകള്‍ കേരളം നിര്‍മിച്ചിട്ടില്ലെന്നതും തമിഴ്നാട് ന്യായീകരണമായി ഉയര്‍ത്തുന്നു.

രാഷ്ട്രപതിതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നിലപാട് ശക്തമാക്കാനാണ് തമിഴ്നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ തീരുമാനം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ പിന്തുണ യുപിഎ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. യുപിഎ സഖ്യകക്ഷിയായ ഡിഎംകെയും അധികവൈദ്യുതിക്കായി കേന്ദ്രസര്‍ക്കാരിലെ സ്വാധീനം ഉപയോഗിക്കാമെന്ന് കണക്കുകുട്ടുന്നു. കഴിഞ്ഞ ദിവസം ഡിഎംകെയുടെ ടി ആര്‍ ബാലുവാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. തമിഴ്നാടിന്റെ നീക്കം ചെറുക്കാന്‍ കേരളസര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ല. ഇത് മുതലെടുത്താണ് തമിഴ്നാട് ഏകപക്ഷീയമായി മുന്നോട്ടു പോകുന്നത്. അതിനിടെ വള്ളൂര്‍ വൈദ്യുതിനിലയത്തില്‍നിന്ന് കേരളത്തിന് ലഭിക്കേണ്ട 50 മെഗാവാട്ടും &ാറമവെ;നെയ്വേലി പദ്ധതിയുടെ വിപുലീകരണത്തിലൂടെ കിട്ടേണ്ട വൈദ്യുതിയും ഇല്ലാതാക്കാന്‍&ാറമവെ; തമിഴ്നാട് ചരടുവലിക്കുന്നുണ്ട്.

deshabhimani 040512

1 comment:

  1. കൂടംകുളം ആണവ നിലയത്തില്‍നിന്നുള്ള മുഴുവന്‍ വൈദ്യുതിയും തമിഴ്നാടിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് പ്രധാനമന്ത്രികാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി വി നാരായണസ്വാമി ലോക്സഭയില്‍ അറിയിച്ചു. കേരള സര്‍ക്കാര്‍ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ആവശ്യത്തിന് കേന്ദ്രം വഴങ്ങുന്നത്. തമിഴ്നാടിന്റെ ആവശ്യത്തില്‍ പ്രധാനമന്ത്രി അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലും വ്യക്തമാക്കി.

    ReplyDelete