Wednesday, May 23, 2012

ഒഞ്ചിയത്തെ അതിക്രമങ്ങള്‍: കേസെടുക്കാതെ പൊലീസ്


ഒഞ്ചിയത്തും പരിസരത്തും പാര്‍ടിവിരുദ്ധര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ബോംബേറും അക്രമവും ആവര്‍ത്തിക്കുന്നതിനിടെയാണ് പൊലീസ് അനാസ്ഥ. യുഡിഎഫ് നേതാക്കളുടെ, പ്രത്യേകിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലാണ് ആര്‍എംപിക്കാര്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ കാരണം. 78 വീടുകള്‍ ആക്രമിച്ചിട്ടും ചുരുക്കം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ ഇട്ടതല്ലാതെ തുടരന്വേഷണം ഉണ്ടായില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വകുപ്പുകള്‍ ദുര്‍ബലവുമാണ്.

പൊലീസും ഭരണനേതൃത്വവും കാട്ടുന്ന അലസത അക്രമികള്‍ക്ക് തുണയാകുന്നു. തിങ്കളാഴ്ചയും സിപിഐ എം പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞു. ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിനടുത്തുള്ള ശില്‍പി പ്രഭകുമാറിന്റെ വീടാണ് ആക്രമിച്ചത്. എടച്ചേരി, ചോമ്പാല, വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അക്രമം. എടച്ചേരി സ്റ്റേഷനില്‍ 53 കേസ് രജിസ്റ്റര്‍ ചെയ്തു. ചോമ്പാലയില്‍ 42 ഉം. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രാഥമികാന്വേഷണത്തിനു പോലും തയ്യാറായിട്ടില്ല. നിരോധനാജ്ഞയുള്ളതിനാല്‍ ഈ പ്രദേശങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് തണലിലാണ് വീട് തകര്‍ക്കലും കൊള്ളയും.

സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍, പാര്‍ടി ഓഫീസുകള്‍, ബാങ്ക്, കടകള്‍, വായനശാലകള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ കത്തിക്കുകയും എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. പല വീടുകളും താമസയോഗ്യമല്ല. ഒഞ്ചിയം രക്തസാക്ഷി സി കെ ചാത്തുവിന്റെ സഹോദരി കല്ല്യാണിക്ക് പാര്‍ടി നിര്‍മിച്ചുകൊടുത്ത വീടും തകര്‍ത്തു. പല വീട്ടില്‍നിന്നും ആഭരണങ്ങള്‍, പണം, വസ്ത്രങ്ങള്‍, ടെലിവിഷന്‍, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവ കവര്‍ച്ചചെയ്തു. പത്തോളം സിപിഐ എം പ്രവര്‍ത്തകരാണ് വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഇവരില്‍ പലരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ച് കാറുകള്‍ കത്തിച്ചു. ഒമ്പത് ഇരുചക്രവാഹനങ്ങള്‍ തകര്‍ത്തു. ഓട്ടോറിക്ഷകള്‍, ഗുഡ്സ് ഓട്ടോകള്‍, വാനുകള്‍ എന്നിവയും കത്തിച്ചു. ഒഞ്ചിയം സര്‍വീസ് സഹകരണബാങ്ക്, നീതിസ്റ്റോര്‍, വായനശാലകള്‍ എന്നിവക്കും തീയിട്ടു. ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫീസുമുതല്‍ ബ്രാഞ്ച് ഓഫീസുകള്‍ വരെയും ആണ്ടി മാസ്റ്റര്‍ സ്മാരകവായനശാല, എ കെ ജി സ്മാരക വായനശാല എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങളും അക്രമത്തിനിരയായി. ധീരരക്തസാക്ഷി മണ്ടോടി കണ്ണന്റെ പേരിലുള്ള ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ചു. പലയിടത്തും ജനപ്രതിനിധികള്‍ ഇടപെട്ടപ്പോഴാണ് പൊലീസ് പേരിനു വന്ന് അന്വേഷിച്ചത്. പൂര്‍ണമായ കണക്കെടുത്താല്‍ നഷ്ടം അഞ്ചുകോടിയെങ്കിലും വരുമെന്ന് കണക്കാക്കുന്നു.
(പി വി ജീജോ)

deshabhimani 230512

1 comment:

  1. ഒഞ്ചിയത്തും പരിസരത്തും പാര്‍ടിവിരുദ്ധര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ബോംബേറും അക്രമവും ആവര്‍ത്തിക്കുന്നതിനിടെയാണ് പൊലീസ് അനാസ്ഥ. യുഡിഎഫ് നേതാക്കളുടെ, പ്രത്യേകിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലാണ് ആര്‍എംപിക്കാര്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ കാരണം. 78 വീടുകള്‍ ആക്രമിച്ചിട്ടും ചുരുക്കം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ ഇട്ടതല്ലാതെ തുടരന്വേഷണം ഉണ്ടായില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വകുപ്പുകള്‍ ദുര്‍ബലവുമാണ്.

    ReplyDelete