Saturday, May 19, 2012

തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപ്പന്തമാകും: പിണറായി


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിന്റെ ഏതെങ്കിലും നേതാവിനെ കളവായി പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വടകരയില്‍ സംഘടിപ്പിച്ച കേളുവേട്ടന്‍-നായനാര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ സംഘടിതമായി ശ്രമിച്ചാല്‍ പാര്‍ട്ടി ഒരു തീപ്പന്തമായി മാറും. കേസന്വേഷണം തെറ്റായ രീതിയില്‍ പോയാല്‍ അതിനെ നേരിടാന്‍ പാര്‍ട്ടിയ്ക്ക് കഴിയുമെന്നും പിണറായി പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുന്‍പും അടിയന്തരാവസ്ഥ കാലത്തും സിപിഐ എമ്മിനെതിരെ ഭീകരമായ ആക്രമണമാണ് നടന്നത്. അന്ന് സിപിഐ എമ്മിനെ ഒറ്റുകൊടുക്കാന്‍ കുട്ടുനിന്ന വ്യക്തിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്ന് പാര്‍ട്ടി തകര്‍ന്നിട്ടില്ല. പാര്‍ട്ടിയ്ക്ക് കരുത്ത് കൂടുന്നതാണ് കേരളം കണ്ടത്. ഇത്തരത്തിലുള്ള ഒരു മര്‍ദ്ദന സംവിധാനത്തിനും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. അടിയന്തരാവസ്ഥയിലെ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

കേസില്‍ അറസ്റ്റ് ചെയ്ത ചിലരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഒരു ദിവസം കസ്റ്റഡിയില്‍ കിടന്ന കൂത്തുപറമ്പ് ഓഫീസ് സെക്രട്ടറി ബാബുവിന്റെ അനുഭവം എല്ലാവരും കണ്ടതാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എം നേതാവ് പനോളി വല്‍സന് പങ്കുണ്ടെന്ന് പറയാനാണ് ബാബുവിനെ മര്‍ദ്ദിച്ചത്. പൊലീസ് കസ്റ്റഡിയിലായ ബാബു മൂന്ന് തവണ ബോധം കെട്ടുവീണു. ഇയാള്‍ക്ക് ഭക്ഷണം നല്‍കിയില്ല. ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അപ്പോള്‍ 14 ദിവസം കസ്റ്റഡിയില്‍ കിടക്കുന്നവരെ കുറിച്ച് പറയേണ്ടതില്ലല്ലോ. ശാസ്ത്രീയമായ അന്വേഷണത്തെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ ആളുകളെ തല്ലുന്നതാണോ ശാസ്ത്രീയ അന്വേഷണമെന്ന് വ്യക്തമാക്കണം. ബാബുവിനെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ചോദ്യം ചെയ്തത് ചില മാധ്യമങ്ങള്‍ക്ക് സഹിച്ചില്ല. കസ്റ്റഡിയിലെടുത്ത ആളെ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. ബാബുവിനെ അറസ്റ്റ് ചെയ്തതാണോ എന്ന് വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഇടപെടാതെ മാറി നില്‍ക്കില്ല. പൊലീസ് കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ജുഡീഷ്വറി അന്വേഷിക്കണം. അറസ്റ്റ് ചെയ്തവരെ അന്യായമായി കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് നടപടിയെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ ചോദിച്ച ദിവസം കസ്റ്റഡിയില്‍ വിട്ടു. പൊലീസ് നടപടി ശരിയല്ല എന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ പേരില്‍ സിപിഐ എമ്മിനെ വ്യാപകമായി ആക്രമിക്കുകയാണ്. ഒഞ്ചിയത്ത് ഒരു പറ്റം പേര്‍ ആയുധവുമായി രംഗത്തുണ്ട്. പൊലീസുണ്ടെന്ന് വെച്ച് കമ്യൂണിസ്റ്റുകാരെ ഒന്നുമല്ലാതാക്കാം എന്ന് കരുതേണ്ട. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. വീട് തൊട്ട് കളിക്കുന്നത് ആരുടെയും സംസ്കാരത്തിന് യോജിച്ചതല്ല. ഒഞ്ചിയം പ്രദേശത്ത് പാര്‍ട്ടിക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനായി പാര്‍ട്ടി രംഗത്തിറങ്ങും. പാര്‍ട്ടിയ്ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് അപ്പോള്‍ കാണാം. സ്വസ്ഥതയോടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും വേണ്ടി പാര്‍ട്ടി രംഗത്തിറങ്ങും. ഇതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനായിരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം യുഡിഎഫ് രചിച്ച തിരക്കഥയില്‍ മുന്നോട്ട് പോകാതെ ശരിയായ ദിശയില്‍ നടക്കണമെന്നും പിണറായി പറഞ്ഞു.

deshabhimani news

3 comments:

  1. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിന്റെ ഏതെങ്കിലും നേതാവിനെ കളവായി പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വടകരയില്‍ സംഘടിപ്പിച്ച കേളുവേട്ടന്‍-നായനാര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. തീപ്പന്തങ്ങളുടെ കഥകള്‍ കുറെ കേട്ടതാ .....ഇത്തരം വാചക കസര്‍ത്തുകള്‍ ഇനി നാട്ടില്‍ എല്ക്കില്ലന്നു പറഞ്ഞു മനസ്സിലാക്കികൊടുക്കൂ ജാഗ്രതക്കാരെ ....................

    ReplyDelete
  3. എല്ലാത്തിലും ഉപരി സത്യത്തിനും, മനുഷ്യത്വത്തിനും , നീതിക്കും വേണ്ടി
    നില കൊള്ളുക. അല്ലെകില്‍ അതിനായി ശ്രമിക്കുക..അതുമല്ലെങ്കില്‍ ഏറ്റവും
    നികൃഷ്ടനായ ഒരുവനായി മാറുക എന്നത് മാത്രമേ ഇതില്‍ ചെയ്യാനുള്ളൂ..അക്രമ
    രാഷ്ട്രീയം ആര് ചെയ്താലും ഏത് പാര്ട്ടിക്കാര് മരിച്ചാലും അതില്‍ അപലപിക്കാതെ
    ....ശ്ശെ..സത്യം എന്ന് പറയുന്നത് പല നിറത്തിലുള്ള ഒന്നല്ല. നിങ്ങള്‍ കരുതുന്ന
    ചുവപ്പല്ല വിപ്ലവത്തിന്റെ നിറം..അത് ചോരയുടെ മാത്രം നിറമാണ്..അതെല്ലാവര്‍ക്കും
    ഒരേ നിറത്തിലും ആണ്..പിന്നെ എങ്ങനെ നമ്മള്‍ ഓരോ മതത്തിലും ഓരോ പാര്‍ട്ടിയിലും
    പോയിപ്പെടുന്നു ?

    ReplyDelete