Wednesday, May 23, 2012

തീവെട്ടിക്കൊള്ള


വിലക്കയറ്റത്തില്‍ രാജ്യമാകെ നട്ടംതിരിയുമ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ പിറ്റേന്നാള്‍ പെട്രോള്‍ വില കുത്തനെ കൂട്ടി. നികുതിയടക്കം ലിറ്ററിന് 7.54 രൂപ വര്‍ധിപ്പിക്കാനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. പെട്രോള്‍ വിലയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വര്‍ധനയാണിത്. കേരളത്തില്‍ കേന്ദ്ര, സംസ്ഥാന നികുതിയടക്കം വില 9.70 രൂപ വര്‍ധിക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ വിലനിരക്ക് നിലവില്‍ വന്നു.

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വിലകളും വൈകാതെ ഗണ്യമായി കൂട്ടുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വിലക്കയറ്റം നിയന്ത്രണാതീതമാകും. സാധാരണക്കാര്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമാണ് ഈ വിലവര്‍ധന. എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് 2005-2006 സാമ്പത്തികവര്‍ഷം മുതല്‍ ഇതുവരെ 26 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളാണ് കേന്ദ്രം നല്‍കിയത്. അന്യായമായ വിലവര്‍ധനയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടതുപക്ഷപാര്‍ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ ആഹ്വാനംചെയ്തു.

വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ലിറ്ററിന് 7.54 രൂപ വര്‍ധിച്ച്് 73.18 രൂപയാകും. ലിറ്ററിന് നാലുരൂപയുടെ വര്‍ധനയാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടതെങ്കിലും റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികളെ കൂടി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്രയും ഉയര്‍ത്തിയത്. കമ്പനികള്‍ 6.28 രൂപയാണ് വര്‍ധിപ്പിച്ചത്. നികുതികള്‍ കൂടി ചേരുമ്പോഴാണ് വില്‍പനവിലയിലെ അധിക വര്‍ധന. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് ന്യായീകരണമായി കമ്പനികള്‍ പറയുന്നത്. യഥാര്‍ഥത്തില്‍ അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഇടിയുന്ന പ്രവണതയാണ് ഇപ്പോള്‍. ബുധനാഴ്ച ക്രൂഡോയില്‍ വില അന്താരാഷ്ട്രവിപണിയില്‍ വീപ്പയ്ക്ക് 91 ഡോളറായി ഇടിഞ്ഞിരുന്നു. രൂപയുടെ മൂല്യം ഇടിവാകട്ടെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യങ്ങളുടെ ഭാഗമാണ്. വിപണി സമ്പദ്വ്യവസ്ഥയില്‍ സംഭവിക്കുന്ന സാധാരണ ചാഞ്ചാട്ടം മാത്രമാണ് രൂപയുടെ മൂല്യത്തിലെ മാറ്റമെന്നാണ് പ്രധാനമന്ത്രിയുടെ വാദം. രൂപയുടെ മൂല്യത്തില്‍ വരുന്ന ഒരുരൂപയുടെ മാറ്റം 8000 കോടി രൂപയുടെ വാര്‍ഷികനഷ്ടം വരുത്തുമെന്നാണ് എണ്ണക്കമ്പനികളുടെ ന്യായം. ഇപ്രകാരം 72,000 കോടിയുടെ നഷ്ടം ഒരുവര്‍ഷത്തില്‍ സംഭവിച്ചെന്ന് കമ്പനികള്‍ പറയുന്നു.

2011-12ല്‍ 1,38,541 കോടിയുടെ വരുമാനഷ്ടം സംഭവിച്ചെന്നും നടപ്പുവര്‍ഷം ഇത് 1,93,880 കോടിയായി ഉയരുമെന്നും കമ്പനികള്‍ മുന്നറിയിപ്പു നല്‍കുന്നു. പെട്രോള്‍ വിലയില്‍ ലിറ്ററിന് 6.28 രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. അത് അതേപടി ഇപ്പോള്‍ സര്‍ക്കാര്‍ നികത്തി. ഇതിനുപുറമെ ഡീസല്‍, എല്‍പിജി, മണ്ണെണ്ണ എന്നിവയുടെ വില്‍പ്പനയില്‍ പ്രതിദിനം 500 കോടി നഷ്ടമുണ്ടെന്നും കമ്പനികള്‍ പറയുന്നു. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ ഇറക്കുമതി വിലയും ആഭ്യന്തര വില്‍പ്പനവിലയും തമ്മിലുള്ള അന്തരമാണ് കമ്പനികള്‍ നഷ്ടമായി ചിത്രീകരിക്കുന്നത്. ഇറക്കുമതി വിലയ്ക്ക് തുല്യമായി വിറ്റാല്‍ നേടാന്‍ സാധിക്കുന്ന വരുമാനത്തിലെ കുറവെന്നാണ് യഥാര്‍ഥത്തില്‍ "നഷ്ടത്തുകയെ" വിശേഷിപ്പിക്കേണ്ടത്. പെട്രോളിയം ഉല്‍പ്പന്നങ്ങളൊന്നും ഇന്ത്യ നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ല. ക്രൂഡോയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് ആഭ്യന്തരമായി സംസ്കരിച്ച് വിവിധ ഉല്‍പ്പന്നങ്ങളാക്കുകയാണ്. ക്രൂഡോയില്‍ സംസ്കരണത്തില്‍ ഏറെ പുരോഗതി കൈവരിച്ച ഇന്ത്യക്ക് മറ്റു രാജ്യങ്ങളേക്കാള്‍ കുറഞ്ഞനിരക്കില്‍ ഇന്ധനങ്ങള്‍ വില്‍ക്കാനാകും.
(എം പ്രശാന്ത്)

കേരളത്തിന് വന്‍പ്രഹരം

പെട്രോള്‍ വിലവര്‍ധന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വന്‍പ്രഹരമാകും. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ കടുത്ത ദുരിതത്തിലാണ് ഇപ്പോള്‍ത്തന്നെ കേരളം. വിലവര്‍ധന സംസ്ഥാനത്തെ കുടുംബങ്ങളെയാകെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഇരുട്ടടി. മക്കളുടെ പഠനാവശ്യത്തിന് പണം സ്വരൂപിക്കാന്‍ രക്ഷിതാക്കള്‍ പാടുപെടുന്നതിനിടയ്ക്കുണ്ടായ വിലവര്‍ധന കുടുംബബജറ്റ് തകര്‍ക്കും. പലവ്യഞ്ജനങ്ങള്‍ക്കൊപ്പം പച്ചക്കറിക്കും മത്സ്യം, ഇറച്ചി, മുട്ട തുടങ്ങിയവയ്ക്കും ദിവസംതോറും വില കൂടുകയാണ്. ഹോട്ടല്‍ ഭക്ഷണത്തിനും തോന്നിയ വില ഈടാക്കുന്നു. ബസ്, ഓട്ടോറിക്ഷ, ടാക്സി യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ കടന്നാക്രമണം.

വൈദ്യുതിനിരക്ക് വര്‍ധന, യാത്രാനിരക്ക് ഉയര്‍ത്തല്‍, പാല്‍ വിലക്കയറ്റം എന്നിവ കുടുംബബജറ്റ് ഇപ്പോള്‍ത്തന്നെ താളം തെറ്റിച്ചിരിക്കുകയാണ്. പാചകവാതകത്തിന്റെ വിലയും ഉടന്‍ കൂടുന്നത് കുടംബങ്ങളെയാണ് ഏറെ ബാധിക്കുക. യുഡിഎഫ് സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് പിന്മാറിയതോടെ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഇതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ എരിതീയില്‍ എണ്ണയൊഴിച്ചത്. റേഷന്‍ ഷാപ്പുകളില്‍ അരി കിട്ടാത്തതും ഒരു രൂപ അരി വിതരണത്തിന്റെ പേരുപറഞ്ഞ് രണ്ടുരൂപ അരി പദ്ധതി പൊളിച്ചതും സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ ബഹുഭൂരിപക്ഷം കാര്‍ഡുടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കിയിരുന്നു. അന്ന് വിപണിയില്‍ ഇതിന്റെ നല്ല പ്രതിഫലനമുണ്ടായി. അരിക്ക് നല്ലതോതില്‍ വിലകുറഞ്ഞു. എന്നാല്‍, യുഡിഎഫ് അധികാരത്തില്‍വന്ന് മാസങ്ങള്‍ക്കകം രണ്ടുരൂപയുടെ അരിവിതരണം തടസ്സപ്പെടുത്തി. അനാവശ്യനിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് പദ്ധതി തടഞ്ഞു. ഇതിനൊപ്പം എല്ലാ നിത്യോപയോഗസാധനങ്ങള്‍ക്കും വിലകൂടി. മാവേലി സ്റ്റോറുകള്‍ അടക്കമുളള പൊതുവിതരണശൃംഖല നോക്കുകുത്തിയാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള പച്ചക്കറിവിതരണവും മുടങ്ങി. ഇതോടെ എല്ലാ സാധനങ്ങള്‍ക്കും വിലകുതിച്ചുകയറി.

സര്‍ക്കാരിന്റെ വിപണിയില്‍നിന്നുള്ള പിന്മാറ്റം കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും കൊള്ളലാഭം കൊയ്യാന്‍ അവസരമായി. സാധനവില പിടിച്ചുനിര്‍ത്തുമെന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടിയും യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്നില്ല. വിലനിയന്ത്രണത്തിനായി കൂടുതല്‍ പണം അനുവദിക്കുന്ന പ്രശ്നമില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം തടയാനെന്നപേരില്‍ ചില ചര്‍ച്ചാപ്രഹസനങ്ങള്‍ മാത്രമാണ് കഴിഞ്ഞ ഒരുവര്‍ഷം ഉണ്ടായത്. പെട്രോള്‍വിലക്കയറ്റം വാഹനഉടമകളെ ദുരിതത്തിലാക്കിയിട്ട് ഏറെയായി. വായ്പയെടുത്ത് വാഹനം വാങ്ങിയവരില്‍ വലിയ വിഭാഗം പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വിഷമിക്കുന്നു. അതിനിടയില്‍ അടിക്കടി ഇന്ധനവില ഉയരുന്നത് അവരുടെ ദുരിതം ഇരട്ടിയാക്കി. വാഹനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പലരും. ഓട്ടോറിക്ഷ അടക്കമുള്ള ചെറുകിട വാഹനഉടമകളും ഓട്ടോഡ്രൈവര്‍മാരും ഇപ്പോള്‍ത്തന്നെ വല്ലാതെ വിഷമിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. നിത്യച്ചെലവിനുള്ള വകകിട്ടാന്‍ പാടുപെടുന്നവരാണ് ഭൂരിപക്ഷവും. മിനിമം യാത്രാനിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും ഇതില്‍കൂടുതല്‍ വാങ്ങുന്നുണ്ട്. മിനിമം നിരക്ക് 12 രൂപയാണെങ്കിലും 15 രൂപയാണ് നഗരങ്ങളില്‍ ഓട്ടോക്കാര്‍ വാങ്ങുന്നത്. ബസ് യാത്രാനിരക്ക് യുഡിഎഫ് വന്നശേഷം വര്‍ധിപ്പിച്ചു. ഇത് ഇനിയും ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടുവരികയാണ്. ഡീസല്‍ വില കൂടി വര്‍ധിക്കുന്നതോടെ അവരുടെ സമ്മര്‍ദം ശക്തമാകും.

deshabhimani 240512

1 comment:

  1. പെട്രോള്‍ വിലവര്‍ധന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വന്‍പ്രഹരമാകും. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ കടുത്ത ദുരിതത്തിലാണ് ഇപ്പോള്‍ത്തന്നെ കേരളം. വിലവര്‍ധന സംസ്ഥാനത്തെ കുടുംബങ്ങളെയാകെ കടുത്ത പരിഭ്രാന്തിയിലാഴ്ത്തി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഇരുട്ടടി. മക്കളുടെ പഠനാവശ്യത്തിന് പണം സ്വരൂപിക്കാന്‍ രക്ഷിതാക്കള്‍ പാടുപെടുന്നതിനിടയ്ക്കുണ്ടായ വിലവര്‍ധന കുടുംബബജറ്റ് തകര്‍ക്കും. പലവ്യഞ്ജനങ്ങള്‍ക്കൊപ്പം പച്ചക്കറിക്കും മത്സ്യം, ഇറച്ചി, മുട്ട തുടങ്ങിയവയ്ക്കും ദിവസംതോറും വില കൂടുകയാണ്. ഹോട്ടല്‍ ഭക്ഷണത്തിനും തോന്നിയ വില ഈടാക്കുന്നു. ബസ്, ഓട്ടോറിക്ഷ, ടാക്സി യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ കടന്നാക്രമണം.

    ReplyDelete