Tuesday, May 22, 2012

ധനസഹായ അപേക്ഷ സ്വീകരിച്ച് മുഖ്യമന്ത്രിയുടെ ചട്ടലംഘനം


യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ചേര്‍ന്ന കുടുംബയോഗങ്ങളില്‍ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായത്തിന് ഉള്‍പ്പെടെ അപേക്ഷ സ്വീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നഗ്നമായ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം. നെയ്യാറ്റിന്‍കരയില്‍ തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി പങ്കെടുത്ത അഞ്ചു കുടുംബയോഗത്തിലാണ് ജനസമ്പര്‍ക്കപരിപാടി മാതൃകയില്‍ അപേക്ഷകള്‍ സ്വീകരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് പുറമെ എപിഎല്‍ കാര്‍ഡ് ബിപിഎല്‍ കാര്‍ഡ് ആക്കാമെന്ന വാഗ്ദാനം നല്‍കിയും നൂറുകണക്കിന് അപേക്ഷ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും തെല്ലും കൂസാതെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അപേക്ഷ സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുന്നതു കണ്ട് നേരിട്ട് അപേക്ഷ സ്വീകരിക്കാതെ നേതാക്കള്‍ വാങ്ങി മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു.

കഞ്ചാംപഴഞ്ഞി, പ്ലാന്തോട്ടം, പഞ്ചായത്തോഫീസ്, ഇരുവൈക്കോണം, മാങ്കൂട്ടത്ത് എന്നിവിടങ്ങളിലാണ് കുടുംബയോഗങ്ങളുടെ മറവില്‍ വോട്ടുപിടിക്കാനുള്ള തന്ത്രം മുഖ്യമന്ത്രി പയറ്റിയത്. രോഗികളെയും പരസഹായമില്ലാതെ എഴുന്നേറ്റുനടക്കാന്‍ പോലുമാകാത്ത വികലാംഗരുള്‍പ്പടെയുള്ള പാവങ്ങളെയും യുഡിഎഫ് പ്രവര്‍ത്തകര്‍ കുടുംബയോഗങ്ങളിലേക്ക് കൊണ്ടുവന്നു. അവര്‍ക്ക് അപേക്ഷയും നല്‍കി. ധനസഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ ഇവര്‍ മുഖ്യമന്ത്രിയെ കാത്ത് മണിക്കൂറുകളോളം കാത്തിരിക്കുന്ന ദയനീയമായ കാഴ്ചയാണ് അഞ്ചു കുടുംബയോഗത്തിലും കണ്ടത്. കാലുമാറ്റരാഷ്ട്രീയത്തിനെതിരെ മണ്ഡലത്തിലെങ്ങും ഉയര്‍ന്ന ശക്തമായ ജനവികാരം മറികടക്കാനുള്ള എല്ലാ തന്ത്രവും പൊളിഞ്ഞപ്പോഴാണ് അവസാന അടവായി "ധനസഹായ" പരിപാടി ആസൂത്രണം ചെയ്തത്. ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ജനസമ്പര്‍ക്കപരിപാടിയില്‍ സ്വീകരിച്ച അപേക്ഷകള്‍ കലക്ടറേറ്റുകളില്‍ പൊടിപിടിച്ചുകിടക്കുകയാണ്.
(വി ഡി ശ്യാംകുമാര്‍)

deshabhimani 220512

1 comment:

  1. യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ചേര്‍ന്ന കുടുംബയോഗങ്ങളില്‍ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായത്തിന് ഉള്‍പ്പെടെ അപേക്ഷ സ്വീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നഗ്നമായ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം. നെയ്യാറ്റിന്‍കരയില്‍ തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി പങ്കെടുത്ത അഞ്ചു കുടുംബയോഗത്തിലാണ് ജനസമ്പര്‍ക്കപരിപാടി മാതൃകയില്‍ അപേക്ഷകള്‍ സ്വീകരിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് പുറമെ എപിഎല്‍ കാര്‍ഡ് ബിപിഎല്‍ കാര്‍ഡ് ആക്കാമെന്ന വാഗ്ദാനം നല്‍കിയും നൂറുകണക്കിന് അപേക്ഷ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും തെല്ലും കൂസാതെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അപേക്ഷ സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുന്നതു കണ്ട് നേരിട്ട് അപേക്ഷ സ്വീകരിക്കാതെ നേതാക്കള്‍ വാങ്ങി മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു.

    ReplyDelete