Tuesday, May 22, 2012

തെറ്റായ വിവരം നല്‍കിയ എസ്ഐയോട് വിശദീകരണം തേടി


ചന്ദ്രശേഖരന്‍ വധം കൊട്ടിഘോഷിക്കുന്നത് ദുഷ്ടലാക്കോടെ: തിലകന്‍

പെരിങ്ങോം(കണ്ണൂര്‍): പത്താംക്ലാസുകാരന്‍ സഹപാഠിയെ കൊലപ്പെടുത്തിയപ്പോഴും അച്ഛന്‍ മകളെ കൊലപ്പെടുത്തിയപ്പോഴും നിശബ്ദരായി നിന്ന ദൃശ്യമാധ്യമങ്ങള്‍ ടി പി ചന്ദ്രശേഖരന്‍ വധം കൊട്ടിഘോഷിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് നടന്‍ തിലകന്‍. കേരളത്തില്‍ അടുത്തിടെ നിരവധി കൊലപാതകങ്ങള്‍ നടന്നെങ്കിലും സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതികരണമാരായാന്‍ ഒരു മാധ്യമവും തയ്യാറായില്ല. കാങ്കോല്‍ ആര്‍ട്സ്് ലവേഴ്സ് അസോസിയേഷന്‍(കല) 20-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധം അപലപനീയമാണ്. കേസന്വേഷണം പൂര്‍ത്തിയായി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ എത്തിക്കുന്നതുവരെ ഒരു പ്രതികരണത്തിനും താന്‍ തയ്യാറല്ല. കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിന് നിര്‍ണായക പങ്കുവഹിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം പ്രതീക്ഷയേകുന്നതാണെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റായ വിവരം നല്‍കിയ എസ്ഐയോട് വിശദീകരണം തേടി

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ സിപിഐ എം നേതാവും മുന്‍ എംഎല്‍എയുമായ വി കെ സി മമ്മദ്കോയയുടെ വീട്ടില്‍ ഒളിപ്പിച്ചെന്ന തെറ്റായ വിവരം നല്‍കിയതിന് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ മുരളീധരനോട് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ വിശദീകരണം തേടി. മുരളീധരനെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. വി കെ സി മമ്മദ്കോയയെ തേജോവധം ചെയ്യാന്‍ മുരളീധരന്‍ ശ്രമിച്ചെന്ന് ബോധ്യപ്പെട്ടതായി വിശദീകരണ നോട്ടീസില്‍ വ്യക്തമാക്കി. പൊലീസിലെ കോണ്‍ഗ്രസ് സംഘടനയുടെ പ്രവര്‍ത്തകനാണ് മുരളീധരന്‍. ഈമാസം 13ന് വൈകിട്ടാണ് വി കെ സിയുടെ ഒളവണ്ണയിലെ വീട് വന്‍പൊലീസ് സംഘം റെയ്ഡ് നടത്തിയത്. വി കെ സിയുടെ ഭാര്യമാതാവും മരുമകളും മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു പൊലീസ് നടപടി. വിവരമറിഞ്ഞെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ വീട്ടിലെ എല്ലാ മുറിയും പൊലീസിന് കാണിച്ചുകൊടുക്കുയായിരുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത ചമയ്ക്കുന്നു: ഡിജിപി

കണ്ണൂര്‍: പറയാത്ത കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത ചമയ്ക്കുകയാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍നിന്ന് ചില വാക്കുകള്‍ അവരുടെ താല്‍പര്യത്തിനുസരിച്ച് അടര്‍ത്തിമാറ്റി സംപ്രേഷണംചെയ്താണ് വിവാദമാക്കിയത്. കൊലപാതകം രാഷ്ട്രീയമാണോ അല്ലയോ എന്ന് പറയേണ്ടത് പൊലീസിന്റെ ജോലിയല്ല. കുറ്റകൃത്യം മാത്രമാണ് പൊലീസ് അന്വേഷിക്കുന്നത്. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ടികള്‍ക്ക് പങ്കുണ്ടോ എന്നും പറയാനാവില്ല. പൊലീസില്‍ രാഷ്ട്രീയമായ ഇടപെടല്‍ അനുവദിക്കില്ല- അദ്ദേഹം പറഞ്ഞു.

ഡിജിപിക്കെതിരെ വീണ്ടും പ്രതാപന്‍

തൃശൂര്‍: ടി പി ചന്ദ്രശേഖരന്‍ വധശ്രമകേസ് അന്വേഷണം വഴിതെറ്റിക്കാന്‍ ഡിജിപി മനഃപൂര്‍വ്വം ശ്രമിക്കുന്നുവെന്ന ആരോപണവുമായി ടി എന്‍ പ്രതാപന്‍ എംഎല്‍എ വീണ്ടും രംഗത്ത്. അന്വേഷണസംഘത്തിന് ഡിജിപി നല്‍കുന്ന നിര്‍ദേശങ്ങള്‍ അത്തരരത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യം പരിശോധിക്കണം.

കേസിന്റെ അന്വേഷണ പുരോഗതി പരിശോധിച്ചശേഷം ഡിജിപിയെ മാറ്റണോ എന്ന കാര്യം വേണ്ടിവന്നാല്‍ ഉന്നയിക്കുമെന്നും പ്രതാപന്‍ തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികമെന്ന് മന്ത്രി

കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് കൊലപാതകികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെടുത്തത്. അതുപോലെ പ്രതികളെ കണ്ടെത്താനും നാട്ടുകാരുടെ സഹകരണം വേണം. കണ്ണൂര്‍ പ്രസ്ക്ലബ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേസില്‍ ഡിജിപിയെ കൈയിലെടുത്ത് രാഷ്ട്രീയം കളിക്കാന്‍ ആരെയും അനുവദിക്കില്ല.കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ പിടിക്കുകയെന്ന രീതി പിന്തുടരില്ലെന്നും മന്ത്രി പറഞ്ഞു.

deshabhimani 220512

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ സിപിഐ എം നേതാവും മുന്‍ എംഎല്‍എയുമായ വി കെ സി മമ്മദ്കോയയുടെ വീട്ടില്‍ ഒളിപ്പിച്ചെന്ന തെറ്റായ വിവരം നല്‍കിയതിന് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ മുരളീധരനോട് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ വിശദീകരണം തേടി. മുരളീധരനെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. വി കെ സി മമ്മദ്കോയയെ തേജോവധം ചെയ്യാന്‍ മുരളീധരന്‍ ശ്രമിച്ചെന്ന് ബോധ്യപ്പെട്ടതായി വിശദീകരണ നോട്ടീസില്‍ വ്യക്തമാക്കി.

    ReplyDelete