Monday, May 21, 2012

വലതുപക്ഷ മാധ്യമ ഗൂഢാലോചന തുറന്നുകാട്ടി ചര്‍ച്ച


സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന വലതുപക്ഷ മാധ്യമ ദൗത്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും തുറന്നുകാട്ടിയും കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിക്കാന്‍ ആഹ്വാനം ചെയ്തും സംഘടിപ്പിച്ച "വലതുപക്ഷ മാധ്യമ ഗൂഢാലോചനയുടെ ചരിത്രവും രാഷ്ട്രീയവും" ചര്‍ച്ച ശ്രദ്ധേയമായി. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെയെന്ന വലതുപക്ഷ മാധ്യമങ്ങളുടെ ഗൂഢാലോചനക്കെതിരെയുള്ള വികാരമാണ് കോഴിക്കോട്ട് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രതിഫലിച്ചത്. പി കൃഷ്ണപിള്ളയുടെ മരണം മുതല്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെയുള്ള ദാരുണ സംഭവങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കല്ലുവെച്ച നുണകള്‍ ചര്‍ച്ചയില്‍ തുറന്നുകാട്ടി.

ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തുകയെന്നതല്ല, സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിലാണ് വലതുപക്ഷ മാധ്യമങ്ങളുടെ ആഘോഷം. 1990കള്‍ക്കുശേഷം ലോകത്താകമാനം പുരോഗമന ആശയങ്ങളെയും പ്രസ്ഥാനങ്ങളെയും അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതും. ചന്ദ്രശേഖരന്റെ വധത്തെ കേരളത്തിലെ സിപിഐ എമ്മിനെ തേജോവധം ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വലതുപക്ഷത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കുഴലൂത്തുകാരെ വിളിച്ചിരുത്തി ബഹുഭൂരിപക്ഷം ചാനലുകളും സിപിഐ എമ്മിനെതിരെ അഭിമുഖങ്ങള്‍ സംഘടിപ്പിക്കുന്നു. ജനങ്ങളില്‍നിന്ന് കമ്യൂണിസ്റ്റുകാരെ അകറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.

റഫീഖിന്റെ ഫിംഗര്‍ പ്രിന്റ് അക്രമികള്‍ സഞ്ചരിച്ച കാറില്‍നിന്ന് ലഭിച്ചിട്ടും പൊലീസ് ആ വഴിക്ക് അന്വേഷണം തുടരാത്തതിലും ടി പി ചന്ദ്രശേഖരനെ അവസാനമായി വിളിച്ച ഫോണ്‍ കോളിന്റെ ഉടമയാരാണെന്ന് കണ്ടെത്താത്തതിലും ദുരൂഹതയുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുപിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെയും തീവ്രവാദ സംഘങ്ങളുടെയും പങ്ക് പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ചന്ദ്രശേഖരന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സ്വകാര്യലാഭത്തിന് വേണ്ടിയാണെന്നുമുള്ള ഡിജിപിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ചാടിവീണതിലുള്ള ദുരൂഹത പുറത്തുവരണം. യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനുപകരം സിപിഐ എമ്മിനെ ഏകപക്ഷീയമായി ആക്രമിക്കാനുള്ള ശ്രമത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തി പാര്‍ടിയെയും കമ്യൂണിസ്റ്റ്- പുരോഗമന ആശയങ്ങളെയും ഉയര്‍ത്തിപ്പിടിക്കാന്‍ കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്താണ് ചര്‍ച്ച അവസാനിപ്പിച്ചത്.

കേളുഏട്ടന്‍ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഭാസ്കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം കേളപ്പന്‍ അധ്യക്ഷനായി. "വലതുപക്ഷ മാധ്യമ ഗൂഢാലോചനയുടെ ചരിത്രവും രാഷ്ട്രീയവും" എന്ന വിഷയത്തില്‍ കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. കെ കെ സി പിള്ള സ്വാഗതം പറഞ്ഞു.

deshabhimani 210512

1 comment:

  1. സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന വലതുപക്ഷ മാധ്യമ ദൗത്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും തുറന്നുകാട്ടിയും കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിക്കാന്‍ ആഹ്വാനം ചെയ്തും സംഘടിപ്പിച്ച "വലതുപക്ഷ മാധ്യമ ഗൂഢാലോചനയുടെ ചരിത്രവും രാഷ്ട്രീയവും" ചര്‍ച്ച ശ്രദ്ധേയമായി. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെയെന്ന വലതുപക്ഷ മാധ്യമങ്ങളുടെ ഗൂഢാലോചനക്കെതിരെയുള്ള വികാരമാണ് കോഴിക്കോട്ട് കേളുഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രതിഫലിച്ചത്. പി കൃഷ്ണപിള്ളയുടെ മരണം മുതല്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെയുള്ള ദാരുണ സംഭവങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കല്ലുവെച്ച നുണകള്‍ ചര്‍ച്ചയില്‍ തുറന്നുകാട്ടി.

    ReplyDelete