Thursday, May 17, 2012
അജ്ഞാനപീഠത്തിലെ വെളിപാടുകള്‍
കൊല്ലന്റെ ആലയില്‍ എസ് കത്തി അന്വേഷിച്ചു പോയവരും അന്വേഷണത്തിനുമേല്‍ അന്വേഷണം നടത്തി ദുബായ് വരെ ചെന്നവരും വിശ്രമത്തിലാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ചുതുടങ്ങുംമുമ്പുതന്നെ സിപിഐ എമ്മിന്റെ തലയിലിടാന്‍ ഭരണനേതൃത്വവും ചില മാധ്യമങ്ങളും ശ്രമംതുടങ്ങി. കൊല നടന്ന് നാട്ടില്‍ വിവരമറിയുന്നതിനുമുമ്പുതന്നെ കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കള്‍ ചാടിക്കയറി സിപിഐ എം ആണ് കൊല നടത്തിയത് എന്ന് പ്രഖ്യാപിച്ചുകളഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ തുറുപ്പുചീട്ടുകള്‍ കളത്തിലിറങ്ങിയപ്പോള്‍ വട്ടംവളഞ്ഞുനിന്ന് മാധ്യമപ്പട ആര്‍ത്തുവിളിച്ചു പ്രോത്സാഹിപ്പിച്ചു. പിന്നെ കളി കളത്തിലും പുറത്തും ഒരു പോലെ മുറുകി. "മാര്‍ക്സിസ്റ്റുകാരല്ലാതെ ആരു കൊല്ലാന്‍" എന്നായി അന്തിപ്പരിപാടികളുമായി കൂട്ടത്തോടെ ഇറങ്ങിയ ചാനല്‍ പണ്ഡിതന്മാരുടെ ചോദ്യം. കൂട്ടത്തില്‍ ചിലര്‍ ആക്രോശിച്ചു. "ഹേ മാര്‍ക്സിസ്റ്റുകാരേ നിങ്ങള്‍ കൊന്നിട്ടില്ലെങ്കില്‍ അത് നിങ്ങള്‍ തെളിയിക്കണം". ഈ ആക്രോശം നാലാംഎസ്റ്റേറ്റിന്റെ തലതൊട്ടപ്പന്മാര്‍ ഏറ്റുപിടിച്ച് കോലാഹലം കൂട്ടുന്നതും കേരളം കണ്ടു.
ഇത്തരമൊരവസ്ഥ മധ്യകാലത്തെ ഇരുണ്ട നാളുകളില്‍ യൂറോപ്പില്‍ നടന്ന മത കോടതികളില്‍ നടന്ന കുറ്റവിചാരണകളെ ഓര്‍മിപ്പിക്കുന്നു. അവിടെ ആരോപണവിധേയരാകുന്നവര്‍ നിരപരാധിത്വം തെളിയിക്കണം. ആരോപിക്കുന്നവര്‍ക്ക് ശിക്ഷിക്കുകയും കൊല്ലുകയും ചെയ്യാം. അത് ദൈവനാമത്തില്‍ നീതീകരിക്കപ്പെടും. ഒരു ജനാധിപത്യരാജ്യവും അവിടെ നിലനില്‍ക്കുന്ന നീതിന്യായ വ്യവസ്ഥയും നീതിനിര്‍വഹണ സമ്പ്രദായവും സമൂഹത്തിന്റെ പൊതുവായ നീതിബോധവും അത്തരം പ്രാകൃതകുറ്റവിചാരണ സമ്പ്രദായങ്ങള്‍ മാതൃകയാക്കുന്നില്ല. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നിടത്ത് നിലയുറപ്പിച്ച് ആരോപിതന്‍ ശിക്ഷിക്കപ്പെടുന്നതുവരെ ആരോപിതന്‍ മാത്രമാണെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപണ അധികാര കേന്ദ്രത്തിന്റേതാണെന്നും കൃത്യമായി വ്യവസ്ഥപ്പെടുത്തിയതും ആരോപിതന് നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ സന്ദര്‍ഭങ്ങളും നല്‍കുന്നതും അതിനയാളെ സഹായിക്കുന്നതുമാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ തത്വം.
ഇവിടെ ആരോപണം ഉന്നയിക്കുന്നവര്‍ ആരോപിതനോട് നിരപരാധിത്വം തെളിയിക്കാന്‍ ആജ്ഞാപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കാഴ്ച നാം കാണുകയാണ്. ഈ സന്ധിയിലാണ് കൊലപാതകത്തിന്റെ തൊട്ടുപിറ്റേന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സംഭവങ്ങളെക്കുറിച്ചുള്ള പാര്‍ടിനിലപാട് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വിശദീകരിച്ചത്. കൊലപാതകം അപലപനീയമാണ്, പ്രതിഷേധാര്‍ഹമാണ്, കൊലയാളികള്‍ ആരായാലും കണ്ടെത്തി നീതിപീഠത്തിനു മുന്നിലെത്തിക്കണം, സിപിഐ എമ്മിനെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല; പാര്‍ടിക്ക് പങ്കില്ല, യുഡിഎഫിന്റെ അമിതവ്യഗ്രത അവരുടെ ഗൂഢാലോചനകളിലേക്ക് വിരല്‍ ചൂണ്ടുന്നു, കൊലപാതകത്തിന്റെ സ്വഭാവം അതൊരു ക്വട്ടേഷന്‍ ക്രിമിനല്‍ സംഘത്തിന്റെ നടപടിപോലെ തോന്നിക്കുന്നു- പ്രധാനമായും ഇക്കാര്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കിയത്. അസന്ദിഗ്ധമായി ഇതുപറഞ്ഞതിനു ശേഷവും പാര്‍ടിക്കെതിരായ ക്രൂരമായ അപവാദപ്രചാരണങ്ങള്‍ യുഡിഎഫും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും തുടര്‍ന്നു.
ഇങ്ങനെ ആഞ്ഞടിക്കുന്നവരില്‍ എം പി വീരേന്ദ്രകുമാറിന്റെ പേര് വേറിട്ടുനില്‍ക്കുന്നു. യുഡിഎഫ് നേതാവായും പത്രമുടമയായും മാത്രമല്ല, ഇടതുപക്ഷത്തോട് സ്നേഹം അഭിനയിച്ചുകൊണ്ടുകൂടി ഭീഷണിയുടെയും അപവാദ പ്രചാരണത്തിന്റെയും കൊടിപിടിക്കുകയാണ് ഈ മുന്‍(കപട) സോഷ്യലിസ്റ്റ്. വീരേന്ദ്രകുമാറിന്റെ വിരുദ്ധ ബോധത്തിന്റെ വിശ്വരൂപ പ്രകടനം പ്രസംഗങ്ങളിലും മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലുമുടനീളം എട്ടുദിക്കിലും മുട്ടിനില്‍ക്കുന്നത് കാണാം. കേരളത്തിലെ കമ്യൂണിസ്റ്റുകാരന്‍ ആരുടെയൊക്കയോ മുന്നില്‍ വിനയാന്വിതനാകാന്‍ വിധിക്കപ്പെട്ടവനാണ് എന്ന ബോധോദയം ഏത് ആലിന്റെ ചുവട്ടില്‍നിന്നാണാവോ ഭവാന് ലഭിച്ചത്? അഷ്ടാവക്രശരീരനായി ഉടലു വളച്ചൊടിച്ചും തലകുനിച്ചും വാപൊത്തിയും നിലകൊള്ളുന്ന ഒരു ശരീരഭാഷയ്ക്കപ്പുറം മറ്റൊന്നിനും കമ്യൂണിസ്റ്റുകാര്‍ക്ക് അവകാശമില്ലെന്ന അനാസക്തിബോധം എവിടെ നിന്നാണാവോ ഈ അവതാരമൂര്‍ത്തി സ്വായത്തമാക്കിയത്?
വീരേന്ദ്രകുമാര്‍ കമ്യൂണിസ്റ്റുകാരെ കാണാന്‍ ആഗ്രഹിച്ചതുപോലുള്ള അവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു സമൂഹം ഈ മലയാളക്കരയില്‍ ഉണ്ടായിരുന്നു. അവര്‍ അവശന്മാരും ആര്‍ത്തന്മാരും ആലംബഹീനന്മാരുമായിരുന്നു. എന്നാല്‍, ഇന്നതൊരു പഴങ്കഥയാണ്. ആ പഴങ്കഥ മാറ്റാന്‍ എല്ലും തൊലിയുമായി വളഞ്ഞുനിന്ന മനുഷ്യന്‍ നിവര്‍ന്നു നിന്ന് പൊരുതുകയായിരുന്നു. ആ പോരാട്ടങ്ങള്‍ക്കു മുമ്പില്‍ പടനയിക്കാനും പിടഞ്ഞുവീഴാനും ചെങ്കൊടിയേന്തിയ കമ്യൂണിസ്റ്റുകാരുണ്ടായിരുന്നു. അങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നാക്ഷേപിച്ച കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയത്. ഈ യുഗപരിവര്‍ത്തനത്തിലൂടെ പുതിയ മനുഷ്യന്‍ ഇവിടെ പിറക്കുകയായിരുന്നു. ആധുനിക കേരളത്തിന്റെ ശില്‍പ്പി സ. ഇ എം എസിന്റെ വിയോഗത്തിനു മുന്നില്‍ അഞ്ജലീബദ്ധനായി സാക്ഷാല്‍ ഒ വി വിജയന്‍ ഇങ്ങനെ എഴുതി- ""അങ്ങ് ജനിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എത്ര ചെറുതാകുമായിരുന്നു."" എന്തിന്റെ പേരിലാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ നടുവളച്ചും തലകുനിച്ചും ശരീരഭാഷ അഭ്യസിക്കേണ്ടത്? എന്ത് അരുതായ്മയുടെ പേരിലാണ് കമ്യൂണിസ്റ്റുകാരന്റെ സ്വരം ഇടറിപ്പോകേണ്ടത്? ഇല്ല ഒരുവിധത്തിലുമില്ല. മലയാളിക്ക് പുതിയൊരു ജീവിതം നിര്‍മിച്ചെടുക്കാന്‍, അവര്‍ക്ക് ലോകത്തിനു മുന്നില്‍ ശിരസ്സുയര്‍ത്തിപ്പിടിക്കാനുള്ള അര്‍ഹത നേടിക്കൊടുക്കാന്‍ ചോരയും ജീവനും നല്‍കി പൊരുതിയ കമ്യൂണിസ്റ്റുകാര്‍ അഭിമാനപൂര്‍വം ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ അര്‍ഹതപ്പെട്ടവരാണ്. ശുഭപ്രതീക്ഷയുടെ നാളെയിലേക്ക് കരളുറപ്പോടെ നയിക്കാന്‍ അര്‍ഹതപ്പെട്ടവരും കമ്യൂണിസ്റ്റുകാര്‍തന്നെയാണ്. ഈ യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കാനും തകിടം മറിക്കാനും കച്ചവടപ്പത്രത്തിന്റെ താളുകള്‍ നീക്കിവച്ചാല്‍ കഴിയുമെന്നാണോ കരുതുന്നത്?
പണ്ട് ആലപ്പടമ്പ് നമ്പീശന്റെ ഇല്ലാത്ത ബ്രാഹ്മണിയമ്മയുടെ കണിവെള്ളരിപോലുള്ള മുലയരിഞ്ഞ കമ്യൂണിസ്റ്റുകാരെപ്പറ്റി കഥയെഴുതിയത് ഓര്‍മിക്കാന്‍ വീരേന്ദ്രകുമാറിന് ബുദ്ധിമുട്ടുണ്ടാകും. ആ വക കള്ളക്കഥകള്‍കൊണ്ടൊന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനം തടയപ്പെട്ടില്ല എന്നത് ചരിത്രം. എന്നുമുതലാണ് മുതലാളിക്ക് ഇഷ്ടക്കേട് തുടങ്ങുന്നത്. ഇടതു ജനാധിപത്യ മുന്നണിയിലും സിപിഐ എമ്മിനൊടൊപ്പവുംനിന്ന് നേടാനുള്ളത് പലതും നേടിയപ്പോള്‍ ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു ശരീരഭാഷ ഇവിടെ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ? വിഷയം അതല്ല. ഏറ്റവും ഒടുവിലത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലം മത്സരിക്കാന്‍ കിട്ടാതെ വന്നതിന്റെ കൊതിക്കെറുവില്‍ നിന്നാരംഭിച്ച തെറ്റിപ്പിരിയലും കോക്രികാട്ടലും എല്ലാവര്‍ക്കും മനസിലാകും. യുഡിഎഫിന്റെ തൊഴുത്തിലെ പുല്‍ത്തൊട്ടിയില്‍ കര്‍മം നിറവേറ്റുന്ന മഹാജ്ഞാനിക്ക് മംഗളം നേരാം. ജീവിതായോധനത്തിന് നന്നായി കുരയ്ക്കുകയും ഓരിയിടുകയും വേണം എന്ന തിരിച്ചറിവ് സ്വാഭാവികംതന്നെ. തക്കംനോക്കി തൊള്ള തുറന്ന് ഓരിയിടാന്‍ റെഡിയായിരുന്നപ്പോഴാണ് ഓര്‍ക്കാപ്പുറത്തൊരു തേങ്ങ വീണുകിട്ടുന്നത്. പിന്നെ മടിച്ചുനില്‍ക്കേണ്ടതില്ല. ഇത്തരം ജഗജില്ലി പിരട്ടുകള്‍കൊണ്ട് കേരളത്തിന്റെ മക്കളെ പറ്റിച്ചുകളയാം എന്ന് ചിന്തിക്കുന്ന വീരശൂര പരാക്രമത്തിനു മുന്നില്‍ സാഷ്ടാംഗപ്രണാമം.
ബേബിജോണ്‍ deshabhimani 170512
Labels:
ഓഞ്ചിയം,
രാഷ്ട്രീയം,
സാംസ്കാരികം
Subscribe to:
Post Comments (Atom)
കൊല്ലന്റെ ആലയില്‍ എസ് കത്തി അന്വേഷിച്ചു പോയവരും അന്വേഷണത്തിനുമേല്‍ അന്വേഷണം നടത്തി ദുബായ് വരെ ചെന്നവരും വിശ്രമത്തിലാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ചുതുടങ്ങുംമുമ്പുതന്നെ സിപിഐ എമ്മിന്റെ തലയിലിടാന്‍ ഭരണനേതൃത്വവും ചില മാധ്യമങ്ങളും ശ്രമംതുടങ്ങി. കൊല നടന്ന് നാട്ടില്‍ വിവരമറിയുന്നതിനുമുമ്പുതന്നെ കോണ്‍ഗ്രസ്- യുഡിഎഫ് നേതാക്കള്‍ ചാടിക്കയറി സിപിഐ എം ആണ് കൊല നടത്തിയത് എന്ന് പ്രഖ്യാപിച്ചുകളഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ തുറുപ്പുചീട്ടുകള്‍ കളത്തിലിറങ്ങിയപ്പോള്‍ വട്ടംവളഞ്ഞുനിന്ന് മാധ്യമപ്പട ആര്‍ത്തുവിളിച്ചു പ്രോത്സാഹിപ്പിച്ചു. പിന്നെ കളി കളത്തിലും പുറത്തും ഒരു പോലെ മുറുകി. "മാര്‍ക്സിസ്റ്റുകാരല്ലാതെ ആരു കൊല്ലാന്‍" എന്നായി അന്തിപ്പരിപാടികളുമായി കൂട്ടത്തോടെ ഇറങ്ങിയ ചാനല്‍ പണ്ഡിതന്മാരുടെ ചോദ്യം. കൂട്ടത്തില്‍ ചിലര്‍ ആക്രോശിച്ചു. "ഹേ മാര്‍ക്സിസ്റ്റുകാരേ നിങ്ങള്‍ കൊന്നിട്ടില്ലെങ്കില്‍ അത് നിങ്ങള്‍ തെളിയിക്കണം". ഈ ആക്രോശം നാലാംഎസ്റ്റേറ്റിന്റെ തലതൊട്ടപ്പന്മാര്‍ ഏറ്റുപിടിച്ച് കോലാഹലം കൂട്ടുന്നതും കേരളം കണ്ടു.
ReplyDelete