Tuesday, May 22, 2012

ഐക്യദാര്‍ഢ്യവുമായി ജനകീയ കൂട്ടായ്മ

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ രക്തശോഭയാര്‍ന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ രക്തപതാകയേന്തിയുള്ള പ്രവര്‍ത്തനത്തെ തടയുന്ന ശക്തികള്‍ക്ക് മുന്നില്‍ പതറാതെ മുന്നേറുമെന്ന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പ്രഖ്യാപിച്ചു. ചെങ്കൊടിയുടെ തണലില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒഞ്ചിയത്തിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായി സിപിഐ എം നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയാണ് പാര്‍ട്ടി വിരുദ്ധര്‍ക്ക് താക്കീതായത്. ഒഞ്ചിയം രക്തസാക്ഷി പാറോള്ളതില്‍ കണാരന്റെ മകന്‍ ടി എം ദാമോദരനടക്കം രക്തസാക്ഷികളുടെ പിന്മുറക്കാരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ടിപ്രവര്‍ത്തകരും ജനപ്രതിനിധികളും നേതാക്കളും ഒഞ്ചിയത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരായി ഉറച്ചുനില്‍ക്കുന്നവര്‍ക്ക് അഭിവാദ്യവുമായെത്തി.

ഒഞ്ചിയം, ഓര്‍ക്കാട്ടേരി, മുയിപ്ര, അഴിയൂര്‍, ഏറാമല, കുന്നുമ്മക്കര, ആദിയൂര്‍ തുടങ്ങി കടത്തനാടിന്റെ വിപ്ലവപാരമ്പര്യം തുടിക്കുന്ന പ്രദേശങ്ങളില്‍ സിപിഐ എമ്മുകാരായതിനാല്‍ ജീവിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും ദുരിതങ്ങളും വിവരിച്ച് നൂറോളം അമ്മമാരും സഹോദരിമാരുമാണ് വടകര കോട്ടപ്പറമ്പിലെത്തിയത്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന നിസ്സഹായരായ ഒരുപറ്റം ഗ്രാമീണര്‍, അവഹേളനത്തിനിരയായ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, അടിയേറ്റ് തലയും കാലും പൊട്ടിയ യുവാക്കളും ഇക്കൂട്ടത്തിലുണ്ട്. ജീവിതവും ജീവനും വെല്ലുവിളിക്കപ്പെടുന്ന അവസ്ഥയിലും കമ്യൂണിസ്റ്റുകാരായി സിപിഐ എമ്മിന്റെ പ്രവര്‍ത്തകരായി നിശ്ചയദാര്‍ഢ്യത്തോടെ എത്തിയവര്‍. രണ്ടാഴ്ചയായി തുടരുന്ന പാര്‍ടിവിരുദ്ധരുടെയും പൊലീസിന്റെയും യുഡിഎഫുകാരുടെയും അക്രമങ്ങളിലും ഭീഷണിയിലും തളരാതെ, തകരാതെ പിടിച്ചുനില്‍ക്കുന്നവര്‍...

കൊന്നാലും ഞങ്ങള്‍ സിപിഐ എമ്മുകാരായി തുടരുമെന്ന് പറയുന്ന മുയിപ്രയിലെ പുത്തന്‍പുരയില്‍ നാരായണി, വീട് തീവെച്ച് നശിപ്പിക്കപ്പെട്ട മുയിപ്രയിലെ അടിനിലംകുനി ലീല, ഒഞ്ചിയത്തെ കെ പി ഗോപാലന്‍, വടക്കയില്‍ കൃഷ്ണന്‍, വടക്കേമലോല്‍ ബാബു, കുന്നുമ്മക്കരയിലെ തൈക്കണ്ടി രജനി, പാലേരി മീത്തല്‍ പുഷ്പ, എ കെ ബാലകൃഷ്ണന്‍, കിഴക്കേപുന്നോറത്ത് ദേവു, പുത്തനപുരയില്‍ സുകുമാരന്‍, വണ്ണാറ എമ്മുകാരായി തുടരുമെന്ന് പറയുന്ന മുയിപ്രയിലെ പുത്തന്‍പുരയില്‍ നാരായണി, വീട് തീവെച്ച് നശിപ്പിക്കപ്പെട്ട മുയിപ്രയിലെ അടിനിലംകുനി ലീല, ഒഞ്ചിയത്തെ കെ പി ഗോപാലന്‍, വടക്കയില്‍ കൃഷ്ണന്‍, വടക്കേമലോല്‍ ബാബു, കുന്നുമ്മക്കരയിലെ തൈക്കണ്ടി രജനി, പാലേരി മീത്തല്‍ പുഷ്പ, എ കെ ബാലകൃഷ്ണന്‍, കിഴക്കേപുന്നോറത്ത് ദേവു, പുത്തനപുരയില്‍ സുകുമാരന്‍, വണ്ണാറത്ത് ബാബു... തുടങ്ങി അക്രമത്തിലും പതറാത്ത മനസ്സുമായി നൂറോളം കുടുംബങ്ങളാണ് വടകര കോട്ടപ്പറമ്പില്‍ സംഗമിച്ചത്.

ബഹുജനകൂട്ടായ്മ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊലീസ് സംരക്ഷണയില്‍ പാര്‍ടി പ്രവര്‍ത്തനം സംഘടിപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഐ എമ്മെന്ന് യുഡിഎഫും ഭരണനേതൃത്വവും മനസ്സിലാക്കണമെന്ന് എളമരം കരീം ഓര്‍മിപ്പിച്ചു. സിപിഐ എമ്മിന്റെ ശക്തിയും ശേഷിയും അറിയാത്തവരാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്ന് അധ്യക്ഷനായ മുതിര്‍ന്ന നേതാവ് എം കേളപ്പന്‍ പറഞ്ഞു. സിപിഐ എം വിചാരിച്ചാല്‍ ഒറ്റ ദിവസത്തിനകം ഒഞ്ചിയത്തെയും പരിസരത്തെയും അക്രമം തടയാനാകുമെന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. എംഎല്‍എമാരായ കെ കുഞ്ഞമ്മദ്, കെ കെ ലതിക, മേയര്‍ പ്രൊഫ. എ കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല വടകര നഗരസഭാ ചെയര്‍പേഴ്സണ്‍ പി പി രഞ്ജിനി, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത, പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരന്‍ സ്വാഗതവും ടി പി ബാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.
(പി വി ജീജോ)

അക്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: എളമരം കരീം

വടകര: ഒഞ്ചിയത്തും പരിസരങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമെതിരെ നടക്കുന്ന അക്രമം ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ പറഞ്ഞു. പാര്‍ടിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ല. നാട്ടില്‍ സമാധാനഭംഗമുണ്ടാകാതിരിക്കാനും പാര്‍ടികള്‍ക്ക് പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ട ബാധ്യത പൊലീസിനാണ്. അത് നിര്‍വഹിക്കപ്പെട്ടില്ലെങ്കില്‍ ജനങ്ങളുടെ പിന്തുണയോടെ ഞങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകും. ചെറുസംഘം നടത്തുന്ന അക്രമത്തിന് പൊലീസിന്റെ അലസത പ്രോത്സാഹനമാകുന്നു. ഞങ്ങള്‍ അക്രമത്തിനില്ല. എന്നാല്‍ ഭീഷണിയും എതിര്‍പ്പും ഭയന്ന് പാര്‍ടി പ്രവര്‍ത്തനം നിര്‍ത്തി നാടുവിടാന്‍ ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാനാവില്ല. ഒഞ്ചിയവും ഓര്‍ക്കാട്ടേരിയും മാത്രമല്ല കോഴിക്കോടും കേരളവുമെന്ന് അക്രമികള്‍ ഓര്‍ക്കണമെന്ന് ഒഞ്ചിയം മേഖലയില്‍ അക്രമത്തിനിരയായവരുടെയും രക്തസാക്ഷികുടുംബങ്ങളുടെയും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കരീം പറഞ്ഞു.

സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും വിചാരണ ചെയ്ത് വേട്ടയാടുകയാണ്. പരാതികളില്‍ പൊലീസ് തിരിഞ്ഞുനോക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മഹിളാസഖാക്കളുടെ നേതൃത്വത്തില്‍ പാര്‍ടി ഓഫീസ് തുറന്ന് ക്യാമ്പുകള്‍ ആരംഭിച്ചത്. പാര്‍ടിവിരുദ്ധരും യുഡിഎഫും ചേര്‍ന്നുള്ള അക്രമമാണ് അരങ്ങേറുന്നത്. രണ്ടാഴ്ചയിലധികമായിത് സഹിക്കുന്നു. ഇനിപാര്‍ടി അനുഭാവികളുടെയോ പ്രവര്‍ത്തകരുടെയോ നേരെ തെറ്റായ ഒരുനോട്ടമുണ്ടായാല്‍ ബഹുജനങ്ങളാകും പ്രതിരോധിക്കുക. രക്തസാക്ഷികളുടെ വീറുറ്റ പാരമ്പര്യമുള്ള ഒഞ്ചിയത്തെ പ്രസ്ഥാനത്തെ കോണ്‍ഗ്രസിന് മുന്നില്‍ പരാജയപ്പെടുത്താന്‍ സഹായിക്കുന്ന പ്രവര്‍ത്തനമാണ് ചന്ദ്രശേഖരനും കുട്ടാളികളും പാര്‍ടി വിട്ടതുമുതല്‍ തുടരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഒഞ്ചിയത്ത് പാര്‍ടിയെ തകര്‍ക്കാന്‍ രംഗത്തുവന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായടക്കം ചേര്‍ന്നാണീ നീക്കമെന്നത് അവരുടെ രാഷ്ട്രീയനിലപാടില്ലായ്മയുടെ ഭാഗമാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിയെ ഇല്ലാതാക്കാനുള്ള അജണ്ടയുമായെത്തിയിരിക്കുന്നത് മുല്ലപ്പള്ളിയാണ്. പൊലീസിലും അന്വേഷകസംവിധാനത്തിലുമെല്ലാം ഇടപെടുന്നു. എങ്ങനെയെങ്കിലും സിപിഐ എം നേതാക്കളെ കുടുക്കാനാവുമോ എന്നതാണ് മുല്ലപ്പള്ളിയുടെയും യുഡിഎഫ് സര്‍ക്കാരിന്റെയും ലക്ഷ്യം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലടക്കം പങ്കെടുത്ത് നിര്‍ദേശം നല്‍കി. ഇപ്പോഴിതാ സമ്മര്‍ദവും ഭീഷണിയും കാരണം ഡിജിപി നിലപാട് മാറ്റുന്നു. ആരേയും പ്രതിയാക്കും തെളിവും സാക്ഷിയുമുണ്ടാക്കും എന്ന ശൈലിയിലാണ് അന്വേഷണമെങ്കില്‍ അതംഗീകരിക്കാന്‍ പ്രയാസമാണ്.

തുടക്കത്തില്‍ ഇവര്‍ കണ്ടെത്തിയ പ്രധാന പ്രതി റഫീഖായിരുന്നു. എന്‍ഡിഎഫുകാരനാണെന്ന് അറിവായതോടെ അയാളെക്കുറിച്ച് വാര്‍ത്തയില്ല. എല്ലാ അതിരുകളും മര്യാദകളും ലംഘിച്ചുള്ള നുണപ്രചാരണങ്ങളാണ് ഇപ്പോള്‍ സിപിഐ എമ്മിനെതിരെ നടത്തുന്നത്. നാദാപുരത്തെ തെരുവമ്പറമ്പില്‍ നഫീസയെന്ന മുസ്ലിംസ്ത്രീയെ മാനഭംഗപ്പെടുത്തിയെന്നതടക്കമുള്ള കള്ളക്കഥകള്‍ മുമ്പുണ്ടായി. അതുപിന്നീട് വിഴുങ്ങേണ്ടിവന്നതും സത്യം പുറത്തുവന്നതുമൊന്നും മറന്നുപോകരുത്. മാധ്യമ-യുഡിഎഫ് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലൂടെ പാര്‍ടിയെ താറടിക്കാനുള്ള ശ്രമങ്ങളെ ജനശക്തി അണിനിരത്തി നേരിടും-കരീം പറഞ്ഞു.



അക്രമം ആവര്‍ത്തിക്കുമ്പോഴും സമാധാനയോഗം വിളിക്കാതെ സര്‍ക്കാര്‍

വടകര: ടി പി ചന്ദ്രശേഖരന്‍ വധവും വടകരമേഖലയില്‍ ഒട്ടേറെ അക്രമങ്ങളും അരങ്ങേറിയിട്ടും സമാധാനയോഗം ചേരുന്നില്ല. സര്‍ക്കാരും മന്ത്രിമാരും ജില്ലാ ഭരണാധികാരികളുമെല്ലാം ഇക്കാര്യത്തില്‍ അനാസ്ഥ കാട്ടുകയാണ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രികൂടിയായ സ്ഥലം എംപി മുല്ലപ്പള്ളി രാമചന്ദ്രനും നിഷ്ഠുരമായ സംഭവമുണ്ടായിട്ട് ശാന്തിയോഗത്തിന് മുന്‍കൈയെടുത്തിട്ടില്ല. മെയ് നാലിനായിരുന്നു ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഇതേവരെ പ്രധാന പ്രതികളെയാരെയും പിടിച്ചിട്ടില്ല. കൊലയ്ക്ക്ശേഷം സിപിഐ എം അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെ ഒഞ്ചിയം മേഖലയില്‍ നിരന്തരം അക്രമമാണ്. ഇതിനെ അപലപിക്കാനോ അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നറിയിപ്പേകാനോ സഹായകമായാണ് സമാധാനയോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ചെറിയ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളുമുണ്ടായാല്‍ ആളിപ്പടരാതിരിക്കാന്‍ ഇത് തുണയാകും. എന്നാല്‍ നാട്ടിലാകെ പ്രതിഷേധമുയര്‍ത്തിയ കൊലയും തുടര്‍ന്നുണ്ടാകുന്ന അക്രമവും കണ്ടില്ലെന്ന നാട്യത്തിലാണ് സര്‍ക്കാര്‍.

റവന്യൂ, ആഭ്യന്തരവകുപ്പുകള്‍ക്കാണ് സമാധാനയോഗം വിളിക്കേണ്ട ഉത്തരവാദിത്തം. സര്‍ക്കാര്‍തലത്തില്‍ നിര്‍ദേശമില്ലാത്തതിനാല്‍ ജില്ലാ ഭരണാധികാരികള്‍ ഒഴിഞ്ഞുമാറുകയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എം കെ മുനീറും സമാധാനശ്രമവുമായി രംഗത്തുവന്നിട്ടില്ല. നാദാപുരം ഭാഗത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ എല്‍ഡിഎഫ് ഭരണകാലത്ത് അടുത്തദിവസംതന്നെ സമാധാനയോഗം സംഘടിപ്പിക്കയും ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങുകയുമുണ്ടായി. ഈയടുത്ത് തുണേരി പഞ്ചായത്തില്‍ പ്രശ്നങ്ങളുണ്ടായപ്പോഴും സമാധാന ശ്രമമുണ്ടായി. എന്നാല്‍ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരൊന്നും ഇക്കുറി സമാധനശ്രമവുമായെത്തിയിട്ടില്ല.

കൊലക്കുശേഷം മൂന്നുപഞ്ചായത്തുകളിലായി 77 വീടുകള്‍ തകര്‍ത്തു. പത്തു പേരെ ആക്രമിച്ചു. സിപിഐ എമ്മിന്റെ പത്ത് ഓഫീസുകളും തകര്‍ത്തു. ഒഞ്ചിയം, ഓര്‍ക്കാട്ടേരി, അഴിയൂര്‍ പഞ്ചായത്തുകളില്‍ മെയ് അഞ്ചുമുതല്‍ തുടര്‍ച്ചയായി നിരോധനാജ്ഞയാണ്. സമാധാനഭംഗമുണ്ടാകുമെന്നും സംഘര്‍ഷാവസ്ഥയുണ്ടെന്നുമുള്ള പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട് പരിഗണിച്ചാണ് കലക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ജനജീവിതം സാധാരണനിലയിലാകാത്ത സാഹചര്യത്തില്‍ സുരക്ഷാബോധം പകരാനും സാധാരണനില പുനഃസ്ഥാപിക്കാനും സമാധാനയോഗം സഹായിക്കും. എന്നാല്‍ കൊലയെ സിപിഐ എം വേട്ടക്കുള്ള അവസരമായി കാണുന്ന മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊന്നും ഇതിന് നിര്‍ദേശം നല്‍കാത്തതിനാലാണ് യോഗം ചേരാത്തത്. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യുന്ന വലതുപക്ഷ മാധ്യമങ്ങളും സമാധാനശ്രമത്തിനുള്ള ആവശ്യമുയര്‍ത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.

പാര്‍ടി വിരുദ്ധരുടെ ആക്രമണം ധീരതയുടെ തീപ്പന്തമായി രക്തസാക്ഷി കുടുംബങ്ങള്‍

വടകര: പാര്‍ടി വിരുദ്ധരുടെ ആക്രമണങ്ങളെ ധീരമായി നേരിടുന്നതിനായി നെഞ്ചില്‍ അണയാത്ത തീപ്പന്തവുമായി രക്തസാക്ഷി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു. ഒഞ്ചിയത്തിന്റെ ധീരന്‍ മണ്ടോടി കണ്ണനെ ഒറ്റുകൊടുത്തവര്‍ക്ക് ചെങ്കൊടി പ്രസ്ഥാനത്തെ അടിയറവെക്കില്ലെന്നും ചന്ദ്രശേഖരന്റെ വധത്തിന്റെ മറവില്‍ പാര്‍ടി വിരുദ്ധ ശക്തികളും വലതുപക്ഷമാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കുമെന്നും പ്രഖ്യാപിച്ചാണ് പ്രസ്ഥാനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പിന്മുറക്കാരെത്തിയത്. കടത്തനാടിന്റെ സമര പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന വടകര കോട്ടപ്പറമ്പില്‍ ഇവര്‍ ഒത്തുചേര്‍ന്നത് ആവേശാനുഭവമായി. പ്രായാധിക്യത്തിന്റെ അവശതകള്‍ കൂസാതെയാണ് രക്തസാക്ഷി തയ്യില്‍ കുമാരന്റെ ഭാര്യ കല്ല്യാണി ഉള്‍പ്പെടെയുള്ള വന്ദ്യവയോധികരെത്തിയത്. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് എത്തിയ അമ്മമാരും ചെറുപ്പക്കാരും കുടുംബസമേതമാണ് ബഹുജന കൂട്ടായ്മയില്‍ അണിചേര്‍ന്നത്. ""സിപിഐ എമ്മുകാര്‍ കൊലചെയ്യപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ വലിയ കോലാഹലങ്ങളുണ്ടാക്കാറില്ല. പാര്‍ടിക്കാരുടെ ജീവന് വിലയില്ലെന്ന മട്ടിലാണ് പലപ്പോഴും മാധ്യമങ്ങളുടെ നിലപാട്"" - രക്തസാക്ഷി കുയ്തേരി കുമാരന്റെ മകന്‍ അനീഷ് പറഞ്ഞു. അനീഷും ഭാര്യ ലിജിയും ഒമ്പതുമാസം പ്രായമായ കുഞ്ഞുമായാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. 1988 നവംബര്‍ ഏഴിനാണ് അനീഷിന്റെ അച്ഛനെ ലീഗുകാര്‍ വീട്ടിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പാര്‍ടിയെ തകര്‍ക്കാമെന്ന വ്യാമോഹത്തോടെയാണ് ചന്ദ്രശേഖരന്റെ വധത്തെ സിപിഐ എമ്മിനെതിരെ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. എടച്ചേരിയിലെ രക്തസാക്ഷി കോറോത്ത് ചന്ദ്രന്റെ അമ്മയും വാണിമേലിലെ രക്തസാക്ഷി കെ പി കുഞ്ഞിരാമന്റെ സഹോദരനും വേളം കൂളിക്കുന്നിലെ ബിജുവിന്റെ സഹോദരനും ഉള്‍പ്പെടെ അമ്പതില്‍പ്പരം രക്തസാക്ഷി കുടുംബങ്ങള്‍ ബഹുജന കൂട്ടായ്മയില്‍ പങ്കാളികളായി.

മനോരമ വാര്‍ത്ത വാസ്തവ വിരുദ്ധം: എം കേളപ്പന്‍

കോഴിക്കോട്: ഏറാമല പഞ്ചായത്തിലെ ഭരണമാറ്റക്കാര്യത്തില്‍ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയില്‍ ധാരണ ഉണ്ടായിരുന്നില്ലെന്ന മലയാള മനോരമ വാര്‍ത്ത പച്ചക്കള്ളമാണെന്ന് അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എം കേളപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭരണമാറ്റക്കാര്യത്തില്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയില്‍ ധാരണ ഉണ്ടായിരുന്നില്ലെന്ന് കണ്‍വീനറായ ഞാനും സി പി ബാലന്‍ വൈദ്യരും പ്രസ്താവന ഇറക്കിയിരുന്നു എന്നാണ് മനോരമയില്‍ സ്വന്തം ലേഖകന്റെ വക എഴുതിപ്പിടിപ്പിച്ചത്. ഞാന്‍ ദീര്‍ഘകാലം എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായിരുന്നു. എല്‍ഡിഎഫ് പ്രസ്താവന എല്ലാ പത്രങ്ങള്‍ക്കും നല്‍കാറുണ്ട്. ദേശാഭിമാനി പൂര്‍ണമായും മറ്റു ചില പത്രങ്ങള്‍ ചുരുക്കിയും പ്രസിദ്ധീകരിക്കും. അത്യപൂര്‍വമായേ മലയാളമനോരമ പ്രസിദ്ധീകരിക്കാറുള്ളു. പത്രങ്ങള്‍ക്ക് പ്രസ്താവന നല്‍കാറുള്ളത് കണ്‍വീനറാണ്. രണ്ട് പേര്‍ ചേര്‍ന്ന് ഒരിക്കലും നല്‍കാറില്ല. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ബാലന്‍വൈദ്യരെയും സുഖമില്ലാത്ത എന്നെയും ചേര്‍ത്ത് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചത് മര്യാദയില്ലാത്തതാണ്.

അഴിയൂരില്‍ രണ്ടര വര്‍ഷം ജനതാദളും ഏറാമലയില്‍ രണ്ടര വര്‍ഷം സിപിഐ എമ്മും പ്രസിഡന്റായിരിക്കണമെന്നായിരുന്നു എല്‍ഡിഎഫ് തീരുമാനം. രണ്ടര വര്‍ഷം കഴിഞ്ഞ് ഇവിടങ്ങളില്‍ ഭരണമാറ്റം വരുത്താന്‍ എല്‍ഡിഎഫ് തീരുമാനപ്രകാരം ശ്രമിക്കുമ്പോഴാണ് തര്‍ക്കമുണ്ടാകുന്നത്. തീരുമാനം ഒഞ്ചിയം ഏരിയാ കമ്മിറ്റിയില്‍ വിശദീകരിച്ചപ്പോള്‍ ചന്ദ്രശേഖരന് അഭിപ്രായവ്യത്യാസമുണ്ടായി. അത് ഏറാമല ലോക്കല്‍കമ്മിറ്റിയില്‍ വിശദീകരിക്കാന്‍ ചെന്നപ്പോള്‍ ജില്ലാ സെക്രട്ടറിയെയും മറ്റുള്ളവരെയും ഓഫീസിനകത്ത് പൂട്ടിയിട്ട് ഒരു കൂട്ടര്‍ പ്രകോപനമുണ്ടാക്കി. ഇതിന്റെ പിന്നാലെ പാര്‍ട്ടിക്കെതിരെ തെരുവിലിറങ്ങി പ്രകടനം നടത്തി. പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കാനും എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ അവഹേളിക്കാനും മുതിര്‍ന്നു. ഈ സന്ദര്‍ഭത്തിലാണ് പാര്‍ട്ടി അച്ചടക്ക നടപടി എടുത്തത്. അച്ചടക്കനടപടി സ്വീകരിച്ചപ്പോഴാണ് ചന്ദ്രശേഖരനും ചിലരും ചേര്‍ന്ന് പുതിയ പാര്‍ടി ഉണ്ടാക്കിയതെന്നും കേളപ്പന്‍ വിശദീകരിച്ചു.

deshabhimani 220512

1 comment:

  1. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ രക്തശോഭയാര്‍ന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ രക്തപതാകയേന്തിയുള്ള പ്രവര്‍ത്തനത്തെ തടയുന്ന ശക്തികള്‍ക്ക് മുന്നില്‍ പതറാതെ മുന്നേറുമെന്ന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പ്രഖ്യാപിച്ചു. ചെങ്കൊടിയുടെ തണലില്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒഞ്ചിയത്തിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായി സിപിഐ എം നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയാണ് പാര്‍ട്ടി വിരുദ്ധര്‍ക്ക് താക്കീതായത്. ഒഞ്ചിയം രക്തസാക്ഷി പാറോള്ളതില്‍ കണാരന്റെ മകന്‍ ടി എം ദാമോദരനടക്കം രക്തസാക്ഷികളുടെ പിന്മുറക്കാരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ടിപ്രവര്‍ത്തകരും ജനപ്രതിനിധികളും നേതാക്കളും ഒഞ്ചിയത്തിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരായി ഉറച്ചുനില്‍ക്കുന്നവര്‍ക്ക് അഭിവാദ്യവുമായെത്തി.

    ReplyDelete