Tuesday, May 22, 2012

‘ഏകോപന’ രാഷ്ടീയം: ഏട്ടിലപ്പടി പയറ്റില്‍ ഇപ്പടി


തങ്ങള്‍ ഇടതുപക്ഷ ഏകോപന സമിതിയോ ആര്‍.എം.പിയോ (മറ്റൊരു രാഷ്ടീയപാര്‍ട്ടിയുടെ അംഗമോ) ഒക്കെ ആണെന്ന് സൂചിപ്പിക്കാതെ ഒരു തരം നിഷ്പക്ഷ നിരീക്ഷക വേഷത്തില്‍ ചാനലില്‍ വന്നിരിക്കുന്ന പലരും സീപീയെമ്മിനെ പരിഹസിക്കാന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നത് കണ്ട് ചിരി പൊട്ടുന്നു. ഇവരുടെ ഏകോപന സമിതിയില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇവര്‍ കാര്യങ്ങള്‍ എങ്ങിനെയാണ് അവതരിപ്പിക്കുക. സീപീയെമ്മില്‍ ഉണ്ടാവണം എന്ന് വാശിപിടിക്കുന്ന ഏതെങ്കിലും കാര്യം ഇവരുടേതില്‍ അതിനേക്കാള്‍ മെച്ചമായി നടക്കുന്നുണ്ടോ?

വിമതശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് ശരിയല്ല, പാര്‍ട്ടി വിട്ടവരെ തിരിച്ചു കൊണ്ടുവരണം, ന്യൂനപക്ഷം എന്നത് ഗണനീയ ന്യൂനപക്ഷമാണ് എന്നൊക്കെ തിയറി വിടുന്ന ഇവര്‍ എം.ആര്‍.മുരളിയെ ആദ്യം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അതില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്ന് ഡൂള്‍ന്യൂസ് തന്നെ പറയുന്നു. അതു കഴിഞ്ഞ് അദ്ദേഹത്തെ സമിതിയില്‍ നിന്ന് തന്നെ പുറത്താക്കി. ഗണനീയ ന്യൂനപക്ഷത്തെ ഇങ്ങനെ പുറത്താക്കുന്നത് ശരിയോ? അവരെ തിരിച്ച് കൊണ്ടുവന്നോ? ഔദ്യോഗിക തിരക്ക് കാരണം മാറി നിന്നതാണെന്ന് ഔദ്യോഗിക ഭാഷ്യം അവര്‍ ചമച്ചെന്നും അതേ ഡൂള്‍ ന്യൂസ് വാര്‍ത്ത. അതായത് ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍ എല്ലാം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വെക്കുകയോ, ജനത്തിനോട് പറയുകയോ ഒന്നും ചെയ്യുകയില്ല. അത് അവരുടെ സംഘടനാരീതി അനുസരിച്ചേ മുന്നോട്ട് പോകൂ..എന്നാല്‍ സീപീയെം അങ്ങിനെ പോരാ. മാധ്യമങ്ങള്‍ വിളമ്പുന്നത് മുഴുവന്‍ സമ്മതിക്കണം. ഗമ്പ്ലീറ്റ് തുറന്ന് വെക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ചാനലില്‍ വന്നിരുന്ന് കലക്കിക്കളയും. നല്ല സത്യസന്ധമായ നിലപാട് തന്നെ.

മറ്റൊരു തമാശ കുന്നംകുളം വിഭാഗം, മലപ്പുറം സംഘം, തിരുവനന്തപുരം വിഭാഗം, ഷൊര്‍ണ്ണൂര്‍ വിഭാഗം ഒക്കെ അതിലുണ്ടത്രെ. ഇതും ഡൂള്‍ ന്യൂസുകാരന്‍ തന്നെ നമ്മോട് പറഞ്ഞിട്ടുള്ളത്. പക്ഷേ, ഏകോപനസമിതിക്കാരോട് ചോദിച്ചാല്‍ പറയും അങ്ങിനെ ഒന്നും ഇല്ലെന്ന്. എന്നിട്ട് ചാനലില്‍ വന്നിരുന്ന് സീപീയെമ്മിലെ കണ്ണൂര്‍ ലോബിയെക്കുറിച്ചും മറ്റും കണകുണാ എന്ന് വെച്ച് കീറും.

വാല്‍‌കഷണം:

“ സി.പി.ഐ.എമ്മിന്റെ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയാണ് ഏകോപന സമിതിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു“. 

റ്റി.പി.ചന്ദ്രശേഖരന്‍ അടക്കമുള്ള ഏകോപനസമിതി നേതൃത്വത്തെക്കുറിച്ചാണ് ഇത്. ആരാണ് പറഞ്ഞത്?

ചന്ദ്രശേഖരന്‍ വധത്തില്‍ സീപീയെമ്മിനെ കുറ്റപ്പെടുത്തി ആദ്യം ചാനലില്‍ വന്നവരില്‍ ഒരാളായ എം.ആര്‍.മുരളി...

ഇവിടെ ഉണ്ട് ആ വര്‍ത്തമാനം.

“റേവലൂഷന്‍“ വരുമ്പോള്‍ അതിന്റെ ഇവലൂഷന്‍ അറിയാതെ പോകരുതല്ലോ എന്ന് കരുതി കുറിച്ചത്..

***
ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റ് ഇവിടെയും ഇടുന്നു.

1 comment:

  1. തങ്ങള്‍ ഇടതുപക്ഷ ഏകോപന സമിതിയോ ആര്‍.എം.പിയോ (മറ്റൊരു രാഷ്ടീയപാര്‍ട്ടിയുടെ അംഗമോ) ഒക്കെ ആണെന്ന് സൂചിപ്പിക്കാതെ ഒരു തരം നിഷ്പക്ഷ നിരീക്ഷക വേഷത്തില്‍ ചാനലില്‍ വന്നിരിക്കുന്ന പലരും സീപീയെമ്മിനെ പരിഹസിക്കാന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നത് കണ്ട് ചിരി പൊട്ടുന്നു. ഇവരുടെ ഏകോപന സമിതിയില്‍ പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ഇവര്‍ കാര്യങ്ങള്‍ എങ്ങിനെയാണ് അവതരിപ്പിക്കുക. സീപീയെമ്മില്‍ ഉണ്ടാവണം എന്ന് വാശിപിടിക്കുന്ന ഏതെങ്കിലും കാര്യം ഇവരുടേതില്‍ അതിനേക്കാള്‍ മെച്ചമായി നടക്കുന്നുണ്ടോ?

    ReplyDelete