Thursday, May 10, 2012
പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകം: സൂപ്പര്‍ തട്ടിപ്പ്
ആയിരക്കണക്കിനു സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പി എസ് സി വഴി ഏപ്രില്‍ ഒന്നുമുതല്‍ നിയമനം നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ലക്ഷക്കണക്കിനു തൊഴില്‍രഹിതരെ വഞ്ചിക്കുന്ന സൂപ്പര്‍തട്ടിപ്പാണെന്നു തെളിയുന്നു.
പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താനും പി എസ് സി യിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു വര്‍ഷംകൂടി നീട്ടാനുമുള്ള യു ഡി എഫ് തീരുമാനം തൊഴിലില്ലാ പട്ടാളത്തിനെതിരായ സര്‍ക്കാര്‍ പടയോട്ടത്തിന്റെ ഭാഗമാണെന്നും വ്യക്തമായി. പി എസ് സി യെ നോക്കുകുത്തിയാക്കി സൂപ്പര്‍ന്യൂമററി തസ്തികകളില്‍ വ്യാപകമായ പിന്‍വാതില്‍ നിയമനങ്ങളുടെ വേലിയേറ്റം, സൂപ്പര്‍ന്യൂമററി തസ്തികകളിലേക്കുള്ള ഈ നിയമനങ്ങളില്‍ വന്‍തോതില്‍ അഴിമതിയും സ്വജനപക്ഷവുമുണ്ടെന്ന ആരോപണങ്ങള്‍ക്കും കനംവയ്ക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സംസ്ഥാനത്ത് 13,678 പേരാണ് റിട്ടയര്‍ ചെയ്യേണ്ടിയിരുന്നത്. പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്തിയതോടെ ഈ ഒഴിവുകള്‍ സാങ്കേതികമായി ഇല്ലാതായെങ്കിലും ഈ 13,678 തസ്തികകളും സൂപ്പര്‍ന്യൂമററി ആക്കി ഏപ്രില്‍ 1 മുതല്‍ പി എസ് സി വഴി നിയമനം നടത്തുമെന്നാണ് മാര്‍ച്ച് 21 നു ചേര്‍ന്ന മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരെ അറിയിച്ചത്.ഇതില്‍ 10,686 ഒഴിവുകള്‍ പി എസ് സി യ്ക്കു റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ പി എസ് സി വൃത്തങ്ങള്‍ തെളിവുകള്‍ നിരത്തി ഈ അവകാശവാദം പൊള്ളയാണെന്ന് ഇന്നലെ വ്യക്തമാക്കി. പെന്‍ഷന്‍ പ്രായപരിധി വര്‍ധിപ്പിക്കുന്നതിനെതിരെ യുവജനസംഘടനകള്‍ നടത്തിവന്ന പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനുള്ള ഗൂഢതന്ത്രമായിരുന്നു സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ഏപ്രില്‍ മുതല്‍ പി എസ് സി വഴി നിയമനം നടത്തുമെന്നും റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. നിയമസഭയില്‍ മാര്‍ച്ച് 21 ന് ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു നല്‍കിയ മറുപടിയിലും സൂപ്പര്‍ന്യൂമററി തസ്തികകളുടെ ഒരു പ്രളയം തന്നെ സൃഷ്ടിച്ച് തൊഴില്‍ദാന വിപ്ലവം സൃഷ്ടിച്ചുകളയുമെന്ന പ്രതീതി മുഖ്യമന്ത്രി സൃഷ്ടിച്ചിരുന്നു.
പി എസ് സി യില്‍ നിന്ന് ലഭ്യമായ ഇന്നലെവരെയുള്ള കണക്കുകളനുസരിച്ച് ജാനുവരി മുതല്‍ മാര്‍ച്ച് 31 വരെ പി എസ് സി യിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം വെറും അഞ്ഞൂറിനു താെഴ. പി എസ് സി റീജണല്‍ ഓഫീസുകളില്‍ കൊല്ലത്ത് 28, എറണാകുളത്ത് 26, ഒഴിവുകള്‍ മാത്രമാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട് റീജണല്‍ ഓഫീസില്‍ ഒരൊറ്റ ഒഴിവുപോലും മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കൗതുകം വേറെ.
ആയിരക്കണക്കിന് സൂപ്പര്‍ന്യൂമററി തസ്തികകളുടെ സുനാമി തന്നെയുണ്ടാകാന്‍ പോകുന്നുവെന്നും 10686 ഇത്തരം തസ്തികകള്‍ പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച മാര്‍ച്ച് 31 വരെയുള്ള മൂന്നുമാസക്കാലവും കഴിഞ്ഞ് ഇന്നലെ വൈകിട്ടുവരെ പി എസ് സി യുടെ വിവിധ ജില്ലാ ഓഫീസുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം ഇപ്രകാരമാണ്. തിരുവനന്തപുരം 59, കൊല്ലം 22, ആലപ്പുഴ 31, പത്തനംതിട്ട 14, കോട്ടയം 17, ഇടുക്കി 13, എറണാകുളം 49, തൃശ്ശൂര്‍ 49, പാലക്കാട് 23, മലപ്പുറം 21, കോഴിക്കോട് 12, വയനാട് 10, കണ്ണൂര്‍ 57, കാസര്‍ഗോഡ് 26.
10,686 സൂപ്പര്‍ ന്യൂമററി തസ്തികകളിലേക്കുള്ള ഒഴിവുകള്‍ ഇതിനകം പി എസ് സി ക്കു റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞുവെന്ന മാര്‍ച്ച് 21 ലെ മുഖ്യമന്ത്രിയുടെ അവകാശവാദവും കഴിഞ്ഞ് ഒരു മാസമാകാറായിട്ടും ആകെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ അഞ്ഞൂറിനു താഴെ മാത്രമെന്ന് ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകള്‍ സത്യം പറയുന്നു.
മുഖ്യമന്ത്രി കള്ളം പറഞ്ഞതോ അതോ ചീഫ് സെക്രട്ടറിയടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ മന്ത്രിസഭായോഗത്തില്‍ കള്ളകണക്കുകള്‍ നല്‍കി വഴിതെറ്റിച്ചതോ എന്ന സത്യം മാത്രമേ ഈ 'ഉദേ്യാഗത്തട്ടിപ്പി'ലുള്ള വന്‍ ഗൂഢാലോചനയ്‌ക്കൊപ്പം പുറത്തുവരേണ്ടതുള്ളൂ. അതേസമയം പതിനാലായിരത്തോളം സൂപ്പര്‍ന്യൂമററി തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പ് മേധാവികളുടെ കാര്‍മ്മികത്വത്തില്‍ സൂപ്പര്‍ന്യൂമററിയായി മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുകണക്ക് തസ്തികകളില്‍ പി എസ് സി അറിയാതെ താല്‍ക്കാലികര്‍ക്കു പിന്‍വാതില്‍ നിയമനങ്ങള്‍ നല്‍കിവരുന്നുവെന്ന ആരോപണവും സാര്‍വത്രികമായി.
ഈയടുത്ത ദിവസം ഇന്റര്‍വ്യൂവിനെത്തിയ ഒരുദേ്യാഗാര്‍ഥിയോട് ഒരു പി എസ് സി മെമ്പര്‍ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്ന് ആരാഞ്ഞു. ഒരു സൂപ്പര്‍ന്യൂമററി തസ്തികയില്‍ താല്‍ക്കാലികമായി പണിചെയ്യുന്നുവെന്ന് മണിമണിപോലെ മറുപടി. അനേ്വഷണത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായശേഷം പി എസ് സി അറിയാതെ നടന്ന പിന്‍വാതില്‍ നിയമനമാണിതെന്നു അംഗത്തോട് ഉദേ്യാഗാര്‍ഥി പറയാതെ പറഞ്ഞു. അഴിമതിയും കോഴയും നിറഞ്ഞ സൂപ്പര്‍ന്യൂമററി തസ്തികകളിലേക്കുള്ള സൂപ്പര്‍ തട്ടിപ്പു നിയമനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപകമായി നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ധാരാളം. ഇതിനിടെ രാഷ്ട്രീയ സ്വാധീനശക്തിയുള്ള പല ഉദേ്യാഗാര്‍ഥികളും തങ്ങള്‍ക്ക് ഉടനെ സൂപ്പര്‍ന്യൂമററി തസ്തികകളില്‍ താല്‍ക്കാലിക നിയമനം ലഭിക്കുമെന്നു നടത്തുന്ന വെളിപ്പെടുത്തലുകളും റാങ്കുലിസ്റ്റുകളില്‍ ദീര്‍ഘകാലമായി കുടുങ്ങിക്കിടക്കുന്ന ഉദേ്യാഗാര്‍ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പി എസ് സി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
കെ രംഗനാഥ് janayugom 100512
Subscribe to:
Post Comments (Atom)
ആയിരക്കണക്കിനു സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പി എസ് സി വഴി ഏപ്രില്‍ ഒന്നുമുതല്‍ നിയമനം നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ലക്ഷക്കണക്കിനു തൊഴില്‍രഹിതരെ വഞ്ചിക്കുന്ന സൂപ്പര്‍തട്ടിപ്പാണെന്നു തെളിയുന്നു.
ReplyDelete