Friday, May 4, 2012

ഈ തെരഞ്ഞെടുപ്പ് വഞ്ചനയ്ക്കുള്ള മറുപടി


നെയ്യാറ്റിന്‍കര: സ്വദേശാഭിമാനിയുടെ മണ്ണില്‍ രാഷ്ട്രീയ നെറികേടിന്റെയും ജനവഞ്ചനയുടെയും പര്യായമായി മാറിയ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്ഥാനാര്‍ഥിത്വം ഒരു നാടിന്റെ ആത്മാഭിമാനത്തെതന്നെയാണ് ചോദ്യംചെയ്യുന്നത്. ആര്‍ക്കുവേണ്ടിയാണ്. എന്തിനുവേണ്ടിയാണ് നെയ്യാറ്റിന്‍കരയിലേക്ക് ഈ തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത് എന്ന ചോദ്യമാണ് ഓരോ വോട്ടര്‍മാരും രോഷത്തോടെ ചോദിക്കുന്നത്.

ശിവന്‍കുട്ടി (ചുമട്ടുതൊഴിലാളി)

ജനങ്ങളുടെ പണം ചെലവാക്കി വീണ്ടും തെരഞ്ഞെടുപ്പു വരുത്തിവച്ചതിന് സെല്‍വരാജ് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ആരോടു ചോദിച്ചിട്ടാണ് അയാള്‍ രാജിവച്ചത്. ജയിപ്പിച്ചുവിട്ട ഞങ്ങളോടു ഒരുവാക്കു പറയാനുള്ള മര്യാദയെങ്കിലും കാണിക്കണ്ടേ. ഇനി വോട്ടുചോദിച്ചുവന്നാല്‍ ജനംതിരിഞ്ഞുപോലും നോക്കില്ല.

പി സി അനില്‍കുമാര്‍ (കൂലിപ്പണി)

രണ്ടര വര്‍ഷമായി പാര്‍ടി ദ്രോഹിക്കുകയാണെന്നാണ് സെല്‍വരാജ് ഇപ്പോള്‍ പറഞ്ഞുനടക്കുന്നത്. അങ്ങനെയാണെങ്കില്‍ പിന്നെന്തിനാണ് 11 മാസം മുമ്പ് പാര്‍ടി പ്രതിനിധിയായി ഞങ്ങളോട് വോട്ടുചോദിച്ചത്. ജനങ്ങളുടെ മുമ്പില്‍ ഇത്തരം കള്ളപ്രചാരണങ്ങളൊന്നും വിലപ്പോവില്ല. സെല്‍വരാജ് പാര്‍ടിയെ മാത്രമല്ല ജനങ്ങളെയും വഞ്ചിക്കുകയായിരുന്നു.

പുഷ്പം (വീട്ടമ്മ)

പണം വാങ്ങി കാലുമാറ്റം നടത്തുന്നവര്‍ക്ക് ആരും വോട്ടുചെയ്യരുത്. വിശ്വാസവഞ്ചന കാണിക്കുന്നവരെ വിജയിപ്പിച്ചുവിട്ടാല്‍ ജനങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്ന് മനസിലാക്കാനുള്ള ബുദ്ധി ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്കുണ്ട്.

മോഹന്‍ (പൂന്തോട്ടം പണിക്കാരന്‍)

യുഡിഎഫില്‍ പോകുന്നത് ആത്മഹത്യാപരമെന്ന് പറഞ്ഞയാള്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുകയാണ്. സാധാരണക്കാര്‍ക്ക് മണ്ണെണ്ണയും അരിയും കറന്റും ഒന്നും ഇല്ലാതാക്കിയതാണോ യുഡിഎഫിന്റെ മികവായി സെല്‍വരാജ് കണ്ടത്. സെല്‍വരാജിന് നാണമില്ലേ. തൊലിക്കട്ടി അപാരംതന്നെ.

അനില്‍കുമാര്‍, സന്തോഷ് (കെട്ടിടംപണിക്കാര്‍)

ഒരു കല്യാണം കഴിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും അടുത്ത കല്യാണത്തിന് ചട്ടം കെട്ടുന്ന ഉളുപ്പില്ലായ്മയാണ് സെല്‍വരാജ് കാണിക്കുന്നത്. പാര്‍ടിയുടെ വോട്ടുകൊണ്ടുമാത്രമല്ലല്ലോ സെല്‍വരാജ് ജയിച്ചത്. ഞങ്ങളോടു ചോദിക്കാതെ രാജിവച്ച സെല്‍വരാജിന് ഇനി ഞങ്ങളെന്തിനാണ് വോട്ടുചെയ്യുന്നത്.

ജി സേതു (പഴക്കച്ചവടം)

ഒരു തവണ ജയിപ്പിച്ചുവിട്ടയാളെ കാലാവധി തികയ്ക്കുന്നതിനുമുമ്പ് പിന്നെയും ജയിപ്പിച്ചുവിടേണ്ട എന്താവശ്യമാണ് ഇവിടെ ഉണ്ടായത്. സെല്‍വരാജിന് തോന്നുപോലെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ളതല്ല ഞങ്ങളുടെ വിലയേറിയ വോട്ടവകാശം. ചരിത്രമുറങ്ങുന്ന നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിനെപ്പോലുള്ളവരെ ജനം വച്ചുപൊറുപ്പിക്കില്ല. സെല്‍വരാജ് ജയിക്കാന്‍ പാടില്ല.

കെ മുരളീധരനും വി എം സുധീരനും യുഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ല

യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ ബഹിഷ്കരിച്ചു. ഘടകകക്ഷി നേതാക്കളായ എം വി രാഘവന്‍, കെ ആര്‍ ഗൗരിയമ്മ, മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരും പങ്കെടുത്തില്ല. സെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും വിട്ടുനിന്നു.

സെല്‍വരാജിന്റെ വഞ്ചനാപരമായ നിലപാടിനെ തുടക്കത്തിലേ പരസ്യമായി എതിര്‍ത്ത കെ മുരളീധരന്‍ ജില്ലയില്‍നിന്നുള്ള എംഎല്‍എയായിട്ടും പങ്കെടുക്കാതിരുന്നത് യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ചു. മുരളീധരന്‍ കണ്‍വന്‍ഷനിലെത്തിയാല്‍ തോല്‍പ്പിക്കുമെന്ന് മുസ്ലിംലീഗ് പ്രാദേശിക നേതാക്കള്‍ ഭീഷണിമുഴക്കിയിരുന്നു. മുരളീധരനെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയിട്ടുമുണ്ട്. എംപിയായ ശശി തരൂരും പങ്കെടുത്തില്ല. ആര്‍എസ്പി (ബി)നേതാവായ മന്ത്രി ഷിബു ബേബിജോണുമെത്തിയില്ല. സിഎംപി നേതാക്കളായ സി പി ജോണും കെ ആര്‍ അരവിന്ദാക്ഷനും പങ്കെടുത്തെങ്കിലും സംസാരിക്കാതെ സ്ഥലംവിട്ടു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി ജെ ജോസഫ്, ആര്യാടന്‍ മുഹമ്മദ്, കെ ബാബു, അനൂപ് ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ലീഗില്‍നിന്ന് കുഞ്ഞാലിക്കുട്ടി ഒഴികെയുള്ള മന്ത്രിമാര്‍ പങ്കെടുത്തില്ല.

കണ്‍വന്‍ഷനിലും ലീഗ് പേക്കൂത്ത്

നെയ്യാറ്റിന്‍കര: യുഡിഎഫ് കണ്‍വന്‍ഷന്‍ ഹാളിനു പുറത്ത് മുസ്ലിംലീഗുകാര്‍ ലീഗ് നേതാക്കള്‍ക്കനുകൂലമായി മുദ്രാവാക്യം വിളിച്ചത് പ്രകോപനം സൃഷ്ടിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കായി കൂട്ടംചേര്‍ന്ന് മുദ്രാവാക്യം വിളിച്ചതാണ് കോണ്‍ഗ്രസ് നേതാക്കളിലടക്കം അസംതൃപ്തി പരത്തിയത്. കണ്‍വന്‍ഷന്‍ നടക്കുന്ന എസ് എന്‍ ഓഡിറ്റോറിയത്തിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം കടന്നുവരവെയാണ് ഇരുപതോളം ലീഗുകാര്‍ കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയെന്ന് വിളിച്ചത്. പച്ചക്കൊടി കെട്ടിയ കുറുവടികളുമായാണ് ലീഗുകാരുടെ ചേരിതിരിഞ്ഞുള്ള പ്രകടനം. ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദടക്കം വേദിയിലിരിക്കുമ്പോഴായിരുന്നു ലീഗുകാരുടെ പ്രകോപനം സൃഷ്ടിക്കല്‍.

ഈ പോരാട്ടം രാഷ്ട്രീയജീര്‍ണതയ്ക്കെതിരെ: എ വിജയരാഘവന്‍

നെയ്യാറ്റിന്‍കര: കേരള രാഷ്ട്രീയത്തെ ജീര്‍ണമാക്കുന്നതിനെതിരെയുള്ള വലിയൊരു പോരാട്ടമാണ് നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് ചെങ്കവിള മേഖലാ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്ക് വലിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്‍ഡിഎഫ് പിറവം ഉപതെരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ചതിപ്രയോഗത്തിലൂടെ സെല്‍വരാജിനെ രാജിവയ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ലോക്കല്‍ സെക്രട്ടറി പി പി ഷിജു അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് ശിവാനന്ദന്‍ സ്വാഗതം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി സ്വദേശാഭിമാനിയുടെ പാത പിന്തുടരുന്നുവെന്ന് ചെന്നിത്തല

നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആദര്‍ശത്തിന്റെയും ധാര്‍മികതയുടെയും പാതയാണ് നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സെല്‍വരാജ് പിന്തുടരുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജനാധിപത്യമൂല്യങ്ങളുടെ ഉദാത്ത പാരമ്പര്യമാണ് സെല്‍വരാജിന്റേത്- യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ചെന്നിത്തല പറഞ്ഞു. ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമാണ് സെല്‍വരാജെന്ന് മന്ത്രി കെ എം മാണിയും പറഞ്ഞു.

സെല്‍വരാജിന്റേത് കൂറുമാറ്റമല്ലെന്നും ശരിയായ നിലപാടിലേക്കുള്ള മാറ്റമാണെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിനുള്ള ഒന്നാംപിറന്നാള്‍ സമ്മാനമാകും തെരഞ്ഞെടുപ്പു ഫലമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് മന്ത്രിമാരെ നിരന്തരം സമീപിച്ച് ഒട്ടേറെ വികസനപദ്ധതികള്‍ സെല്‍വരാജ് നേടിയെടുത്തതായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, ഇതിനെ ദുര്‍വ്യാഖ്യാനംചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി എസ് ശിവകുമാര്‍, എം പി വീരേന്ദ്രകുമാര്‍, ആര്‍ ബാലകൃഷ്ണപിള്ള, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍നാടാര്‍, ജോണി നെല്ലൂര്‍, എ എന്‍ രാജന്‍ബാബു, ആര്‍ സെല്‍വരാജ്, എം എം ഹസ്സന്‍, സോളമന്‍ അലക്സ് എന്നിവര്‍ സംസാരിച്ചു. തമ്പാനൂര്‍ രവി അധ്യക്ഷനായി.

മന്ത്രിമാര്‍ ചട്ടലംഘനം നടത്തിയാല്‍ തടയും: ഇ പി

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മറവില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മന്ത്രിമാര്‍ ചട്ടലംഘനം നടത്തിയാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനി നെയ്യാറ്റിന്‍കര ബ്യൂറോ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ഇ പി. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ വോട്ട് പിടിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍, വീടുകളില്‍ ചെന്ന് മന്ത്രിസ്ഥാനം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വാഗ്ദാനങ്ങള്‍ നല്‍കുന്നത് നഗ്നമായ ചട്ടലംഘനമാണ്. ഏതെങ്കിലും മന്ത്രി ഇങ്ങനെ ചട്ടം ലംഘിച്ചാല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അത് തടയുമെന്നും ഇ പി പറഞ്ഞു

deshabhimani 040512

No comments:

Post a Comment